top of page

ഇസ്രായേല്‍ - ഹമാസ് Part-1

Dec 2, 2023

5 min read

ഫാ. ജോസ് വെട്ടിക്കാട്ട്

ഒരുമാസത്തിലേറെയായി എല്ലാ മാദ്ധ്യമങ്ങളിലും ഒരുപോലെ കത്തിനില്‍ക്കുന്ന വാര്‍ത്തയും സംവാദങ്ങളും ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷമാണല്ലോ. ബസ്റ്റാന്‍റിലും വെയ്റ്റിംങ് ഷെഡ്ഡിലും, പള്ളിമുറ്റത്തും കല്യാണവീട്ടിലും എന്നുവേണ്ട, മരിച്ചടക്കിനുചെന്നാല്‍ അവിടെപോലും പക്ഷംചേര്‍ന്നും അല്ലാതെയുമുള്ള ഇസ്രായേല്‍ ഹമാസ് യുദ്ധമാണ് താരം. ലോകംമുഴുവന്‍ വീക്ഷിക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചിലര്‍പോലും ഈ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലവും ചരിത്രവും തീരെ അറിയാതെയാണ്, എല്ലാം അറിയാമെന്നമട്ടില്‍ വാഗ്വാദങ്ങള്‍ നടത്തുന്നതും വിഢിത്തങ്ങള്‍ വിളമ്പുന്നതും എന്നുള്ളത് വിചിത്രംതന്നെ. ഈ അടുത്തദിവസം ഒരു ഓര്‍ഡിനേഷനു പോയപ്പോള്‍ ഭക്ഷണസമയത്ത്, പുരോഗമനവാദി എന്നറിയപ്പെടുന്ന ഒരു വക്കീലും രണ്ടുമൂന്ന് അച്ചന്മാരും, ഹമാസിനെ നൂറുശതമാനം ശരിവച്ചുകൊണ്ടും, ഇസ്രായേലിനെ അതിനിശിതമായി ഭര്‍ത്സിച്ചുകൊണ്ടും പാലസ്തീനുവേണ്ടി സംസാരിക്കുന്നതു കേട്ടപ്പോള്‍, ഹമാസും പാലസ്തീനും തികച്ചും വ്യത്യസ്തവിഷയങ്ങളാണെന്നു മനസ്സിലാക്കാതെയാണവരു കുരയ്ക്കുന്നതെന്നു പറയണമെന്നുതോന്നി. ഇത്തരം വിഷയങ്ങളില്‍ മതത്തിന്‍റെയോ രാഷ്ട്രീയത്തിന്‍റെയോ പേരില്‍ അന്ധമായി പക്ഷംചേരുന്നവരാണ് ഏറെയും. പിന്നാമ്പുറ ചരിത്രവസ്തുതകള്‍കൂടി കണക്കിലെടുക്കുമ്പോള്‍ മാത്രമല്ലെ നമുക്ക് ശരിതെറ്റുകളുടെ ഗ്രാവിറ്റി നിര്‍ണ്ണയിക്കാന്‍ സാധിക്കൂ.

യഹൂദരുടെ അതായത് ഇസ്രായേല്‍ ജനത്തിന്‍റെ ഒരു ഏകദേശ ചരിത്ര സംക്ഷേപമാണ് ബൈബിളിലെ പഴയനിയമം. പട്ടിണികാരണം കുടിയേറിയ ഈജിപ്തില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കുശേഷം സ്വന്തം നാട്ടില്‍ തിരിച്ചെത്തിയ ഇസ്രായേല്‍ ജനം പിന്നിട് ഏതാണ്ട് 1500 വര്‍ഷങ്ങള്‍ വസിച്ചിരുന്ന ഭൂപ്രദേശമായിരുന്നു കാനാന്‍ദേശം അല്ലെങ്കില്‍ പാലസ്തീന. കിഴക്ക് ഗലീലിത്തടാകവും, ജോര്‍ദ്ദാന്‍നദിയും, ചാവുകടലും, പടിഞ്ഞാറ് മെഡിറ്റെറേനിയന്‍ സമുദ്രവും, വടക്ക് ഹെര്‍മ്മോന്‍ മലകളും, തെക്ക് സീനായ്മരുഭൂമിയും അതിരുകള്‍ തീര്‍ത്തിരുന്ന പ്രദേശത്തെയാണ് അന്നു പാലസ്തീന എന്നു വിളിച്ചിരുന്നത്.

