top of page
ചില്ലറ വിവരക്കേടുകള്‍ കൈയിരിപ്പുള്ള, എന്നാല്‍ സദുദ്ദേശിയായ ഒരു അയല്‍പക്കക്കാരണവര്‍ എന്ന് ആശിഷ് നന്ദി അണ്ണാഹസാരെയെ വിശേഷിപ്പിക്കുന്നു. ഒരു പഴയ പട്ടാളക്കാരന്‍, ഒരു റിട്ടയേഡ് പോലീസുകാരി, രണ്ട് ധനാഢ്യരായ അച്ഛനും മകനും വക്കീലന്മാര്‍, ഒരു വിവരാവകാശ ആക്റ്റിവിസ്റ്റ് ഇങ്ങനെ അണ്ണാ ടീം വിവരിക്കപ്പെട്ടു. ഇവരുടെ 'ആഗ്സ്റ്റ് കലാപ'ത്തിനെത്തിയ പതിനായിരങ്ങളെ മാധ്യമങ്ങള്‍ പെരുപ്പിച്ച ഒരു റിയാലിറ്റി ഷോയിലെ കാണികള്‍ മാത്രമെന്ന് എഴുതിത്തള്ളിയത് അരുന്ധതിറോയിയും അരുണാ റോയിയും മറ്റുമാണ്. ഇപ്പോഴിതാ, അണ്ണാ ടീമും വഴി പിരിഞ്ഞിരിക്കുന്നു. അണ്ണാ മഹാരാഷ്ട്രയിലെ തന്‍റെ ഗാന്ധിയന്‍ മാതൃകാഗ്രാമത്തിലേക്ക്, അരവിന്ദ് കെജ്റ്വാളും സംഘവും പുതിയ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കാനുള്ള ഒരുക്കത്തിലേക്ക്. എല്ലാം അവസാനിച്ചു കഴിഞ്ഞുവോ എന്ന് മറ്റൊരു ഗാന്ധിസ്മരണാദിനത്തില്‍ നാം നെടുവീര്‍പ്പിടുന്നു: ഗാന്ധിജിയില്‍ നിന്ന് അണ്ണായിലേക്ക് എത്രദൂരം!
സോറി, ഈ സിനോറിയ്ക്കു കീഴെ കയ്യൊപ്പിടാന്‍ ഞാന്‍ വിസമ്മതിക്കുന്നു. പ്രത്യേകിച്ചും രാഷ്ട്രീയക്കാരന്‍ മരിച്ചു, രാഷ്ട്രീയം നീണാള്‍ വാഴട്ടെ എന്നൊരു കവര്‍ സ്റ്റോറി ചെയ്ത മാസികയുടെ (പാഠഭേദം, കോഴിക്കോട് - 32/2011 സെപ്തംബര്‍ ലക്കം) പത്രാധിപര്‍ എന്ന നിലയില്‍. രാഷ്ട്രീയാഴിമതിയാണ് അഴിമതികളുടെ അമ്മ മഹാറാണി. അതുകൊണ്ട് രാഷ്ട്രീയാഴിമതി കേന്ദ്രമായെടുത്ത് ഒരു രാഷ്ട്രീയപ്പാര്‍ട്ടി വരുന്നത് നല്ലകാര്യം തന്നെ. എന്നാല്‍ അതിന്‍റെ ഭാവി മറ്റൊരു സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. ഇപ്പോള്‍ നമുക്ക് അണ്ണാഹസാരെ പ്രതിഭാസം എന്തായിരുന്നു, അത് പിന്‍വാങ്ങിയോ എന്നാണ് ചര്‍ച്ചചെയ്യാനുള്ളത്.
