top of page

നിലപ്പ്

Apr 2, 2025

1 min read

George Valiapadath Capuchin

രണ്ടു വർഷത്തിനടുത്ത് ആയിട്ടുണ്ട് ആ ചിത്രം കണ്ടിട്ട്. ഒരുപക്ഷേ, ഒരു ചലച്ചിത്രം കണ്ടതിനു ശേഷം Meek's Cutoff (മീക്ക്സ് കട്ടോഫ്)- നോളം ഇത്രയേറെ നാളുകൾ എന്നെ വേട്ടയാടിയിട്ടും വിഷാദിപ്പിച്ചിട്ടുമുള്ള ചലച്ചിത്രങ്ങൾ വേറെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ശക്തമായ സമാന്തര സിനിമകളുടെ സംവിധായികയായ കെല്ലി റെയ്ച്ചാർഡ്ട് അണിയിച്ചൊരുക്കി 2010-ൽ പുറത്തിറങ്ങിയതാണ് ചിത്രം. ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.


1800 - കളുടെ പകുതിക്ക് അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിൽ കുടിയേറുന്ന ഏതാനും കുടുംബങ്ങളടങ്ങിയ ഒരു ചെറു സംഘത്തെ സ്റ്റീഫൻ മീക്ക് എന്ന വഴികാട്ടി ഓറഗോൺ പീഠമരുഭൂമിയിലൂടെ നയിക്കുന്നതും, അയാൾക്ക് വഴി തെറ്റിയതിനാൽ രണ്ടാഴ്ച കൊണ്ട് എത്തേണ്ടിടത്ത് അഞ്ചാഴ്ച കഴിഞ്ഞും എത്താതെ പോയതുമായ ഒരു ചരിത്ര സംഭവമാണ് ചിത്രത്തിന്റെ അടിസ്ഥാനം. ചലച്ചിത്രങ്ങളെല്ലാം ദൃശ്യാനുഭവങ്ങളാണ്. പറഞ്ഞ് ഫലിപ്പിക്കാനാവില്ല അവ പകർന്നുനല്കുന്ന ആന്തരികാനുഭവം. വഴിതെറ്റി എന്ന് എല്ലാവർക്കും അറിയാം. എന്നാൽ വഴികാട്ടി മാത്രം അത് അംഗീകരിക്കാൻ ഒരുക്കമല്ല. വഴിയിൽ ഒരു അമേരിക്കൻ ആദിമ ഗോത്രവംശജനെ അവർ കാണുന്നു. 'വിശ്വസിക്കാൻ കൊള്ളില്ലവനെ' എന്നുപറഞ്ഞ് അയാളെ കൊല്ലാനാണ് മീക്ക് ശ്രമിക്കുന്നത്. ഉടനെ എമിലി എന്ന യുവതി മീക്കിനുനേരെ തോക്ക് ചൂണ്ടുന്നു. 'ഇനി അയാൾ നമ്മെ നയിക്കും' എന്ന് പറയുന്നു. പിന്നീടുള്ള യാത്ര അയാളുടെ പിന്നാലെയാണ്. തണലില്ലാത്ത വെയിലിൽ പകൽ മുഴുവൻ എല്ലാവരും നടക്കുകയാണ്. അല്പം ഭക്ഷണവും വിശ്രമവും രാത്രി മാത്രമാണ്. കാളവണ്ടികളിൽ വെള്ളവും ഭക്ഷണവും കുറഞ്ഞു കുറഞ്ഞുവന്നു. അതിനിടെ, കാളവണ്ടികളിൽ ഒന്ന് ചെങ്കുത്തായ ഇറക്കത്തിൽ മറിഞ്ഞ് തകർന്നു പോകുന്നത് വലിയ ഒരു ദുരന്താനുഭവമാണ്. കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പില്ലാത്ത പീഠമരുഭൂമി. വന്യമായ ഏകാന്തതയോടെ, നമ്മെ ഭക്ഷിക്കാൻ ഭൂമി കമിഴ്ന്നു കിടക്കുകയാണ്.


വെള്ളമുള്ള ഒരു ഇടം അന്വേഷിച്ചാണ്, അവിടെ താമസമാക്കുന്നതിനാണ് അവരുടെ അന്വേഷണ യാത്ര. മീക്കും പുരുഷന്മാരും നയിച്ചിരുന്ന സംഘത്തിന്റെ നേതൃത്വം സ്ത്രീയും ആദിവാസിയും ചേർന്ന് ഏറ്റെടുത്തിട്ടും ഫലമുണ്ടാവുന്നില്ല. യാത്രക്കു കരുതിയ ഭക്ഷ്യവിഭവങ്ങൾ തീർന്ന്, നിരവധി ആഴ്ചകൾ നടന്നുവലഞ്ഞ്, മനസ്സും ശരീരവും തളർന്ന്, ഇനിയെന്ത് എന്ന് യാതൊരു ഊഹവുമില്ലാതെ എങ്ങുമല്ലായ്മയിൽ യാത്ര നിലയ്ക്കുമ്പോൾ ചിത്രം അവസാനിക്കുന്നു. ലക്ഷ്യമില്ലാതെ എന്നവണ്ണം ഗോത്രവംശജൻ മലകയറിപ്പോകുന്നു.


സംഘം, ഒരു പുഴ കടക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത് എന്നോർക്കണം!


എസെക്കിയേലിൻ്റെ പുസ്തകത്തിലെ 47-ാം അധ്യായത്തിൽ കിഴക്കോട്ട് ദർശനമുള്ള ദേവാലയ മുഖവാരത്തിൻ്റെ അടിത്തറയിൽനിന്ന് ചെറിയൊരു നീരുറവ പുറപ്പെട്ട് ആഴവും പരപ്പും വർദ്ധിച്ചു വർദ്ധിച്ച് വലിയൊരു നദിയായി, ഇരുപുറവുമുള്ള സർവ്വജാതി ജീവജാലങ്ങൾക്കും അന്നവും ഔഷധവും ജീവനുമേകി പ്രവഹിക്കുന്നത് ഇന്ന് വായിച്ചു. മുപ്പത്തെട്ട് വർഷമായി വെള്ളത്തിനരികെ തളർന്നുകിടന്ന് ജീവിതം നിലച്ചുപോയ ഒരാളെക്കുറിച്ചും വായിച്ചു. സംസ്കാരം ഉപേക്ഷിച്ച് നാഗരികതയെന്ന് അവർ ചിന്തിക്കുന്ന എന്തിലേക്കോ യാത്രയാവുന്ന കുറേ മനുഷ്യരെയും ഞാനിന്ന് കാണുന്നു.

അപ്പോൾ 'മീക്ക്സ് കട്ടോഫ് ' ഓർത്തുപോയി.

Recent Posts

bottom of page