top of page

പുരോഹിത രാജ്യം

Oct 1

6 min read

ഡോ. മൈക്കിള്‍ കാരിമറ്റം
high priest Aron

"നിങ്ങള്‍ എനിക്കു പുരോഹിത രാജ്യവും വിശുദ്ധ ജനവും ആയിരിക്കും" (പുറ. 9,6).

പുരോഹിതന്‍ എന്നു കേള്‍ക്കുമ്പോള്‍ ദൈവതിരുമുമ്പില്‍ ബലികളും കാഴ്ചകളും അര്‍പ്പിക്കാനായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്ന ആശയമാണ് ആദ്യമേ മനസ്സിലേക്കു വരിക. അതോടൊപ്പം ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ദൈവനാമത്തില്‍ ജനത്തെ ആശീര്‍വ്വദിക്കുകയും പുരോഹിതന്‍റെ ദൗത്യമാണ്. ബൈബിളില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നതാണ് ഈ പുരോഹിത ചിത്രം. അതിന്‍റെ വ്യക്തമായ ഉദാഹരണമാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ ഒരു നിര്‍വ്വചനംപോലെ അവതരിപ്പിച്ചിരിക്കുന്ന പ്രബോധനം.

"ജനങ്ങളില്‍ നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍ ദൈവിക കാര്യങ്ങള്‍ക്കായി നിയമിക്കപ്പെടുന്നത് പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്" (ഹെബ്രാ. 5,1). ഇതേ ആശയം വീണ്ടും ഹെബ്രാ. 8,3 ല്‍ ആവര്‍ത്തിക്കുന്നു: "പ്രധാനപുരോഹിതന്മാര്‍ ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ് നിയോഗിക്കപ്പെടുന്നത്". ബലിയര്‍പ്പിക്കുന്ന വസ്തു, അര്‍പ്പിക്കുന്ന വിധം, അര്‍പ്പണത്തിന്‍റെ ലക്ഷ്യം എന്നിവയെ ആസ്പദമാക്കി അനേകം വ്യത്യസ്തബലികള്‍ ബൈബിളില്‍ പരാമര്‍ശവിഷയമാക്കുന്നുണ്ട്. ലേവ്യരുടെ പുസ്തകം മുഴുവന്‍ ബലിയര്‍പ്പണത്തെയും അര്‍പ്പിക്കുന്ന ആളുകളെയും അവരുടെ കാര്യങ്ങളെയും കുറിച്ചുള്ള വിവരണമാണ്. അതിനാല്‍ സംശയമില്ല, പുരോഹിതന്‍റെ മുഖ്യദൗത്യം ബലിയര്‍പ്പണമാണ്. എന്നാല്‍ പ്രവാചക ഗ്രന്ഥങ്ങളിലേക്കു കടക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായൊരു ചിത്രം തെളിഞ്ഞു വരുന്നതു കാണാം.

ഉത്സവാഘോഷങ്ങളും ബലിയര്‍പ്പണങ്ങളും എല്ലാം ദൈവം തന്നെ കല്പിച്ചതായിരുന്നെങ്കിലും ആമോസ് മുതല്‍ മലാക്കിവരെയുള്ള 18 പ്രവാചക ഗ്രന്ഥങ്ങളിലും വ്യത്യസ്തമായൊരു നിലപാടു കാണാം. ഏതാനും ചില ഉദാഹരണങ്ങള്‍. "നിങ്ങളുടെ ഉത്സവങ്ങളോട് എനിക്കു വെറുപ്പാണ് അവജ്ഞയാണ്. നിങ്ങളുടെ മഹോത്സവങ്ങളില്‍ എനിക്ക് പ്രസാദമില്ല. നിങ്ങള്‍ ദഹന ബലികളും ധാന്യബലികളും അര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കുകയില്ല. സമാധാന ബലിയായി നിങ്ങള്‍ അര്‍പ്പിക്കുന്ന കൊഴുത്ത മൃഗങ്ങളെ ഞാന്‍ നോക്കുകയില്ല" (അപ്പ. 5:2-23). ചരിത്രപരമായി നോക്കുമ്പോള്‍ ലിഖിതപ്രവാചകന്മാരില്‍ ആദ്യത്തെ ആളായ ആമോസിന്‍റേതാണ് ഈ വാക്കുകള്‍.

