top of page

യൂദാസ്

Apr 16, 2025

2 min read

George Valiapadath Capuchin

യൂദാസ് എന്തുകൊണ്ട് യേശുവിനെ ഒറ്റിക്കൊടുത്തു എന്ന ചോദ്യത്തിന് കാലാകാലങ്ങളായി ഒത്തിരി ആളുകൾ മറുപടി പറയാൻ ശ്രമിച്ചിട്ടുണ്ട്. സുവിശേഷങ്ങൾ പറയുന്ന കാരണങ്ങൾ പ്രധാനമായും:

1 അയാൾ ആത്മാർത്ഥതയില്ലാത്ത ആളായിരുന്നു;

2 ധനാർത്തി അയാളിൽ ഉണ്ടായിരുന്നു;

3 അയാളിൽ പിശാച് ആവേശിച്ചിരുന്നു എന്നെല്ലാമാണ്.

നിരവധി ബൈബിൾ ചിന്തകർ അവരവരുടേതായ കാരണങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്.

4 യേശുവിൽ അയാൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നു എന്നതാണ് മറ്റൊരു വാദം.

5 യേശുവിനെയും അവൻ്റെ പ്രബോധനങ്ങളെയും അയാൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോയതിനാലാണ് അവിടത്തെ അയാൾ ഒറ്റിക്കൊടുത്തത് എന്ന് മറ്റൊരു തത്ത്വം.

6 അയാൾ പ്രതീക്ഷിച്ചിരുന്നത് റോമാക്കാരിൽ നിന്ന് ഇസ്രായേലിനെ മോചിപ്പിക്കുന്ന രാഷ്ട്രീയ വിമോചകനായ ഒരു ക്രിസ്തുവിനെ ആയിരുന്നു എന്നും, തൻ്റെയും തന്നെപ്പോലെ മിക്കവരുടെയും പ്രതീക്ഷകൾ യേശു തകർത്തുകളഞ്ഞതിനാൽ അവനിൽ ഇനി പ്രതീക്ഷയില്ല എന്ന നിരാശതയിൽ നിന്നാവാം അയാൾ ഒറ്റിക്കൊടുത്തത് എന്ന് മറ്റൊരു വാദം.

7 പ്രവചനങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് മറ്റൊരു വാദം.

8 പെസഹാ ദിനങ്ങളിൽ യേശു ജെറുസലേമിൽ ഉണ്ടായിരുന്നാൽ മിക്കവാറും കലാപ സാധ്യത ഉള്ളതിനാൽ യേശുവിനെ കലാപങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാനായി പുരോഹിത പ്രമാണികൾക്ക് അവനെ ഏൽപ്പിച്ചു കൊടുത്ത് അവനെ സുരക്ഷിതനാക്കിയതാവണം എന്നതാണ് മറ്റൊരു തിയറി.

9 രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട യൂദാസിന്റെ സുവിശേഷം എന്നൊരു അപ്പോക്രിഫൽ ഗ്രന്ഥമുണ്ട്. അതിൽ പറയുന്നതനുസരിച്ച്, പിതാവിന്റെ പക്കലേക്ക് പോകാനും അങ്ങനെ ലോകരക്ഷ സാധിക്കാനും യേശുതന്നെ, തന്നെ ഒറ്റിക്കൊടുക്കാൻ യൂദാസിനോട് പറഞ്ഞു എന്നതാണ് മറ്റൊരു വാദം.


30 വെള്ളിക്കാശ് എന്നത് ഒരു വലിയ തുകയൊന്നുമല്ല; തീരെച്ചെറിയ തുകയുമല്ല. ഒരു പറമ്പ് വാങ്ങാൻ തികയുമായിരുന്നു അത്.


സുവിശേഷകനായ മത്തായിയും, ചെറിയൊരു സൂചന കൊണ്ട് ലൂക്കായും പറയുന്നത് യൂദാസ് തൂങ്ങിമരിച്ചു എന്നാണ്. എന്നുമാത്രമല്ല, അയാളുടെ അന്ത്യം അതീവ ബീഭൽസവും ആയിരുന്നു എന്നാണ്.

ഒരുപക്ഷേ അതാണ് മനുഷ്യരെക്കൊണ്ട് അയാളെ ഇത്രയേറെ വെറുക്കാനും ഭയപ്പെടാനും ഇടയാക്കിയത്.


