

പന്തക്കുസ്താ തിരുനാളിനുശേഷമുള്ള ദിവസങ്ങളിലൂടെ നാം കടന്നുപോവുകയാണ്. പരിശുദ്ധാത്മാവിന്‍റെ ശക്തി പ്രാപിച്ച സഭ ഫലദാനങ്ങളാല്‍ നിറഞ്ഞുനില്‍ക്കുന്നവളാണ്. വ്യക്തിയിലും സഭയിലും ദൈവാത്മാവിന്‍റെ ഫലങ്ങളുണ്ടോയെന്ന് ഓരോരുത്തരും ആത്മശോധന നടത്തണം. ഒരു പുതിയ ആകാശത്തിലേക്കും ഒരു പുതിയ ഭൂമിയിലേക്കും പരിശുദ്ധാത്മാവ് നമ്മെ നയിക്കും. കര്‍ത്താവിന്‍റെ പരസ്യജീവിതാരംഭത്തില്‍ ദൈവത്തിന്‍റെ ആത്മാവ് അവനെ മരുഭൂമിയില്‍ കൊണ്ടുചെന്നു ശക്തിപ്പെടുത്തി. പരിശുദ്ധാത്മാവ് നമ്മെ ശക്തിപ്പെടുത്തുമ്പോള്‍ നാം പുതിയ മനുഷ്യരായി മാറും.
ആത്മാവിന്‍റെ ഫലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്നേഹം. ഇഷ്ടവും സ്നേഹവും വ്യത്യസ്തമാണ്. ഇഷ്ടങ്ങള്‍ മാറിമറിഞ്ഞ് കടന്നുപോകും. സ്നേഹം നിത്യമാണ്. അതിന് മാറ്റമില്ല. 1 കൊറി. 13-ല്‍ ഈ സ്നേഹത്തെക്കുറിച്ച് പൗലോസ് പറയുന്നുണ്ട്. വെള്ളം വീഞ്ഞായി മാറിയതുപോലെ ഇഷ്ടം സ്നേഹമായി വളരണം. സ്നേഹത്തിന്‍റെ സാന്ദ്രത ഇഷ്ടത്തേക്കാള്‍ ശക്തികൂടിയതാണ്. ആണിയടിച്ചവരെയും കുരിശില്‍ തറച്ചവരെയും അവസാനംവരെ സ്നേഹിച്ച കര്‍ത്താവിന്‍റെ മാതൃക നമ്മുടെ മുമ്പിലുണ്ട്. ഒറ്റിക്കൊടുക്കുന്നവരെയും തള്ളിപ്പറയുന്നവരെയും ഒന്നുപോലെ സ്നേഹിക്കുവാന്‍ നമുക്ക് കഴിയുന്നുണ്ടോ?
ആനന്ദമാണ് മറ്റൊരു ഫലം. സന്തോഷവും ആനന്ദവും വ്യത്യസ്തമാണ്. സന്തോഷം ലോകം തരുന്നതാണ്. ആനന്ദം പരിശുദ്ധാത്മാവ് തരുന്നതാണ്. ഓശാന വിളിയുടെ മുമ്പിലും കൊലവിളിയുടെ മുമ്പിലും ഉള്ളില്‍ കളയാതെ സൂക്ഷിക്കുന്ന ഒന്നാണ് ആനന്ദം. ഏതു വിമര്‍ശനത്തിന്‍റെയും മുമ്പില്‍ തളരാതെ പിടിച്ചുനില്‍ക്കാന്‍ ആനന്ദം എന്നെ സഹായിക്കും. മുഖഭാവങ്ങളില്‍നിന്ന് ഈ ആനന്ദം വായിച്ചെടുക്കാം. പരിശുദ്ധ അമ്മയുടെ സ്തോത്രഗീതത്തില്‍ ഈ ആനന്ദത്തെക്കുറിച്ച് പറയുന്നുണ്ട്.