പഴയനിയമകാലത്തിന്‍റെ അവസാനഘട്ട ചരിത്രരേഖയാണ് മക്കബായരുടെ പുസ്തകത്തിലുള്ളത്. മക്കബായര്‍ ബിസി 164 -ല്‍ ആരംഭിച്ച ഹസ്മോണിയന്‍ രാജഭരണം യേശുവിനുമുമ്പ് 64-ല്‍ റോമിന് അടിയറവു പറയുകയും റോമന്‍ചക്രവര്‍ത്തി പോംപെ, പാലസ്തീനയെ മൂന്നായി തിരിച്ച് സാമന്ത രാജാക്കന്മാരെയയും ഗവര്‍ണ്ണര്‍മാരെയും നിയോഗിച്ച് ഭരണം നടത്തുകയും ചെയ്തു. ഇസ്രായേലിലെ പുരോഹിതരും സദൂക്കായരും ഫരിസേയരും അടങ്ങുന്ന സവര്‍ണ്ണസമൂഹം റോമന്‍ ഭരണാധികളോട് ഒത്തുചേര്‍ന്നു കൊണ്ട് ജറൂസലംദേവാലയ ഭണ്ഡാരം കൊള്ളയടിക്കുകയും ആര്‍ഭാടജീവിതം നയിക്കുകയും ചെയ്തപ്പോള്‍, റോമന്‍ പട്ടാളത്തിന്‍റെ അടിച്ചമര്‍ത്തലും ചൂഷണവും മൂലം നരക യാതന അനുഭവിക്കുകയായിരുന്നു മഹാഭൂരിപക്ഷംവരുന്ന സാധാരണ യഹൂദര്‍. ആ കാലത്താണ് യേശു ജനിക്കുന്നത്. ഈ സാധാരണ യഹൂദരില്‍ നിന്നുള്ളവരായിരുന്നു ഒരു മോചനം പ്രതീക്ഷിച്ച് യേശുവിനെ അനുഗമിച്ചതും, യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണശേഷം അപ്പസ്തോലന്മാര്‍വഴി ക്രിസ്ത്യാനികളായതും. ഇവര്‍ക്കെതിരെ യഹൂദനേതൃത്വത്തില്‍നിന്നുണ്ടായ നിര്‍ദ്ദയമായ പീഡനവും എസ്തപ്പാനോസിന്‍റേതുപോലെയുള്ള അരുംകൊലകളും ഏറിയപ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് യൂദയവിട്ടു പോകേണ്ടിവന്നു (അ.പ്ര. 7).

യൂദയായിലുണ്ടായിരുന്ന യഹൂദര്‍ സംഘംചേര്‍ന്നും ഒളിപ്പോരിലൂടെയും നിരന്തരം റോമിനെതിരെ പോരാടിക്കൊണ്ടിരുന്നു. അതൊരു ആഭ്യന്തരകലാപമായി വളര്‍ന്നപ്പോള്‍ എഡി 66-ല്‍ ടൈറ്റസ് ചക്രവര്‍ത്തി യൂദരെ ജറുസലേമില്‍നിന്നും പുറത്താക്കി. പിന്നെയും അവര്‍ ഒളിപ്പോരു തുടര്‍ന്നപ്പോള്‍ 70-ല്‍ ജറുസലേം പട്ടണം നശിപ്പിക്കുകയും, ജറുസലേംദേവാലയം തകര്‍ക്കുകയും, യഹൂദരെ നാടുകടത്തുകയും ചെയ്തു. കുറെക്കാലത്തേക്ക് പ്രശ്നങ്ങളില്ലായിരുന്നെങ്കിലും ഗലീലിയിലും സമറിയായിലുമൊക്കെ അവശേഷിച്ചിരുന്ന യൂദര്‍ തങ്ങളുടെനാടു വീണ്ടെടുക്കാന്‍ സന്നാഹങ്ങളൊരുക്കിക്കൊണ്ടിരുന്നു. 115-ല്‍ വീണ്ടുമൊരു കലാപമുണ്ടായെങ്കിലും അതും റോം അമര്‍ച്ചചെയ്തു.

