

ഈയടുത്തു നടന്ന രണ്ടു മരണങ്ങൾ എന്നെ കുറച്ചധികം ചിന്തിപ്പിച്ചു. ഒന്ന് ചപ്പു ചവറുകൾ വൃത്തിയാക്കാൻ ഇറങ്ങിയ ഒരു യുവാവിന്റെ മരണം ആണ്. ഞാനും നീയും ഉൾപ്പെടുന്ന സമൂഹം ചെയ്ത ഒരു സാമൂഹിക തിന്മയെ ഇല്ലാതാക്കാൻ ശ്രമിച്ചവൻ ആ കൃത്യത്തിനിടക്ക് മരണപ്പെട്ടു. അവൻ അവന്റെ ജോലിയാണ് ചെയ്തതെന്നും വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും ഒക്കെയുള്ള അഭിപ്രായങ്ങൾ വരാം.അല്ലെങ്കിൽ തീർത്തും ആശാസ്ത്രീയവും സാങ്കേതികത്വവും ഇല്ലാതെയുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് ഗവണ്മെന്റിന്റെ മേൽ പഴി ചാർത്താം. നമ്മൾ ഒരിക്കലും തെറ്റുകൾ ചെയ്യാറില്ല, ചെയ്യുന്നത് മുഴുവനും നമ്മുടെ ചുറ്റിനുമുള്ളവർ ആണല്ലോ അല്ലേലും.
ഈ സംഭവം നടന്ന ദിവസങ്ങളിൽ മാധ്യമങ്ങൾക്ക് ചാകര ആരുന്നു. രണ്ടു തരത്തിലുള്ള വാദങ്ങളും അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഒക്കെയായി കോളങ്ങളും സ്ക്രീനുകളും നിറഞ്ഞു നിന്നു. ചില നേതാക്കളുടെ മുതലക്കണ്ണീറും മറ്റു വാചക കസർത്തുക്കളും മാലിന്യനിർമാർജ്ജന പരിപാടികളുടെ ആസൂത്രണങ്ങളും സോഷ്യൽ മീഡിയയിലൂടെ മാത്രം അനീതിക്കെതിരെ ഹാഷ്ടാഗ് ഇട്ടു പോരാടുന്നവരുടെ പേകൂത്തുകളും എല്ലാം തകൃതിയായി നടന്നു. അതിന്റെ ആയുസ്സ് മഴയത് പൊടിച്ച കുമിളകൾ പോലെ ആയിരുന്നു. മാധ്യമങ്ങൾക്ക് മടുത്തപ്പോൾ അത് കെട്ടടങ്ങി.
എന്നെ നടുക്കിയത് അതൊന്നുമല്ല ഇത്രയൊക്കെ കോലാഹലങ്ങൾ ഉണ്ടായിട്ടും മാലിന്യസംസ്കാരത്തിന്റെ കാര്യത്തിൽ ഒരു നീക്കും പോക്കും ഉണ്ടായില്ലെന്നു തന്നെയാണ്. സർക്കാരിന്റെ കാര്യം പോട്ടെ എന്ന് വയ്ക്കാം ആ മാലിന്യം ആ ചാലിൽ എത്തുന്നതിനു കാരണ മായ ആളുകൾ അവർ ചെയ്യുന്ന പ്രവൃത്തി നിർത്തിയെന്ന് നിങ്ങൾ കരുതുന്നുണ്ടോ ഒരിക്കലുമില്ല. എല്ലാവർക്കും, ആവശ്യമില്ലാത്തതിനെയെല്ലാം നമുക്കു ഉപദ്രവം ഉണ്ടാകാത്തക്ക രീതിയിൽ ഒഴിവാക്കാനാണ് താത്പര്യം. നമ്മുടെ ഈ ഒഴിവാക്കലുകൾ മറ്റുള്ളവർക്ക് ആർക്കേലും ഉപദ്രവമാകുന്നുണ്ടോ എന്ന് അന്വേഷിക്കാറില്ല. എന്തിനു ചിന്തിക്കാറ് പോലുമില്ല.
