top of page

ഇട്ടിയച്ചന്‍മാഷ്

Sep 1, 2010

2 min read

വJ
Image : A classroom

കാരമുള്ളുകള്‍ക്കു പിന്നില്‍ മൂത്രപ്പുരയുടെ ചുവരിനരികില്‍ ഞാന്‍ പതുങ്ങിയിരുന്നു. ബാബുരാജ് ഇപ്പോള്‍ വരും. നെഞ്ചുവിരിച്ച് ആരെയും വെല്ലുവിളിച്ച് അവനിപ്പോളെത്തും. എന്‍റെ കയ്യിലെ കല്ല് ഞാന്‍ മുറുകെപ്പിടിച്ചു. എങ്കിലും കൈക്കു ചെറിയൊരു വിറയല്‍. ബാബുരാജിന്‍റെ ദേഹത്ത് കൊണ്ടില്ലെങ്കിലോ... അവന്‍ വീണില്ലെങ്കിലോ.... അവന്‍ തിരിഞ്ഞു നോക്കുമ്പോള്‍ എന്നെ കണ്ടെങ്കിലോ.... കാരമുള്ളുകള്‍ക്കുമുകളിലൂടെ അവനെന്നെ വലിച്ചിഴയ്ക്കുമോ? ഉണങ്ങിയ മൂത്രത്തിന്‍റെ രൂക്ഷഗന്ധമുള്ള ആവിയുയര്‍ന്ന ഉച്ചയോടടുത്ത നേരത്ത് ഞാന്‍ ബാബുരാജിനെ കാത്തിരിക്കുകയായിരുന്നു.

എല്ലാവരുടെയും പേടിസ്വപ്നമായിരുന്നു ബാബുരാജ്. നാലാം ക്ലാസ്സിലെത്തിയപ്പോഴേയ്ക്കും മീശ കിളിര്‍ത്തുതുടങ്ങിയ വലിയ ചെറുക്കന്‍, അവന്‍റെ ഉപദ്രവങ്ങള്‍ക്ക് ഇരകളാകാത്തവരില്ല. ഓടിയൊളിക്കുകയായിരുന്നു രക്ഷപ്പെടാനുള്ള ഏകവഴി. അന്നവന്‍ രാവിലെതന്നെ എന്നെയടിച്ചു. പരുപരുത്ത തറയിലൂടെ വലിച്ചിഴച്ചു. മണല്‍ത്തരികള്‍ നിറഞ്ഞ ക്ലാസ്സിലെ തറയിലുരഞ്ഞ് എന്‍റെ കാലുകളില്‍ ചോരപൊടിഞ്ഞിരുന്നു. നേരെനിന്ന് എതിരിടാന്‍ വയ്യാത്തതുകൊണ്ട് ഒളിച്ചുനിന്നുള്ള പ്രതികാരം. മൂത്രപ്പുരയില്‍നിന്ന് അവന്‍ പുറത്തുവരുമ്പോള്‍ കാരമുള്‍പ്പൊന്തയുടെ മറയില്‍നിന്ന് ഉന്നംപിഴയ്ക്കാതെ പാറക്കല്ലുകൊണ്ട് ഒരേറ്. അവന്‍റെ തലപൊട്ടണം. ഞാന്‍ തിരിഞ്ഞോടിയൊളിക്കും. അവനെന്താ വരാത്തത്?

ആരെങ്കിലും എന്നെ കാണുന്നുണ്ടോ? ഞാനൊന്നു തിരിഞ്ഞുനോക്കി. ഇട്ടിയച്ചന്‍ മാഷ് !!! പരുപരുത്ത ശബ്ദമുള്ള, കറുത്തമീശയുള്ള ആറടി പൊക്കമുള്ള ഇട്ടിയച്ചന്‍മാഷ്! കയ്യില്‍ ചൂരല്‍... കത്തുന്ന കണ്ണുകള്‍... എന്‍റെ എല്ലാ പദ്ധതികളും തകര്‍ന്നു. പ്രതികാരം ഭയമായും കുറ്റബോധമായും മാറി. 'ഞാനുണ്ടിവിടെ ചോദിക്കാന്‍!' എന്നൊരു ഭാവം ഇട്ടിയച്ചന്‍മാഷുടെ മുഖത്തുണ്ടായിരുന്നു. ഞാന്‍ കല്ലുതാഴെയിട്ടു. കുറ്റവാളിയെപ്പോലെ തലകുനിച്ച് ഞാനെഴുന്നേറ്റു. സ്കൂള്‍ ചുവരിനരികിലേക്ക്, ഇട്ടിയച്ചന്‍മാഷ് നിന്നിരുന്നയിടത്തേയ്ക്ക് ഞാന്‍ നടന്നു. ഒരാക്രോശം കേള്‍ക്കാനുള്ള കരുതലോടെ ഞാനവിടെച്ചെന്ന് തലതാഴ്ത്തിനിന്നു. ഒന്നും കേള്‍ക്കുന്നില്ല. ഇട്ടിയച്ചന്‍മാഷുടെ കയ്യിലെ തടിയന്‍ ചൂരല്‍ വായുവില്‍ ചുഴറ്റുന്ന ചൂളവും തുടയില്‍ പൊള്ളലായി പതിക്കുന്നതും കാത്ത് ശ്വാസംപിടിച്ചിറുക്കി ഞാന്‍ നിന്നു. ഒന്നും സംഭവിക്കുന്നില്ല. ഇട്ടിയച്ചന്‍മാഷെന്താണ് ഒന്നും ചെയ്യാതെ നില്ക്കുന്നത്! ഞാന്‍ സാവകാശം തലയുയര്‍ത്തിനോക്കി. ഞാനാകെ അമ്പരന്നുപോയി! ഇട്ടിയച്ചന്‍മാഷ് അവിടെയെങ്ങുമില്ല!!!

