top of page

കാക്കക്കൂട്ടില്‍ ...

Jan 20

3 min read

ഫാ. ജോസ് വെട്ടിക്കാട്ട്

image of church

"കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞതുപോലെയാണെന്ന് ഞാനപ്പഴെ പറഞ്ഞതല്ലായിരുന്നോ? ഏതായാലും ഉച്ചക്കുതന്നെയിങ്ങുപോര്. മൂന്നാല് അടിയന്തരകേസുകെട്ടുതന്നെയുണ്ട്. എന്തെങ്കിലും ചെയ്യാതെ ധ്യാനം തുടരാന്‍ ബുദ്ധിമുട്ടാകും."

"അതൊക്കെ അച്ചനുതന്നെ തീര്‍ക്കാവുന്ന കാര്യങ്ങളല്ലേയുള്ളു."

"ഏയ്, ധ്യാനഗുരുവിനെത്തന്നെ കണ്ടേതീരൂ എന്നുപറഞ്ഞാണു നിര്‍ബ്ബന്ധം. ഏതായാലും ഇങ്ങേരിങ്ങുവാ, തടികേടാകാതെയൊക്കെ ഞാന്‍ നോക്കിക്കോളാം."

ആശ്രമത്തില്‍നിന്നും ഒരുപാട് അകലെയല്ലാത്ത ഒരിടവകയില്‍ സായാഹ്നങ്ങളില്‍ മാത്രമുള്ള ധ്യാനമായിരുന്നുതുകൊണ്ട് എല്ലാദിവസവും ഞാന്‍ വന്നുപോവുകയായിരുന്നു. മൂന്നാമത്തെദിവസം രാവിലെ സുഹൃത്തും സരസനുമായ ബ. വികാരിയച്ചന്‍ വിളിച്ചു പറഞ്ഞകാര്യമാണു മുകളില്‍ അവതരിപ്പിച്ചത്. ധ്യാനം തുടങ്ങുന്നതിനുമുമ്പ് സംസാരിച്ചിരുന്നതിനിടയില്‍ ഒരാളുവന്നു ബ. വികാരിയച്ചനെ വിളിച്ചുമാറ്റിനിര്‍ത്തി എന്തോ സംസാരിക്കുന്നതുകണ്ടു. തിരിച്ചുവന്നപ്പോള്‍ കൈയ്യില്‍ നൂറിന്‍റെ നാലഞ്ചു നോട്ടുകളുണ്ടായിരുന്നു.

"ഇതും ......... പുണ്യാളന്‍റെ പള്ളി, അതും ....... പുണ്യാളന്‍റെ പള്ളി. ഇവിടെ കുര്‍ബ്ബാനക്കു നമ്മുടെ പടി നൂറുരൂപാ. അവിടെ നേര്‍ച്ചക്കുര്‍ബ്ബാനയ്ക്ക് അഞ്ഞൂറു രൂപ. എന്നിട്ടും കുറേനാളായിട്ട് ഒത്തിരിപ്പേര് അവിടെ കുര്‍ബ്ബാനചൊല്ലിക്കാന്‍ പൈസാ ഏല്പിക്കാറുണ്ട്. ജനത്തിന്‍റെ വിശ്വാസമല്ലേ എന്നുകരുതി ഞാനാ സഹായമങ്ങു ചെയ്തുകൊടുത്തേക്കുകേം ചെയ്യും. നമ്മുടെ പള്ളിക്കെട്ടിടത്തിലാ .......... ബാങ്ക്. അതിന്‍റെ മാനേജര് അവിടുത്തുകാരനാ. അങ്ങേരും ........... പുണ്യാളന്‍റെ ഭക്തനാ. ഞാനീ പണം അങ്ങേരുടെ കൈയ്യിലങ്ങു കൊടുത്തുവിടും. അതാ പതിവ്."

