top of page

ഇക്കിഗായ്

Jan 8, 2025

1 min read

George Valiapadath Capuchin
Poster depicts Ikigai

കുറേക്കാലമായി ലോകത്തിന്റെ മിക്ക ഭാഗത്തുനിന്നും കേൾക്കുന്നത് ഒരേ ശീലാണ്. പലപ്പോഴായി കേൾക്കുന്നു, 'ഈകിഗായ് ' എന്ന്. പല ഭാഷകളിലെയും സമാന ശബ്ദങ്ങൾ നാം കേട്ടുകൊണ്ടാണിരിക്കുന്നത്. ഗൂഗിളിൽ ചുമ്മാ തെരഞ്ഞാൽ കാണാം, ജാപ്പനീസ് ഭാഷയിൽ 'ഈകി' എന്നാൽ ജീവിതം: 'ഗായ് ' എന്നാൽ മൂല്യം അഥവാ യുക്തി. അതിനാൽ 'ഈകിഗായ്' എന്നാൽ, ജീവിതത്തിൻ്റെ ഉദ്ദേശ്യലക്ഷ്യം (Purpose). ഓരോ ആളിൻ്റെ ജീവിതത്തിനും ഓരോ ഉദ്ദേശ്യ ലക്ഷ്യമുണ്ട് എന്നതാണ് ഈയൊരു ചിന്തയുടെ അടിസ്ഥാന പരികല്പന. മീച്ചിക്കൊ കുമാനൊ എന്ന ജാപ്പനീസ് മനശ്ശാസ്ത്ര ചിന്തകൻ്റേതാണ് ഈ സങ്കല്പനം.


ജീവിതം സാർത്ഥകമാകുന്നത് അഥവാ പൂർണ്ണമാകുന്നത് ഇങ്ങനെയാണ് എന്ന ഒരാളിൻ്റെ ബോധ്യത്തെയോ ഉൾവിളിയെയോ ആണ് ഇത് ആശ്രയിക്കുന്നത്.


ഒരാളിൻ്റെ ഇഷ്ടങ്ങളും മൂല്യങ്ങളും വിശ്വാസങ്ങളും വിനോദങ്ങളും വ്യക്തിത്വവും സമ്മേളിക്കുന്ന ഭൂമികയിലാവും ഒരാളിൻ്റെ ജീവിത സംതൃപ്തി നിലകൊള്ളുന്നത്. ആ ഒരിടം കണ്ടെത്തുക എന്നതാണ് പ്രധാനം. അവിടെയാണ് പലരും പലപ്പോഴും ഇടറിപ്പോവുക. ഗ്രീക്ക് ഭാഷയിലെ രണ്ട് പദങ്ങളെയാണ് അതിനായി അദ്ദേഹം അവിടെ ഉപയോഗപ്പെടുത്തുന്നത്. ഹെഡോണിയ - യൂഡമോണിയ എന്നിവയാണ് ആ പദങ്ങൾ. ഹെഡോണിയ എന്നാൽ നൈമിഷിക സുഖങ്ങൾ /രസങ്ങൾ; യൂഡമോണിയ എന്നാൽ സ്ഥായിയായ സംതൃപ്തികൾ. തൻ്റെ ഇഷ്ടം എന്നത് ഹെഡോണിയയാണോ യൂഡമോണിയയാണോ എന്ന് വ്യവഛേദിച്ചറിയാൻ കുറച്ചുകൂടി എളുപ്പമാണ്.


ഈകിഗായിലേക്കെത്താൻ നാല് ദിശകളിൽ നിന്ന് നാല് മാനദണ്ഡങ്ങൾ ഉപയോഗിക്കാനാണ് മിച്ചിക്കോ നിർദ്ദേശിക്കുന്നത്. നിങ്ങൾ അത് ഇഷ്ടപ്പെടുന്നു എന്നതിനാണ് ഏറ്റവും പ്രാമുഖ്യം. അത് ചെയ്യുന്നതിൽ നിങ്ങൾക്ക് ഒരു പ്രത്യേക നൈപുണ്യമുണ്ട് എന്നതാണ് അടുത്തത്. ലോകത്തിന് അതാവശ്യമുണ്ട് എന്നതാണ് അടുത്ത ഏകകം. നിങ്ങൾക്കതിന് പണം കിട്ടും എന്നതാണ് നാലാമത്തെ മാനദണ്ഡം.

പണമല്ല, സംതൃപ്തിയാണ് മുഖ്യം എന്നോർക്കുക.


ഇന്ന് ചെറുപ്പക്കാരിൽ പലരും ഈകിഗായിയെക്കുറിച്ച് കേട്ടാലും കേട്ടില്ലെങ്കിലും ആ വഴിക്ക് തന്നെയാണ് പോകുന്നത്. ഏറ്റവും പണമുണ്ടാക്കാൻ കഴിയുന്ന മേഖലകൾ തെരഞ്ഞെടുക്കാൻ ഒരുകാലത്ത് മാതാപിതാക്കൾ പരിധിവിട്ടും നിർബന്ധിച്ചിരുന്നു. ഇന്ന് മാതാപിതാക്കളും മാറിയിരിക്കുന്നു. വ്യക്തിവാദത്തിൻ്റെ ഒരു സത്ഫലമാണിത് എന്ന് സമ്മതിക്കണം.


സമൂഹം ഈ വഴിക്ക് ചിന്തിക്കാനും ജീവിക്കാനുമൊക്കെ തുടങ്ങുന്നത് ഇപ്പോൾ മാത്രമാണെങ്കിലും, പണ്ടേക്കുപണ്ടേ ഈകിഗായ് കണ്ടെത്തിയിരുന്ന ഒരു വിഭാഗമുണ്ട് ലോകത്തിൽ - സമർപ്പിത ജീവിതം തെരഞ്ഞെടുത്തവർ!

(നേരെ തിരിച്ച് ചിന്തിക്കാനാണ് മിക്കവർക്കും താല്പര്യമെങ്കിലും!)


Recent Posts

bottom of page