യേശുവിനെ മിശിഹാ ആയി സ്വീകരിക്കാതിരുന്ന യഹൂദര്‍, മിശിഹാ ഉടന്‍വരുമെന്നും അവരെ രക്ഷിക്കുമെന്നും വലിയപ്രതീക്ഷയോടെ കാത്തിരുന്നതോടൊപ്പംതന്നെ റോമുമായി സായുധഏറ്റുമുട്ടലുകളും തുടര്‍ന്നു. നിരന്തരം സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ടിരുന്ന യൂദരെ പരിഛേദം ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിച്ച ഹേഡ്രിയാന്‍ ചക്രവര്‍ത്തി 134-ല്‍ ജറുസലേം നഗരം പൊളിച്ചടുക്കി 'ഏലിയ കാപ്പിത്തോളിന' എന്നപുതിയ പേരില്‍ അതു പുതുക്കിപ്പണിയുവാന്‍ തുടങ്ങുകയും, നേരത്തെ തകര്‍ത്തുകളഞ്ഞിരുന്ന ജറുസലേംദൈവാലയത്തിന്‍റെ സ്ഥാനത്ത് ജൂപ്പിറ്റര്‍ദേവന് ക്ഷേത്രംപണി ആരംഭിക്കുകയും ചെയ്തു. ഇതോടെ ഗത്യന്തരമില്ലാതെ യൂദര്‍ വീണ്ടും ഒരു പോരാട്ടത്തിനു കോപ്പുകൂട്ടിയപ്പോള്‍ അവരുടെ നേതൃത്വം ഏറ്റെടുത്തത് ബാര്‍ കോക്ബ എന്ന തീവ്രമതവിശ്വാസിയായ ആത്മീയനേതാവായിരുന്നു. അദ്ദേഹത്തെ മിശിഹായും രക്ഷകനുമായാണ് യഹൂദജനം സ്വീകരിച്ചത്.

ഒളിപ്പോരിലൂടെത്തന്നെ യൂദയായുടെ ഓരോ ഭാഗവും മോചിപ്പിച്ചെടുത്ത ബാര്‍ കോക്ബ ഭരണം തുടങ്ങിയതോടെ ഹേഡ്രിയന്‍ ചക്രവര്‍ത്തി സൈന്യവുമായെത്തി. പിന്നെ നടന്നത് സംഹാരതാണ്ഡവമായിരുന്നു. ആ യുദ്ധത്തില്‍ 58000 യൂദര്‍ ജറുസലേമില്‍ത്തന്നെ കൊല്ലപ്പെട്ടതായാണ് കണക്ക്. അതിലുമേറെപ്പേര്‍ പട്ടിണിയും രോഗവുംമൂലം മരിച്ചു. പതിനായിരങ്ങളെ റോമാക്കാര്‍ അടിമകളാക്കി വിറ്റു. 985 യൂദഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെട്ടു. യൂദര്‍ക്ക് ജറുസലേമില്‍ പ്രവേശനവും കര്‍ശനമായി നിരോധിച്ചു. ഗലീലി, ഗോലാന്‍ പ്രദേശങ്ങളില്‍ മാത്രമായിരുന്നു നാമമാത്രമായെങ്കിലും യൂദര്‍ ശേഷിച്ചത്. രണ്ടരവര്‍ഷം വിജയവും ഭരണവും സ്വന്തമായിരുന്ന ബാര്‍ കോക്ബ എന്ന മിശിഹാ, റോമിനോടു പരാജയപ്പെട്ടതോടെ വ്യാജമിശിഹാ എന്ന് ആരോപിക്കപ്പെട്ട് സ്വജനങ്ങളാല്‍തന്നെ വധിക്കപ്പെട്ടു എന്നു പറയപ്പെടുന്നു.

അങ്ങനെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും ചിതറിക്കപ്പെട്ട യഹൂദജനം ചെന്നിടത്തൊക്കെ വേരോട്ടംനേടി നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുപടര്‍ന്നെങ്കിലും, പ്രവാസികള്‍ എന്ന നിലയില്‍ മാത്രമായിരുന്നു എല്ലായിടത്തും അവര്‍ കണക്കാക്കപ്പെട്ടിരുന്നത്. ആ അവഗണനയും വെറുപ്പും പേറിയാണ് അവര്‍ക്ക് എവിടെയും ജീവിക്കേണ്ടിവന്നത്. അതിന്‍റെ ഏറ്റവും പ്രകടമായ തെളിവായിരുന്നു രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മനിയില്‍ 65 ലക്ഷം യൂദവംശജര്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇങ്ങനെ പീഡനങ്ങളേറ്റ് ലോകമെമ്പാടും ചിതറി ജീവിക്കേണ്ടിവന്ന യഹൂദരുടെയുള്ളില്‍ എന്നും കെടാതെകിടന്ന കനലായിരുന്നു അവരുടെ സ്വന്തം നാടായ പാലസ്തീനായും ജറുസലേമും.