അവസാനത്തെ പ്രവാചകനായ മലാക്കിയുടെ വാക്കുകള്‍  കൂടുതല്‍ പരുഷവും രൂക്ഷവുമാണ്. "നിങ്ങള്‍ എന്‍റെ ബലിപീഠത്തില്‍ വ്യര്‍ത്ഥമായി തീ കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടച്ചിരുന്നെങ്കില്‍!" (മലാ. 1,10). തുടര്‍ന്ന് പുരോഹിതന്മാര്‍ക്കു നല്കുന്ന താക്കീതുകളും ശിക്ഷാഭീഷണികളും ഭയാനകം എന്നേ പറയാനാവൂ. "പുരോഹിതന്മാരേ ഇതാ ഈ കല്പന നിങ്ങള്‍ക്കു വേണ്ടിയാണ്. കര്‍ത്താവ് അരുളി ചെയ്യുന്നു. നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും എന്‍റെ നാമത്തിന് മഹത്വം നല്‍കാന്‍  മനസ്സ് വയ്ക്കാതിരിക്കുകയും ചെയ്താല്‍ ഞാന്‍ നിങ്ങളുടെമേല്‍ ശാപം അയയ്ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാന്‍ ശാപമാക്കും. ഞാന്‍ നിങ്ങളുടെ സന്തതികളെ ശാസിക്കും. നിങ്ങളുടെ ബലിമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്ത് തേക്കും. എന്‍റെ സന്നിധിയില്‍ നിന്ന് നിങ്ങളെ ഞാന്‍ നിഷ്കാസനം ചെയ്യും" (മലാ. 2:1-3). ഏതെങ്കിലും നിരീശ്വരവാദിയുടേയോ ദൈവവിരോധിയുടെയോ വ്യര്‍ത്ഥ ജല്പനങ്ങളല്ല ഇത്, മറിച്ച് കര്‍ത്താവായ ദൈവം തന്നെ ജനത്തോട് പ്രവാചകനിലൂടെ അരുളിച്ചെയുന്ന വചനങ്ങളാണ് - ദൈവവചനം.

ആമോസിനും മലാക്കിക്കും ഇടയില്‍ വന്ന മറ്റുപ്രവാചകന്മാരിലൂടെ ദൈവം നല്കുന്ന സന്ദേശവും വ്യത്യസ്തമല്ല. വിശുദ്ധിയുടെ പ്രവാചകന്‍ എന്നും പ്രവാചകരില്‍ അഗ്രഗണ്യന്‍ എന്നും അറിയപ്പെടുന്ന ഏശയ്യാ തുടങ്ങുന്നതു തന്നെ പുരോഹതന്മാര്‍ക്കും ബലിയര്‍പ്പണത്തിനും എതിരേ ശക്തമായ ശകാരത്തോടെയാണ്. "നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ്ടുള്ള ദഹന ബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസും എനിക്കു മതിയായി. കാളകളുടെയോ ആട്ടിന്‍കുട്ടികളുടെയോ മുട്ടാടിന്‍റെയോ രക്തംകൊണ്ട് ഞാന്‍ പ്രസാദിക്കുകയില്ല. എന്‍റെ സന്നിധിയില്‍ വരാന്‍, എന്‍റെ അങ്കണത്തില്‍ കാലു കുത്താന്‍ ഇവ വേണമെന്നു ആര്‍ നിങ്ങളോട് പറഞ്ഞു?" (ഏശ. 1:11-12).

അഹറോനെയും പുത്രന്മാരെയും പുരോഹിതന്മാരായി അഭിഷേകം ചെയ്യാന്‍ കല്പിക്കുകയുംവിവിധങ്ങളായ ബലിയര്‍പ്പണങ്ങളും ഉത്സവാഘോഷങ്ങളും നിര്‍ദ്ദേശിക്കുകയും ചെയ്ത ദൈവം തന്നെ എന്തേ ഇപ്പോള്‍ ഇതെല്ലാം ഇത്ര കഠിനമായി തള്ളിപ്പറയുന്നു? ഒരേ ദൈവം തന്നെയാണോ ഇതു രണ്ടും പറയുന്നതെന്നു സംശയം തോന്നിയേക്കാം. അതിനാല്‍ എന്താണ് ഈ വിമര്‍ശനങ്ങള്‍ക്കു കാരണം എന്നന്വേഷിക്കേണ്ടതുണ്ട്. കാരണം കണ്ടെത്തണമെങ്കില്‍ എന്തിനുവേണ്ടിയാണ് ദൈവം പൗരോഹിത്യം സ്ഥാപിച്ചത്, എന്തായിരുന്നു പുരോഹിതന്‍റെ മുഖ്യ ദൗത്യം, എന്താണ് ബലിയര്‍പ്പണത്തിന്‍റെയും ഉത്സവാഘോഷത്തിന്‍റെയും ലക്ഷ്യം എന്നു മനസ്സിലാക്കണം. ലക്ഷ്യം തെറ്റിയ ശരംപോലെ, വഴിപിഴച്ച തീര്‍ത്ഥാടകനെപ്പോലെ ആയിരിക്കുന്നു പ്രവാചക വീക്ഷണങ്ങളില്‍ ബലിയര്‍പ്പണങ്ങളും ഉത്സവാഘോഷങ്ങളും അതിനു നേതൃത്വം നല്കുന്ന പുരോഹിതരും. ഈ പശ്ചാത്തലത്തില്‍ പൗരോഹിത്യത്തെക്കുറിച്ച്, പുരോഹിതന്‍റെ ദൗത്യത്തെക്കുറിച്ച് ബൈബിളിന്‍റെ അടിസ്ഥാനപരമായ കാഴ്ചപ്പാട് മനസ്സിലാക്കണം. അതിനു സഹായിക്കുന്നതാണ് സീനായ് ഉടമ്പടിയുടെ പ്രധാന ആശയം അവതരിപ്പിക്കുന്ന ആമുഖം എന്ന രീതിയില്‍ പുറ: 19:3-6 കാണുന്ന കര്‍ത്താവിന്‍റെ സന്ദേശം. ആഴമേറിയ അര്‍ത്ഥതലങ്ങളുള്ള ഈ വാക്യങ്ങള്‍ വിശദമായി അപഗ്രഥിച്ചാല്‍ പൗരോഹിത്യത്തെക്കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ചകള്‍ ലഭിക്കും.


