top of page

കത്തുകള്‍

Aug 5, 2018

2 min read

എക

letters

അസ്സീസിമാസികയുടെ ജൂലൈ ലക്കത്തിലെ വേദധ്യാനത്തില്‍ ഫാ. ഷാജി അന്ത്യവിധിയെ വ്യാഖ്യാനിക്കുമ്പോള്‍ ശ്രീ ഷൗക്കത്തിന്‍റെ ഒരു കഥ കടമെടുക്കുന്നു. കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥമന്ദിരത്തിലെ കുട്ടിക്ക് സിസ്റ്റര്‍ അമ്മയെപ്പോലെയാണ്. വാത്സല്യവും കരുതലും അവര്‍ അവനു വാരിക്കോരി കൊടുക്കുന്നു. ഇവിടെ കുട്ടിയുടെ പ്രശ്നം സിസ്റ്റര്‍ അവനെക്കാള്‍ ഈശോയെ സ്നേഹിക്കുന്നു എന്നാണ്. എന്നിട്ടും "നിങ്ങള്‍ക്ക് എന്നെ ഒരിക്കലും സ്നേഹിക്കാനാവില്ല, അല്ലേ" എന്നു കുട്ടി പരിതപിക്കുന്നു. 

ഇവിടെ കുട്ടിയുടെ നിലപാടാണോ, സിസ്റ്ററിന്‍റെ നിലപാടാണോ യേശുവിന്‍റേതിനോടു ചേര്‍ന്നു നില്‍ക്കുന്നത് എന്നാണ് ചോദ്യം.

ലൂക്കായുടെ സുവിശേഷം പത്താം അധ്യായത്തില്‍ നല്ല സമരിയാക്കാരന്‍റെ ഉപമയുടെ ആരംഭത്തില്‍ നിയമജ്ഞന്‍ ചോദിക്കുന്നു: "നിത്യജീവന്‍ അവകാശമാക്കുവാന്‍ ഞാനെന്തുചെയ്യണം?" യേശു ചോദിക്കുന്നു: "നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു എന്നു വായിക്കുന്നു?" അവന്‍ ഉത്തരം പറഞ്ഞു: "നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണമനസ്സോടും പൂര്‍ണ ആത്മാവോടും പൂര്‍ണ ശക്തിയോടും കൂടെ സ്നേഹിക്കണം. നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെയും." അന്ത്യവിധിയില്‍ രക്ഷയോ ശിക്ഷയോ ലഭിക്കുന്നത് ഈ കല്പനയുടെ അടിസ്ഥാനത്തിലാണ്. അങ്ങനെയെങ്കില്‍ നന്മ ചെയ്തവന്‍ മതാത്മകജീവിതം നയിച്ചതിനു തെളിവില്ല എന്നുള്ള വാദത്തിനു പ്രസക്തിയില്ലാതാകുന്നു. കാരണം, അത്തരം നിയമം നല്കപ്പെട്ടവരോടാണല്ലോ ഇതു പറയുക.

ഈശോ പറയുന്നുണ്ട് എന്നെക്കാളധികമായി പിതാവിനെയോ, മാതാവിനെയോ, ഭര്‍ത്താവിനെയോ, ഭാര്യയെയോ, മക്കളെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല, യേശു പത്രോസിനോട് ചേദിക്കുന്നത്, "ഇവരെക്കാള്‍ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ" എന്നാണ്. ഇവിടെ കുട്ടിയുടെ പ്രശ്നം എന്താണ്? അവനേക്കാള്‍ അധികമായി സിസ്റ്റര്‍ ഈശോയെ സ്നേഹിക്കുന്നു എന്നതാണ്- സിസ്റ്റര്‍ കരുതലും വാത്സല്യവും വാരിക്കോരി കൊടുക്കുന്നു എന്നു പറഞ്ഞശേഷം. കുട്ടിയുടെ പ്രതികരണം ഇങ്ങനെ - "സിസ്റ്ററിന് എന്നെ ഒരിക്കലും സ്നേഹിക്കാനാവില്ല, അല്ലേ?" എന്നു പറഞ്ഞതിന്‍റെ അര്‍ത്ഥം എന്താണ്?

