

ആത്മാന്വേഷണങ്ങള്‍ അദമ്യമായൊരു അന്തര്‍ദാഹത്തില്‍ ആരംഭിക്കുകയും അന്തര്‍ജ്ഞാനത്തില്‍ സഫലമാവുകയും ചെയ്യുന്നു. 'ഞാനല്ല, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത് (ഗലാ 2: 20)' എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുംവിധം സുവിശേഷമൂല്യങ്ങള്‍ സ്വഭാവമാക്കി, ക്രിസ്തുസദൃശ്യതയിലേക്കു പരിവര്‍ത്തനപ്പെടുന്ന പ്രക്രിയയെയാണ് പൗരോഹിത്യ ആത്മീയ ശിക്ഷണം (Formation) എന്നു പറയുക.
പ്രസക്തമായ പൗരോഹിത്യ ആത്മീയജീവിതം ആവശ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവക്കുന്നത്. അത് നമ്മുടെ മനോഭാവത്തില്‍ അടിമുടി മാറ്റം ആവശ്യപ്പെടുന്നു. അതിന് കാലത്തിന്‍റെ അടയാളങ്ങളെ വായിച്ചെടുക്കേണ്ടതുണ്ട്. നിലവിലുള്ള സാഹചര്യങ്ങളെയും അതു സൃഷ്ടിക്കുന്ന പ്രതിസന്ധികളെയും അവയുടെ ഭവിഷ്യത്തുകളെയും തിരിച്ചറിയേണ്ടതുമുണ്ട്.
ആത്മീയപൗരോഹിത്യ മൂല്യങ്ങള്‍ വ്യക്തിത്വത്തിലേക്ക് സ്വാംശീകരിക്കേണ്ടത് ആന്തരികമായ ശിക്ഷണത്തിന് അത്യാവശ്യമാണ്. സമര്‍പ്പിത ജീവിതവുമായി വ്യക്തിപരമായി ഇഴുകിച്ചേരുന്നതിന് ആന്തരികവും ബാഹ്യവുമായ പല വെല്ലുവിളികളെയും മറികടക്കേണ്ടതുണ്ട്.
സമര്‍പ്പിത ജീവിതം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധി ആത്മീയതയുമായും സമര്‍പ്പിതജീവിതത്തിന്‍റെ പ്രസക്തിയുമായും ബന്ധപ്പെട്ടതാണ്. സുവിശേഷത്തിലെ യേശുക്രിസ്തുവിനെ ഹൃദയത്തില്‍ സംവഹിച്ച് സാമൂഹികവും വ്യക്തിപരവുമായ പ്രാര്‍ത്ഥനയുടെ വഴിയില്‍ സദാ ചരിക്കുന്നുവെങ്കില്‍ മാത്രമേ സമര്‍പ്പിത ജീവിതവഴി സമൂഹത്തിലെ അംഗങ്ങള്‍ക്ക് സംഗതമാവുകയുള്ളു. യേശുവിന്‍റെ യഥാര്‍ത്ഥ പൗരോഹിത്യം എന്ന കടമ മറന്ന് വിദഗ്ധനായ പ്രൊഫഷണലോ ബഹുമാന്യനായ സാമൂഹിക പ്രവര്‍ത്തകനോ പഠിച്ച പണ്ഡിതനോ ആവുക എളുപ്പമാണ്.
യേശുവിലായിരിക്കുകയും യേശുവില്‍ ജീവിക്കുകയും യേശുവിനെ നല്‍കുകയും ചെയ്യാന്‍ കഴിയുമാറ് യേശുവിനെ ധരിക്കാന്‍ ശിഷ്യരെ പ്രാപ്തമാക്കുന്ന മനോഹരമായൊരു അന്തരീക്ഷം യേശുമാര്‍ഗം പ്രദാനം ചെയ്യുന്നു. ആധികാരിക സമര്‍പ്പിത ജീവിതത്തിലൂടെയും സുവിശേഷത്തിന്‍റെ ജീവിക്കുന്ന സാക്ഷ്യത്തിലൂടെയും യേശുവിന്‍റെ ജീവിതവും അവിടുത്തെ ശൈലിയും ആവര്‍ത്തിക്കുന്നതിലുള്ള വ്യത്യസ്ത നിവൃത്തിമാര്‍ഗങ്ങള്‍ അതു നമ്മുടെ മുന്നില്‍ വയ്ക്കുന്നു. യേശുകേന്ദ്രീകൃതമായ ജീവിതത്തില്‍ മാത്രമാണ് സമര്‍പ്പിത ജീവിതത്തിന്‍റെ പ്രസക്തി കണ്ടെത്താനാവുക. താനുമായി സ്നേഹത്തിലാകാനും തന്നോടുള്ള സ്നേഹത്തില്‍ ആമഗ്നരാകാനുമാണ് ഓരോ സമര്‍പ്പിതരേയും യേശു വിളിക്കുക.