ഈയൊരു ചിന്ത തന്നെ ജോസഫ് അന്നംകുട്ടിയും പറയുന്നത് കേട്ടു. നമ്മൾ ശ്രദ്ധയില്ലാതെ നമ്മുടെ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനായി ഉപേക്ഷിക്കുന്ന പലതും മറ്റു പലർക്കും ഉപദ്രവമായി തീരുന്നത് അറിയുക പോലുമില്ല. അത് ചിലപ്പോൾ വസ്തുക്കളാകാം ചിലപ്പോൾ വാക്കുകളും ആകാം. പറഞ്ഞു വരുന്നത് അടുത്തൊരു കൊലപാതകത്തെ പറ്റിയാണ്. സത്യസന്ധനെന്നും ഉത്തരവാദിത്വ ബോധമുള്ള ഒരു ഉദ്യോഗസ്ഥസനെന്നും പൊതുവെ വിലയിരുത്തപെടുന്ന ഒരു ഗവണ്മെന്റ ഉദ്യോഗസ്ഥനെ ആദരിച്ച്, യാത്ര അയപ്പ് നൽകുന്ന ചടങ്ങിൽ ക്ഷണിക്കപ്പെടാത്ത അതിഥി ആയി ചെന്ന് സദസ്സിൽ അദ്ദേഹത്തിന്റെ നന്മ പറയാതെ ദ്വേഷം വിസർജ്ജിച്ച ഒരു സ്ത്രീയുടെ പെരുമാറ്റത്തിന് വിലയായി കൊടുക്കേണ്ടി വന്നത് ഒരു ജീവൻ ആയിരുന്നു. ഒരു കൊലപാതകം ചെയ്യാൻ ആയുധം ആവശ്യമില്ലെന്നും ദ്വേഷവും സ്വാർതഥവും ചേർന്ന് വിഷലിപ്തമായ നാവു മാത്രം മതിയെന്ന് തെളിയിക്കപ്പെട്ട വേദി കൂടിയായിരുന്നു അത്.
ഒരു ജില്ലയുടെ അധികാരശ്രേണിയിൽ രണ്ടാം സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെ, എന്ത് ഉദ്ദേശത്തോടുകൂടിയാണ് ഒരു സാധാ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരിക്കുന്ന ഒരാൾ സമൂഹത്തിന്റെ മുൻപിൽ അപമാനിതനാക്കാൻ ആഗ്രഹിച്ചത് എന്നുള്ള കാര്യത്തെക്കുറിച്ച് വ്യക്തത ഇല്ലെങ്കിൽ കൂടിയും, ഇത് നടന്നത് ജില്ലയുടെ തന്നെ സർവ്വാധികാരിയുടെ സാന്നിധ്യത്തിൽ ആയിരുന്നുവെന്നുള്ളതാണ് ആവിശ്വസനീയമായി തോന്നുന്നത്. തന്റെ സഹപ്രവർത്തകനെ അപമാനിക്കുന്നത് കണ്ടിട്ട് അതിനൊരുതരത്തിലും പ്രതികരിക്കാത്ത കലക്ടറുടെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.
ആത്മഹത്യക്കു പിന്നിലുള്ള ദുരൂഹതകളിലേക്ക് ഒന്നും കടക്കാൻ ആഗ്രഹിക്കുന്നില്ല. ഇത്രയും പഠിപ്പും വിവരവും വിദ്യാഭ്യ ാസവും ഒക്കെയും ഉള്ള ഒരു വ്യക്തി നിയമവും നിയമത്തിന്റെ പഴുതുകളും അറിയാവുന്ന അധികാരത്തിൽ ഇരിക്കുന്ന ഒരു വ്യക്തി, സത്യമല്ലാത്ത വാക്കുകൾ ആരെങ്കിലും ഒക്കെ പറഞ്ഞാൽ അത് കേട്ട് ഉടനെ വിഷമിച്ച് പോയി ആത്മഹത്യ ചെയ്യാൻ മാത്രം വിഡ്ഢിയാണോ എന്നൊക്കെ മറുപക്ഷം നമുക്ക് പറയാമെങ്കിൽ പോലും, നമ്മൾ മനസ്സിലാക്കേണ്ട ഒരു യാഥാർത്ഥ്യമുണ്ട് ചില വ്യക്തികൾ അങ്ങിനെയാണ്.എത്രയൊക്കെ പഠിപ്പും വിവരവും വിദ്യാഭ്യാസവും ഒക്കെ ഉണ്ടായിട്ടു കൂടെയും ചിലരുടെ മനസ്സ് വളരെ ദുർബലമാണ്.
തന്റെ സഹപ്രവർത്തകരുടെയും മേലധികാരിയുടെയും മുമ്പിൽവെച്ച് താൻ അപമാനിതമാക്കപ്പെട്ട സങ്കടമോ, ഇത്ര നാളും തന്റെ ജീവിതത്തിലൂടെ നേടിയെടുത്തിരുന്ന സൽപേര് സ്വന്തം സഹപ്രവർത്തകരുടെ മുമ്പിൽ വെച്ച് കളങ്കമാക്കപ്പെട്ടതോ, അതുമല്ലെങ്കിൽ ആദ്യമായി സ്വന്തം മനസാക്ഷിക്കതിനായി ചെയ്ത ഒരു തെറ്റിന്റെ പേരിൽ ഇനി വരാനിരിക്കുന്ന അപമാനങ്ങളെ പറ്റി ഭയന്നിട്ടോ, എന്താണ് അദ്ദേഹത്തിന്റെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നു നമുക്കറിയില്ല.