ഉടമ്പടിയുടെ സംക്ഷിപ്തരൂപം

"കര്‍ത്താവ് മലയില്‍ നിന്ന് അവനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: യാക്കോബിന്‍റെ ഭവനത്തോട് നീ പറയുക; ഇസ്രായേലിനെ അറിയിക്കുക. ഈജിപ്തുകാരോട് ഞാന്‍ ചെയ്തതെന്തെന്നും കഴുകന്മാരുടെ ചിറകുകളില്‍ സംവഹിച്ച് ഞാന്‍ നിങ്ങളെ എങ്ങനെ എന്‍റെ അടുക്കലേക്കു കൊണ്ടു വന്നെന്നും നിങ്ങള്‍ കണ്ടു കഴിഞ്ഞു. അതുകൊണ്ട് നിങ്ങള്‍ എന്‍റെ വാക്കുകേള്‍ക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റം പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും. കാരണം, ഭൂമി മുഴുവന്‍ എന്‍റേതാണ്. നിങ്ങള്‍ എനിക്കു പുരോഹിത രാജ്യവും വിശുദ്ധ ജനവുമായിരിക്കും" (പുറ: 19:3-6).

പൗരോഹിത്യത്തിന്‍റെ ഉത്ഭവവും അര്‍ത്ഥവും ലക്ഷ്യവും ഏറ്റം ആധികാരികവും അതേ സമയം സംക്ഷിപ്തവുമായി അവതരിപ്പിക്കുന്നതാണ് സീനായ് ഉടമ്പടിയുടെ ആമുഖമായി നല്കുന്ന ഈ വിവരണം. ആര്‍ ആരുമായി ഉടമ്പടി ചെയ്യുന്നു, ഉടമ്പടി ചെയ്യുന്ന ആള്‍ ഉടമ്പടി സ്വീകരിക്കുന്നവര്‍ക്കുവേണ്ടി എന്തുചെയ്തു, ഉടമ്പടിയുടെ നിബന്ധനകള്‍, നല്കുന്ന വാഗ്ദാനങ്ങള്‍ എന്നിവ ഏറ്റം ചുരുക്കമായി ഇവിടെ വിവരിക്കുന്നു. മോശ വഴിയാണു ദൈവം ജനത്തെ ഇക്കാര്യം അറിയിക്കുന്നത്. കര്‍ത്താവിന്‍റെ കല്പനകള്‍ അനുസരിച്ചുകൊള്ളാം എന്നു ജനം വാഗ്ദാനം ചെയ്യുന്നതോടെ ഉടമ്പടിയുടെ ആമുഖ വിവരണം പൂര്‍ത്തിയാകുന്നു. തുടര്‍ന്ന് ദൈവത്തിന്‍റെ പ്രത്യക്ഷീകരണം, ഉടമ്പടിയുടെ നിബന്ധനകള്‍, ജനത്തിന്‍റെ മറുപടി എന്നിവയെല്ലാം വിശദമായി (പുറ. 19, 9-24, 11) അവതരിപ്പിക്കുന്നു.

ഈജിപ്തില്‍ അടിമകളായി കഴിഞ്ഞ ഒരുപറ്റം ആളുകളെ ദൈവം കരുത്തുറ്റ കരംനീട്ടി മോചിപ്പിച്ച്, അത്ഭുതകരമായി കടലിലൂടെയും, മരുഭൂമിയിലൂടെയും നയിച്ച്, ദൈവിക സാന്നിധ്യത്തിന്‍റെ സ്ഥലമായ സീനായ് മലയുടെ അടിവാരത്ത് എത്തിച്ചു. ഇതാണു ദൈവം അവര്‍ക്കുവേണ്ടി ഇതുവരെ ചെയ്തത്. അവര്‍ അത് അനുഭവിച്ചറിഞ്ഞതാണ്. ഇതിനു വ്യക്തമായ ഒരു ലക്ഷ്യമുണ്ട്. മൂന്നു കാര്യങ്ങളാണ് ലക്ഷ്യമായി അവതരിപ്പിക്കുന്നത്. അവര്‍ ദൈവത്തിന്‍റെ സ്വന്തം ജനം, പുരോഹിതരാജ്യം, വിശുദ്ധജനം ആയിരിക്കണം. ഇവ മൂന്നും പരസ്പരം വിശദീകരിക്കുന്ന വിശേഷണങ്ങളാണ്. ഓരോന്നിന്‍റെയും വ്യാഖ്യാനത്തിലേക്കു കടക്കുന്നതിനു മുമ്പേ, ഈ വാഗ്ദാനങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നതിന് വച്ചിരിക്കുന്ന നിബന്ധനകള്‍ ഏവ എന്ന് അറിയണം.