ദൈവികനിധി അടങ്ങിയ മണ്‍പാത്ര (2 കൊറീ 4:7) മാണ് സമര്‍പ്പിതജീവിതത്തിലേക്ക് കാലൂന്നാനൊരുങ്ങുന്ന ഓരോ വ്യക്തിയും. ഓരോ കുടവും അമൂല്യമാണ്. ഉള്‍ക്കൊള്ളാനുള്ള ശേഷി എത്രയായിരുന്നാലും ഏതു രൂപത്തിലുള്ളതായാലും അത് അമൂല്യം തന്നെ. അത്യധികം കരുതലോടും സ്നേഹത്തോടും കൂടി വേണം അവയെ ഓരോന്നിനെയും കൈകാര്യം ചെയ്യാന്‍. ഇക്കാലത്തിന് അനുയോജ്യമായ ഒരു ശിക്ഷണ മാതൃക (Formation model) രൂപപ്പെടുത്തുന്നതിന് ആധുനിക മനഃശാസ്ത്രത്തെയും അധ്യയനശാസ്ത്ര (Pedagogical Science) ത്തെയും ഉപയോഗപ്പെ ടുത്തേണ്ടതുണ്ട്. അതിനെല്ലാമുപരിയായി അത് സന്ദര്‍ഭത്തിനും സാഹചര്യത്തിനും ഇണങ്ങുന്നതും വ്യക്തിസത്തയെ രൂപപ്പെടുത്തുന്നതും പരിവര്‍ത്തിപ്പിക്കുന്നതും ആകണം.
അതേസമയം മാനവികതയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ല താനും. "പക്വതയിലേക്കുള്ള ഉചിതവും ശരിയായതുമായ വളര്‍ച്ചയ്ക്ക് മാത്രമല്ല ദൗത്യത്തിന്‍റെ ശരിയായ നിര്‍വഹണത്തിനും ഉതകും വിധം മാനുഷികമായ അടിത്തറയില്‍ ഉറപ്പിക്കപ്പെട്ടില്ലെങ്കില്‍ സമര്‍പ്പിത ജീവിതത്തിലേക്കുള്ള ശിക്ഷണം (Formation) ഒന്നാകെ അസ്ഥിവാരമില്ലാത്തതാകും." (Patio Fundementatis ഫോര്‍മേഷനുള്ള മാര്‍ഗനിര്‍ദേശക രേഖ)
സഭയുടെ പൗരോഹിത്യ ആത്മീയശുശ്രൂഷകളും ദൗത്യവും കാലിക പ്രസക്തമാക്കുന്നതിന് അതിനാല്‍ സമഗ്രവും സുഘടിതവുമായ ശിക്ഷണ (Formation) പ്രക്രിയ അനിവാര്യമത്രേ.
ശിക്ഷകരുടെ (Formators) കാര്യക്ഷമവും ക്ഷമാപൂര്‍വവുമായ ശിക്ഷണത്തിലൂടെയേ സമഗ്രമായ ശിക്ഷണം സാധ്യമാവൂ. ശിഷ്യരുടെ മാനസികമായ വികാസത്തില്‍ ശ്രദ്ധയൂന്നുന്നതാവണം ആ ശിക്ഷണപദ്ധതി. അതിന് വളര്‍ച്ചക്കനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. അതിനെല്ലാമുപരി ശിഷ്യരുടെ പൂര്‍ണഹൃദയത്തോടെയുള്ള സമര്‍പ്പണം വേണം. സമഗ്രവ്യക്തിത്വങ്ങളാവണം ശിക്ഷകര്‍. ആധികാരികതയാവണം അവരുടെ മുഖമുദ്ര. മനശാസ്ത്ര ആല്‍മീയ മേഖലയില്‍ അറിവും അനുഭവവും ഉള്ളവരാകണം അവര്‍. സഭയുടെ ശുശ്രൂഷയുമായി ഇവയെ ബന്ധിപ്പിക്കാനുള്ള അവബോധവും അവര്‍ക്കുണ്ടാകണം. ശിഷ്യരെ മറ്റൊരു ക്രിസ്തുവായി മാറ്റിത്തീര്‍ക്കുക എന്നതാവണം ആത്യന്തികമായി ശിക്ഷണത്തിന്‍റെ ലക്ഷ്യം.
'സ്നേഹിക്കുക എന്നതത്രേ എന്‍റെ ദൗത്യം' എന്ന് ലിസ്യുവിലെ വിശുദ്ധ തെരേസ പറയുന്നു. സമഗ്രമായ ശിക്ഷണം ഒരാളെ സ്നേഹത്തിന്‍റെ സുവിശേഷത്തിന്‍റെ ദൂതനാക്കുന്നു. തന്‍റെ ദൗത്യം പ്രാപ്തിയോടെ നിര്‍വഹിക്കുന്നതിന് അയാള്‍ ദൈവരാജ്യം സ്ഥാപിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനാകണം - സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും നീതിയുടെയും പ്രത്യാശയുടേതുമായ ദൈവരാജ്യം. ദൈവാനുഭവത്തോടൊപ്പം ആഴത്തിലുള്ള മാനവികതയും അവരില്‍ സ്ഫുരിക്കണം. താനുള്‍പ്പെടുന്ന സമൂഹത്തിന്‍റെ, ദൗത്യത്തിന്‍റെ, സംഭാഷണത്തിന്‍റെ, സമാധാനത്തിന്‍റെ, ദരിദ്രന്‍റെ സ്വന്തമായിരിക്കണം അവര്‍. സ്വര്‍ഗരാജ്യത്തിലേക്കുള്ള യാത്രയില്‍ വിനീതനായ സഹയാത്രികന്‍, സഹോദരന്‍, പിതാവ്, മാതാവ്, സുഹൃത്ത്, സഹാനുഭൂതിയുള്ള ഭൃത്യന്‍ - ഒപ്പം നായകന്‍. അതാവണം ഓരോ സമര്‍പ്പിതനും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പൂര്‍ണ ദൈവമനുഷ്യന്‍. അതിന് സമഗ്രശിക്ഷണം അനിവാര്യമത്രേ.
പരിഭാഷ: ടോം മാത്യു





















