top of page

മറിച്ചിടൽ

Feb 18, 2025

1 min read

George Valiapadath Capuchin

നമ്മുടെ നാട്ടിലെ വചന ശുശ്രൂഷകർ പലരും ഉദ്ധരിക്കുന്ന ഒരു പഴയനിയമ വചനം ഉണ്ടല്ലോ:

''നിനക്കെതിരെ വരുന്ന ശത്രുക്കളെ നിന്റെ മുമ്പിൽവെച്ച് കർത്താവ് തോൽപ്പിക്കും. നിനക്കെതിരായി അവർ ഒരു വഴിയിലൂടെ വരും; ഏഴ് വഴിയിലൂടെ പലായനം ചെയ്യും."


നിയമാവർത്തന പുസ്തകത്തിന്റെ 28-ാം അധ്യായത്തിൽ നിന്നുള്ളതാണ് പ്രസ്തുത വാക്യം. ബൈബിളിലെ ആദ്യത്തെ അഞ്ചു ഗ്രന്ഥങ്ങളായ പഞ്ചഗ്രന്ഥിയിലെ അഞ്ചാമത്തെ പുസ്തകമാണ് നിയമാവർത്തനം. അതായത്, നിയമ പുസ്തകങ്ങൾ എന്ന് യഹൂദർ വിളിക്കുന്ന, മോശയാൽ എഴുതപ്പെട്ട പുസ്തകമായി പരിഗണിക്കപ്പെടുന്ന ഒന്ന്. ബൈബിളിൽ 'അനുഗ്രഹങ്ങളും ശാപങ്ങളും' ഏറ്റവും വിശദമായി ഈ അധ്യായത്തിലാണ് ഉള്ളത്. ആദ്യത്തെ പതിന്നാലു വാക്യങ്ങൾ ദൈവം നൽകിയ കല്പനകൾ പാലിച്ചാൽ ദൈവജനത്തിന് ഉണ്ടാകുന്ന അനുഗ്രഹങ്ങളാണ്. 15 മുതൽ 68-ാം വാക്യം വരെ ദൈവകല്പനകൾ പാലിക്കാതിരുന്നാൽ വന്നു ഭവിക്കുന്ന ശാപങ്ങളാണ്. തല മരവിച്ചു പോകും വിധമുള്ള ശാപങ്ങളാണ് അവയെല്ലാംതന്നെ. അതായത് ഒരു അനുഗ്രഹത്തിന് അഞ്ച് ശാപങ്ങൾ വീതം ഉണ്ട്!


പഴയനിയമത്തിൽ അതിനുശേഷം സങ്കീർത്തനങ്ങളിലും പ്രവാചക ഗ്രന്ഥങ്ങളിലും ഇതേ ശീലുപിടിച്ചുള്ള അനുഗ്രഹങ്ങളും ശാപങ്ങളും കാണാനുണ്ടെങ്കിലും പിന്നീട് പിന്നീട് കൽപ്പനകൾ പാലിക്കുക എന്നതിനേക്കാൾ ദൈവമായി ആഴമുള്ള ബന്ധത്തിൽ ആയിരിക്കുകയോ അല്ലാതിരിക്കുകയോ ചെയ്യുന്ന രീതിയിലേക്ക് അനുഗ്രഹങ്ങളും ശാപങ്ങളും മാറുന്നുണ്ട്. അത് മാത്രമല്ല വ്യത്യാസം. നിയമാവർത്തനത്തിൽ ഭൗതികമായ ശ്രേയസ്സും ഭൗതികമായ ദൗർഭാഗ്യവുമാണ് അനുഗ്രഹങ്ങളും ശാപങ്ങളുമായി വരുന്നതെങ്കിൽ, സങ്കീർത്തനങ്ങളിലും പ്രവാചകഗ്രന്ഥങ്ങളിലും ആത്മീയ സുസ്ഥിതിയും ദുർസ്ഥിതിയും എന്ന നിലയിലേക്ക് അവബോധം മാറുന്നതും കാണാം.


പില്ക്കാല രചനകളിലെല്ലാം ദൈവാശ്രയത്വവും ആത്മീയസുസ്ഥിതിയും തമ്മിലാണ് ബന്ധപ്പെടുത്തുന്നതായി കാണുന്നതെങ്കിലും, യേശുവിൻ്റെ കാലത്തും പ്രയോഗത്തിൽ മതനേതൃത്വം ഭൗതിക സുസ്ഥിതിയെയും ആത്മീയ സുസ്ഥിതിയെയും തമ്മിൽ ബന്ധപ്പെടുത്തിയാണ് കണ്ടിരുന്നത് എന്നുകാണാം. ചുരുക്കിപ്പറഞ്ഞാൽ - ശ്രേയസ്സിൻ്റെ സുവിശേഷം. ഇതിനെയാണ് യേശു കീഴ്മേൽ മറച്ചിടുന്നത്!

അങ്ങനെ അവൻ ദൈവത്തിൻ്റെ പ്രതിഛായയെത്തന്നെ മാറ്റിക്കളഞ്ഞു.

Recent Posts

bottom of page