വാക്കുകള്‍ കേള്‍ക്കണം, ഉടമ്പടി പാലിക്കണം -ഇതാണ് നിബന്ധന. ദൈവം മുന്‍കൈയെടുത്ത് ഇസ്രായേല്‍ക്കാരുമായി ചെയ്യുന്നതാണ് ഈ ഉടമ്പടി. അവര്‍ ആവശ്യപ്പെട്ടതോ പ്രതീക്ഷിച്ചതോ അവര്‍ക്ക് അവകാശപ്പെട്ടതോ ഒന്നുമല്ല, ദൈവത്തിന്‍റെ സൗജന്യദാനമാണിത്. ലോകജനതകളുടെ മുഴുവന്‍ സ്രഷ്ടാവും അധിനാഥനുമായ ദൈവം ഇസ്രായേല്‍ക്കാരെ പ്രത്യേകമായി തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുപ്പിന്‍റെ ലക്ഷ്യമാണ് വാഗ്ദാനമായി അവതരിപ്പിക്കുന്നത്. അതു യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അവര്‍ കേള്‍ക്കണം, അനുസരിക്കണം.

ഉടമ്പടിയുടെ നിബന്ധനകള്‍ വിശദമായി അവതരിപ്പിക്കുമ്പോള്‍ അതിനെ വിശേഷിപ്പിക്കാനായി ഉപയോഗിക്കുന്നത് "വാക്ക്" എന്ന പദമാണ്. "കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങളാണിവ" (പുറ. 20,1). 'കേള്‍ക്കുക' എന്ന ആഹ്വാനം അനേകം തവണ ആവര്‍ത്തിക്കുന്നത് കാണാം. അതില്‍ ഏറ്റം  പ്രധാനപ്പെട്ടതാണ് ഇസ്രായേല്‍ ജനം ഒരു പ്രാര്‍ത്ഥനപോലെ നിരന്തരം ഉരുവിടുന്ന 'ഷ്മാ പ്രാര്‍ത്ഥന' എന്നറിയപ്പെടുന്ന, നിയ. 6:4-5 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റം പ്രധാനപ്പെട്ട കല്പന (മത്താ. 22,34). കാതുകൊണ്ടു മാത്രമല്ല, ഹൃദയം കൊണ്ടും കേള്‍ക്കണം, അനുസരിക്കണം; കേള്‍ക്കുന്ന വചനം അനുകരിച്ച് ജീവിതം ക്രമീകരിക്കണം ഇതാണ് ഉടമ്പടിയുടെ നിബന്ധന. ഈ നിബന്ധനകള്‍ സമഗ്രമായി അവതരിപ്പിക്കുന്ന പത്തു പ്രമാണങ്ങളെ (പുറ. 20:1-17) "വാക്കുകള്‍" എന്നു വിശേഷിപ്പിക്കുന്നതിലൂടെ ഇതു ദൈവഹിതത്തിന്‍റെ വെളിപ്പെടുത്തലാണെന്ന് ഊന്നിപ്പറയുന്നു. ഈ വാക്കുകള്‍ അനുസരിക്കണം. അതാണ്, അതു മാത്രമാണ് ദൈവം ജനത്തില്‍ നിന്നാവശ്യപ്പെടുന്നത്. അനുസരണത്തിലൂടെ മാത്രമായിരിക്കും ഉടമ്പടി പൂര്‍ത്തിയാവുക.

ഉടമ്പടിയുടെ ലക്ഷ്യമാണ് ഏറ്റവും പ്രധാനം. അതാണ് ഒരു ദാനവും അതേസമയം ദൗത്യവുമായി, പരസ്പരം വിശദീകരിക്കുകയും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുകയും ചെയ്യുന്ന മൂന്നു പദങ്ങളിലൂടെ അവതരിപ്പിക്കുന്നത്.


1. ദൈവത്തിന്‍റെ സ്വന്തം ജനം

ഒരു തിരഞ്ഞെടുപ്പിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതാണ് ഈ വിശേഷണം. ഭൂമിയും അതിലുള്ള സമസ്തവും, ലോകവും അതില്‍ ജീവിക്കുന്ന സകല ജനതകളും ദൈവത്തിന്‍റേതാണ്. എന്നാല്‍, ഈ ലോക ജനതകളില്‍ നിന്ന് ഒരു പറ്റം ആളുകളെ ദൈവം പ്രത്യേകമായി തിരഞ്ഞെടുക്കുന്നു. അവരെ പ്രത്യേകമായി സ്നേഹിക്കാനും സ്വന്തമായി തിരഞ്ഞെടുക്കാനും എന്തായിരുന്നു കാരണം? അവര്‍ മറ്റു ജനതകളേക്കാള്‍ ഏതെങ്കിലും തരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടവരായിരുന്നതുകൊണ്ടല്ല ദൈവം അവരെ തിരഞ്ഞെടുത്തത്. "നിങ്ങള്‍ മറ്റെല്ലാ ജനതകളേയുംകാള്‍ ചെറുതായിരുന്നു" (നിയമ. 7,6).

വൃദ്ധനായ അബ്രാഹവും വന്ധ്യയായ ഭാര്യ സാറായും. ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്തവര്‍. സ്വന്തമായി നാടും വീടും ഇല്ലാതെ അലയുന്ന നാടോടികള്‍. അവരെയാണ് ദൈവം പ്രത്യേകം സ്നേഹിച്ചു തിരഞ്ഞെടുത്തത്; അവരെയാണ് വാഗ്ദാനങ്ങള്‍ നല്കി, വഴി നയിച്ചത്. അവരുമായാണ് ദൈവം ഉടമ്പടി ചെയ്തത് (ഉല്‍പ. 12:1-3, 15:1-21, 22:16-17). അവരുടെ മക്കളെയാണ് അടിമത്തത്തില്‍ നിന്നു മോചിപ്പിച്ചത്, ഇപ്പോള്‍ സ്വന്തം ജനമായി സ്വീകരിക്കുന്നത്. ഏറ്റം എളിയവരെയും ദരിദ്രരെയും പീഡിതരെയും തന്‍റെ സ്വന്തം ജനമായി തിരഞ്ഞെടുക്കുന്ന ദൈവത്തിന്‍റെ സവിശേഷത ഇവിടെ പ്രകടമാകുന്നു.

