ജോര്‍ജ് വലിയപാടത്ത്
Oct 25
ഉണ്മയുടെയും ജീവിതത്തിന്‍റെയും മഹാരഹസ്യത്തിന്‍റെ മാന്ത്രിക സാന്നിധ്യം എപ്പോഴെങ്കിലും അനുഭവപ്പെടാത്തവര്‍ ആരുണ്ട്? പൂച്ച ഇളംവെയില്‍ കാഞ്ഞ് മലര്‍ന്നുകിടന്ന് ആകാശം കാണുമ്പോള്‍ ഈ അത്ഭുതപാരാവശ്യമുണ്ടെന്നു തോന്നിപ്പോകുന്നു. മനുഷ്യന്‍ തന്‍റെ വയലില്‍ മൂളിപ്പാട്ട് ഈണമിട്ടു നടക്കുമ്പോള്‍ അനന്തമജ്ഞാതമവര്‍ണ്ണനീയമായ ഈ ഗോളം നോക്കി അമ്പരക്കുന്നു. ഈ ആശ്ചര്യാത്മകബോധത്തിന്‍റെ മാന്ത്രിക രഹസ്യം മതാത്മകതയും അതിന്‍റെ കാവ്യാനുഷ്ഠാനങ്ങളും സൃഷ്ടിക്കുന്നു.
പ്രവാചകനും വക്കീലന്മാരുടെ ആദിഗുരുവുമായ ഡാനിയേല്‍ എന്ന ബൈബിള്‍ പുരുഷന്‍ അങ്ങനെയൊരുത്തനാണ്. അദ്ദേഹം രാജാവിനു പ്രിയനായി. പക്ഷേ, രാജാവ് ആരാധിക്കുന്ന ബാലിന്‍റെ വിഗ്രഹത്തെ പൂജിക്കാന്‍ അയാള്‍ തയ്യാറായില്ല. രാജാവ് വിശദീകരണം ആവശ്യപ്പെട്ടു. വിഗ്രഹത്തിന്‍റെ അകം വെറും പൊള്ളയാണെന്നും അതിന്‍റെ പുറം ഓടാണെങ്കിലും അകത്തു മണ്ണാണെന്നും ഡാനിയേല്‍ പറഞ്ഞു. വിഗ്രഹത്തിനു ജീവനില്ല എന്നുകൂടി പറഞ്ഞപ്പോള്‍ രാജാവ് കോപിച്ചു. എന്നും സന്ധ്യാബലിക്കു അര്‍പ്പിക്കുന്ന 12 പറ ധന്യാഹാരവും 40 ആടുകളുടെ മാംസവും 6 ഭരണി വീഞ്ഞും പിന്നെ ആരാണ് കഴിക്കുന്നത്? ബാല്‍ ദേവന്‍ ഭക്ഷിക്കുന്നില്ലെങ്കില്‍ പിന്നെ ആര്? ബാല്‍ദേവന്‍റെ പൂജാരികളെ വരുത്തി ചോദ്യം ചെയ്തു. വിഗ്രഹം അതു കഴിക്കുന്നില്ലെന്നു തെളിയിച്ചാല്‍ ഞങ്ങളെ കൊന്നുകൊള്ളട്ടെ. അല്ല ദേവനാണ് ഭുജിക്കുന്നത് എന്നു തെളിഞ്ഞാല്‍ ദൈവദോഷിയായ ഡാനിയേല്‍ മരിക്കണം. ഡാനിയേലിനും അതു സമ്മതമായിരുന്നു.
നിശ്ചിതദിവസം സന്ധ്യാപൂജയ്ക്ക് ആഹാരപദാര്‍ത്ഥങ്ങള്‍ വിഗ്രഹത്തിനു സമര്‍പ്പിച്ചു. പൂജാരികള്‍ അമ്പലം പൂട്ടി താക്കോലുകള്‍ രാജാവിനെ ഏല്പിച്ചു. അതിനിടയില്‍ ഡാനിയേല്‍ രാജാവിന്‍റെ അറിവോടും സമ്മതത്തോടും കൂടി ആളൊഴിഞ്ഞ അമ്പലത്തില്‍ ചാരം വിതറി. പിറ്റേന്നു രാവിലെ രാജാവ് താക്കോലുമായി ഡാനിയേലിനെ വിളിച്ചു. പൂട്ടുകളൊക്കെ ഭദ്രം. തുറന്നു നോക്കിയപ്പോള്‍ ഭക്ഷണം മുഴുവന്‍ അപ്രത്യക്ഷമായിരിക്കുന്നു. രാജാവ് ഡാനിയേലിനെ നോക്കി ചോദിച്ചു: "ഇപ്പോള്‍ എന്തായി?" ഡാനിയേല്‍ ശാന്തനായി രാജാവിനോട് തറയില്‍ നോക്കാന്‍ പറഞ്ഞു. തറയിലെ ചാരത്തില്‍ മനുഷ്യര്‍ - പുരുഷന്മാരും സ്ത്രീകളും കുട്ടികളും വന്നതിന്‍റെയും പോയതിന്‍റെയും കാല്‍പ്പാടുകള്‍. വിഗ്രഹത്തിനടുത്തുള്ള രഹസ്യവാതിലിലൂടെ പൂജാരിമാരും അവരുടെ കുടുംബാംഗങ്ങളും വന്നതും ആഹാരം കഴിച്ചുപോയതുമായ കാര്യം അയാള്‍ വിവരിച്ചു.