ഇവിടെ കുട്ടി തിരുത്തപ്പെടേണ്ടതല്ലേ. എന്നെയും നിന്നെയും സൃഷ്ടിച്ച ദൈവമാണ് എന്നെ നിന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് എന്നല്ലേ അവനോടു പറയേണ്ടത്. ദൈവത്തെ സ്നേഹിച്ചതുകൊണ്ട് അവനോടുള്ള സ്നേഹം കുറഞ്ഞുപോയി എന്നു പറയുന്നുമില്ല. 

യേശു സ്നേഹിച്ചിരുന്ന ശിഷ്യന്‍ സഹോദരനോടൊപ്പം എത്തി ആവശ്യപ്പെടുന്നത് സ്വര്‍ഗ്ഗരാജ്യത്തില്‍ ഇടതും വലതും ഇരിക്കാനുള്ള അവകാശമാണ്. സ്നേഹിച്ചിരുന്ന ശിഷ്യനെ,  നീ ചോദിക്കുന്നത് അത്യാഗ്രഹമാണ് എന്നു പറഞ്ഞുകൊണ്ട് യേശു ശിഷ്യനെ തിരുത്തുന്നു. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കണം എന്നു പറഞ്ഞ യേശുവാണ് അവസാനവിധിയാളന്‍ എന്നോര്‍ക്കുക. ആ അര്‍ത്ഥത്തില്‍ സിസ്റ്റര്‍ ചെയ്തത് എങ്ങനെ തെറ്റാകും, അവര്‍ ചെയ്തത് എങ്ങനെ  സുവിശേഷത്തിനെതിരാവും?


വിശക്കുന്നവനും ദാഹിക്കുന്നവനും നഗ്നനും പരദേശിയും ഒക്കെ യേശുവിന്‍റെ വിവിധ മുഖഭാവങ്ങളാണെന്നാണല്ലോ അന്ത്യവിധിയുടെ സന്ദേശം. അവരെ സ്വീകരിച്ചവര്‍ക്കാണല്ലോ സ്വര്‍ഗ്ഗരാജ്യം. എങ്കില്‍ മതാത്മക ജീവിതം നയിക്കാത്തവരെ ശിക്ഷിക്കാനുമാവില്ലല്ലോ.


അസ്സീസിയിലെ ഫ്രാന്‍സിസ് കുഷ്ഠരോഗിയില്‍ ഈശോയെ കണ്ടു കെട്ടിപ്പിടിച്ചു ചുംബിച്ചു. മദര്‍ തെരേസ ചെയ്തതും അതു തന്നെ. ഇവിടെ കുട്ടിയില്‍ ഈശോയുടെ മുഖം കണ്ടുകൊണ്ടു സ്നേഹിച്ചതു തെറ്റായെങ്കില്‍ വി. ഫ്രാന്‍സിസിന്‍റെയും മദര്‍ തെരേസായുടെയും ജീവിതം പരിതാപകരമല്ലേ.


'എപ്പോഴാണ് ഞങ്ങള്‍ ചെയ്തത്' എന്നവര്‍ ചോദിക്കുന്നതുകൊണ്ട് അവര്‍ മതാത്മകമായി ജീവിച്ചവരല്ല, തെളിവില്ല എന്നെങ്ങനെ പറയാനാവും? നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന  പ്രമാണമാണതിന്‍റെ അടിസ്ഥാനം. ദൈവമാണെന്നു കരുതിയല്ല - സഹോദരനെ സ്നേഹിക്കണം എന്ന രണ്ടാമത്തെ കല്പന തന്നെ അടിസ്ഥാനം. 

 

അന്ത്യവിധിയിലെ രക്ഷയുടെയും ശിക്ഷയുടെയും അടിസ്ഥാനം നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കണം എന്ന കല്പന എങ്കില്‍ സിസ്റ്റര്‍ ചെയ്തത് യേശുവിന്‍റെ പ്രബോധനത്തിനോ, വചനത്തിനോ എങ്ങനെ എതിരാവും? 

 

 

എ. ജെ. കോട്ടയം

എക

0

0

Featured Posts