top of page

തിടുക്കം

Jun 6, 2017

4 min read

ഫാ. ബോബി ജോസ് കട്ടിക്കാട്

family

കഴിഞ്ഞ പെസഹാ പുലരിയില്‍ ഓര്‍മ്മിച്ചത്, മാധവിക്കുട്ടിയുടെ നെയ്പായസമെന്ന കഥയാണ്. ചൂണ്ടക്കൊളുത്തില്‍  പെട്ടപോലെയപ്പോളുള്ളം..... ഭാര്യയുടെ സംസ്ക്കാരത്തിനുശേഷം അയാളും മക്കളും വീട്ടിലേക്കെത്തുകയാണ്. മക്കള്‍ക്ക് വിശക്കുന്നുണ്ട്. അയാള്‍ക്ക് എന്തു തുടങ്ങണ മെന്നോ, എവിടെത്തുടങ്ങണമെന്നോ കാര്യമായ നിശ്ചയമില്ല. അടുക്കളയിലെന്തോ തയ്യാറാക്കി മൂടിവച്ചിട്ടാണ്  പോയിരിക്കുന്നത്. നെയ്പായസ മാണ്. കുട്ടികള്‍ക്ക് വിളമ്പിക്കൊടുക്കുന്നു. മക്കള്‍ പറയുന്നു: അമ്മ എന്തു വെച്ചാലും എന്തൊരു രുചിയാണ്....

അതായിരുന്നു അവള്‍ ഈ മണ്ണില്‍ അനുവര്‍ത്തിച്ച അവസാനത്തെ കര്‍മ്മം. പെസഹ ഒരാള്‍ വിളമ്പിയ നെയ്പായസത്തിന്‍റെ കഥയാണ്. വളരെ കുറച്ചു നേരമേയുള്ളൂ എന്ന് ഉള്ളില്‍ പതിഞ്ഞവര്‍ അസാധാരണമായ തിടുക്കത്തിലാണ്. ക്രിസ്തു വിന്‍റെ കാര്യത്തില്‍ അത് പതിനെട്ടു മണിക്കൂറിന്‍റെ കടശ്ശികളിയായിരുന്നു.

അല്ല, തിരക്കല്ല, തിടുക്കം. തിരക്ക് ബാഹ്യമായ ചില തിക്കുമുട്ടലുകളും ആകുലതകളും ആണെന്നു തോന്നുന്നു. രണ്ടാമത്തേത് കുറെക്കൂടി ആന്തരിക അടരുകളുള്ള ഒന്ന്... സുവിശേഷം ആരംഭിക്കു മ്പോള്‍ത്തന്നെ ആ പദവുമായി നാം പരിചയപ്പെ ടുന്നുണ്ട്. മേരി തിടുക്കത്തില്‍ എലിസബത്തിന്‍റെ അടുക്കലേക്ക് പോവുകയാണ്... പെസഹാ ആചരിക്കപ്പെടുന്നത് അത്തരം ഒരു പരിസരത്തില്‍ നിന്നാണ്. അരമുറുക്കി, കാലില്‍ ചെരുപ്പും കൈയില്‍ വടിയുമൊക്കെയായിട്ടാണ് അവന്‍റെ ദേശക്കാര്‍ ആ അത്താഴം ഭക്ഷിച്ചിരുന്നത്.  യാത്രയാണ്, വിശ്രമിക്കാന്‍ നേരമില്ലായെന്ന ശരീരഭാഷയാണത്.

നല്ലൊരു പുസ്തകം സമ്മാനമായി കിട്ടി - വിജയ് ഈശ്വറിന്‍റെ, TWO MINUTES FROM THE ABYSS . ഒരു ഹിമാലയന്‍ കാര്‍ റാലിക്കിടയില്‍ ഒരു ശിഖയുടെ വക്കില്‍ ധ്യാനപൂര്‍വ്വമിരിക്കുന്ന ഒരു യോഗി. അപകടകരമായ അതിനെക്കുറിച്ച് ആശങ്കപ്പെട്ട എഴുത്തുകാരനോട് ആരാണ് പ്രാണന്‍റെ ഈ വക്കിലല്ലാത്തത് എന്ന മറുചോദ്യം കൊണ്ടാണ് യോഗി അതിനെ നേരിട്ടത് - പരമാവധി രണ്ട് മിനിറ്റ് അകലം! ഒരാള്‍ പതിക്കാന്‍ പോകുന്ന ആഴങ്ങള്‍ രണ്ടേ രണ്ടു നിമിഷങ്ങളുടെ അകലം മാത്രമാണെന്ന് തിരിച്ചറിയുന്നയാള്‍ ഒരു മിന്നല്‍ പിണറിലെന്ന പോലെ കാര്യങ്ങളെ കുറെക്കൂടി  വ്യക്തമായി കണ്ടെന്നിരിക്കും....കലയും രോഗവും തമ്മിലുള്ള ചില കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ചുള്ള പഠനങ്ങളിലൊക്കെ രോഗം ഏതൊക്കെയോ രീതികളില്‍ പ്രതിഭയെ ഉദ്ദീപിപ്പിക്കുന്നതായി കാണാം. ലോകസാഹിത്യം മുഴുവന്‍ രോഗാതുരമായ മാനസികാവസ്ഥയില്‍ ജീവിച്ചവരുടെയും, മരണത്തെ മുഖാമുഖം കണ്ട് ഉഴറിപ്പോയവരുടെയും ആത്മഹത്യ ചെയ്തവരു ടെയും, അക്ഷരങ്ങളിലൂടെ ഉന്മാദം ജനിപ്പിച്ചവരു ടെയും ജീവിതം ചിതറിക്കിടക്കുന്നു. കീറ്റ്സ് ഷെല്ലി, ബൈറണ്‍... ചങ്ങമ്പുഴ എല്ലാവരും 'രോഗത്തിന്‍റെ പൂക്കള്‍' സൃഷ്ടിച്ചവര്‍. ചങ്ങമ്പുഴയുടെ ക്ഷയരോഗം 'കളിത്തോഴി' പ്രവചിച്ചിരുന്നുവെന്ന് കെ. പി. അപ്പന്‍ പറയുന്നുണ്ട്...