19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് അവരുടെ പൂര്‍വ്വീകരുടെ നടായ പാലസ്തീനായിലേക്കുള്ളു യഹൂദകുടിയേറ്റത്തിനു തുടക്കമിട്ടത്. അതിനുമുമ്പ് ആ പ്രദേശങ്ങളില്‍ ആകെയുണ്ടായിരുന്ന യൂദജനസംഖ്യ വെറും 25000 മാത്രമായിരുന്നു. സ്വന്തമായൊരു രാജ്യം എന്നത് എക്കാലവും യൂദരുടെ ദാഹമായിരുന്നെങ്കിലും 1880-കളില്‍ അതിനായി 'സയണിസം' (യഹൂദക്കൂട്ടായ്മ) എന്ന പേരില്‍ ഒരു പ്രസ്ഥാനവുമായി മുന്നിട്ടിറങ്ങിയത് ഓസ്ട്രിയന്‍ ജേര്‍ണലിസ്റ്റ്, തിയഡോര്‍ ഹെര്‍സല്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ നീക്കം അത്ര വിജയിച്ചില്ലെങ്കിലും പാലസ്തീനയിലേക്കുള്ള യൂദകുടിയേറ്റം ശക്തിപ്പെടാന്‍ അതു നിമിത്തമായി. സയണിസ്റ്റ് പ്രസ്ഥാനത്തിനു ജീവന്‍ വച്ചതും ശക്തിപ്പെട്ടതും കലീം വെയ്സ്മാന്‍ അതിന്‍റെ നേതൃത്വം ഏറ്റെടുത്തതോടുകൂടിയായിരുന്നു. യഹൂദകുടിയേറ്റത്തിനെതിരെ പാലസ്തീനായിലെ അറബികള്‍ ശക്തമായി പ്രതിഷേധിച്ചെങ്കിലും അവര്‍ക്കതിനെ തടയാനായില്ല. അതിന്‍റെപേരില്‍ സംഘര്‍ഷങ്ങളും ഉടലെടുത്തിരുന്നു. 1936-39-ല്‍ പാലസ്തീനിലെ അറബികള്‍ യൂദര്‍ക്കെതിരെ തെരുവുയുദ്ധവും ഒളിപ്പോരുംകൂടി തുടങ്ങിയതോടെ യൂദര്‍ സംഘടിതരായി. അതിജീവനത്തിനുവേണ്ടി ചെറുത്തുനില്‍ക്കാനും പൊരുതാനും അവര്‍ സജ്ജരായിക്കൊണ്ടിരുന്നു.

മദ്ധ്യപൂര്‍വ്വപ്രദേശങ്ങള്‍ അടക്കിഭരിച്ചിരുന്ന ഓട്ടോമാന്‍ തുര്‍ക്കികള്‍ക്കും അവരെ പിന്തുണച്ച ജര്‍മ്മനിക്കുമെതിരെ, 1914-ല്‍ തുടങ്ങിയ ഒന്നാം ലോകമഹായുദ്ധത്തില്‍, ഫ്രാന്‍സും ബ്രിട്ടനും റഷ്യയും ജപ്പാനും അടങ്ങുന്ന സഖ്യകക്ഷികള്‍ 1918-ല്‍ വിജയിച്ചതോടെ, ഓട്ടോമാന്‍ ആധിപത്യം അവസാനിക്കുകയും മദ്ധ്യപൂര്‍വ്വ പ്രദേശങ്ങള്‍, സഖ്യകക്ഷികളുടെ നിയന്ത്രണത്തിലാവുകയുംചെയ്തു. പ്രത്യേകിച്ചും യഹൂദ-അരബ് ഉരസലുകളുടെ പശ്ചാത്തലത്തില്‍ പ്രശ്നസങ്കീര്‍ണ്ണമായിരുന്ന പാലസ്തീനിയന്‍ പ്രദേശങ്ങളുടെ ചുമതല 'മന്‍ഡേറ്റ് ഫോര്‍ പാലസ്റ്റീന്‍' എന്നപേരില്‍ ബ്രിട്ടന്‍റെ ചുമലിലാണ് വന്നുചേര്‍ന്നത്. സയണിസം (യഹൂദക്കൂട്ടായ്മ) ശക്തിപ്പെടുകയും യഹൂദകുടിയേറ്റം ഏറുകയും, യൂദര്‍ക്ക് സ്വന്തമായ ഒരുരാജ്യം എന്നുള്ള അവരുടെ വാദത്തിന് ലോകരാജ്യങ്ങളില്‍നിന്നുതന്നെ അനുകൂല നിലപാട് രൂപപ്പെടുകയും ചെയ്തതോടെ, അതിനെല്ലാം ഒരു തീരുമാനമുണ്ടാക്കുവാനുള്ള ഉത്തരവാദിത്വമായിരുന്നു, 'ബ്രിട്ടീഷ് മന്‍ഡേറ്റ് ഫോര്‍ പാലസ്റ്റീന്‍' എന്ന പേരില്‍ ബ്രിട്ടനു ലഭിച്ചത്.

