top of page

മുന്‍വിധികളെ ഉപേക്ഷിക്കുക

Feb 26, 2020

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

abraham  and sera

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 1-ാമദ്ധ്യായത്തില്‍ നാഥാനിയേല്‍ എന്ന കഥാ പാത്രത്തെ നാം കാണുന്നു. നസ്രത്തില്‍ നിന്നും നന്മ വല്ലതും വരുമോ? എന്നു ചോദിക്കുന്ന മുന്‍വിധിക്കാരനാണ് നാഥാനിയേല്‍. ആ മുന്‍വിധി ശരിയല്ലെന്ന് യേശു അവനെ പഠിപ്പിച്ചു. നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരുപാടു മുന്‍വിധികള്‍ സൂക്ഷിക്കുന്നവരാണ് നമ്മള്‍. വിശുദ്ധ ബൈബിളിലൂടെ നാം കണ്ണോടിക്കുമ്പോള്‍ ദോഷൈകദൃക്കുകളായ ഒരു പിടി കഥാപാത്രങ്ങളെ നാം കണ്ടെത്തുന്നു. ഞാന്‍ വൃദ്ധനല്ലേ? എനിക്കെങ്ങനെ പിതാവാകാന്‍ കഴിയും? എന്നു ചോദിക്കുന്ന അബ്രാഹത്തിലാരംഭിക്കുന്നതാണ് ഈ മുന്‍വിധികള്‍. ഒരു കുഞ്ഞു ജനിക്കുവാനുള്ള സമസ്ത സാധ്യതയും അസ്തമിച്ചവരായിരുന്നു അബ്രാഹാമും സാറായും. എല്ലാ സാധ്യതയും മറഞ്ഞുപോയ അവസരത്തില്‍ സാറാ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു മനുഷ്യസഹജമായ കണക്കുകൂട്ടലുകള്‍ക്കപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു ദൈവമുണ്ട്. നമ്മുടെ പരിമിതമായ സാഹചര്യങ്ങളില്‍ നാം മനസ്സുറപ്പിക്കുമ്പോള്‍ അതിനപ്പുറത്താണ് ദൈവത്തിന്‍റെ ലോകമെന്നു നാം തിരിച്ചറിയണം. എന്‍റെ പരിമിതികള്‍ക്കപ്പുറം കാണുന്ന  ദൈവത്തിന്‍റെ ലോകത്തിലേക്ക് ഞാന്‍ എത്തി നോക്കണം.

മോശയെന്ന പടുവൃദ്ധനായ മനുഷ്യനാണ് മറ്റൊരു കഥാപാത്രം. വിക്കനും, വൃദ്ധനും അനാഥനും കൊലപാതകിയുമായ തനിക്ക് പ്രതീക്ഷക്കു വകവല്ലതുമുണ്ടോയെന്നു മോശ സംശയിച്ചു. അങ്ങനെയുള്ള മോശയ സകല മുന്‍വിധികളുമവസാനിപ്പിച്ച് ഒരു ജനതയുടെ നായകനാക്കി. വിക്കനായ മോശയ്ക്ക് വേണ്ടി സംസാരിക്കുവാന്‍ അഹറോനെ നിയോഗിച്ച കര്‍ത്താവിനെ നാം കാണുന്നു. ചെങ്കടലിന്‍റെ മുമ്പില്‍ വഴി അടയ്ക്കപ്പെട്ടപ്പോള്‍ വഴി തടയുന്നവനില്‍ വഴി കണ്ടെത്തുന്ന മോശയെ  ബൈബിള്‍ നമുക്കായി പരിചയപ്പെടുത്തുന്നു. ഇനി മോശയ്ക്കൊന്നും സാധ്യമല്ലെന്നു കരുതിയപ്പോഴും ദൈവം അത്ഭുതകരമായി ഇടപെട്ടു. മുമ്പില്‍ അലറുന്ന തിരമാലയും പിന്നില്‍ ഇരമ്പുന്ന ഫറവോന്‍റെ സൈന്യവും നിന്നപ്പോള്‍ എല്ലാം തീര്‍ന്നുവെന്നു ജനം കരുതി. ആ മുന്‍വിധിയെ തകര്‍ത്തുകൊണ്ട് യഹോവാ പ്രവര്‍ത്തിച്ചു. കടലു മുറിച്ച് കര തെളിയിച്ച ഇസ്രായേലിന്‍റെ ദൈവം സര്‍വ്വശക്തന്‍ തന്നെയാണെന്ന് അവിടുന്ന് വെളിപ്പെടുത്തി. അനാഥനായ തനിക്കാരും സ്വന്തമായില്ലെന്ന് മോശ ചിന്തിച്ചപ്പോള്‍ ദൈവം അവനെ സംരക്ഷിക്കാനായി കൂടെ നടന്നു. മോശയുടെ കണക്കുക്കൂട്ടലുകളെ അതിജീവിക്കുന്ന സര്‍വ്വശക്തനായ യഹോവായെ ബൈബിളില്‍ നാം പരിചയപ്പെടുന്നു.അശുദ്ധമായ അധരങ്ങളുള്ള എശയ്യാ പ്രവാചകന്‍ തന്‍റെ ദൗത്യമെന്തെന്ന് സംശയിച്ചു. ആ പ്രവാചകനെ ശക്തിപ്പെടുത്തുന്ന സഖറിയായ്ക്കും എലിസബത്തിനും സന്ദേഹമുണ്ടായിരുന്നു. പ്രായം കഴിഞ്ഞവരും കാലംകഴിഞ്ഞവരുമായ ഞങ്ങള്‍ക്കിനി സന്താനങ്ങള്‍ ജനിക്കുകയോ എന്നവര്‍ സന്ദേഹിച്ചു. പക്ഷേ ദൈവം അവരുടെ ജീവിതത്തില്‍ അത്ഭുതകരമായി ഇടപെട്ടു. വിവാഹം കഴിഞ്ഞ് പത്തു വര്‍ഷമായിട്ടും മക്കള്‍ ജനിക്കാത്ത ദമ്പതിമാരെ കണ്ടിട്ടുണ്ട്. പിന്നീട് ദൈവത്തിന്‍റെ അത്ഭുതകരമായ  ഇടപെടലിന് അവര്‍ സാക്ഷികളായിത്തീരുന്നതിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