സ്വന്തം എന്ന് അഭിമാനിക്കാന്‍ അവര്‍ക്കൊന്നുമില്ല. അടിമത്തത്തിന്‍റെ നുകം വഹിച്ച്, ഉടമകളുടെ അടിയേറ്റ് തളര്‍ന്നവര്‍, വിലപിക്കുന്നവര്‍, അവരെയാണ് ദൈവം പ്രത്യേകം തിരഞ്ഞെടുക്കുന്നത്. ഈ സവിശേഷത തന്നെ തിരഞ്ഞെടുപ്പിന്‍റെ ലക്ഷ്യത്തിലേക്കു വെളിച്ചം വീശുന്നുണ്ട്. ദൈവത്തിന്‍റെ നിരുപാധികമായ സ്നേഹവും ഇപ്പോള്‍ ലഭിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വവും തങ്ങളുടെ കഴിഞ്ഞ കാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവര്‍ക്കു നന്നായി മനസ്സിലാക്കാനും വിലമതിക്കാനും കഴിയും. ഈ അറിവാണ് അവര്‍ മറ്റു ജനതകളുമായി പങ്കുവയ്ക്കേണ്ടത്. അതാണ് അവരെ തിരഞ്ഞെടുത്തു വഴി നയിക്കുന്നതിന്‍റെ ലക്ഷ്യം. തങ്ങള്‍ ഓരോരുത്തരും ദൈവത്തിന്‍റെ സ്വന്തം ജനമാണെന്ന് ഇസ്രായേലിന്‍റെ അനുഭവത്തിലൂടെ എല്ലാ ജനതകളും അറിയണം. അങ്ങനെ "നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും" (ഉല്‍പ. 12,3).

തങ്ങള്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിന്‍റെ സ്വന്തം ജനമാണെന്ന അവബോധം, മറ്റുള്ളവരെ ചെറുതായി കാണുന്ന അഹങ്കാരത്തിലേക്കും ഔദ്ധത്യത്തിലേക്കുമല്ല, മറിച്ച് വിനയത്തിലേക്കും ദൗത്യബോധത്തിലേക്കുമാണ് അവരെ നയിക്കേണ്ടത്. ഏറ്റവും എളിയവരായിരുന്ന, ഒരു ജനം എന്ന പേരിനുപോലും അര്‍ഹതയില്ലാത്ത ഒരു പറ്റം അടിമകളായിരുന്ന തങ്ങളെ ദൈവമാണ് കരുത്തുറ്റ കരം നീട്ടി മോചിപ്പിച്ച്, സ്വന്തം ജനമായി സ്വീകരിച്ചു വളര്‍ത്തിയത് എന്ന ബോധ്യം അവര്‍ കാത്തു സൂക്ഷിക്കണം. ആ തിരഞ്ഞെടുപ്പിലൂടെ പ്രകടമാകുന്ന ദൈവത്തിന്‍റെ കരുത്തും, കരുതലും കരുണയും അവര്‍ എല്ലാ ജനതകളുമായി പങ്കുവയ്ക്കണം. ലോക ജനതകള്‍ക്കു മുമ്പില്‍ അവര്‍ വിമോചകനായ ദൈവത്തിനു സാക്ഷികളാകണം; ദൈവം നല്കുന്ന രക്ഷ ലോകാതിര്‍ത്തികള്‍വരെ എത്തിക്കുന്ന ലോകത്തിന്‍റെ പ്രകാശമാകണം (ഏശ. 49,6).


2. പുരോഹിത രാജ്യം

"നിങ്ങള്‍ എനിക്ക് പുരോഹിതരാജ്യം ആയിരിക്കും". ദൈവം തന്‍റെ സ്വന്തമായി ഒരു ജനത്തെ തിരഞ്ഞെടുത്തതിന്‍റെ ലക്ഷ്യം വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന. ദൈവവും ജനവും തമ്മില്‍, അഥവാ ജനത്തിന് ദൈവത്തോടുള്ള ബന്ധമാണ് ആദ്യമേ എടുത്തു പറയുന്നത്: "നിങ്ങള്‍ എനിക്ക്", ദൈവം തനിക്കുവേണ്ടി തിരഞ്ഞെടുത്തു മാറ്റി നിര്‍ത്തിയിരിക്കുന്ന ജനം. ആ തിരഞ്ഞെടുപ്പിന്‍റെ ലക്ഷ്യമാണ് 'പുരോഹിത രാജ്യം' ആയിരിക്കുക എന്നത്. "രാജ്യം" എന്നു വിവര്‍ത്തനം ചെയ്യുന്ന 'മമ്ലാക' എന്ന ഹീബ്രു വാക്ക് ഒരു സ്ഥലത്തെയോ പ്രദേശത്തെയോ അല്ല, ഒരു ജനസമൂഹത്തെയാണ് സൂചിപ്പിക്കുന്നത്. 'രാജാവ്' എന്നര്‍ത്ഥമുള്ള 'മെലെക്' എന്ന വാക്കില്‍ നിന്നാണ് ഇതിന്‍റെ നിഷ്പത്തി, Kingdom എന്ന് ഇംഗ്ലീഷില്‍. 'പുരോഹിതന്മാരുടെ രാജ്യം' എന്നാവും അക്ഷരാര്‍ത്ഥം. ഒരു ജനതയെ സൂചിപ്പിക്കുന്നതാണ് ഈ വിശേഷണം. അപ്പോള്‍ എന്താണ് ഈ രാജത്വം?