സൂസന്‍ സൊന്‍റാഗ് തന്‍റെ മരണഭയത്തെ നേരിട്ടത് അതിനെ ബുദ്ധിപരമായി നിരീക്ഷിച്ചതിലൂടെയാണ്. രോഗം ഒരു രൂപകമെന്ന നിലയിലുള്ള അവരുടെ എഴുത്ത് ശ്രദ്ധേയമാണ്. രോഗം പ്രതിഭയെ ഋജുവായി സ്വാധീനിക്കുന്നുവെന്ന് കരുതുന്നതിനെ ക്കാള്‍ ഒരാസന്ന മരണത്തിന്‍റെ അവബോധം അവരുടെ അലസഗമനങ്ങള്‍ക്ക് വേഗം നല്‍കിയെന്ന് കരുതുന്നതാവും നല്ലത്. അല്പായുസ്സായിരു ന്നെങ്കിലും ഒരായുസ്സിന്‍റെ മുഴുവന്‍ ജോലിയും ചങ്ങമ്പുഴ ചെയ്തിരുന്നുവെന്ന് പറയുന്നത് അതുകൊണ്ടാണ്.

ആഫ്രിക്കന്‍ കാടുകളെ ആസ്പദമാക്കി പറയുന്നത് പോലെ പുലരിയില്‍ ഉണര്‍ന്നെണീക്കുന്ന ഒരു മാന്‍പേട തനിക്ക് പിന്നാലെ പായുന്ന ഏറ്റവും വേഗതയുള്ള വേട്ടമൃഗത്തെക്കാള്‍ വേഗത്തിലോ ടേണ്ട ബാദ്ധ്യതയുണ്ടെന്ന്  സ്വയം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ആ ദിനമാരംഭിക്കുന്നത്. കാടിന്‍റെ മറ്റേതോ ഇടത്തില്‍ ഒരു മാനെക്കാള്‍ വേഗത്തിലോ ടിയില്ലെങ്കില്‍ താന്‍ പട്ടിണി കിടന്നു ചാകുമെന്നോ ര്‍ത്ത് ഒരു സിംഹവും പുലരിയിലേക്ക് ഉണരുന്നുണ്ട്! ഒരാള്‍ക്കും അലസതയെന്ന ആഡംബരം സാദ്ധ്യമല്ലെന്ന് സാരം! നില്ക്കുന്നിടത്ത് നിലനി ല്‍ക്കണമെങ്കില്‍ ഓടിക്കൊണ്ടിരിക്കണമെന്ന്.... കഥകളൊക്കെ പരിഹസിക്കുന്നത് സമയമെന്ന മിഥ്യാബോധത്തിനു മീതെയുള്ള തീര്‍പ്പുകളെ യാണ്. അടിയന്തിരമായൊരു ഘട്ടത്തില്‍ തന്‍റെ ശ്രദ്ധയ്ക്ക് വേണ്ടി യാചിച്ച ഒരു സ്ത്രീയെ നാളെ വരൂ എന്നു പറഞ്ഞു യുധിഷ്ഠിരന്‍ പറഞ്ഞയ യ്ക്കുമ്പോള്‍ ഭീമന്‍ ഊറി ചിരിക്കുന്നുണ്ട്. ചിരിയില്‍ മറഞ്ഞിരിക്കുന്ന പരിഹാസത്തിന്‍റെ കാരണം അയാള്‍ വിശദമാക്കുന്നുണ്ട്. ജ്യേഷ്ഠന്‍ എത്ര വലിയ ഒരാളാണ്, സ്വന്തമായുസ്സിനെക്കുറിച്ചൊക്കെ എന്തൊരു നിശ്ചയമാണ്. ഓരോരോ ആവശ്യ ങ്ങള്‍ക്ക് വേണ്ടി ഓരോരോ ഇടങ്ങള്‍ കയറിത്തുട ങ്ങിയവര്‍ക്കറിയാം, അവര്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള പദമതായിരിക്കും, നാളെ....