എന്‍റെ കണ്ണുകള്‍തന്നെ എന്നെ ഞെട്ടിക്കുന്നുവോ? ഇട്ടിയച്ചന്‍മാഷ് എവിടെ പോയ്മറഞ്ഞു? മാഷ് നടക്കുന്ന വരാന്തകളില്‍, മരത്തണലില്‍, സ്കൂള്‍മുറ്റപരിസരങ്ങളില്‍ എല്ലായിടത്തും ഞാന്‍ പാത്തും പതുങ്ങിയും തിരഞ്ഞു. മാഷവിടെയെങ്ങുമില്ല. ഒടുവില്‍ ഭയത്തോടും ആകാംക്ഷയോടും കൂടെ ഓഫീസ്മുറിയുടെ ജനാലയിലൂടെ ഞാനെത്തിനോക്കി. മാഷവിടെയുണ്ടായിരുന്നു! മറ്റുള്ളവരുമായി സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നു! അപ്പോള്‍ നേരത്തെ കണ്ടതോ? മൂത്രപ്പുരയുടെ അടുത്ത് ചുവരിനടുത്ത് നിന്നതോ?

നാലാം ക്ലാസ്സില്‍നിന്നും ഞാനൊത്തിരിയേറെ വളരേണ്ടിയിരുന്നു അതിനുത്തരം കിട്ടാന്‍. ഗുരു ഒരു സാന്നിധ്യമാണ്. വെളിച്ചം തരുന്ന സാന്നിധ്യം. അരുതുകളുടെ ഇരുട്ടില്‍ ഞാന്‍ തപ്പിത്തടഞ്ഞു വീഴാറാകുമ്പോള്‍ ഒന്നു തിരിഞ്ഞുനോക്കുകയേവേണ്ടൂ. ഗുരു അവിടെത്തന്നെയുണ്ട്. അരുതെന്നു വിലക്കുന്ന സാന്നിധ്യം. തെറ്റിലേക്ക് വഴുതിപ്പോകുമ്പോള്‍ ആരെങ്കിലും ഇതറിയുന്നുണ്ടോ എന്നു തിരിഞ്ഞുനോക്കാനുള്ള ഓര്‍മ്മയുണ്ടായാല്‍ മതി - അവിടെ ഗുരു പ്രത്യക്ഷപ്പെടും. നിറകണ്ണുകളോടെ നോക്കി നില്ക്കുന്ന ഗുരു. ശിക്ഷയുടെ വേദനയും ഭാരവും ഓര്‍മ്മപ്പെടുത്തുന്ന ഗുരു. അനന്തരഫലങ്ങളുടെ ബന്ധനങ്ങളിലേക്ക് വെളിച്ചംതൂവുന്ന ഗുരു. തൊട്ടരികിലല്ല, ഉള്ളില്‍ത്തന്നെയുണ്ട് ഗുരുസാന്നിധ്യം.

ആ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ബാബുരാജ് രോഗംപിടിപെട്ടു മരിച്ചു. എല്ലാ കുസൃതികളുമടക്കി സ്വച്ഛമായി കിടന്ന ആ ശരീരം കാണാന്‍ ഞങ്ങള്‍ സ്കൂളില്‍നിന്ന് വരിവരിയായി പോയി. ഇട്ടിയച്ചന്‍മാഷ് ഇന്നുമുണ്ട്. എനിക്കു പൗരോഹിത്യശുശ്രൂഷാപട്ടം ലഭിക്കുന്നതിനു തൊട്ടുമുന്‍പ് ഞാന്‍ വീണ്ടും ഇട്ടിയച്ചന്‍മാഷിനെ കാണാന്‍ചെന്നു. മാഷെന്നെ തിരിച്ചറിഞ്ഞു. അനുഗ്രഹത്തിനായി ഞാന്‍ പാദങ്ങളില്‍ തൊട്ടു. ഒരു തുള്ളി ചുടുകണ്ണുനീര്‍ എന്‍റെ ശിരസ്സില്‍ വീണു. "ഇതു സങ്കടം കൊണ്ടുള്ള കണ്ണീരല്ല," മാഷ് പറഞ്ഞു. "സന്തോഷം കൊണ്ടാ. നീ വന്നല്ലോ. എനിക്കുകിട്ടുന്ന വലിയ പ്രതിഫലം ഇതാണ് മോനേ. ഈ തിരിച്ചു വരവ്."

ഇടയ്ക്കിടെ ഞാന്‍ ഗുരുവിലേക്കു മടങ്ങാറുണ്ട്. ഗുരുപരമ്പരയില്‍ മറ്റു പലരും സ്ഥാനംപിടിച്ചെങ്കിലും ഇട്ടിയച്ചന്‍മാഷ് തേജസ്സോടും പ്രൗഢിയോടുംകൂടെ നില്ക്കുന്നു. വെളിച്ചത്തുമാത്രം നില്ക്കുന്ന ഗുരു.

വJ

0

0

Featured Posts