

വർഷത്തിൻ്റെ അവസാന മൂന്ന് മാസങ്ങളാണ് എനിക്കേറ്റം പ്രിയപ്പെട്ടവ. ഏറ്റം ആദരിക്കുന്ന നാല് വിശുദ്ധരുടെ തിരുന്നാളുകൾ ഒക്ടോബറിലാണ് : രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും. ഡിസംബറിലാവട്ടെ, ക്രിസ്തുമസ്സ് വരും. പിന്നെ ഞാൻ ഏറെ ആദരിക്കുന്ന വേറെ ആറ് വിശുദ്ധരുടെ തിരുനാളുകളും.
മേല്പറഞ്ഞ രണ്ട് മാസങ്ങൾക്കുമിടയിൽ സാൻ്റ് വിച്ച് ചെയ്യപ്പെട്ടതും അഗാധമായ ആഘോഷങ്ങളുടേതുമായ മാസം നവംബറാണ്. ആരാധനക്രമ വത്സരത്തിൻ്റെ അവസാന മാസം എന്ന നിലയിലാണ് അതിൽ ഇത്രമാത്രം പ്രത്യേകതകളുള്ള ആഘോഷങ്ങൾ കടന്നുവരുന്നത്.
സകല വിശുദ്ധരുടെയും തിരുനാൾ, സകല മരിച്ച വിശ്വാസികളുടെയും ഓർമ്മത്തിരുനാൾ, ജോൺ ലാറ്ററൻ, പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ബസിലിക്കകളുടെ പ്രതിഷ്ഠത്തിരുനാളുകൾ, ക്രിസ്തുവിൻ്റെ രാജത്വത്തിരുനാൾ എന്നിവ മറ്റെല്ലാത്തിരുനാളുകളിൽ നിന്നും വളരെ വ്യത്യസ്തമായ ആഘോഷങ്ങളാണ്.
സത്യത്തിൽ ഇവയെല്ലാം വളരെ ബന്ധപ്പെട്ട് കിടക്കുന്ന ആഘോഷങ്ങളുമാണ്. ഒരു വിധത്തിൽ പറഞ്ഞാൽ മേല്പറഞ്ഞവയെല്ലാം ഏതാണ്ട് ഒരേ ആഘോഷത്തിൻ്റെ വിവിധ മാനങ്ങളാണെന്നും പറയാം.
ക്രൈസ്തവ ചരിത്രത്തിലെ ആദ്യത്തെ ദേവാലയമാണ് ലാറ്ററൻ ബസിലിക്ക. കോൺസ്റ്റൻ്റൈൻ ചക്രവർത്തിക്ക് സ്വന്തമായി ലഭിച്ച ഒരു പ്രഭു ഭവനവും പുരയിടവുമായിരുന്നു അത്. ലാറ്ററാനി കുടുംബക്കാരുടെ സ്വത്ത്. നീറോയെ വധിക്കാൻ സെക്ഷ്യസ് ലാറ്ററാനി പ്രഭു പദ്ധതിയിട്ടു എന്ന ആരോപണം ഉയർത്തി നീറോ ചക്രവർത്തി പിടിച്ചെടുത്ത് കണ്ടുകെട്ടിയ ബംഗ്ലാവും പുരയിടവും. പില്ക്കാലത്ത് അത് മാക്സെൻഷ്യസ് ചക്രവർത്തിയുടെ സഹോദരി ഫൗസ്തയുടേതായി. കോൺസ്റ്റൻ്റൈൻ ചക്രവർത്തിയായപ്പോൾ അദ്ദേഹം ഫൗസ്തയെ വിവാഹം ചെയ്യുകയും മേല്പറഞ്ഞ വസ്തു അദ്ദേഹത്തിന് സ്ത്രീധനമായി ലഭിക്കുകയും ചെയ്തു. അതാണ് അദ്ദേഹം 322 -ൽ അന്നത്തെ മാർപാപ്പയായിരുന്ന മിൽതിയാദസിന് ദേവാലയം പണിയാൻ സമ്മാനമായി നല്കുന്നതും. അങ്ങനെ, ക്രിസ്തുമതം റോമാ സാമ്രാജ്യത്ത് അംഗീകൃത മതമായി 313 -ൽ പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം 9-ാം വർഷം ദേവാലയമാക്കപ്പെട്ട ഇടമാണ് ദിവ്യരക്ഷകൻ്റെ നാമത്തിലുള്ള ലാറ്ററൻ ബസിലിക്ക. അതൊരു കൂറ്റൻ ദേവാലയമായി രൂപമാറ്റം ചെയ്യാൻ രണ്ടു വർഷമെടുത്തു. അങ്ങനെ, 324- ൽ പോപ്പ് സിൽവെസ്റ്റർ I ആണ് ബസിലിക്കയുടെ പ്രതിഷ്ഠ നടത്തുന്നത്. അങ്ങനെ, ലോകത്തിലെ ക്രൈസ്തവരുടെ എല്ലാ ദേവാലയങ്ങളുടെയും അമ്മ-ദേവാലയമായി ലാറ്ററൻ ബസിലിക്ക. റോമിലെ മെത്രാൻ്റെ - അഥവാ മാർപാപ്പയുടെ ഔദ്യോഗിക കത്തീഡ്രൽ.
ദേവാലയം അല്ലെങ്കിൽ ദൈവഭവനം എന്നത് ഒത്തിരി അർത്ഥമാനങ്ങളുള്ള ഒന്നാണ്. കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി "ചർച്ച് " എന്നത് ഭൗതികമായ ഓരോ ദേവാലയത്തെയും, ആരാധനസമൂഹത്തെയും ദൈവജനത്തെയും ദ്യോതിപ്പിക്കുന്ന പദമായി മാറിയിട്ടുണ്ട്. ജറൂസലേം ദേവാലയത്തിൽ ശുദ്ധികലശം നടത്തുമ്പോൾ തൻ്റെ അധികാരത്തെ ചോദ്യം ചെയ്തവരോട് യേശു ഇങ്ങനെ പറയുന്നുണ്ട്: "നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക. മൂന്നു ദിവസം കൊണ്ട് ഞാനത് പുനരുദ്ധരിക്കാം." തൻ്റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചാണ് അവിടന്ന് അങ്ങനെ പറഞ്ഞത് എന്ന് സുവിശേഷ കർത്താവ് ഉടനെ വ്യാഖ്യാനിക്കുന്നുണ്ട്. അപ്പോൾ, മേല്പറഞ്ഞവക്ക് പുറമേ, ക്രിസ്തുശരീരം തന്നെയാണ് ദൈവഭവനം എന്നു വരുന്നു. അങ്ങനെ നോക്കുമ്പോൾ, ഓരോ വിശ്വാസിയും നിയതമായ അർത്ഥത്തിൽ ദൈവഭവനം തന്നെയായി മാറുന്നു. വിശാലമായ അർത്ഥത്തിൽ ഓരോ മനുഷ്യവ്യക്തിയും ദൈവഭവനമാകുന്നു. ഈ ലോകവും ഭൂമിയും ദൈവഭവനങ്ങളായി മാറുന്നു!






















