top of page

ഇതോ കുമ്പസാരം ?

Jul 4, 2025

1 min read

ഫ��ാ. ജോസ് വെട്ടിക്കാട്ട്
A Person kneeling on a Confessional and a priest listen

അവധിക്കാലംകഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്നതോടൊപ്പം ഞായറാഴ്ചകളില്‍ വേദപാഠക്ലാസ്സും തുടങ്ങുകയാണല്ലോ പതിവ്. പ്രവേശനോത്സവമൊന്നുമില്ലെങ്കിലും പല പള്ളികളിലും എന്തെങ്കിലും തുടക്കപ്പരിപാടികള്‍ നടത്താറുണ്ടല്ലൊ. ഒരു ചെറിയ ധ്യാനത്തോടെയായിരുന്നു ഒരിടവകയില്‍ വേദപാഠത്തിനു തുടക്കം. ഒരു അത്മായനായിരുന്നു ധ്യാനഗുരു. ധ്യാനത്തിനുശേഷം കുമ്പസാരവും അവസാനം കുര്‍ബ്ബാനയും എന്നതായിരുന്നു ക്രമീകരണം. കുമ്പസാരം വേഗം തീര്‍ക്കാന്‍ നാലഞ്ച് അച്ചന്മാരെ വിളിച്ചിരുന്ന കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു.


പള്ളീലെത്തിയപ്പോള്‍ ധ്യാനം നടക്കുകയായിരുന്നെങ്കിലും ഉടനെ തന്നെ കുമ്പസാരം തുടങ്ങുമെന്നു കൊച്ചച്ചന്‍ അറിയിച്ചതു കൊണ്ട് ഞങ്ങളച്ചന്മാര് പള്ളിയകത്തും സങ്കീര്‍ത്തിയിലുമായി സജ്ജീകരിച്ചിട്ടുണ്ടായിരുന്ന കുമ്പസാരക്കൂടുകളില്‍ സ്ഥാനം പിടിച്ചു. ധ്യാനത്തിന്‍റെ അവസാനഭാഗം കുമ്പസാരത്തിനു വേണ്ടിയുള്ള ഒരുക്കമായി ധ്യാനഗുരു ഓരോ കല്‍പ്പനകളെയും അതിന്‍റെ ലംഘനങ്ങളായ പാപങ്ങളെയും പറ്റി പറയുന്നതു കേട്ടു.


ചെറിയ പാപമാണെങ്കില്‍ പോലും ഏറ്റുപറയുന്ന പാപങ്ങള്‍ക്കു മാത്രമെ പാപമോചനം കിട്ടുകയുള്ളു എന്നും അതുകൊണ്ട് ഒരു പാപവും മറന്നു പോകാതെ ഏറ്റുപറയണമെന്നും, വേണമെങ്കില്‍ എഴുതിക്കൊണ്ടു പോകണമെന്നും, മറ്റുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളൊക്കെ വിശദമായി ധ്യാനഗുരു കൊടുക്കുന്നതും കേട്ടു.

കുമ്പസാരമൊക്കെ കഴിഞ്ഞ് കൊച്ചച്ചന്‍ കുര്‍ബ്ബാനയ്ക്കു കയറിയപ്പോള്‍ ഞങ്ങളച്ചന്മാരു പള്ളിമുറിയിലെത്തി. ഭക്ഷണം ഒരുക്കിയിട്ടുണ്ടായിരുന്നതിനാല്‍ വികാരിയച്ചന്‍റെ കൂടെ ഭക്ഷണത്തിനിരുന്നു.


കുമ്പസാരത്തെപ്പറ്റിയുള്ള ധ്യാനഗുരുവിന്‍റെ പ്രസംഗത്തെപ്പറ്റിയായി അച്ചന്മാരുടെ സംസാരം. എഴുതിക്കൊണ്ടുവരാനും മറ്റും പറഞ്ഞ് കുട്ടികളെ വല്ലാതെ പേടിപ്പിക്കുകയാണെന്നൊക്കെ അച്ചന്മാരു പറഞ്ഞപ്പോള്‍ അങ്ങനെയല്ലാതെ ഇതൊക്കെ എങ്ങനെ പറഞ്ഞുകൊടുക്കുമെന്നു വികാരിയച്ചന്‍ ചോദിച്ചു. അതിനൊരു മറുപടി ആര്‍ക്കുമില്ലായിരുന്നു.