ഗുരുവായ യേശുവിനെ അയാൾ ഒറ്റിക്കൊടുത്തത് മുകളിൽ പറഞ്ഞ ഏത് കാരണംകൊണ്ടും ആവട്ടെ, അത്തരം ഒരു അന്ത്യം അയാൾ ഏറ്റെടുത്തില്ലായിരുന്നു എങ്കിൽ മാനവരാശിക്ക് പ്രത്യാശ പകർന്നു നൽകുന്ന ഒരു ബിംബമായി അയാൾ മാറിയേനെ.


ദൈവം സ്നേഹമാണ്; എല്ലാ പാപിയെയും ദൈവം സ്നേഹിക്കുന്നു; താൻ വന്നിരിക്കുന്നത് പാപികളെ തേടിയാണ്; താൻ നല്ല ഇടയനാണ് - ഒരുവനും നഷ്ടപ്പെട്ടു പോകാൻ താൻ ഇച്ഛിക്കുന്നില്ല; നഷ്ടപ്പെട്ടതിന്റെ പിന്നാലെ പോയി അതിനെ കൂട്ടിക്കൊണ്ടുവരിക എന്നതാണ് തൻ്റെ ദൗത്യം - എന്നിങ്ങനെ യേശു പഠിപ്പിച്ച സന്ദേശങ്ങളിൽ ഏതെങ്കിലും ഒന്ന് അയാളിൽ അപ്പോൾ ചലനങ്ങൾ തീർത്തിരുന്നുവെങ്കിൽ!

കാരുണ്യത്തിന്റെ മഹാസാഗരമാണ് തൻ്റെ ഗുരു എന്ന് ഒരൊറ്റനിമിഷം അയാൾ ഓർത്തിരുന്നു എങ്കിൽ!

കാൽവരിയിലേക്ക് പോയ പുരുഷാരത്തിന് ഏറ്റവും പിന്നിലായിട്ടെങ്കിലും തലകുമ്പിട്ടയാൾ നടന്നിരുന്നെങ്കിൽ!

"പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവരറിയായ്കയാൽ ഇവരോട് ക്ഷമിക്കണമേ" എന്ന കുരിശിലെ ആദ്യ വചനം അയാൾ കേട്ടിരുന്നെങ്കിൽ!

തൻ്റെ ഗുരുവിൻ്റെ കുരിശിനോട് ഒരു നിമിഷം അയാൾ തന്റെ ശിരസ്സൊന്ന് ചേർത്തിരുന്നു എങ്കിൽ! എങ്കിൽ -

പൗലോസിനെക്കാൾ മുമ്പേ അയാൾ ഇങ്ങനെ എഴുതിയേനെ:

"ഞാൻ പാപത്തിന് അടിമയായി വിൽക്കപ്പെട്ട ജഡികനാണ്. ഞാൻ ചെയ്യുന്ന പ്രവൃത്തികൾതന്നെ എനിക്ക് മനസ്സിലാകുന്നില്ല. എന്തെന്നാൽ ഞാൻ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണ് ഞാൻ പ്രവർത്തിക്കുന്നത്. ഞാൻ വെറുക്കുന്നതാണ് ചെയ്യുന്നതെങ്കിൽ അങ്ങനെ ചെയ്യുന്നത് ഞാനല്ല: എന്നിൽ കുടികൊള്ളുന്ന പാപമാണ്."


എങ്കിൽ -

ഇന്ന് ഒരുപക്ഷേ ഏറ്റവും ആദരിക്കപ്പെടുന്ന, നമുക്കെല്ലാം റിലേറ്റ് ചെയ്യാൻ കഴിയുന്ന, ഒരു പരമവിശുദ്ധനായി അയാൾ ലോകമെമ്പാടും കൊണ്ടാടപ്പെട്ടേനെ!!


എങ്കിലും, എനിക്കിപ്പോഴും പ്രതീക്ഷയുണ്ട് യൂദാസ്, ഞാൻ എന്നെങ്കിലും ഗുരുസവിധേ എത്തിച്ചേരുമെങ്കിൽ നീയായിരിക്കും എന്നെ സ്വീകരിക്കാൻ മുന്നോട്ടു വരിക എന്ന്!


Recent Posts

bottom of page