

കഴിഞ്ഞ നാലു വർഷമായി അമേരിക്കയിൽ ജൂൺ 19 ദേശീയ അവധി ദിനമാണ്. "ജൂൺടീൻത്" എന്നറിയപ്പെടുന്ന ഈ ദിനം 'ജൂൺ നയൻടീൻത്' എന്നീ രണ്ടു വാക്കുകൾ ചേർത്തുണ്ടാക്കിയ സംയോജിതപദമാണ് (portmanteau). അടിമത്ത നിരോധന നിയമം 1865 ജനുവരിയിൽത്തന്നെനിലവിൽ വന്നുവെങ്കിലും, അതിനെ ചെറുത്തുനിന്ന സ്ഥലങ്ങളിൽ നിയമം പ്രാബല്യത്തിൽ വരുത്തുന്നതായുള്ള പ്രഖ്യാപനം ജനറൽ ഗോർഡൺ ടെക്സസിൽ നടത്തിയത് ജൂൺ 19 ന് ആയിരുന്നു. അവിടങ്ങളിലെ കറുത്തവർഗ്ഗക്കാരായ അടിമകൾ തങ്ങൾ സ്വതന്ത്രരാണ് എന്ന് ആദ്യമായി അറിഞ്ഞത് അന്നായിരുന്നു. അവസാനത്തെ ആളും സ്വാതന്ത്ര്യമറിഞ്ഞ ദിവസം - അതാണ് ജൂൺടീൻത്. അതുകൊണ്ടുതന്നെ ദേശീയ സ്വാതന്ത്ര്യ ദിനം എന്നുകൂടി ജൂൺടീൻത് ഇന്ന് അറിയപ്പെടുന്നുണ്ട്.
ഇക്കൊല്ലം ജൂൺടീൻതിനുതന്നെയാണ് 'കോർപ്പസ് ക്രിസ്തി' - പരി. കുർബാനയുടെ- തിരുനാളും. പരമ്പരാഗതമായി ക്രിസ്തു-ശരീരത്തിൻ്റെ തിരുന്നാൾ എന്നാണത് അറിയപ്പെടുന്നത്. പരിശുദ്ധ കുർബാന കൗദാശികമായ (sacramental) ക്രിസ്തുശരീരവും സഭയെന്നത് മൗതികമായ (mystical) ക്രിസ്തുശരീരവും ആണ് സഭയുടെ ബോധ്യം. അതേ സമയം ലോകം എന്നത് കോസ്മിക് (cosmic) ക്രിസ്തുശരീരവുമാണ്. എല്ലാവർക്കും നീതി സംലഭ്യമാകുന്ന, ആരും പുറത്തല്ലാതാകുന്ന; ഒരു ലോകശരീരം എന്നവണ്ണം എല്ലാവരും ഒന്നാകുന്നതത്രേ ക്രിസ്തു ശരീരത്തിന്റെ പൂർണ്ണത. മൗതിക ശരീരത്തിൻ്റെ പൂർണ്ണതയ്ക്ക് വേണ്ടിയുള്ളതാണ് കൗദാശിക ശരീരം. ലോക ശരീരത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി നിയോഗിക്കപ്പെട്ടതാണ് മൗതിക ശരീരം.
അമേരിക്ക എന്ന രാജ്യത്തെ അവസാനത്തെ പൗരനും സ്വാതന്ത്ര്യവും സമൂഹഗാത്രത്തിൽ തുല്യതയും ലഭിച്ചു എന്നുള്ളത് സാങ്കേതികമായി ശരിയാണെങ്കിൽ പോലും യാഥാർത്ഥ്യം അതാവണം എന്നില്ല.
ജൂൺടീൻത് പോലും ഒരു സ്വപ്നമായി അവശേഷിക്കുന്ന നാടുകളും രാജ്യങ്ങളും ഇനിയും അനവധിയുണ്ട് ഈ ലോകത്തിൽ. വിഭജനങ്ങൾ നിലനിലക്കുന്നിടത്തെല്ലാം ക്രിസ്തുശരീരം മുറിഞ്ഞിരിക്കുന്നു. മനുഷ്യകുലം സാഹോദര്യഭാവേന സ്നേഹത്തിൽ ഒന്നാകുന്ന ഒരു സ്വപ്നമാണ് കോസ്മിക് ക്രിസ്തുശരീരം എന്നത്.
ദൂരമേറെയുണ്ട്. എങ്കിലും, എത്തിച്ചേരാനാവില്ല എന്നില്ല.






