തികച്ചും സങ്കീര്‍ണ്ണമായ ആ കാലഘട്ടത്തിലായിരുന്നു രണ്ടാം ലോകമഹായുദ്ധവും ജര്‍മ്മനിയിലെ യൂദരുടെ വംശഹത്യയും (65 ലക്ഷംപേര്‍). അതുകൂടി ആയപ്പോള്‍ എത്രയുംവേഗം യൂദര്‍ക്ക് ഒരു അഭയം, സ്വന്തം രാജ്യം എന്നുള്ളത് നടപ്പിലാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തേണ്ടിവന്നു. അതിനായി പാലസ്തീനയാണു തിരഞ്ഞെടുക്കുന്നതെങ്കില്‍, നിലവില്‍ അവിടെയുള്ള അറബികളുടെ അവസ്ഥ എന്താകും എന്ന ഗുരുതരമായ ആശങ്ക അരബ് രാജ്യങ്ങളുടെ ഭാഗത്തുനിന്നുയര്‍ന്നെങ്കിലും, യഹൂദ ജനസംഖ്യ കുടിയേറ്റത്തിലൂടെ അതിവേഗം വര്‍ദ്ധിക്കുകയും അവര്‍ ശക്തമായ നിലപാടെടുക്കുകയും ചെയ്തതോടെ മുന്നോട്ടുതന്നെ പോവുകയല്ലാതെ ബ്രിട്ടനുമുമ്പില്‍ മറ്റുവഴിയില്ലായിരുന്നു.

1947 നവ. 29-ന്, അതുവരെ നിലവിലുണ്ടായിരുന്ന ലീഗ് ഓഫ് നേഷന്‍സ് എന്ന ആഗോളരാഷ്ട്രങ്ങളുടെ സംഘടനയ്ക്കു പകരം പുതുതായി രൂപംകൊണ്ട ഐക്യരാഷ്ട്രസഭ (യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗ്ഗനൈസേഷന്‍ -യുഎന്‍ഒ), വിവാദഭൂമിയായ ജറുസലേം യുഎന്‍-ന്‍റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലാക്കിക്കൊണ്ട്, പാലസ്തീന്‍പ്രദേശത്തിന്‍റെ കുറെഭാഗങ്ങള്‍ വേര്‍തിരിച്ച് അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച് ഇസ്രായേല്‍ (യഹൂദര്‍ക്ക്) എന്നും, പാലസ്തീന്‍ (അറബികള്‍ക്ക്) എന്നും രണ്ടു സ്വതന്ത്രഭരണ പ്രദേശങ്ങളായി വിഭജിക്കുവാന്‍ ബ്രിട്ടനെ ചുമതലപ്പെടുത്തി. അറബികള്‍ അതിനെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. 1948 മെയ് 15ന് തങ്ങള്‍ പാലസ്തീന്‍റെ ചുമതല കൈയ്യൊഴിഞ്ഞ് നാടുവിടും എന്ന അന്തിമതീരുമാനവും ബ്രിട്ടന്‍ പ്രഖ്യാപിച്ചു.