"അവിടെച്ചൊല്ലിയാലും ഇവിടെച്ചൊല്ലിയാലും കുര്‍ബ്ബാനയുടെ ഫലം ഒന്നുതന്നെയാണെന്ന് അവര്‍ക്ക് ആരും പറഞ്ഞുകൊടുത്തിട്ടുണ്ടാവുകയില്ല. അല്ലെങ്കിലീ അഞ്ചിരട്ടിക്കാശു മുടക്കി ഇവരൊക്കെ അവിടെ കുര്‍ബ്ബാനചൊല്ലിക്കാന്‍ മെനക്കെടുമോ?"

അവരുടെ അന്ധവിശ്വാസത്തെ അച്ചനും വളമിട്ടുവളര്‍ത്തുകയല്ലേ എന്നു ചോദിക്കുന്നതിനു പകരം ഞാന്‍ അങ്ങനെയങ്ങു ചോദിച്ചെന്നേയുള്ളു.

"ഞങ്ങളു വികാരിയച്ചന്മാര് അതുവല്ലോം പറഞ്ഞാല്‍പിന്നെ, ഇന്നത്തെക്കാലമല്ലേ, അതേറ്റുപിടിച്ചു നേരിട്ടും വാട്സ്ആപ് വഴിയുമൊക്കെ ചേരിതിരിഞ്ഞു ചര്‍ച്ചേം വഴക്കും പുക്കാറുമൊക്കെയുണ്ടാകും. അതൊക്കെ നിങ്ങളു ധ്യാനഗുരുക്കന്മാരു പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങളാ."

വികാരിയച്ചന്‍ ആ പറഞ്ഞത് എന്‍റെ മനസ്സില്‍ കിടന്നതുകൊണ്ട് ധ്യാനത്തിനിടയില്‍ അവസരം കിട്ടിയപ്പോള്‍ അങ്ങനെ ചിലകാര്യങ്ങളെപ്പറ്റി ചിലതൊക്കെപ്പറയാനിടയായി. പറയാന്‍ ഒരു ഉത്തേജനമായത് അഞ്ചാറുമാസങ്ങള്‍ക്കുമുമ്പ് അവിടെനടന്ന ഒരു ധ്യാനത്തിലെ വിഷയമായിരുന്നു. കൊച്ചച്ചന്‍റെപക്കല്‍നിന്നു കിട്ടിയ അറിവായിരുന്നു അത്. ആ ധ്യാനത്തിലാകമാനം ദൈവത്തിന്‍റെ നീതിയും ശിക്ഷയുമായിരുന്നു വിഷയം. നമ്മള്‍ചെയ്യുന്ന എല്ലാതെറ്റിനും അടുത്തതലമുറയോട് ദൈവം കണക്കുചോദിക്കും; ഇന്നത്തെ തലമുറ അനുഭവിക്കുന്നതു മുഴുവന്‍ ദുരിതത്തിനും, അതു രോഗമോ നഷ്ടമോ തകര്‍ച്ചയോ എന്തായിരുന്നാലും അതെല്ലാം മുന്‍തലമുറയുടെ പാപത്തിന്‍റെ ഫലമാണ്; നിത്യവും കരുണക്കൊന്തചൊല്ലി കണ്ണീരോടെ പ്രാര്‍ത്ഥിക്കുകയും, ധര്‍മ്മദാനം ചെയ്യുകയും, കുര്‍ബ്ബാന ചൊല്ലിക്കുകയും, ദശാംശം കൊടുക്കുകയും, ഉപവസിക്കുകയും പിന്നെയുമുണ്ട് ലിസ്റ്റില്‍ ഐറ്റങ്ങളൊത്തിരി; ഇതെല്ലാം ചെയ്തേതീരൂ. എങ്കില്‍മാത്രമേ ദൈവം കരുണകാണിക്കാന്‍ സാധ്യതപോലുമുള്ളു. ഇണങ്ങിക്കൂടി കപ്യാരച്ചനോടു നയത്തിനു ചോദിച്ചപ്പോള്‍ അങ്ങേരു സ്വന്തമായി ഉപയോഗിക്കുന്ന കുര്‍ബ്ബാനപുസ്തകത്തിന്‍റ അവസാനത്തെ താളിലും പുറംചട്ടയിലുമായി എഴുതിവച്ചിരുന്നതു കാണിച്ചുതന്നതു വായിച്ച ഓര്‍മ്മയില്‍നിന്നാണ് ഇത്രയും കുറിച്ചത്.

