

ഇടതുപക്ഷം, വലതുപക്ഷം, മധ്യമപക്ഷം, മധ്യമഇടത്, മധ്യമവലത്, തീവ്രവലത്, തീവ്രഇടത് എന്നെല്ലാം രാഷ്ട്രീയ/പ്രത്യയശാസ്ത്ര വൈഭിന്ന്യങ്ങളെക്കുറിച്ച് എപ്പോഴും പറഞ്ഞുകേൾക്കുന്നതാണ്. ഫ്രഞ്ച് വിപ്ലവകാലത്ത് ദേശീയ നിയമസഭയിൽ യാഥാസ്ഥിതിക പക്ഷം - പഴയ രാജാധികാര രീതികൾ തുടരണമെന്ന് വാദിച്ചവർ ഹാളിൽ വലതുഭാഗത്തും, മാറ്റത്തിനും റിപ്പബ്ലിക്കിനുംവേണ്ടി വദിച്ചവർ ഹാളിൽ ഇടതുവശത്തും, ഭരണഘടനാവിധേയമായ രാജഭരണത്തിന് താല്പര്യപ്പെട്ട മിതവാദികൾ സഭയിൽ മധ്യത്തിലും ഇരിപ്പുറപ്പിച്ചതിനു പിന്നാലെയാണ് ഇടതുപക്ഷം, വലതുപക്ഷം, മധ്യമപക്ഷം എന്ന മട്ടിലുള്ള നാമകരണം ഉണ്ടായിവന്നത് എന്ന് പറയപ്പെടുന്നു. ഞാൻ ഈ പറയുന്ന കാര്യങ്ങൾ അമേരിക്കൻ രാഷ്ട്രീയ സാഹചര്യത്തിൽ അപ്രസക്തം ആയിരിക്കും.
ഏതുവിഷയത്തെക്കുറിച്ചും ഏത് നിലപാടിനെക്കുറിച്ചും ഇടത്-വലത്-മധ്യമം എന്ന രീതിയിൽ ഇന്ന് പറയാറുണ്ട്. പുരോഗതിക്കും നവീകരണത്തിനുംവേണ്ടി വാദിക്കുന്നവരാണ് ഇടതുപക്ഷം. പാരമ്പര്യത്തിനും സ്ഥിരതക്കും വേണ്ടി വദിക്കുന്നവരാകും വലതുപക്ഷം. നിലവിലുള്ള ഘടനകൾക്കോ പുരാതന രീതികൾ പുനഃസ്ഥാപിക്കുന്നതിനോ വേണ്ടിയാവും അവർ വാദിക്കുക. മാറ്റം വേണം, പക്ഷേ, സാവധാനത്തിലേ മാറ്റം ആകാവൂ എന്ന നിലപാടെടുക്കുന്നവരാകും മധ്യമപക്ഷം.
വലതുപക്ഷം പരമ്പരാഗത മൂല്യങ്ങൾക്കും വ്യവസ്ഥാപിത ഘടനകൾക്കും ക്രമസമാധാനത്തിനും വേണ്ടി നിലപാടെടുക്കുമ്പോൾ, സാമൂഹിക നീതി, പൗരാവകാശങ്ങൾ, വ്യക്തിസ്വാതന്ത്ര്യം എന്നിവക്കു വേണ്ടി വാദിക്കുന്നവരാകും ഇടതുപക്ഷം. മിതവാദികളാണല്ലോ മധ്യമക്കാർ. ചില കാര്യങ്ങളിൽ ഇടത്തോട്ടും ചില കാര്യങ്ങളിൽ ചെറിയ വലത് ചായ്‌വും ആയിരിക്കും അവരുടേത്.
വലതുപക്ഷം സാമൂഹികമായ ശ്രേണീഘടനയെ അനുകൂലിക്കും, പ്രകൃതിയിൽ അങ്ങനെയാണ് കാര്യങ്ങൾ എന്ന് വാദിക്കും; ഇടതുപക്ഷമാകട്ടെ സാമൂഹികമായ ശ്രേണീഘടനയെ എതിർക്കുകയും എല്ലാവരുടെയും സമത്വത്തെ ഉദ്ഘോഷിക്കുകയും ചെയ്യും. മധ്യമക്കാരാണെങ്കിൽ സമത്വം വേണം, അതേസമയം ക്രമവും വേണം എന്നുപറയും. ഹയരാർക്കിയുടെ ചില രൂപങ്ങൾ വേണം എന്നുവാദിക്കുമ്പോഴും കഴിവിനെയും ന്യായത്തെയും മാനിക്കണമെന്നും പറയും.
