

മക്കെയ്റസ്: ഹേറോദേസിന് മൂന്നിടങ്ങളിലായി ഉണ്ടായിരുന്ന മൂന്ന് കൊട്ടാരങ്ങളിലൊന്ന്. ചാവുകടലിനഭിമുഖമായി ഇന്നത്തെ ജോർദ്ദാൻ രാജ്യത്ത് ഒരു കുന്നിൽ മുകളിലായിരുന്നു മക്കെയ്റസ് കോട്ടയും രാജധാനിയും. അവിടെയായിരുന്നു ഹേറോദേസ് അന്തിപാസ് സ്നാപകനെ തുറുങ്കിലിട്ടതും അദ്ദേഹത്തെ ശിരസ്സറുത്ത് കൊലപ്പെടുത്തിയതും. അക്കാലത്തെ ചരിത്രകാരനായ ഫ്ലാവിയൂസ് ജോസിഫസ് എഴുതുന്നത് അങ്ങനെയാണ്.
സഹോദരനായ ഫിലിപ്പിൻ്റെ ഭാര്യ - ഹേറോദിയയെ വിവാഹം ചെയ്ത ഹേറോദേസ് രാജാവിൻ്റെ നടപടിയെ ധാർമ്മികമായി ചോദ്യം ചെയ്യുകയാണ് സ്നാപക യോഹന്നാൻ. അതോടെ അയാൾ തുറുങ്കിലടയ്ക്കപ്പെടുന്നു. എന്നാൽ, തുറുങ്കിലും രാജാവ് അദ്ദേഹത്തെ സന്ദർശിക്കുന്നുണ്ട്. തൻ്റെ സുഖസൗകര്യങ്ങളില്ലാതാക്കാൻ നോക്കിയ സ്നാപകനോട് ഹേറോദിയക്കുള്ളത് പകയാണ്. രാഷ്ട്രീയ-സാമുദായിക പ്രമുഖന്മാർ ക്ഷണിതാക്കളായെത്തിയ ഹേറോദേസിൻ്റെ പിറന്നാൾ വിരുന്നിൽ ഹേറോദിയയുടെ മകൾ - സലോമി വന്ന് നൃത്തം ചെയ്യുന്നു. നൃത്തം എല്ലാവരെയും സന്തോഷിപ്പിച്ചു. "നിനക്ക് ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക. എന്തുതന്നെ ചോദിച്ചാലും നിനക്ക് ഞാനത് തരും" എന്ന് കൗമാരക്കാരിയായ സലോമിയോട് രാജാവ് വീമ്പുപറയുന്നു.
എന്താണ് ചോദിക്കേണ്ടതെന്ന് മകൾ അകത്തുപോയി അമ്മയോട് അഭിപ്രായം ആരായുമ്പോൾ, സ്നാപകൻ്റെ ശിരസ്സ് ചോദിക്കാനാണ് അമ്മ നിർദ്ദേശിക്കുന്നത്. അതിഥികളെയും തൻ്റെ വാക്കിനെയും കരുതി അയാൾക്കതിന് വഴങ്ങേണ്ടിവന്നു എന്നാണ് വേദഗ്രന്ഥം പറയുന്നത്. ഒരുപക ്ഷേ, പുതിയ നിയമത്തിലെ ഏറ്റവും വിവരംകെട്ടതും ബീഭത്സവുമായ കൊലപാതകമാണ് സ്നാപക യോഹന്നാൻ്റേത്.
വിവിധ വീക്ഷണകോണുകളിലൂടെ നമുക്കതിനെ നോക്കിക്കാണാനാകും. 'പെണ്ണിൻ്റെ പക' എന്ന രീതിയിൽ സംഭവത്തെ സമീപിക്കുന്നത് വളരെ നിഷ്ക്കളങ്കമായിപ്പോവും. ഒറ്റവായനയിൽ വേദഗ്രന്ഥം അങ്ങനെ ഒരു വായന നിർദ്ദേശിക്കുന്നതായി തോന്നാമെങ്കിലും.
ഹേറോദേസാണ് അധികാരി. അയാൾ തന്നെയാണ് കഥാകേന്ദ്രവും. സ്നാപകൻ സംസാരിക്കുന്നത് അയാളോടാണ് - ഹെറോദിയയോടല്ല. അയാളുടേതാകേണ്ടതായിരുന്നു തീരുമാനം. ദൈവവചനമായിരുന്നു അയാളിലേക്ക് വന്നത്. എന്നാൽ, അയാൾ ചെയ്തതോ? അയാൾ വചനത്തെ തടവിലാക്കി. ജീവിതം തിരുത്തിയതുമില്ല. വചനത്തെ നിലവറയിൽ സൂക ്ഷിച്ച് അയാൾ പാപത്തോടൊത്ത് മണവറയിൽ സഹശയിച്ചു.
ഇത്തിരിപ്പോന്ന ഒരു നാട്ടുരാജ്യമാണ്. അതിൻ്റെ രാജാവ് പോലുമല്ലായിരുന്നു അയാൾ. വെറുമൊരു സാമന്തൻ മാത്രം. അയാൾ പറയുന്ന വാക്കോ - ദൈവംതമ്പുരാനാണ് താൻ എന്ന ഭാവത്തിലും: "നിനക്ക് ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക" എന്ന വെറും വാക്കൊക്കെ അയാൾ പറഞ്ഞുകളയും!
യേശു ഒരു കഥ പറയുന്നുണ്ടല്ലോ - വിതക്കാരൻ വിതച്ച വിത്തുകളുടെ കഥ. അയാളാകുന്ന നിലത്ത് വളർന്നിരുന്ന മുള്ളുകളായിരുന്നു വിഷയലമ്പടത്വവും അധികാരപ്രമത്തതയും. വചനത്തിനല്ല, മുള്ളുകൾക്കാണ് പ്രാധാന്യമെങ്കിൽ, മുള്ളുകൾ വളർന്ന് വചനത്തെ ഞെരുക്കിക്കളയും എന്നത് തീർച്ചയല്ലേ? ഹേറോദിയയല്ല, ഹേറോദേസ് വളമിട്ടു വ ളർത്തിയ വിഷയലമ്പടത്വമാണ് സ്നാപകനെ വകവരുത്തിയത്.
ജീവനുള്ള ഉപമയായിരുന്നു സ്നാപകൻ!





