ലോകമെങ്ങും ഉയര്‍ന്നു വന്ന 'യുവജന വസന്ത'ത്തിന്‍റെ പശ്ചാത്തലത്തിലാണ് അണ്ണാ പ്രസ്ഥാനവും ചര്‍ച്ച ചെയ്യപ്പെട്ടത്. 'ഒക്യുപ്പൈ വാള്‍സ്ട്രീറ്റ്' പ്രസ്ഥാനം കോര്‍പ്പറേറ്റ് ആസ്ഥാനങ്ങളില്‍ തന്നെ കൊടുങ്കാറ്റഴിച്ചു വിട്ടു. ഞങ്ങള്‍ 99 ശതമാനം പേര്‍, നിങ്ങള്‍ ഒരു ശതമാനത്തിനെതിരെ നിവര്‍ന്നുനില്ക്കുന്നു. കോര്‍പ്പറേറ്റോക്രസി തുലയട്ടെ ! കോര്‍പ്പറേറ്റ് ആധിപത്യത്തിന്‍റെ രാഷ്ട്രീയവും! ടി. ജെ. എസ്. ജോര്‍ജ് ചോദിച്ചത് ഓര്‍മ്മയുണ്ടാകുമല്ലോ: "പൗരന്മാര്‍ ജനാധിപത്യ വ്യവസ്ഥയില്‍ ക്ഷുഭിതരാവുന്നതെന്തുകൊണ്ട്? ഇത്രയധികം സേഫ്ടി വാല്‍വുകളുണ്ടായിട്ടും ജനങ്ങള്‍ അസ്വസ്ഥരാകുന്നതെന്ത്?" ഇന്ത്യയ്ക്കുള്ള പുതിയ പാഠങ്ങളെക്കുറിച്ച് അദ്ദേഹം തുടരുന്നു: "ജനകീയ വികാരങ്ങള്‍ മനസ്സിലാക്കാനുള്ള ഒരു രാഷ്ട്രീയ നേതൃത്വം നമുക്കില്ല. ഏറ്റവും ചുരുങ്ങിയത് എന്തു ചെയ്യണമെന്നെങ്കിലും അറിയാവുന്നവര്‍ രാഷ്ട്രീയക്കാര്‍ക്കിടയിലില്ല. രാഷ്ട്രീയ വര്‍ഗ്ഗത്തിന് വഴികള്‍ നഷ്ടപ്പെട്ടിരിക്കുന്നു, കാഴ്ചയും. ജനങ്ങള്‍ക്കവരിലുള്ള വിശ്വാസത്തിന്‍റെ നഷ്ടമാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്. ജനങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവര്‍ തള്ളിപ്പറയുകയാണെങ്കില്‍ ജനാധിപത്യത്തില്‍ രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കും പിന്നെന്തു സ്ഥാനം?"
'ഐ. ആം. അണ്ണ' (I am Anna) എന്നു വിളിച്ചു പറഞ്ഞ ആള്‍ക്കൂട്ടത്തിലോരോരുത്തരും അതെ, ഞാന്‍ അണ്ണനാണ്, ഏട്ടന്‍, വല്യേട്ടന്‍ എന്നു തന്നെയാണ് വിളിച്ചുപറഞ്ഞത്. നിങ്ങള്‍ രാഷ്ട്രീയക്കാര്‍ വല്ല്യേട്ടനായി ഞങ്ങളെ ഭരിച്ചുകൊണ്ടിരിക്കുന്നു. നിര്‍ത്തൂ, നിങ്ങളുടെ ഒതളങ്ങ രാഷ്ട്രീയം. ഇനിമേല്‍ ഞങ്ങള്‍ ജനങ്ങളാണ് വല്ല്യേട്ടന്മാര്‍. ജനാധിപത്യത്തില്‍ ആര്‍ക്കെങ്കിലും വല്ല്യേട്ടനാവാമെങ്കില്‍ അത് ജനങ്ങള്‍ക്കാണ്, അതിനവര്‍ക്ക് എക്സ്ക്യൂസുണ്ട് സര്‍.
രാഷ്ട്രീയം തൊഴിലായെടുത്തവര്‍ ഇത്രയും പരിഭ്രാന്തരായ മറ്റൊരു കാലമുണ്ടായിട്ടില്ല. രാഷ്ട്രീയം രാഷ്ട്രീയക്കാര്‍ക്കെന്തിനു വിട്ടുകൊടുക്കണം എന്ന് സിവില്‍ സമൂഹം ആലോചിക്കാന്‍ തുടങ്ങി. രാഷ്ട്രീയം രാഷ്ട്രീയ ക്കാരില് അരാഷ്ട്രീയമാക്കപ്പെട്ടാല്‍ നമ്മുടെ സ്വന്തം അരാഷ്ട്രീയതയില്‍നിന്ന് നാമൊരു പുതിയ രാഷ്ട്രീയമുണ്ടാക്കണം. ഏറ്റവും ചുരുങ്ങിയത് രാഷ്ട്രീയത്തിന്‍റെ അജണ്ട നിര്‍ണയിക്കാനുള്ള അവകാശമെങ്കിലും സിവില്‍ സമൂഹം തിരിച്ചു പിടിക്കണം. യുദ്ധം പട്ടാളക്കാര്‍ക്ക്, ശരീരം ഡോക്ടര്‍മാര്‍ക്ക്, വിശ്വാസം പുരോഹിതന്മാര്‍ക്ക്, കൃഷി കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്ക്, വിദ്യാഭ്യാസം യു.ജി.സി. പ്രൊഫസര്‍മാര്‍ക്ക് വിട്ടുകൊടുക്കരുത്. രാഷ്ട്രീയം രാഷ്ട്രീയ നേതാക്കള്‍ക്കും.
