

ബാല്യത്തിൽ പള്ളിയിലേക്ക് നടന്നു പോകുമ്പോൾ വലിയ കോളാമ്പി - സ്പീക്കറിൽ നിന്ന് ദൂരെ നിന്നേ കേൾക്കാമായിരുന്നു ആബേലച്ചൻ്റെ ഗാനം:
"ഈശ്വരനെ തേടി ഞാൻ നടന്നൂ,
കടലുകൾ കടന്നു ഞാൻ തിരഞ്ഞു.
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ,
വിജനമായ ഭൂവിലുമില്ലീശ്വരൻ..."
അഗസ്റ്റിൻ എന്ന മനുഷ്യൻ ഏറെ അമ്പരിപ്പിച്ചിട്ടുണ്ട്. വടക്കനാഫ്രിക്കയിലെ ഇന്നത്തെ അൾജീറിയിലായിരുന്നു അയാൾ ജനിച്ചത്. ഒരു സംഭവം തന്നെയായിരുന്നു അയാൾ. ജഡികനായി നടന്നയാൾ. വിശ്വസിക്കില്ല എന്ന വാശിയോടെ വിശ്വാസത്തെ അവഗണിച്ച് നടന്നയാൾ. അമ്മയുടെ പരിഭവങ്ങളോ, വ്യാകുലങ്ങളോ, തോരാത്ത കണ്ണീരോ അയാളെ ഒരിക്കലും ചഞ്ചലിപ്പിച്ചില്ല. ചിന്തയുടെ ഭാരമുണ്ടായിരുന്നയാൾക്ക്. പത്തുമുപ്പത്തിരണ്ട് വർഷം!
ചില സന്ദർഭങ്ങൾ, ചില നിരീക്ഷണങ്ങൾ, ചില ചർച്ചകൾ, ചില പ്രഭാഷണങ്ങൾ, ചില വെളിപാടുകൾ - ഒന്നും അറിഞ്ഞിട്ട് വന്നതായിരുന്നില്ല. ആനുഷംഗികമായി സംഭവിച്ചതുപോലെയായിരുന്നു എല്ലാം. ഇരുട്ടുമൂടിയ രംഗത്ത് വന്നുവീണിരുന്ന ഒരു ചീൾ പ്രകാശത്തിലേക്ക് പെട്ടന്നയാൾ കയറിനിന്നു. ഇപ്പോൾ രംഗത്ത് ഇരുളല്ല, അഗസ്റ് റിനാണ്. പെട്ടയാൾ അനുതാപിയായി.
മുമ്പും ഈ വരികൾ എടുത്തെഴുതിയിട്ടുള്ളതാണ്. ഒരാവർത്തികൂടി എഴുതിയാലും കൂടുതലാവില്ല.
"എത്ര വൈകി നിന്നെ ഞാൻ സ്നേഹിക്കാൻ, ഓ ചിരപുരാതന സൗന്ദര്യമേ, നിത്യനൂതനത്വമേ എത്ര വൈകി നിന്നെ ഞാൻ സ്നേഹിക്കാൻ!
നീ അകത്തായിരുന്നു, പക്ഷേ ഞാൻ പുറത്തായിരുന്നു. അവിടെയായിരുന്നു ഞാൻ നിന്നെ തെരഞ്ഞത്. എന്റെ അന്തഃസാരശൂന്യതയിൽ നിൻ്റെ മനോഹര സൃഷ്ടങ്ങളിലേക്ക് ഞാൻ കൂപ്പുകുത്തി. നീ എന്നോടൊത്തായിരുന്നു, എന്നാൽ ഞാൻ നിന്നോടൊപ്പമില്ലായിരുന്നു....
നീ വിളിച്ചു, നീ ആർത്തുകൂവി, എന്റെ ബധിരതയെ നീ തകർത്തു. നീ മിന്നി, നീ ജ്വലിച്ചു, എന്റെ അന്ധതയെ നീ ഇല്ലായ്മചെയ്തു. നിന്റെ പരിമളം നീ എന്റെമേൽ നിശ്വസിച്ചു; ഞാൻ ഒന്ന് ഉച്ഛ്വസിച്ചു, ഇപ്പോൾ നിനക്കായി ഞാൻ കിതക്കുന്നു. ഒന്ന് നിന്നെ ഞാൻ രുചിച്ചു, ഇപ്പോൾ കൂടുതലിനായി ഞാൻ വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നു. എന്നെ നീയൊന്നുതൊട്ടു, നിന്റെ ശാന്തിക്കായി ഞാനിപ്പോളെരിയുന്നു."
എവിടെയെല്ലാം കൂപ്പുകുത്തുമ്പോഴും അയാൾ അന്വേഷിയായിരുന്നു. എന്നും തന്നിലെ ഉണർവ്വയാൾ സൂക്ഷിച്ചിരുന്നു - സമുദ്രത്തിനടിയിൽ നീങ്ങുമ്പോഴും പുറത്ത് ഉപരിദർശിനി സൂക്ഷിക്കുന്ന അന്തർവാഹിനി പോലെ. ഏത് ആരവത്തിലും അയാൾ കാതോർത്തു, ഏതോ ബഹിരാകാശ ശബ്ദവീചികൾക്കുവേണ്ടിയെന്നോണം!





