കപ്യാരച്ചന് ആ ധ്യാനം വളരെ ഇഷ്ടപ്പെട്ടു എന്നുമനസ്സിലാക്കി ഇരയിട്ടു കൊടുത്തപ്പോള്‍ ആളു നല്ലവാചാലനായി. ഇടവകയിലെ ഒത്തിരി തകര്‍ന്ന കുടുംബങ്ങളിലെ ദുരവസ്ഥയുടെ കാരണമൊക്കെ കാരണവന്മാരുടെ കൈയ്യിലിരിപ്പുകൊണ്ടു വന്നതാണെന്ന് എല്ലാവര്‍ക്കും മനസ്സിലായെന്നും, പ്രത്യേകിച്ച് മന്ദബുദ്ധികളും ഓട്ടിസം ബാധിച്ചവരുമായ കുട്ടികളൊക്കെയുണ്ടാകുന്നത് കാരണവന്മാരുടെ അസാന്മാര്‍ഗ്ഗീക ജീവിതം കാരണമാണെന്നുമൊക്കെ ചില ഉദാഹരണങ്ങളോടെ അദ്ദേഹം വിശദീകരിച്ചപ്പോള്‍, മര്യാദയ്ക്കു ധ്യാനിപ്പിച്ചു പോകാന്‍മാത്രം ആഗ്രഹിച്ചുചെന്ന എനിക്കു, കുറെനാളായിട്ടു വല്ല്യ ശല്യംചെയ്യാറില്ലാതിരുന്ന ഒരു പഴയ അസുഖം, കടിക്കാത്തിടത്തു ചൊറിയാന്‍പോകുന്ന, ആ സൂക്കേടങ്ങു കലശലായി.

ചോദിക്കാതെതന്നെ കരുണമാത്രം കാണിച്ച, കൊടുംപാപം ചെയ്തിട്ടും കരയാന്‍പോലും സമ്മതിക്കാതെ കരുണമാത്രം കാണിച്ച തമ്പുരാന്‍കര്‍ത്താവിന്‍റെ സുവിശേഷത്തിലെ ചിത്രങ്ങള്‍ നിരനിരയായി നിരത്തിയശേഷം, ഇടതടവില്ലാതെ നിലവിളിച്ചാല്‍പോലും കരുണകാണിക്കാന്‍ മടിക്കുന്ന പഴയനിയമത്തിലെ തമ്പുരാന്‍റെ വികലചിത്രം അവതരിപ്പിക്കുന്നവര്‍, കുഞ്ഞാടിന്‍റെ വേഷത്തില്‍ വരുന്ന ചെന്നായ്ക്കളാണെന്നും  മറ്റും ശക്തമായി സ്ഥാപിച്ചപ്പോള്‍, പള്ളിയകത്തുണ്ടായിരുന്ന പലരുടെയും നോട്ടവും തോണ്ടലും പിറുപിറുപ്പുമൊക്കെ കണ്ടപ്പോള്‍തന്നെ അപകടം മണത്തിരുന്നു. വികാരിയച്ചന്‍റെ വിളി പ്രതീക്ഷിച്ചതിലും വൈകിയെന്നേ തോന്നിയുള്ളു.

ഏതായാലും ഊണുകഴിഞ്ഞാണു ഞാന്‍ പുറപ്പെട്ടത്. തലേദിവസം രാത്രീലത്തെ ധ്യാനം കഴിഞ്ഞപ്പോഴേ വികാരിയച്ചന്‍ പറഞ്ഞത് ഓര്‍മ്മയിലുണ്ടായിരുന്നു: 'കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞിട്ടു ചുമ്മാ പൊടീംതട്ടി പോകാമെന്ന് ഓര്‍ക്കണ്ട കേട്ടോ ജോസച്ചാ, അച്ചനു പണികിട്ടിയതുതന്നെയാണെ'ന്ന്. പള്ളിമുറിയിലെത്തുമ്പോള്‍ മൂന്നാലുപേരവിടെയുണ്ടായിരുന്നു. ബ. വികാരിയച്ചന് എന്നെ കണ്ടപ്പോള്‍ ആശ്വാസമായി.