"ഇവിടെയൊരു ധ്യാനഗുരു ഇരിപ്പുണ്ടല്ലോ, ഒന്നും മിണ്ടാതെ." വികാരിയച്ചന്‍ എന്നെയാണുദ്ദേശിച്ചത് എന്നെനിക്കു മനസ്സിലായെങ്കിലും അറിയാത്ത മട്ടിലിരുന്നു.


"നേരാണല്ലോ, അച്ചനും പള്ളിയകത്തിരുന്നതു കേട്ടതല്ലേ, അതു കേട്ടിട്ട് അച്ചനൊന്നും തോന്നിയില്ലേ?" അടുത്തിരുന്ന വേറൊരച്ചന്‍റെ ചോദ്യം.


"ഇതൊക്കെ സ്ഥിരം കേള്‍ക്കുന്നതായതുകൊണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ രണ്ടുമൂന്നു മിടുക്കന്മാര് കൂടിയാലോചിച്ച് പാപത്തിന്‍റെ ലിസ്റ്റെഴുതുന്നതു കണ്ടപ്പോള്‍ ഏതാണ്ടൊക്കെത്തോന്നിയാരുന്നു. ആ ഒരു ലിസ്റ്റും കൊണ്ട് അവന്മാരു കുറേപ്പേരു കുമ്പസാരിച്ചും കാണുമെന്നോര്‍ത്തപ്പോള്‍ പിന്നേം ഏതാണ്ടൊക്കെ തോന്നി. അതുകൊണ്ട് ആ ലിസ്റ്റ് ഒരുത്തന്‍റെ കൈയ്യില്‍നിന്നു ഞാനിങ്ങുവാങ്ങി."


എല്ലാവരും ചിരിച്ചെങ്കിലും ഞാന്‍ തമാശ പറഞ്ഞതല്ലായിരുന്നു. ഞാനാ കടലാസെടുത്തു കാണിച്ചിട്ടു ചുരുട്ടിക്കൂട്ടി പോക്കറ്റില്‍തന്നെയിട്ടു.


പണ്ടത്തെ കാര്യമാണ്, ഒത്തിരിനാളുകൂടി കുമ്പസാരിച്ച ഒരുത്തന്‍ പ്രായഛിത്തം കൊടുത്തുകഴിഞ്ഞപ്പോള്‍ ചോദിച്ചതോര്‍ക്കുന്നു:

"ഇതുവരെയുള്ളതെല്ലാം ഇതുകൊണ്ടങ്ങു തീര്‍ന്നുകാണുമല്ലേ അച്ചാ?"


ആണ്ടുകുമ്പസാരം നടത്തിയിട്ടു പ്രായഛിത്തം കൊടുത്തപ്പോള്‍:

"ഒരു കൊല്ലത്തെ മുഴുവനുമല്ലേ അച്ചാ ലേശംകൂടെ കട്ടിയുള്ളത് ആകാരുന്നു," എന്നു പരാതി പറഞ്ഞ ഒരു പാപിയെയും ഓര്‍ക്കുന്നു.


"പറയാന്‍ പോയാല്‍ ഒത്തിരിയൊണ്ടച്ചാ, ആരേം കൊന്നിട്ടില്ലെന്നേയുള്ളു, ബാക്കിയെല്ലാമൊണ്ട്, എണ്ണമൊന്നും ഓര്‍ക്കുന്നില്ല, അച്ചന്‍ മൊത്തത്തിലൊരു ദോഷപൊറുതിയിങ്ങു തന്നാമതി." ഒന്നിലധികം പ്രാവശ്യം കുമ്പസാരക്കൂട്ടില്‍ കേട്ടിട്ടുള്ളതാണ്.


ഇതുപോലെന്തെല്ലാം! മുമ്പേ വികാരിയച്ചന്‍ പറഞ്ഞതാ ശരി, ഇങ്ങനെയൊക്കെയല്ലാതെ ഇതൊക്കെ എങ്ങനാ പറഞ്ഞുകൊടുക്കുക!!


ഇതോ കുമ്പസാരം ?

ഫാ. ജോസ് വെട്ടിക്കാട്ട്

അസ്സീസി മാസിക, ജൂലൈ 2025

Jul 4, 2025

1

378

Recent Posts

bottom of page