സാമ്പത്തികമേഖലയിൽ നിയന്ത്രണ രഹിതമായ സ്വതന്ത്ര വിപണിയാണ് വേണ്ടത് എന്നുപറയും വലതുപക്ഷം. നികുതി പരമാവധി കുറക്കണമെന്നും, സർക്കാർ കുറച്ചുമാത്രം ചെലവ് ചെയ്താൽ മതിയെന്നും, സാമ്പത്തിക സഹായങ്ങൾ കുറച്ചെങ്കിൽ മാത്രമേ ദരിദ്രർ അധ്വാനശീലരാവൂ എന്നും അവർ വാദിക്കും. മറുവശത്ത്, ശക്തമായ സർക്കാർ വേണമെന്നുപറയും ഇടതുപക്ഷം. വിപണിയിൽ സർക്കാർ ഇടപെടണമെന്നും, സർക്കാർ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യണമെന്നും സാമ്പത്തിക ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കുന്നതിന് സമ്പത്തിൻ്റെ പുനർവിതരണം ആവശ്യമാണെന്നും ഇടതുപക്ഷം വാദിക്കും. സമ്പൂർണ്ണമായി സ്വതന്ത്ര വിപണി, കുറെയൊക്കെ സർക്കാർ ഇടപെടണമെന്നും നിലപാടെടുക്കും മധ്യമക്കാർ.
നിലപാടുകളിൽ തീവ്രസ്വഭാവം കാട്ടും തീവ്രവലതുപക്ഷവും തീവ്ര ഇടതുപക്ഷവും. ഞങ്ങളാണ ് ശരി എന്നു തന്നെയാണ് രണ്ടുകൂട്ടരും പറയുക. ഞങ്ങളാണ് ജനത; ഞങ്ങളാണ് മതം; ഞങ്ങളാണ് രാഷ്ട്രം; ഞങ്ങളോടൊപ്പം അല്ലാത്തവർക്ക് നിലനില്ക്കാൻ അവകാശമില്ല എന്നുവരെ പറയുകയും പ്രവർത്തിക്കുകയും ചെയ്യും അവർ. തീവ്രഇടതുപക്ഷവും ബല പ്രയോഗത്തിൽ വിശ്വസിക്കും. ബലം പ്രയോഗിക്കുകയും ചെയ്യും.
ഇന്നിപ്പോൾ ഇങ്ങനെ പക്ഷംതിരിച്ച് പറയുന്നതിൽ പരിമിതിയുണ്ട്. കാരണം, ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും വേർതിരിക്കുന്ന അതിർവരമ്പുകൾ മാറിയും മറിഞ്ഞും വരും. ചിലകാര്യങ്ങളിൽ വലതുപക്ഷ നിലപാടുകളും മറ്റുചില മേഖലകളിൽ ഇടതുപക്ഷ നിലപാടുകളും എടുക്കുന്നവർ ധാരാളമുണ്ട്. എന്നാൽ അവർ മധ്യമക്കാരാണോ എന്നു ചോദിച്ചാൽ, അവർ മധ്യമക്കാരുമല്ല. വികസിത സമൂഹങ്ങളിൽ തീവ്ര ഇടതുപക്ഷക്കാർ ഏതാണ്ട് ഇല്ലാതായിട്ടുണ്ട്. വ്യവസ്ഥാപിത ഇടതുപക്ഷം പൊതുവേ വലതുപക്ഷത്തേക്ക് നീങ്ങുകയും വ്യവസ്ഥാപിത വലതുപക്ഷം ഇടത് ചായ്‌വ് കാട്ടുകയും ചെയ്യുന്നു. അതേ സമയം തീവ്ര വലതുപക്ഷത്ത് കനം കൂടിവരികയും ചെയ്യുന്നു. മധ്യമപക്ഷം പൊതുവേ ഇല്ലാതാകുന്ന സാമൂഹിക വൈരുധ്യത്തിനും നാം സാക്ഷികളാകുന്നു.





