"ദേ അച്ചന്‍വന്നു, നിങ്ങള്‍ക്ക് അച്ചനെ കാണണമെന്നല്ലേ പറഞ്ഞത്. ഞാന്‍ പറഞ്ഞില്ലേ, അച്ചന്‍ ഉറപ്പായിട്ടും വരുമെന്ന്. എന്നാല്‍ നിങ്ങളു സംസാരിക്ക്." വികാരിയച്ചന്‍ വിടവാങ്ങി.

നാക്കിനു നല്ല നിയന്ത്രണം തരണേ മാതാവേന്നു പ്രാര്‍ത്ഥിച്ചോണ്ടു കുറെനേരം ഇരിക്കാന്‍ പറ്റിയ ചാരുള്ളതും കൈപിടിയുമുള്ള ഒരു കസേരവലിച്ചിട്ടിരുന്നു. എന്തുപറഞ്ഞാലും കേട്ടിരിക്കുകയല്ലാതെ അക്ഷരം മിണ്ടരുതെന്നു ഞാനെന്നോടുതന്നെ പറഞ്ഞിട്ട്, അവരു പറഞ്ഞുതുടങ്ങാന്‍വേണ്ടി കാത്തിരുന്നു.

"അച്ചന്‍ ഞങ്ങളെ രക്ഷിച്ചച്ചാ. കുറെ നാളായിട്ടു ഞങ്ങളനുഭവിക്കുന്ന നാണക്കേടും മനപ്രയാസോം പറഞ്ഞാല്‍ തീരില്ലച്ചാ."ഇതെന്തൊരു കളി. കല്ലും കൊഴിയും വരുന്നതു പ്രതീക്ഷിച്ചു പ്രതിരോധിക്കാനിരുന്ന എന്നെ പൊന്നാട അണിയിച്ചപോലൊരു സുഖം. എന്നാലും മുഖത്തു ഭാവഭേദമൊന്നും കാണിച്ചില്ല. ഒരുപക്ഷേ ഇതും അടവാണോ എന്നറിയില്ലല്ലോ.

"എന്‍റെ അപ്പന്‍റെ ഒരനുജന്‍ കല്യാണം കഴിക്കാത്ത ആളാണ്. നന്നായിട്ടു പണിയും, പള്ളിയിലോ പുറത്തൊരിടത്തുമോ പോകാറില്ല. സംസാരിക്കാറില്ല. വീട്ടില്‍ ആരുവന്നാലും പുറത്തിറങ്ങിവരാറില്ല. ആര്‍ക്കും ഒരുപദ്രവവുമില്ല. എന്‍റെ അപ്പന്‍ മരിച്ചുപോയി, അമ്മയുണ്ട്. എനിക്ക് മന്ദബുദ്ധിയായ ഒരു ചേട്ടനുണ്ട്. ഇളയ അനുജന്‍റെ കൂട്ടത്തിലാണ് അമ്മയും ഈ ചേട്ടനും. എന്‍റെ രണ്ട് ആണ്‍മക്കളിലൊരാള്‍ അല്പം ബുദ്ധിമാന്ദ്യമുള്ളയാളാണ്. അവന് ഇരുപതുവയസ്സുകഴിഞ്ഞു. ചിലനേരത്ത് അവന്‍ വലിയ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. അഞ്ചാറുമാസംമുമ്പ് ഇവിടൊരു ധ്യാനം നടന്നച്ചാ. അതു കഴിഞ്ഞപ്പോള്‍ മുതലാണ് ഞങ്ങളാകെ ബുദ്ധിമുട്ടിലായത്. കാരണവന്മാരുടെ മോശമായ ജീവിതംകാരണമാണ് കുടുംബത്തില്‍ ഇത്തരത്തിലുള്ള മാറാത്ത ദുരിതങ്ങളെന്ന് സാക്ഷ്യങ്ങള്‍ സഹിതം ധ്യാനത്തില്‍ പലപ്രാവശ്യം ധ്യാനഗുരു പ്രസംഗിച്ചപ്പോള്‍ ചങ്കിനകത്തു തീയായിരുന്നച്ചാ. പുറത്തിറങ്ങിയപ്പോള്‍ ആള്‍ക്കാരുടെ നോട്ടവും സംസാരവുമൊക്കെ സഹിക്കാന്‍ പറ്റാതായി. കുറച്ചുനാളത്തേക്ക് ഇവിടെ പള്ളീല്‍പോലും വരാന്‍ മടിയായിരുന്നു.

