
സെമിനാരിയിൽ ചേരുന്നവരെല്ലാം വൈദികരോ സന്ന്യസ്തരോ ആകാനായി വരുന്നവരാണ്, അല്ലേ? എന്നാൽ, കുറച്ചു വർഷങ്ങൾ സെമിനാരികളിൽ പഠിച്ചിട്ടുള്ളവർക്ക് മനസ്സിലാകും, അവിടെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അധ്യാപകർക്ക് അതിനെക്കാളേറെ മനസ്സിലാകും, ഓരോ ക്ലാസ് അഥവാ ബാച്ച് മറ്റൊന്നിൽ നിന്ന് തുലോം വ്യത്യസ്തമായിരിക്കും എന്ന്. എല്ലാവരും ഒരേ ലക്ഷ്യത്തോടെ വരുന്നവർ. എന്നിട്ടും എങ്ങനെയാണ് ഓരോ ബാച്ചും വ്യത്യസ്തമാക്കുന്നത്? ഒരു ബാച്ച് പരസ്പര ബന്ധത്തിൽ വളരെ ഇഴയടുപ്പുമുള്ളവരായിരിക്കുമ്പോൾ അടുത്ത ബാച്ച് ഒറ്റയാന്മാരുടേതായിരിക്കാം. അതിനടുത്ത ബാച്ച് അലസ മനോഭാവക്കാരുടേതോ, അല്ലെങ്കിൽ എല്ലാറ്റിനെയും ചോദ്യം ചെയ്യുന്ന യുക്തിവാദക്കാരുടേതോ ആയിരിക്കാം. അല്ലെങ്കിൽ ഭക്തിമാർഗ്ഗക്കാരുടേതോ അധികാരികളോട് കൂടുതൽ കൂറുള്ളവരുടേതോ ആയിരിക്കാം. ഒന്നോ രണ്ടോ പേർ വ്യത്യസ്തതകൾ പുലർത്തുന്നവർ ആകുക തീർച്ചയായും സ്വാഭാവികമാണ്. എന്നാൽ, എങ്ങനെയാണ് ഒരു ബാച്ചിന് മൊത്തത്തിൽ ഒരു പ്രത്യേക സ്വഭാവം കൈവരുന്നത്? ദൈവത്തിന്റെ പ്രത്യേകമായ ഡിസൈൻ ആയിരിക്കാമത് എന്ന ആശ്വസിക്കാം. എന്നിരുന്നാലും യഥാർത്ഥത്തിൽ അതെങ്ങനെയാണ് അങ്ങനെ സംഭവിക്കുന്നത്? പതിനഞ്ച് പേരുള്ള ഒരു ബാച്ചിൽ ഏതോ ഒരാളിൻ്റെ അല്ലെങ്കിൽ രണ്ടുപേരുടെ ഒരു പ്രത്യേക മനോഭാവം മറ്റുള്ളവർ അവരറിയാതെ അനുധാവനം ചെയ്യുന്നതാവണം എന്നാണ് ഞാൻ കരുതുന്നത്.
ഓരോ നാടിനും അതതിൻ്റേതായ ചില പ്രത്യേകതകൾ കൈവരുന്നതും അങ്ങനെ തന്നെയാണെന്നു തോന്നുന്നു. ഒരു കുടുംബത്തിനോ ക്ലാസ്സിനോ സ്ഥാപനത്തിനോ പ്രദേശത്തിനോ സഭയ്ക്കോ സമൂഹത്തിനോ ഒക്കെ ഓരോ പ്രത്യേക മനോഭാവങ്ങൾ കൈവരുന്നതിനും കാരണം അതുതന്നെയാവാം.
നാമെല്ലാം സാമൂഹികജീവികൾ തന്നെ. സമൂഹത്തിലെ ഒരംഗത്തിൻ്റെ അല്ലെങ്കിൽ ഏതെങ്കിലും ചില അംഗങ്ങളുടെ മനോഭാവങ്ങൾ മറ്റുള്ളവരിലേക്കും പ്രസരിപ്പിക്കപ്പെടുന്നുണ്ട്. അത് സംഭവിക്കുന്നതാവട്ടെ, വളരെ നിഗൂഢവും ഗോപ്യവുമായ രീതിയിലും. ഒരു പ്രദേശത്ത് ഒരു ആത്മഹത്യ സംഭവിച്ചാൽ താമസിയാതെ വീണ്ടും സംഭവിക്കുന്നത് കാണാറുണ്ട്. നരഹത്യയുടെ ഒരു ക്രൈം സംഭവിച്ചു കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ടുള്ള പകരം വീട്ടൽ അല്ലാതെതന്നെ അത്തരം ക്രൈം ആവർത്തിക്കപ്പെടുന്നത് കണ്ടിട്ടുണ്ട്. യുക്തിഭദ്രമായി വ്യവഛേദിക്കാൻ കഴിയാത്തതും ഋണാത്മകവും ഒരുവേള ദുഷ്ടവുമായ ഇത്തരം സ്വാധീനങ്ങളെയാവണം 'ദുഷ്ടാരൂപി' എന്ന പേരിൽ പുതിയനിയമം പലപ്പോഴും കുറിച്ചിടുന്നത്.
നാമൊക്കെ നമ്മുടെ വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ പ്രതികരണങ്ങളിലൂടെയോ - എങ്ങനെയെല്ലാം നാമുൾപ്പെടുന്ന സമൂഹത്തെ നെഗറ്റീവായി സ്വാധീനിച്ചിരിക്കുന്നു എന്നാരറിഞ്ഞു!
"വേറൊരാൾക്ക് ഇടർച്ചക്ക് കാരണമാകുന്നതിനെക്കാൾ നല്ലത് കഴുത്തിൽ ഒരു തിരികല്ലുകെട്ടി കടലിൻ്റെ ആഴങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നതായിരിക്കും" എന്നതരം ക ഠിനമായ വചനം യേശു പറയുന്നത് കാണുന്നില്ലേ?!
For English Version