അവരുടെ ഉദരപൂജക്കായിരുന്നു വിഗ്രഹത്തിന്‍റെ പൂജയും നേര്‍ച്ചകളും. ഈശ്വരപൂജയെ ഉദരപൂജയുടെ ഉപാധിയാക്കുന്നവര്‍ എന്നുമുണ്ട്. അതു തുറന്നു കാണിച്ച ഡാനിയേല്‍ പക്ഷേ, ഈശ്വരനിഷേധിയായിരുന്നില്ല. മനുഷ്യര്‍ക്ക് ബുദ്ധിയുണ്ട്; പൂജാരിമാര്‍ക്കും ഡാനിയേലിനും ബുദ്ധിയുണ്ടായിരുന്നു. പൂജാരിമാരുടെ ബുദ്ധി കാപട്യമായി, വക്രതയായി; ഡാനിയേലിന്‍റെ ബുദ്ധി സത്യാന്വേഷണമായി. ബുദ്ധി അസുരമാകുമ്പോള്‍ തന്ത്രവും തട്ടിപ്പുമാകും. അതു ബുദ്ധിയുടെ ആത്മവഞ്ചനയായി. എന്നാല്‍, ഡാനിയേല്‍ ബുദ്ധിയുടെ സൂര്യന്‍ തലച്ചോറില്‍ അസ്തമിക്കാന്‍ അനുവദിക്കാത്ത സത്യാന്വേഷിയായി ഒരു കുറ്റാന്വേഷകന്‍റെ സംശയത്തോടെ ലോകത്തിന്‍റെ ദൈവങ്ങളെ അനവരതം പീഠത്തില്‍നിന്നു താഴെയിറക്കുന്നു. കള്ളദൈവങ്ങളെ നിരന്തരം നിഷേധിക്കുന്ന ഇവര്‍ മതത്തിന്‍റെയോ ദൈവത്തിന്‍റെയോ ശത്രുക്കളല്ല. ഇവരെ ദൈവങ്ങളാക്കാന്‍ ശ്രമിക്കുന്ന ജനത്തെ ഞങ്ങള്‍ മനുഷ്യരാണ് എന്നു വിളിച്ചു പറഞ്ഞു കല്ലേറുപോലും സമ്പാദിക്കുന്നു. ഇവരുടെ വിശപ്പ് ഉദരപൂര്‍ത്തിക്കല്ല സത്യാശ്ലേഷത്തിനാണ്. നുണയെ സുന്ദരമായ പൊതിച്ചിലില്‍ സത്യമാക്കുമ്പോള്‍ നുണയുടെ വേഷമഴിച്ചു സത്യം പുറത്തുകൊണ്ടുവരുന്നു. ഇവര്‍ സ്വന്തം ജീവിതംതന്നെ പരീക്ഷണമാക്കുകയും സ്വയം ഗിനി പിന്നികളായി സത്യത്തിന്‍റെ പരീക്ഷണത്തിനു വിധേയരാകുകയും ചെയ്യും.
ഡാനിയേലിനെപ്പോലുള്ള ഇത്തരക്കാര്‍ നമ്മില്‍നിന്നു ഭിന്നരാണ്. സാധാരണക്കാരായ നാം ചിന്തിക്കുന്നതിനതീതമായി ചിന്തിക്കുന്നില്ല;چജീവിക്കുന്നതിനതീതമായി ജീവിക്കുന്നില്ല. ഇവരാകട്ടെ സ്തൂപങ്ങളുടെ മുകളിലും വെളിച്ചം കേറാത്ത ഗുഹകളിലും ആള്‍ക്കൂട്ടത്തിനടിയിലെ ഇരുട്ടുമുറികളിലും ഏകാകികളായി ചിന്തിക്കുന്നു ആശിക്കുന്നു. എന്താണ് ചിന്തിക്കുന്നത് എന്നു ചോദിച്ചാല്‍ ഉത്തരം പറയാത്ത ഇവര്‍ അതിനുവേണ്ടി സഹിക്കാന്‍ മാത്രമല്ല മരിക്കാനും തയ്യാറാകുന്നു. ഇവര്‍ വിശ്വാസികളാണോ? ദൈവങ്ങളെ കൊല്ലുന്ന ഇവരും വിശ്വസിക്കുന്നു- ഭൂരിപക്ഷം വിശ്വാസികളെപ്പോലെയല്ല ഇവരെന്നു മാത്രം. ഇവര്‍ വിശ്വാസത്തെക്കുറിച്ചു പറയുമ്പോഴും നിശ്ശബ്ദരാകുമ്പോഴും മഹത്വത്തിന്‍റെ ശോഭയും ലോകമുക്തിയുടെ ശുദ്ധതയുമുണ്ടാകുന്നു.