അറബ് രാജ്യങ്ങളെല്ലാം യുഎന്‍ തീരുമാനത്തെ എതിര്‍ത്തെങ്കിലും യഹൂദരുടെ ആവശ്യം ന്യായമാണ് എന്ന നിലപാടെടുത്തുകൊണ്ട് ബ്രിട്ടന്‍ 1948 മെയ് 15-ന് ഇസ്രായേലിനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപനം നടത്തി വിടപറയുവാന്‍ ഒരുങ്ങുമ്പോള്‍ അതിന്‍റെ തലേദിവസം, മെയ് 14-ന് സയണിസ്റ്റ് നേതൃത്വം സ്വയം സ്വാതന്ത്യം പ്രഖ്യാപിച്ച് 'ദ സ്റ്റേറ്റ് ഓഫ് ഇസ്രായേല്‍' നിലവില്‍ വന്നതായി വിളമ്പരം ചെയ്തു. അമേരിക്കയും റഷ്യയുമടക്കം അനേകം രാജ്യങ്ങള്‍ ഇസ്രായേലിനെ ഉടനടി അംഗീകരച്ചു. എന്നാല്‍ അയല്‍ അറബിരാജ്യങ്ങളായ ഈജിപ്റ്റ്, ജോര്‍ദ്ദാന്‍, ഇറാക്ക്, സീറിയ, ലബനോന്‍ ഇവ ഒറ്റക്കെട്ടായി ഇസ്രായേലിനെതിരെ യുദ്ധത്തിനിറങ്ങി. പിറന്നു വീണതു തന്നെ യുദ്ധ മുഖത്തേക്കായിരുന്നെങ്കിലും ഇസ്രായേലിന്‍റെ ധീരതയും, അറബികളുടെ അനൈക്യവും അനിവാര്യമായ വിധിയിലെത്തിച്ചു. ഈജിപ്റ്റ്, സീനായ്പ്രദേശവും മെഡിറ്ററേനിയന്‍റെ തീരത്തുള്ള ഗാസാസ്ട്രിപ്പും പിടിച്ചെടുത്തു. യോര്‍ദ്ദാന്‍നദിയുടെ പടിഞ്ഞാറെകര (വെസ്റ്റ്ബാങ്ക്) ജറുസലേമിന്‍റെ കിഴക്കുഭാഗംവരെ അതായത് ഓള്‍ഡുസിറ്റിവരെയുള്ള ഭാഗങ്ങള്‍ ജോര്‍ദ്ദാനും, ഗോലാന്‍ പ്രദേശങ്ങള്‍ സിറിയയും കൈയ്യേറിയെങ്കിലും ഇസ്രായേല്‍ ചെറുത്തുനിന്നു. ആകെ ജനസംഖ്യ 780000 മാത്രമുണ്ടായിരുന്ന ഇസ്രായേലിന്‍റെ 6000 പടയാളികള്‍ കൊല്ലപ്പെടുകയും 30000 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. യുഎന്‍ തീരുമാന പ്രകാരം ഇസ്രയേലും അറബികളും അവരവര്‍ക്കു വേര്‍തിരിച്ചുകിട്ടിയ പ്രദേശങ്ങളില്‍ സ്വതന്ത്രമായി ഭരണം നടത്തുകയും അവരവരുടെ അതിര്‍ത്തിക്കുള്ളിലുള്ള മറുവിഭാഗത്തെയും പരിഗണനയിലെടുത്ത് സമാധാനമായി ജീവിക്കുകയും ചെയ്യാമായിരുന്ന സാഹചര്യം പാടെ ഇല്ലാതാക്കിയത് ഇസ്രായേലിനെ പാടെ ഉന്മൂലനംചെയ്യുകയും പാലസ്തീന്‍ഭൂമി പൂര്‍ണ്ണമായും അറബികള്‍ക്കുമാതമായി കിട്ടുകയും ചെയ്യണമെന്നുള്ള അറബ് രാജ്യങ്ങളുടെ കടും പിടുത്തമായിരുന്നു.