ചുഴിഞ്ഞാലോലിച്ചാല്‍ രാഷ്ട്രീയംതന്നെ തിന്മയല്ലേ? വര്‍ഗ്ഗങ്ങളായി തിരിഞ്ഞ സമൂഹത്തിന്‍റെ പൊതുഭാഷയാണ് രാഷ്ട്രീയം. വര്‍ഗ്ഗങ്ങളും വര്‍ഗ്ഗങ്ങളുടെ ഭരണകൂടവും തിന്മയെങ്കില്‍ ഇവയുടെ പൊതുഭാഷയായ രാഷ്ട്രീയവും തിന്മയല്ലേ? വര്‍ഗ്ഗരഹിത സമുദായത്തില്‍ ഭരണകൂടം ഉണ്ടാവില്ലെങ്കില്‍ രാഷ്ട്രീയവുമുണ്ടാവില്ല. അപ്പോഴത്തെ പൊതുഭാഷ രാഷ്ട്രീയമാവുകയില്ല തന്നെ. വര്‍ഗ്ഗസമരം നയിക്കുന്നത് വര്‍ഗ്ഗങ്ങളില്ലാതാക്കാനെങ്കില്‍, അവസാനത്തെ ഭരണകൂടം ഭരണകൂടമേ ഇല്ലാതാക്കുമെങ്കില്‍ രാഷ്ട്രീയത്തില്‍ നാം ഇടപെടുന്നത് രാഷ്ട്രീയത്തെ റദ്ദാക്കാനാണ്. വര്‍ഗ്ഗങ്ങളും വംശങ്ങളുമായി തിരിഞ്ഞൊരു സമൂഹത്തില്‍ രാഷ്ട്രീയം അനിവാര്യമാണ്, പക്ഷേ അതൊരു അനിവാര്യമായ തിന്മയാണ്. അനിവാര്യമായതുകൊണ്ട് തിന്മ തിന്മയല്ലാതാവുന്നില്ലല്ലോ. ഇത് തിരിച്ചറിയുന്ന രാഷ്ട്രീയക്കാരനെ, നല്ല രാഷ്ട്രീയക്കാരനാവൂ. ഞങ്ങള്‍ക്ക് ജനങ്ങളുടെ മാന്‍ഡേറ്റുണ്ട്, നിങ്ങള്‍ക്കാരുടെ മാന്‍ഡേറ്റെന്ന് നെഗളിക്കുന്ന രാഷ്ട്രീയക്കാരാ, മാന്‍ഡേറ്റ് തരുന്നവരോട് എവിടെ മാന്‍ഡേറ്റെന്ന് ചോദിച്ചാണോ നേരിടേണ്ടത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കെന്ത് കാര്യമെന്നോ? ഹഹഹ!
രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ ഒരേയൊരു ഏജന്‍സി പാര്‍ട്ടിയാണെന്നും രാഷ്ട്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏകവേദി നിയമനിര്‍മ്മാണ സഭ മാത്രമാണെന്നും ദയവായി ശഠിക്കാതിരിക്കുക. നിയമനിര്‍മ്മാണ സഭകള്‍ തന്നെ പ്രവര്‍ത്തിക്കുന്നത് സിവില്‍ സമൂഹത്തിന്‍റെ സഹായത്തോടെയാണല്ലോ. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള നാഷനല്‍ അഡ്വൈസറി കൗണ്‍സില്‍ മറ്റെന്താണ്? ദേശീയ തൊഴിലുറപ്പ് പദ്ധതിയടക്കം കഴിഞ്ഞ എട്ടൊമ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമങ്ങളൊന്നും തന്നെ പാര്‍ലമെന്‍റ് ഉറക്കമൊഴിച്ചിരുന്ന് തയ്യാറാക്കിയതല്ല, ചുമ്മാ അങ്ങ് കൈ പൊക്കി പാസാക്കിയതാണ്. പ്രാതിനിധ്യ ജനാധിപത്യത്തിന്‍റെ പരിമിതികള്‍ പരിഹരിക്കാന്‍ പ്രധാന വിഷയങ്ങളിലുള്ള ഹിതപരിശോധനകള്‍, ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശം, നവസാങ്കേതിക മാധ്യമങ്ങളുപയോഗിച്ചുള്ള ആശയ സംവാദങ്ങള്‍ തുടങ്ങിയവയും രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാവണം.
അണ്ണാഹസാരേ തന്‍റെ ഗ്രാമസ്വരാജ് പരീക്ഷണങ്ങളിലേക്ക് തിരിച്ചുപോയേക്കാം, മറ്റുള്ളവര്‍ പുതിയൊരു ദേശീയ രാഷ്ട്രീയ കക്ഷി എന്ന പരീക്ഷണത്തിലേക്കും. പക്ഷേ, സ്വന്തം ശക്തി തിരിച്ചറിഞ്ഞ ആന ഇനി പാപ്പാന്‍റെ വടിക്കു മുമ്പില്‍ എപ്പോഴുമെപ്പോഴും തലകുനിക്കണമെന്നില്ല. ആന മദമിളകാതെ നോക്കുന്നത് പാപ്പാന് കൊള്ളാം. സിവില്‍ സമൂഹത്തിന്‍റെ താത്പര്യങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നത് രാഷ്ട്രീയക്കാരനും. കാടിന്‍റെ കടും പച്ചപ്പ് ഓര്‍മ്മയിലുള്ള സിംഹം കാട്ടിലേക്കുതന്നെ തിരിച്ചുപോകുമെന്ന് കവി.
Featured Posts
bottom of page