മറിയവും എലിസബത്തുമൊക്കെ ചോദിച്ച ചോദ്യമാണ് ഇതെങ്ങനെ സംഭവിക്കും? അതിനെല്ലാം ദൈവം ഉത്തരം നല്കുന്നുണ്ട്. മനുഷ്യന്‍റെ സാമാന്യബുദ്ധികൊണ്ടു ചോദിക്കുന്ന ചോദ്യങ്ങള്‍ ധാരാളമാണ്. പുറം കണ്ടു വിധിക്കുന്ന മനുഷ്യനെപ്പോലെയല്ല ദൈവം. അവിടുന്ന് എന്‍റെ ഉള്ളിന്‍റെ ഉള്ളറകളെയാണ് കാണുന്നത്. മുന്‍വിധിയുടെ മനുഷ്യനെന്നു നാം കരുതുന്ന നഥാനിയേലില്‍ യേശു കറയില്ലാത്ത ഇസ്രായേല്‍ക്കാരനെ കണ്ടു. നമ്മുടെ വിധി വചസ്സുകളെ നാം ഉപേക്ഷിക്കണം. നമ്മള്‍ കാണാത്തതെന്തോ കാണുന്നവനാണ് ദൈവം.

കടലിലെ തിരമാലകളുടെ മുമ്പില്‍ തോറ്റുപോകുമെന്നു ജനം കരുതി. പക്ഷേ ദൈവം കടലിനെ വിഭജിച്ചു.ജറീക്കോ കോട്ടയുടെ മുമ്പില്‍ ജോഷ്വാ തകര്‍ന്നുപോകുമെന്ന് സമൂഹം കരുതി. ദൈവം ജറീക്കോ കോട്ടയെ തകര്‍ത്തു. ഗോലിയാത്തിന്‍റെ മുമ്പില്‍ ദാവീദു പരാജയപ്പെടുമെന്ന് ദൈവം കരുതി. പക്ഷേ ദൈവം ദാവീദിനെക്കൊണ്ട് ഗോലിയാത്തിനെ ഇല്ലാതാക്കി. നമ്മുടെ ചെറിയ ബുദ്ധിക്കുള്ളില്‍നിന്നു നാം പറയുന്ന വിധി വാക്യങ്ങള്‍ ശരിയാവില്ലെന്ന് ദൈവം പഠിപ്പിച്ചു. പരിമിതമായ അറിവിന്‍റെ ഉള്ളില്‍ നിന്നു നാം പറയുന്നതൊന്നും ശരിയാകണമെന്നില്ല. ഓരോ വ്യക്തിയെക്കുറിച്ചും അവരുടെ പെരുമാറ്റത്തെക്കുറിച്ചും നമ്മള്‍ വിധിക്കുന്ന വിധി ശരിയല്ല. കര്‍ത്താവിനോടു ചേര്‍ന്നുനിന്ന് നമുക്കും കാര്യങ്ങളെ വിലയിരുത്താം. ഓരോ മനുഷ്യനെയും ദൈവത്തിന്‍റെ കണ്ണുകളിലൂടെ നമുക്കു കാണാം. അപരിമിതനായ ദൈവത്തിന്‍റെ മനസ്സിനോട് നമ്മുടെ മനസ്സിനെയും ചേര്‍ത്തുവയ്ക്കാം. അവിടെ ഒരു പുതിയ കാഴ്ചപ്പാടിന് വഴിയൊരുങ്ങും.  


Feb 26, 2020

0

0

Recent Posts

bottom of page