അത് അനായാസം സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇസ്രായേല്‍രാജ്യം ജനിച്ചുവീണ അന്നുതന്നെ അവര്‍ ഒന്നുചേര്‍ന്ന് അതിനെതിരെ യുദ്ധത്തിനിറങ്ങിയതും. കഷ്ടിച്ചു പിടിച്ചുനിന്നെങ്കിലും, ഇസ്രയേലിന് തങ്ങളെ ഉന്മൂലനം ചെയ്യാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന തങ്ങളുടെ അതിര്‍ത്തിക്കു പുറത്തുള്ള എല്ലാരാജ്യങ്ങളേയും പ്രതിരോധിച്ച്, നിലനില്പിനുവേണ്ടി തീവ്ര നിലപാടുകളിലേക്കു മാറേണ്ടിവന്നു. അതിനാല്‍ യുദ്ധാവസാനം ഇസ്രായേല്‍ സ്വന്തം അധീന പ്രദേശങ്ങള്‍ക്കുള്ളില്‍ നിന്നും അവര്‍ക്കെതിരെ പൊരുതിയ അറബികളെ മുഴുവന്‍ പുറത്താക്കി. അങ്ങനെ പുറത്താക്കപ്പെട്ടവരും യുദ്ധകാലത്ത് പലായനം ചെയ്തവരുമായി ഏതാണ്ട് 600000 അറബി അഭയാര്‍ത്ഥികള്‍ ഈജിപ്റ്റിന്‍റെ കൈവശമായിരുന്ന ഗാസയിലും, ജോര്‍ദ്ദാന്‍റെ കീഴിലായിരുന്ന വെസ്റ്റ് ബാങ്കിലും റെഫ്യൂജി ക്യാമ്പുകളില്‍ നരകിച്ചു കഴിഞ്ഞുകൂടേണ്ടി വന്നു. അവരെ തിരിച്ചുവരാന്‍ ഇസ്രായേല്‍ അനുവദിച്ചില്ല. ഇസ്രായേല്‍ രാജ്യ പരിധിക്കുള്ളിലാകട്ടെ ശക്തമായ യൂദ കുടിയേറ്റം തുടരുന്നുമുണ്ടായിരുന്നു.

സ്വന്തം നാടു നഷ്ടപ്പെട്ട ഈ അറബ് ജനതയുടെ അതിജീവനപോരാട്ടമാണ് 'പാലസ്തീന്‍ പ്രശ്നം' എന്നപേരില്‍ നാളുകളായി അറിയപ്പെടുക. ഏതുസമയവും ഇവര്‍ ഒളിഞ്ഞും തെളിഞ്ഞും ഇസ്രായേലിനെതിരെ പോരാടിക്കൊണ്ടിരുന്നു. ഇസ്രായേലാകട്ടെ അവരുടെ നില നില്‍പിനു വേണ്ടിയുള്ള പോരാട്ടമായതുകൊണ്ട് അണുവിട വിട്ടു കൊടുക്കാനും തയ്യാറായില്ല.

ഇസ്രായേലിനെതിരെ അന്തിമയുദ്ധം പ്രഖ്യാപിച്ച അറബ് സഖ്യരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇങ്ങോട്ട് അടിക്കുന്നതിനുമുമ്പ്, 1967 ജൂണ്‍ 5-നു മോഷെദയാന്‍ എന്ന സൈന്യാധിപന്‍റെ നേതൃത്തില്‍ അതിചടുലമായി ഇസ്രായേല്‍ നടത്തിയ അക്രമണം ലോകചരിത്രത്തില്‍തന്നെ ഒരു അത്ഭുതമാണ്. ശത്രുക്കളുടെ എയര്‍പോര്‍ട്ടുകളെയും യുദ്ധവിമാനങ്ങളെയും ഒറ്റരാത്രികൊണ്ടു തകര്‍ത്ത് അവരുടെ പ്രഹരശേഷി നിശ്ശേഷം ഇല്ലാതാക്കിക്കൊണ്ടായിരുന്നു ഇസ്രായേല്‍ തങ്ങളുടെ മേധാവിത്വം തെളിയിച്ചത്. പ്രഖ്യാതമായ ആ 'സിക്സ് ഡേയ്സ് വാര്‍' അവസാനിക്കുമ്പോള്‍ തെക്ക് ഈജിപ്റ്റിനെ തള്ളി സീനായ് പെനിന്‍സുലയും കടന്ന് സൂയസ് വരെയും, വടക്ക് സിറിയയെ പിന്തള്ളി ഗോലാന്‍ കുന്നുകളും, കിഴക്ക് ജോര്‍ഡാനെ പുറത്താക്കി വെസ്റ്റ്ബാങ്കുമുഴുവനും, പടിഞ്ഞാറ് മെഡിറ്ററേനിയന്‍ തീരത്തെ ഗാസായും ഈജിപ്റ്റില്‍ നിന്നും തിരിച്ചു പിടിച്ച്, കിഴക്കന്‍ ജറസലേമും വിലാപമതിലും ഓള്‍ഡുസിറ്റിയും കൈയ്യടക്കിയ വിജയമായിരുന്നു ഇസ്രായേലിന്‍റേത്.