"രാജകീയ പുരോഹിത ഗണം" (1 പത്രോ. 2-9) എന്നു പത്രോസിന്‍റെ ലേഖനത്തില്‍ ഇതിനെ വിശദീകരിക്കുന്നു. പുരോഹിതന്മാര്‍ ഭരിക്കുന്ന ഒരു ജനമെന്ന് ഇതിനെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. അതിലുപരി ഈ ജനം മുഴുവന്‍ രാജകീയാധികാരത്തിലും ദൗത്യത്തിലും പങ്കുചേരുന്നു എന്ന വ്യാഖ്യാനമാണ് മൂലത്തോടു കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുക. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ നേതാക്കന്മാര്‍ മാത്രമല്ല, ജനം ഒന്നടങ്കം ഈ രാജകീയ പൗരോഹിത്യത്തില്‍ പങ്കുചേരുന്നു. രാജാവിന്‍റെ  കടമ ജനത്തെ നീതിപൂര്‍വ്വം ഭരിക്കുകയാണ്, ദൈവഹിതാനുസൃതം നയിക്കുകയാണ്. അതിനു സഹായകമാണ് പുരോഹിതന്‍റെ ദൗത്യം.

ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ മധ്യവര്‍ത്തിയായി നിയോഗിക്കപ്പെടുന്നവനാണ് പുരോഹിതന്‍. ബലികളും കാഴ്ചകളും പ്രാര്‍ത്ഥനകളും അര്‍പ്പിക്കുക എന്നത് ആ ദൗത്യത്തിന്‍റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. തങ്ങള്‍ ആരെന്നും തങ്ങളുടെ ദൗത്യം എന്തെന്നും ജനം അറിയണം. അതിന് പ്രബോധനം ആവശ്യമാണ്. തങ്ങള്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണ്, തങ്ങള്‍ക്കു തനതായ ഒരു ദൗത്യമുണ്ട് എന്ന് അവര്‍ അറിയണം. ലോക ജനതകള്‍ക്കിടയില്‍ ദൈവത്തിനു സാക്ഷികളാവുക, ലോക ജനതകളെ മുഴുവന്‍ ദൈവത്തിലേക്ക് അടുപ്പിക്കുക, ദൈവത്തിനു സമര്‍പ്പിക്കുക - അതാണ് പുരോഹിത രാജ്യം എന്നും രാജകീയ പൗരോഹിത്യം എന്നും വിശേഷിപ്പിക്കുന്നതുകൊണ്ട് അര്‍ത്ഥമാക്കുക.

സമൂഹത്തിലെ ഏതെങ്കിലും ചില വ്യക്തികളുടെ മാത്രം ദൗത്യമല്ല ഇത്. ജനം മുഴുവന്‍ ഈ ദൗത്യത്തില്‍ പങ്കുകാരാകുന്നു. എന്നാല്‍ ഈ ജനത്തെ നയിക്കാന്‍ അവരില്‍ നിന്നു തന്നെ ദൈവം തിരഞ്ഞെടുത്ത് ദൗത്യം ഏല്പിച്ച നേതാക്കന്മാരുണ്ടായിരുന്നു. അവരില്‍ അഗ്രഗണ്യനാണ് മോശ. പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്ന ത്രിവിധ ദൗത്യങ്ങളും മോശയ്ക്ക് ഏല്പിക്കപ്പെട്ടിരുന്നു. മോശയ്ക്കു സഹായകനായി ദൈവം തന്നെ അഹറോനെ നല്കി. സാവകാശം അഹറോന്‍ മോശയുടെ സഹായകനും വക്താവും എന്നതിലുപരി, ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക എന്ന ദൗത്യമുള്ള പുരോഹിതനായി പരിഗണിക്കപ്പെട്ടു.

രാജഭരണകാലം ആയപ്പോഴേക്കും ഭരണം രാജാവിന്‍റെയും ബലിയര്‍പ്പണം പുരോഹിതന്‍റെയും കടമയും അവകാശവുമായി. പുരോഹിതനായ തനിക്കു വേണ്ടി കാത്തിരിക്കാതെ ബലിയര്‍പ്പിച്ച സാവൂളിന് അതിന്‍റെ പേരില്‍ രാജസ്ഥാനത്തു നിന്നു ഭ്രഷ്ട് കല്പിച്ച സാമുവേലിന്‍റെ പ്രവൃത്തി (1 സാമു. 15,26) ഇതിനു വ്യക്തമായ ഉദാഹരണമാണ്. എന്നാല്‍ പിന്നീട് ദാവീദും, തുടര്‍ന്നു സോളമനും ബലിയര്‍പ്പിച്ചതില്‍ ആരും ഒരപാകതയും കണ്ടില്ല. സാവധാനം രാജാവ് പുരോഹിതന്‍റെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിന്‍റെ തെളിവാണിത്. കാലക്രമത്തില്‍ പുരോഹിതന്‍ രാജാവിന്‍റെ സേവകനും ഹിതാനുവര്‍ത്തിയും ആയിത്തീര്‍ന്നു. ദൈവഹിതം ജനത്തെ അറിയിക്കുക, ജനത്തെ പഠിപ്പിക്കുക എന്ന ദൗത്യം അവഗണിക്കപ്പെട്ടു. രാജഹിതം നിയമമായി, സാവകാശം ജനം രാജാവിന്‍റെ അടിമകളായി.

