top of page
ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴുകി നില്‍ക്കുന്ന സമയമാണിത്. ഭൗതികമായ അലങ്കാരങ്ങളും നക്ഷത്രങ്ങളും തോരണങ്ങളുമെല്ലാം കടകമ്പോളങ്ങളെ കീഴടക്കുമ്പോള്‍ ക്രിസ്തുവിനെ ഓര്‍മ്മിക്കുന്നവരെത്രപേരുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഒരു നല്ല ശതമാനം പേരും ഒരാഘോഷമായി മാത്രം ക്രിസ്തുമസ്സിനെ കാണുന്നു. നമുക്കിടയിലും തീറ്റിയും കുടിയും മറ്റു ബഹളങ്ങളും മാത്രമായി പിറവിത്തിരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിന് എന്തു പ്രാധാന്യമാണുള്ളത്. 'അവനു പിറക്കുവാന്‍ സത്രത്തില്‍ ഇടമില്ല' എന്ന വചനം നമ്മുടെ മുമ്പിലുയര്‍ന്നു വരുന്നു. ഉണ്ണിയേശുവിന് വന്നു പിറക്കുവാനിടമില്ലാത്ത സ്ഥലങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. ഭാര്യാഭര്‍ത്തക്കന്മാര്‍ തമ്മിലുള്ള വഴക്കുകളും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന കുടുംബത്തില്‍ യേശുവിന് വന്നുപിറക്കുവാന്‍ ഇടമില്ല. മാതാപിതാക്കളും മക്കളും തമ്മില്‍ പിണക്കമുള്ള കുടുംബങ്ങളില്‍ അവന് ഇടമില്ല. വെറുപ്പും വൈരാഗ്യവും നിറഞ്ഞുനില്‍ക്കുന്ന സമൂഹത്തില്‍ യേശുവിന് എങ്ങനെ പിറക്കുവാന്‍ കഴിയും? പോലീസും പട്ടാളവും കാവല്‍ നില്‍ക്കുന്ന ദേവാലയങ്ങളില്‍ യേശുവിന് പിറക്കുവാനിടമില്ല. അയല്‍പക്കത്തെ ദരിദ്രന്‍റെ വേദന കാണാതെ കമ്പിത്തിരിയും പൂക്കുറ്റിയും കത്തിക്കുന്ന ക്രിസ്തുമസ്സ് ആഘോഷങ്ങളില്‍ അവന് ഇടമില്ല. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധവും ഭിന്നതയും നിറഞ്ഞു നില്‍ക്കുന്ന ലോകത്തില്‍ മനുഷ്യപുത്രന് വന്നുപിറക്കുവാനിടമില്ല. ഇടം തേടി വരുന്നവന് ഇടമില്ലാത്ത ക്രിസ്തുമസ്സാണോ നമ്മള്‍ ആഘോഷിക്കുന്നത്? 'എല്ലാം ഉണ്ടാകട്ടെ' എന്നു പറഞ്ഞവന് ഉണ്ടാകുവാനിടം കിട്ടാത്ത പിറവിത്തിരുനാളിന് അര്‍ത്ഥമുണ്ടോ?
