top of page

കാത്തിരിക്കാം

Dec 21, 2024

1 min read

George Valiapadath Capuchin
A poster with a word of God

മനുഷ്യൻ പിന്മാറുന്നിടത്ത് ആയിരിക്കും ഒരുവേള ദൈവം ആരംഭിക്കുന്നത്. ഇംഗ്ലീഷിൽ അങ്ങനെ ഒരു ചൊല്ലുതന്നെയുണ്ട്. അബ്രാഹം, മോശ, ചെങ്കടൽ, ഏലിയാ, എലീഷാ, മനോവ, ഹാന്നാ, എന്നിങ്ങനെ ചേർത്തു വായിക്കാവുന്ന എത്രയോ വ്യക്തികളും സന്ദർഭങ്ങളുമുണ്ട് ബൈബിളിൽ!


സക്കറിയാ എന്ന പുരോഹിതനെക്കുറിച്ചുതന്നെ. ശരീരം അയാളിലും പത്നിയിലും പിന്മാറിയിരുന്നു. അവിടെ ദൈവം ആരംഭിക്കുന്നു. കേട്ടിട്ടില്ലേ? പണിക്കാർ ഉപേക്ഷിച്ച കല്ലിനെ ദൈവം മൂലക്കല്ലാക്കുന്നു.


മരണം കൂടുതൽ സജീവതയായി ചേർന്നു വരുന്നതുകൊണ്ടാവുമോ വാർദ്ധക്യത്തെ ആധുനിക സമൂഹം ഇത്രകണ്ട് ഇകഴ്ചയോടെ കാണുന്നത്? മരണത്തിൻ്റെ ഗന്ധമല്ല വാർദ്ധക്യത്തോടുള്ള ആധുനിക മനുഷ്യൻ്റെ വിപ്രതിപത്തിക്ക് കാരണം എന്നാണെന്റെ വിചാരം. വാർദ്ധക്യത്തിൻ്റെ സഹജമായ ദൗർബല്യമല്ലേ അതിന്റെ മുഖ്യകാരണം എന്നുഞാൻ സംശയിക്കുന്നു. വാർദ്ധക്യത്തോടെ നാം ശാരീരികമായും പലപ്പോഴും മാനസികമായും ദുർബലരാകുന്നു. "എന്നും യുവത്വം സൂക്ഷിക്കാം"; "വാർദ്ധക്യം മനസ്സിലാണ്" എന്നെല്ലാം നാം പേർത്തും പേർത്തും കേൾക്കുന്നു. അപ്പറയുന്നതിനെല്ലാം അതിൻ്റെ ഒരു പോസിറ്റീവ് വശമുണ്ട് എന്നകാര്യം സമ്മതിക്കുന്നു. അപ്പോഴും വാർദ്ധക്യം വേണ്ട - Don't become old - എന്നൊരു നിർദ്ദേശം അവിടെയെല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട്. സമൂഹം അത്ര പോസിറ്റീവായല്ല വാർദ്ധക്യത്തെ കാണുന്നത് എന്നൊരു വിചാരപ്പെടലാണ് അതിൻ്റെയെല്ലാം കീഴിൽ ഒളിഞ്ഞിരിക്കുന്ന ഉൾഭയം എന്ന് തോന്നുന്നില്ലേ?


ശരീരം, ജഡം എന്നെല്ലാം ബൈബിൾ വിവക്ഷിക്കുന്ന ആ ഘടകം മെല്ലെ പിന്നാക്കം ചായുകയാണ് വാർദ്ധക്യത്തിൽ. അത്തരം ഘട്ടത്തിൽ ദൈവം തൻ്റെ പ്രവൃത്തിയാരംഭിക്കുന്നു എന്നും കാണുന്നുണ്ട്. ലോകം എങ്ങനെയും കാണട്ടെ, വാർദ്ധക്യത്തോട് അടുക്കുമ്പോൾ അതിനെ പുണരാനാണ് എനിക്ക് താല്പര്യം. "ഞാൻ ഒരു വൃദ്ധനാണ്. എൻ്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്" എന്ന് സമ്മതിക്കാൻ തന്നെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഞാനും ജഡമെന്ന എൻ്റെ ഭാര്യയും ഒരുമിച്ച് വാർദ്ധക്യത്തോളംതന്നെ എത്തിയിട്ടും ഞങ്ങളിൽ ഇന്നോളം ജീവൻ മുളപൊട്ടിയിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. കാര്യമായി അതിനുവേണ്ടി പ്രയത്നിച്ചില്ലെന്നതോ പോകട്ടെ, പ്രാർത്ഥിച്ചതുമില്ല എന്നതാണ് സത്യം.


അതുകൊണ്ടുതന്നെ ജഡം പിന്നാക്കം വലിയുന്നതനുസരിച്ച് ആത്മാവ് കാര്യങ്ങൾ ഏറ്റെടുക്കുമോ എന്ന് നല്ല സന്ദേഹമുണ്ട്. എന്നിരുന്നാലും പ്രത്യാശ കൈവെടിയുന്നില്ല. ഇതുവഴിയെങ്ങാനും അവൻ വന്നാലോ. പേരുചൊല്ലി വിളിച്ചാലോ.


അതിനാൽ, ഈ (മരക്കൊമ്പിൽ) കാത്തിരിക്കുകതന്നെ!


Recent Posts

bottom of page