1969-ല്‍ സൂയസ് കനാലിനുവേണ്ടി ഈജിപ്ത് വീണ്ടും ഇസ്രായേലിനോടു യുദ്ധംചെയ്തു. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി ഇസ്രായേല്‍ അതു വിട്ടുനല്‍കി. 1973 ഒക്ടോബര്‍ 6-നായിരുന്നു ഈജിപ്തും സിറിയയും വീണ്ടും ഇസ്രായേലിനെ ആക്രമിച്ചത്, അതും യഹൂദര്‍ ഏറ്റവും വിശുദ്ധമായി ആചരിച്ചിരുന്ന 'യോംകിപ്പുര്‍' ദിനത്തില്‍! ഇവിടെയും അന്തിമനേട്ടം ഇസ്രായേലിനു തന്നെ ആയിരുന്നു.

1977-ല്‍ ഈജിപ്ഷ്യന്‍ പ്രസിഡണ്ട് അന്‍വര്‍ സാദത്തും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഗിനും ഒത്തുതീര്‍പ്പിലായി. സൈനായ്പ്രദേശം ഇസ്രായേല്‍ ഈജിപ്റ്റിനു വിട്ടുകൊടുത്തു. പരസ്പരം നയതന്ത്രബന്ധവും സ്ഥാപിച്ചു. ജോര്‍ദ്ദാനുമായും ഇസ്രായേല്‍ സന്ധിയിലായി. അവരും ഇസ്രായേലിനെ അംഗീകരിച്ചു. സിറിയയുമായി ഗോലാന്‍ കുന്നുകളുടെപേരില്‍ എന്നും വിയോജിപ്പിലായിരുന്നു. ഇസ്രായേലിന്‍റെ ചങ്കായ ഗലീലി തടാകത്തിലെ ജലത്തിന്‍റെ പാത ഗോലാന്‍ കുന്നുകളിലൂടെയായതു കൊണ്ട് തന്ത്രപ്രധാനമായ ആ കുന്നുകള്‍ വിട്ടുകൊടുക്കാന്‍ ഇസ്രായേല്‍ ഒരിക്കലും തയ്യാറാകില്ല. ലബനോന്‍, അതിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ഇസ്രായേലിനെതിരെ പ്രവര്‍ത്തിക്കാന്‍ തീവ്രവാദികള്‍ക്ക് താവളം കൊടുത്തിരിക്കുന്നതിനാല്‍ അവരുമായും ഇസ്രായേല്‍ എന്നും സംഘര്‍ഷത്തിലാണ്.

പരസ്പരം മത്സരിക്കുന്ന അറബ് രാജ്യങ്ങളും തമ്മില്‍തല്ലുന്ന അവരുടെ നേതൃനിരയും കാരണം, പത്തുലക്ഷത്തോളം ആയിരുന്ന പാലസ്തീനിയന്‍ അഭയാര്‍ത്ഥികള്‍ തങ്ങള്‍ക്ക് അതിര്‍ത്തി നിര്‍ണ്ണയിച്ച ഒരുരാജ്യം ലഭിക്കാതെ, അഭയാര്‍ത്ഥിക്യാമ്പുകളില്‍ തങ്ങളുടെ ഭൂമിതന്നെ തിരിച്ചുകിട്ടുവാന്‍വേണ്ടി എന്നും പൊരുതിക്കൊണ്ടിരുന്നു. അവരുടെയിടയില്‍ പല തീവ്രവാദ ഗ്രൂപ്പുകളും രൂപംകൊള്ളുകയും അവര്‍ പരസ്പരവും പൊതുശത്രുവായ ഇസ്രായേലിനെതിനെയും നിരന്തരം സായുധപോരാട്ടം തുടരുകയും ചെയ്തു. 1964-ലാണ് തമ്മിലടിച്ചിരുന്ന അറബിഗ്രൂപ്പുകളുടെയിടയില്‍ 'പിഎല്‍ഒ' എന്ന ഒളിപ്പോരുസംഘടന യാസര്‍ ആരഫത്തിന്‍റെ നേതൃത്തില്‍ മുന്‍പന്തിയിലെത്തിയത്.

തുടര്‍ന്നുള്ള ചരിത്രം അടുത്ത ലക്കത്തില്‍

ഫാ. ജോസ് വെട്ടിക്കാട്ട്

0

0

Featured Posts