യാഥാർഥ്യം എന്ത് ആയാൽ തന്നെയും ആത്മഹത്യാപ്രേരണ കുറ്റത്തിൽ നിന്ന് ആ സ്ത്രീക്ക് പുറത്തു വരാൻ സാധിക്കുകയില്ല. ഒരുപക്ഷേ കണ്ണ് തുറന്ന നിയമ നടപടികൾ രാഷ്ട്രീയ ഇടപെടലുകൾ ഒന്നും നടക്കാതെ ഋജുവായ പാതയിൽ ചരിക്കുകയാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് നീതി ലഭിക്കുക തന്നെ ചെയ്യും. പ്രതിയെന്നു ആരോപിക്കപ്പെടുന്ന വ്യക്തിക്ക് നിയമത്തിന്റെ പഴുതടച്ച് അതിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചാൽ പോലും സ്വന്തം മനസ്സാക്ഷിക്കും ജനങ്ങളുടെ മുൻപിലും ആ വ്യക്തി കുറ്റക്കാരി തന്നെയായിരിക്കും.
രൂപ രഹിതമായ ഈ ഭൂമിയുടെ സൃഷ്ടിക്ക് നിദാനമായത് ഒരു ശബ്ദമാണെന്ന് പല മതങ്ങളും സ്ഥാപിക്കുന്നുണ്ട്. വാക്കുകൾകൊണ്ട് സൃഷ്ടിക്കാനും ശിക്ഷിക്കാനും സാധിക്കും. നന്മ നിറഞ്ഞ, പ്രോത്സാഹനം നിറഞ്ഞ വാക്കുകൾ കൊണ്ട് അധൈര്യനായ ഒരു വ്യക്തിയെ വളർത്തി വലുതാക്കി ശക്തനാക്കി തീർക്കാൻ സാധിക്കുന്നത് പോലെ തന്നെ അബദ്ധജടിലവും കുടിലതയും നിറഞ്ഞ വാക്കുകൾ കൊണ്ട് ഒരാളെ നശിപ്പിക്കാനും സാധിക്കും. പണ്ട് കേട്ട ഒരു മഹത് വചനം ഉണ്ട്,
' ചിന്തകളെ സൂക്ഷിക്കുക അവ നിങ്ങളുടെ വാക്കുകളാകും വാക്കുകളെ സൂക്ഷിക്കുക നിങ്ങളുടെ സംസാരമാകും സംസാരത്തെ സൂക്ഷിക്കുക നിങ്ങളുടെ പ്രവർത്തിയാകും പ്രവൃത്തിയെ സൂക്ഷിക്കുക നിങ്ങളുടെ സ്വഭാവമാകും സ്വഭാവത്തെ സൂക്ഷിക്കുക അത് നിങ്ങളായി തീരും'.
പുറമേ ഇതുപോലെ നടക്കുന്ന പല സം ഭവങ്ങൾക്കും മനസ്സുകൊണ്ട് നമ്മൾ പലരെയും വിധി പ്രസ്താവിക്കുന്നതിനു മുൻപ് നമ്മളും ഒന്ന് ചിന്തിച്ചു നോക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നമ്മുടെ അനാവശ്യമായ വാക്കുകൾ കൊണ്ട് എത്ര പേര് മുറിയപ്പെട്ടിട്ടുണ്ടായിരിക്കും? അവർ ചിലപ്പോൾ ശാരീരികമായ മരണത്തിന് വിട്ടു കൊടുത്തിട്ടില്ലെങ്കിൽ പോലും അവരുടെ ജീവിതത്തിലെ സന്തോഷം നഷ്ടപ്പെടാനും മരിച്ചുകൊണ്ട് ജീവിക്കാനും ഫലശൂന്യമായ ജീവിതം നയിക്കാനും കാരണമായിട്ടുണ്ടാകാം. ഒരുപക്ഷേ ജീവിതത്തിൽ ഒന്നും നേടാൻ പറ്റാതെ പരാജയം രുചിച്ച് ജീവിതം തന്നെ ഒരു പരാജയമായി മാറിപ്പോയിട്ടുണ്ടാകാം.
ഇനിയെങ്കിലും നമ്മുടെ വലിച്ചെറിയലുകളും ഉപേക്ഷിക്കലുകളും ആരുടെയും ജീവനെടുക്കാതിരിക്കട്ടെ.
