യേശു പിറന്ന സ്ഥലം കാണിക്കുവാനായി ഒരു നക്ഷത്രം ഉദിച്ചുയര്‍ന്നു. ആ നക്ഷത്രം സഞ്ചരിച്ച വഴിയെ ശാസ്ത്രജ്ഞന്മാരും സഞ്ചരിച്ചു. പക്ഷേ ഹേറോദേസിന്‍റെ കൊട്ടാരത്തിന്‍റെ മേല്‍ക്കൂര ആ നക്ഷത്രത്തെ മറച്ചുപിടിച്ചു. കര്‍ത്താവിലേക്കു നമ്മെ അടുപ്പിക്കുന്ന നക്ഷത്രങ്ങളെ മറച്ചുകളയുന്ന മേല്‍ക്കൂരകള്‍ എന്‍റെ ജീവിതത്തിലുണ്ടോ? വെറുപ്പിന്‍റെയും സ്വാര്‍ത്ഥതയുടെയും മേല്‍ക്കൂരകള്‍... സ്നേഹശൂന്യതയുടെയും പകയുടെയും മേല്‍ക്കൂരകള്‍... കനലെരിയുന്ന വൈരാഗ്യത്തിന്‍റെ മേല്‍ക്കൂരകള്‍... ഉണ്ണിയേശുവില്‍നിന്നും എന്നെ അകറ്റുന്ന, മറച്ചുപിടിക്കുന്ന മേല്‍ക്കൂരകള്‍ ഞാന്‍ തകര്‍ക്കണം. ഇത്തരത്തിലുള്ള മേല്‍ക്കൂരകള്‍ തകര്‍ക്കുമ്പോള്‍ ഞാന്‍ രക്ഷക സന്നിധിയിലെത്തിച്ചേരും. രക്ഷയുടെ അനുഭവം നുകരുവാന്‍ എനിക്കു സാധിക്കും. സകലജനതകള്‍ക്കായും ജന്മമെടുത്ത രക്ഷകന്‍റെ സാന്നിദ്ധ്യം എനിക്കു ലഭിക്കും. ആ രക്ഷകനെ സത്രത്തില്‍ കണ്ട ജ്ഞാനികള്‍ മറ്റൊരു വഴിയെ തിരികെപ്പോയി. യേശുവിന്‍റെ ജനനം മുതല്‍ ആ ജീവിതം അനുഭവിച്ചവരെല്ലാം മറ്റൊരു വഴിയെ തിരികെപ്പോകുന്നതായി കാണാം. ജ്ഞാനികളിലാരംഭിച്ച്, പാപിനിയായ സ്ത്രീയിലൂടെ തുടര്‍ന്ന്, പൗലോസില്‍ എത്തിനില്‍ക്കുന്ന മാനസാന്തരകഥകള്‍ മറക്കാനാവുമോ? തിരുസ്സഭയിലെ വിശുദ്ധാത്മാക്കളില്‍ പലരും പഴയവഴികളില്‍ സഞ്ചരിച്ചതിനുശേഷം മറ്റൊരുവഴികെ തിരികെപ്പോയവരാണ്. ക്രിസ്തുമസ്സിന്‍റെ പാതിരാക്കുര്‍ബ്ബാനയില്‍ പങ്കെടുത്ത് ഉണ്ണിയേശുവിനെ ആരാധിച്ചശേഷം മദ്യഷാപ്പിലേക്കു പോകുന്നവര്‍ വന്നവഴിയേ പോകുന്നവരാണ്. രക്ഷകനെ ആരാധിച്ചശേഷം പഴയ വെറുപ്പും വിദ്വേഷവും തുടര്‍ന്ന് കൊണ്ടു പോകുന്നവരില്ലേ? കോടതിക്കേസുകളും, പോലീസ്കേസുകളുമെല്ലാം വീണ്ടും തുടരുമ്പോള്‍ പുതിയ വഴികളെ തെരഞ്ഞെടുക്കുവാനുള്ള വിമുഖതയല്ലേ വെളിപ്പെടുന്നത്? ക്രിസ്തുവിന്‍റെ പിറവിയോടുകൂടി ഒരു പുതിയ ലോകക്രമം ഉടലെടുക്കുന്നു. പഴയകാര്യങ്ങളോര്‍ത്തുകൊണ്ടിരിക്കുവാന്‍ സാത്താന്‍ പ്രേരിപ്പിക്കുമ്പോള്‍ പുതിയ വഴികള്‍ തെരഞ്ഞെടുക്കുവാന്‍ ക്രിസ്തു ക്ഷണിക്കുന്നു. കുറ്റബോധവും അപകര്‍ഷതാബോധവും വെടിഞ്ഞ് പ്രതീക്ഷയുടെ പുതിയെ വഴിയെ നടക്കാം. മാനസാന്തര ജീവിതത്തിലൂടെ ഹൃദയത്തില്‍ യേശുവിന് 'ഇടം' കൊടുക്കാം. രക്ഷകപ്പിറവി നമ്മുടെ ജീവിതത്തില്‍ സംഭവിക്കട്ടെ.രക്ഷകനിടമില്ലാത്ത സത്രങ്ങള്‍.