എന്‍റെ വല്യപ്പന്‍ ആദ്യകാലത്തു കുടിയേറിയകൂട്ടത്തിലായിരുന്നു. ഞാന്‍ ചെറുപ്പത്തില്‍ കണ്ടിട്ടേയുള്ളു. അപ്പന്‍ റോഡും മറ്റും കൊണ്ട്രാക്റ്റ് എടുത്തു സോളിങ്ങും ടാറിങ്ങും ചെയ്യുന്ന പണിയായിരുന്നതുകൊണ്ട് മിക്കദിവസങ്ങളിലും വളരെ വൈകിയേ വീട്ടിലെത്താറുണ്ടായിരുന്നുള്ളു എന്നതു സത്യമായിരുന്നെങ്കിലും മോശമായിട്ടൊന്നും അപ്പനെപ്പറ്റി കേട്ടിട്ടില്ല. ഞാനും എന്‍റെ അറിവില്‍ എന്‍റെ സഹോദരങ്ങളും മോശമായിട്ടു ജീവിക്കുന്നവരുമല്ല. പക്ഷേ നാട്ടുകാരുടെമുമ്പില്‍ ഞങ്ങള്‍ മൂലത്തോടെ പിഴപറ്റിയവരാണ്. ഈ സത്യമെല്ലാംപറഞ്ഞ് ധ്യാനഗുരുവിനെച്ചെന്നുകണ്ടുചോദിച്ചപ്പോള്‍, എല്ലാവരെയും അറിയിച്ചിട്ടല്ലല്ലോ ആരും പാപംചെയ്യുന്നത്, അതുകൊണ്ട് ഞങ്ങള്‍ ചെയ്യാനുള്ള കുറെ പരിഹാരക്രിയകളൊക്കെ പറഞ്ഞുതന്നു. അതുകഴിയുമ്പോള്‍ മകന്‍റെ കാര്യത്തിലും ശമനംവരും എന്നുറപ്പു പറഞ്ഞു. പ്രതീക്ഷയോടെ ആവശ്യപ്പെട്ടതൊക്കെ ഞങ്ങളു ചെയ്തു. പക്ഷേ അവനിപ്പോള്‍ പഴയതിനേക്കാളും പ്രശ്നക്കാരനാണ്. മരുന്നു കൃത്യമായി കൊടുക്കുന്നുണ്ടെങ്കിലും ഫലപ്പെടുന്നില്ല.