ഈ സാഹചര്യത്തിലാണ് തീ പാറുന്ന ദൈവവചനവുമായി പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ടത്. സാമുവേലും നാഥാനും ചെറിയ ഉദാഹരണങ്ങള്‍. ഏലിയാ മുതലാണ് ശക്തരായ പ്രവാചകന്മാരുടെ രംഗപ്രവേശനം. അവര്‍ മുഖം നോക്കാതെ ദൈവവചനം പ്രഘോഷിച്ചു, ഉടമ്പടിയുടെ പ്രമാണങ്ങളിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഹിതം അനുസരിച്ച് വഴിമാറാനും ജീവിതം നവീകരിക്കാനും ആഹ്വാനം ചെയ്തു. അങ്ങനെ തുടക്കത്തില്‍ ഒരുമിച്ചു പോയിരുന്ന പുരോഹിതന്‍റെ ത്രിവിധ ദൗത്യങ്ങള്‍ മൂന്നായി വേര്‍തിരിക്കപ്പെട്ടു. ജനത്തെ ഭരിക്കുന്ന രാജാവ്, ബലിയര്‍പ്പിക്കുന്ന പുരോഹിതന്‍, വചനം പ്രഘോഷിക്കുന്ന പ്രവാചകന്‍. എന്നാല്‍ 'പുരോഹിതരാജ്യം' എന്ന വിശേഷണത്തില്‍ ഈ മൂന്നു ദൗത്യങ്ങളും ഉള്‍ച്ചേര്‍ന്നിരുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.

ഈ ദൗത്യമാണ് ഇസ്രായേല്‍ ജനം ഒന്നടങ്കം ലോകജനതകള്‍ക്കു മുമ്പില്‍ നിര്‍വ്വഹിക്കേണ്ടത്. തങ്ങളുടെ വാക്കും പ്രവൃത്തിയും, സര്‍വ്വോപരി ജീവിതവും വഴി സത്യദൈവം ആരെന്നും അവിടുത്തെ തിരുഹിതം എന്തെന്നും എല്ലാ ജനതകളും അറിയാന്‍ ഇടവരണം. അങ്ങനെ എല്ലാവരും ദൈവത്തിലേക്കു വരണം. നിന്നിലൂടെ, നിന്‍റെ സന്തതിയിലൂടെ, ലോക ജനതകള്‍ മുഴുവന്‍ അനുഗൃഹീതമാകും എന്ന് അബ്രാഹത്തിനു നല്കിയ വാഗ്ദാനം (ഉല്‍പ. 1,2,3, 22,8) പൂര്‍ത്തിയാകണം. ഇതാണ് പുരോഹിതരാജ്യത്തിന്‍റെ മുഖ്യമായ ലക്ഷ്യം.


3. വിശുദ്ധജനം

"നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന് ഈജിപ്തില്‍ നിന്നു നിങ്ങളെ ആനയിച്ച കര്‍ത്താവു ഞാനാകുന്നു. നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍ ഞാന്‍ പരിശുദ്ധനാണ്" (ലേവ്യ 11,45).

വേര്‍തിരിക്കപ്പെട്ടത്, അഥവാ മാറ്റിനിര്‍ത്തപ്പെട്ടത് എന്നാണു വിശുദ്ധം എന്നു വിവര്‍ത്തനം ചെയ്യുന്ന 'ഖോദെശ്' എന്ന ഹീബ്രു വാക്കിന്‍റെ അര്‍ത്ഥം. ദൈവത്തിനുവേണ്ടി എന്നു വ്യംഗ്യം. ദൈവത്തിനായി പ്രത്യേകം പ്രതിഷ്ഠിച്ച് മാറ്റി നിര്‍ത്തിയതാണ് വിശുദ്ധം. അതു വ്യക്തിയാവാം, വസ്തുവാകാം, സ്ഥലമാകാം, പ്രവൃത്തികളാകാം. അതിനാല്‍ വിശുദ്ധജനം എന്നാല്‍ ദൈവത്തിനുവേണ്ടി പ്രത്യേകമായി ദൈവം തന്നെ തിരഞ്ഞെടുത്തു മാറ്റിനിര്‍ത്തിയിരിക്കുന്ന ജനം എന്നാണ് വിവക്ഷ. അവര്‍ ഇതര ജനതകളെപ്പോലെയല്ല; ദൈവത്തിന്‍റെ സ്വന്തം ജനമാണ്.