ധ്യാനഗുരുവിന്‍റെ അടുത്തുവീണ്ടും ചെന്നപ്പോള്‍ 'കാരണവന്മാരു പച്ചമുന്തിരിങ്ങാതിന്നാല്‍ മക്കളുടെ പല്ലു പുളിക്കും' എന്നു പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്നതു വായിച്ചിട്ടില്ലേ എന്നുചോദിച്ചു. മുടങ്ങാതെ കരുണക്കൊന്തചൊല്ലാന്‍ പറഞ്ഞു. അങ്ങനെ വിഷമത്തിലിരിക്കുമ്പോഴായിരുന്നു അച്ചന്‍റെ ഇന്നലത്തെ പ്രസംഗം. ഇവരാരും പറയുന്നതുപോലെയല്ല സുവിശേഷത്തിലുള്ളത് എന്ന് അച്ചന്‍ പറഞ്ഞപ്പോള്‍ ശരിക്കും ബോധ്യപ്പെട്ടു. ഇനി ആരെന്നാ പറഞ്ഞാലും മൈന്‍റു ചെയ്യണ്ടായെന്ന് മനസ്സിലായച്ചാ, അതിനു അച്ചനോടു നന്ദിപറയാനായി വീട്ടില്‍ ചെന്നിട്ടു ഇന്നലെരാത്രീല്‍ വികാരിയച്ചനെ വിളിച്ചപ്പോള്‍ അച്ചന്‍ ധ്യാനംകഴിഞ്ഞുടനെ പോയി, ഇന്നു ധ്യാനത്തിനു സമയമാകുമ്പോളേ വരൂ എന്നു പറഞ്ഞു. അതുകൊണ്ടാണു വികാരിയച്ചനെക്കൊണ്ടിന്നു വിളിപ്പിച്ചത്. ബുദ്ധിമുട്ടിപ്പിച്ചതില്‍ ക്ഷമിക്കണമച്ചാ."

"നിങ്ങളില്‍ ഒരാളു മാത്രമേ ഇതുവരെയും സംസാരിച്ചുള്ളു, കൂടെയുള്ളവരാരാണെന്നു പറഞ്ഞില്ല."

"എന്‍റെ രണ്ട് അനുജന്മാരും, മകനുമാണ്. എല്ലാവര്‍ക്കും പറയാനുള്ളകാര്യം ഒന്നുതന്നെ ആയതുകൊണ്ട് പറയാന്‍ എന്നെ ഏല്പിച്ചതാണ്.""അപ്പോള്‍ കാക്കക്കൂടല്ല."

"അച്ചനിപ്പോള്‍ പറഞ്ഞതു മനസ്സിലായില്ലായിരുന്നു.""ഇന്നലെ വികാരിയച്ചന്‍ പറഞ്ഞായിരുന്നു, ഞാന്‍ ഇന്നലെ ധ്യാനത്തിനു പറഞ്ഞത് കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞതുപോലെയാ, എനിക്കു പണികിട്ടുമെന്ന്."

"സത്യത്തില്‍ തിരിച്ചാണച്ചാ സംഭവിച്ചിരിക്കുന്നത്. ഒത്തിരിപ്പേരുപറഞ്ഞു, ഇപ്പോളാ സത്യം മനസ്സിലായതെന്ന്. അച്ചന്‍ പറഞ്ഞതാ ശരിയെന്ന്."