വിശുദ്ധം എന്ന വിശേഷണത്തിന് അസ്തിത്വപരവും ധാര്‍മ്മികവുമായ രണ്ടു മാനങ്ങളുണ്ട്. ദൈവത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നതിനാല്‍ത്തന്നെ വ്യക്തികളും വസ്തുക്കളും സ്ഥലങ്ങളും വിശുദ്ധമാണ്. അതുപോലെതന്നെ ദൈവസേവനത്തിനായി പ്രത്യേകം സമര്‍പ്പിക്കപ്പെടുന്ന വ്യക്തികളും വിശുദ്ധരാണ്. ബലിയര്‍പ്പണം, പ്രാര്‍ത്ഥന, തീര്‍ത്ഥാടനം തുടങ്ങിയ എല്ലാ ഭക്തകൃത്യങ്ങളും ഈ വിശുദ്ധിയുടെ അടയാളങ്ങളായി പരിഗണിക്കാം. ദൈവത്തെ ആരാധിക്കുക, ദൈവത്തെ പ്രീതിപ്പെടുത്തുക, ദൈവത്തിനു ശുശ്രൂഷ ചെയ്യുക എന്നെല്ലാം ഈ വിശുദ്ധ പ്രവൃത്തികളെ വിശേഷിപ്പിക്കാം. ഇതുവഴി തങ്ങള്‍ ദൈവത്തിന്‍റേതാണ്, ദൈവത്തിന്‍റേതു മാത്രമാണ്, ദൈവമാണ് തങ്ങളുടെ സര്‍വ്വസ്വവും എന്ന് ഏറ്റു പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തുന്നു, അഥവാ ദൈവമഹത്വം പ്രഘോഷിക്കുന്നു. ഇതെല്ലാം വിശുദ്ധിയുടെ അസ്തിത്വമാനത്തിന്‍റെ പ്രകടനങ്ങളാണ്. വിശുദ്ധ ജനം എന്നു വിശേഷണത്തിന്‍റെ ആദ്യമാനമാണിത്. എന്നാല്‍ ഇതു മാത്രമല്ല വിശുദ്ധം എന്ന വിശേഷണം അര്‍ത്ഥമാക്കുന്നത്.

ധാര്‍മ്മിക മാനമാണ് രണ്ടാമത്തേത്. ദൈവഹിതമനുസരിച്ചു ജീവിക്കുക, പ്രവര്‍ത്തിക്കുക എന്നാണ് വിശുദ്ധം എന്നതുകൊണ്ട് ഇവിടെ അര്‍ത്ഥമാക്കുക. ദൈവത്തിന്‍റെ സ്വന്തമാണെങ്കില്‍ ജീവിതത്തിലും പ്രവൃത്തിയിലും അതു പ്രകടമാകണം, അഥവാ വിശുദ്ധജീവിതം നയിക്കണം. അതിനുവേണ്ടിയാണ് ഉടമ്പടിയുടെ പ്രമാണങ്ങളിലൂടെ ദൈവം തന്‍റെ തിരുഹിതം വെളിപ്പെടുത്തിയത്. വ്യക്തിപരവും സാമൂഹികവുമായ സകല മേഖലകളെയും സ്പര്‍ശിക്കുന്നതാണ് ഈ വിശുദ്ധി. വാക്കും പ്രവൃത്തിയും, ജീവിതം മുഴുവനും ദൈവപ്രമാണങ്ങള്‍ അനുസരിച്ചു ക്രമീകരിക്കണം.

ഓരോ വ്യക്തിയും ജനം മുഴുവനും ഇപ്രകാരം വിശുദ്ധരായിരിക്കണം. അവരുടെ വാക്കും പ്രവൃത്തിയും തീരുമാനങ്ങളും ബന്ധങ്ങളും, ജീവിതശൈലിമുഴുവനും ദൈവപ്രമാണങ്ങള്‍ക്കനുസൃതമായിരിക്കണം, അങ്ങനെ വിശുദ്ധമായിരിക്കണം. ആരാണു ദൈവം, എന്താണു ദൈവഹിതം എന്ന് അവരിലൂടെ ലോകജനതകള്‍ മനസ്സിലാക്കണം. അങ്ങനെ എല്ലാവരെയും ദൈവത്തിലേക്ക് അടുപ്പിക്കണം, ദൈവത്തിനു സമര്‍പ്പിക്കണം, ലോകത്തെ മുഴുവന്‍ വിശുദ്ധീകരിക്കണം. ഇതിനുവേണ്ടിയാണു ദൈവം ഒരു പറ്റം അടിമകളെ മോചിപ്പിച്ച്, ഉടമ്പടിയിലൂടെ അവരെ തന്‍റെ സ്വന്തം ജനമായി സ്വീകരിച്ച്, പുരോഹിത രാജ്യവും വിശുദ്ധ ജനവും എന്നു വിളിച്ചത്. ഇത് ഒരേ സമയം ദാനവും ദൗത്യവുമാണ്. ഇസ്രായേല്‍ ജനം ഒന്നടങ്കം ഈ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. ഉടമ്പടിയുടെ പ്രമാണങ്ങള്‍ അനുസരിച്ചു ജീവിച്ചാല്‍ അവര്‍ ദൈവത്തിന്‍റെ സ്വന്തം ജനമായിരിക്കും; പുരോഹിതരാജ്യവും വിശുദ്ധജനവും ആയിരിക്കും. ഇതാണ് സീനായ് ഉടമ്പടിയിലൂടെ നല്കുന്ന ദാനവും ദൗത്യവും.