അന്നു കുര്‍ബ്ബാനയെപ്പറ്റിക്കൂടി പറയണമെന്നു കരുതിയാണിരുന്നതെങ്കിലും വേണ്ടെന്നുവച്ചു. അല്ലാതെതന്നെ കാര്യം മനസ്സിലാക്കി അംഗീകരിച്ച ആ നല്ലമനുഷ്യര്‍ക്ക് തനിയെ ഇനിയും മാറ്റംവന്നുകൊള്ളും എന്നു വിശ്വസിച്ചു. പക്ഷേ മറ്റേപാര്‍ട്ടിക്ക് ഒരു പണികൊടുക്കണം എന്നൊരു ശുണ്ഠിതോന്നി. നടപ്പില്ലെന്നറിയാമായിരുന്നെങ്കിലും തമാശായിട്ടെങ്കിലും കാര്യമവതരിപ്പിക്കണമെന്നൊരു പൂതി."ഇനീം ആ പഴയധ്യാനഗുരുവിനെ കാണാന്‍പോകാന്‍ വല്ല പ്ലാനുമുണ്ടോ?"ആരും മറുപടി പറയാതിരുന്നതുകൊണ്ട് അല്പനേരം കഴിഞ്ഞു ഞാന്‍ പറഞ്ഞു:"നിങ്ങളു പോകണം, പോയി കാണണം. ഞാന്‍ പറയുന്നകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു ധൈര്യമില്ലെന്നെനിക്കറിയാം. നിങ്ങള്‍ക്കു പറ്റില്ലെങ്കില്‍ ആരെക്കൊണ്ടെങ്കിലും ചെയ്യിച്ചാലുംമതി. നാലഞ്ചുപേര് ഒന്നിച്ചുവേണം പോകാന്‍. ആളിനോടു മിണ്ടുന്നതിനുമുമ്പ് ആളറിയാതെ മൊബൈല്‍ ഫോണ്‍ രണ്ടുമൂന്നെണ്ണം റിക്കാര്‍ഡിങ് മോഡില്‍ ഇടണം. ആളറിയരുത്. എന്നിട്ടു പഴയ കാര്യങ്ങളൊക്കെപ്പറയണം. കാറുന്നോന്മാരുടെ കൊണവതിയാരംകൊണ്ടാ ഇങ്ങനെയൊക്കെ സംഭവിച്ചതെന്നൊക്കെപ്പറയുന്നതു മുഴുവന്‍ റിക്കാര്‍ഡു ചെയ്യണം. അതുകഴിയുമ്പോള്‍ ആരെങ്കിലും കയറി ഉടക്കണം. കാറുന്നോന്മാരെപ്പറ്റി അപമാനകരമായി പറഞ്ഞതിന് മാനനഷ്ടത്തിനു കേസുകൊടുക്കുമെന്നു പറഞ്ഞ് റിക്കാര്‍ഡിങ് അവസാനിപ്പിച്ച്, കേസുകൊടുക്കണം. സാക്ഷികളുണ്ടാകാന്‍വേണ്ടിയാണ് നാലഞ്ചുപേരു പോകണമെന്നു പറഞ്ഞത്. ഒറിജിനല്‍ റിക്കാര്‍ഡിങ് ഒരെണ്ണം പോലീസിനു കൈമാറണം. യാതൊരു ഒത്തുതീര്‍പ്പിനും നിന്നുകൊടുക്കരുത്. ഒറ്റദിവസമെങ്കിലും അങ്ങേരെ അകത്തിടണം, സര്‍ക്കാരിന്‍റെ ഭക്ഷണം കഴിപ്പിക്കണം. ഈ വര്‍ഗ്ഗത്തോട് ഈ രീതിയെ നടപ്പാകൂ. നിങ്ങള്‍ക്കു ധൈര്യമില്ലെങ്കില്‍ ഞാനീപ്പറഞ്ഞത് ആരെക്കൊണ്ടെങ്കിലും ചെയ്യിക്ക്. നേര്‍ച്ചക്കുര്‍ബ്ബാന ചൊല്ലിക്കുന്നതിലും വല്ല്യ പുണ്യപ്രവൃത്തിയായിരിക്കും നിങ്ങളുചെയ്യുക."

"അതിലും മാന്യമായ പണി ഞാന്‍ പറയട്ടെ അച്ചാ, അച്ചനിന്നലെ പറഞ്ഞതുപോലെ ഒരു പത്തിടത്തു പറഞ്ഞാല്‍ മതി."

"നടപ്പില്ല സഹോദരാ, ഇന്നുള്ള ആള്‍ദൈവങ്ങളുടെ പണി പോകുന്ന ഏര്‍പ്പാടാ അത്, അതോടെ, അവരിലൂടെ വാരുന്ന സ്തോത്രക്കാഴ്ചേം ഇല്ലാതാകും അതിന് ആര്‍ക്കാ ധൈര്യം? ഏതായാലും നിങ്ങളു ചെല്ല്, ആരും ആര്‍ക്കും പണികൊടുക്കാന്‍ പോകണ്ടാ, പണിയൊക്കെ വഴിയേ കിട്ടിക്കൊള്ളും." 


ഫാ. ജോസ് വെട്ടിക്കാട്ട്

0

0

Featured Posts