യേശു ഇതു തിരിച്ചറിയുന്നുണ്ട്. ത്രികാലങ്ങളെ ഒറ്റ ബിന്ദുവില്‍ സന്നിവേശിപ്പിക്കുന്ന സുകൃതമാണീ തിടുക്കം. ഒരു തിരിഞ്ഞു നോട്ടമുണ്ട്, അതിലാണ് ഇങ്ങനെയൊക്കെ പറയാന്‍ ധൈര്യമുണ്ടാവുന്നത്; അപ്പാ, എന്നെ ഏല്‍പ്പിച്ച ഒരാളെയും ഞാന്‍ വിട്ടുകളഞ്ഞിട്ടില്ല. മദ്ധ്യവേനലവധിക്ക് സ്ക്കൂള്‍ പൂട്ടുമ്പോള്‍ എന്നെ ഏല്‍പ്പിച്ച നാല്‍പ്പതു കുട്ടികളില്‍ ഒരാളെപ്പോലും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല എന്നു പറഞ്ഞ് മിഴി നിറയുന്ന ഒരദ്ധ്യാപികയെ നിനവില്‍ വന്നാല്‍, പിന്നെ അതിനെ പല തവണ പെരുക്കിയാല്‍ നിങ്ങള്‍ക്കൊരു പക്ഷേ, ആ മരപ്പണിക്കാരനെ പിടുത്തം കിട്ടിയേക്കും... വര്‍ത്തമാനം പ്രസാദവരപൂര്‍ണ്ണമാകുന്നു. ഭാവി ഒരു റോഡ് മാപ്പിലെന്നപോലെ വ്യക്തമായി തെളിഞ്ഞു വരുന്നു...

എന്നെ അയച്ചവന്‍റെ പ്രവൃത്തികള്‍ പകലായിരി ക്കുവോളം ഞാന്‍ ചെയ്യേണ്ടിയിരിക്കുന്നു. ആര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്ത രാത്രി വരുന്നുയെന്ന യേശു മൊഴികളില്‍ തെളിഞ്ഞോ മറഞ്ഞോ ഒരു ചടുല താളമുണ്ട്. ഞങ്ങളുടെ ദിവസങ്ങളെ എണ്ണാന്‍ പഠിപ്പിക്കേണമെ എന്ന സങ്കീര്‍ത്തനവും മറ്റെന്താണ് പാടാന്‍ ശ്രമിക്കുന്നത്.

സമയം ഒരാഡംബരമായി പരിണമിച്ചതിന്‍റെ ദുര്യോഗമാണ് ചുറ്റിനും. അച്ഛന്‍ മരിച്ചതിനുശേഷം,പറഞ്ഞു തിട്ടപ്പെടുത്താത്ത സ്വത്തിനുമീതെ മക്കള്‍ ഏര്‍പ്പെടുന്ന തര്‍ക്കങ്ങള്‍ തൊട്ട്, അതേതു ദൂരവും നീളാം. പരീക്ഷയ്ക്ക് ലഭിക്കുന്ന മൂന്നു മണിക്കൂറിന്‍റെ കഥ തന്നെയാണ് ജീവിതം. ചിത്രത്തെക്കാള്‍ ഭംഗിയുള്ള അക്ഷരങ്ങളൊക്കെയായി അലസമധുര മായി നീങ്ങുമ്പോള്‍ എല്ലാ ഉത്തരങ്ങളും അവസാനി പ്പിക്കേണ്ട മണി മുഴങ്ങുന്നു. സമയമായി എന്നയറിവ് ഒരാളുടെ  കാഴ്ചപ്പാടിന് കൊടുക്കുന്ന, വല്ലാത്തൊരു രൂപാന്തരീകരണമുണ്ട് പാര്‍ക്കിന്‍സണ്‍ നിയമത്തിന്‍റെ ചുരുക്കമാണിത്. ഒരു തമാശപ്പടത്തിനപ്പുറ മുള്ളയൊന്നായി "ആനവാല്‍ മോതിര'മെന്ന ചിത്രം ഓര്‍മ്മിക്കപ്പെടുന്നത് അങ്ങനെയാണ്. അന്നേ വരെ ജീവഭയം കൊണ്ടൊഴിഞ്ഞു മാറിയ ഇടങ്ങളിലേക്ക് ഒരു ബലിമൃഗത്തിന്‍റെ നിര്‍മ്മമതയോടെയും, നിശ്ചയത്തോടെയും കടന്നു ചെല്ലുന്ന, ഒരിക്കല്‍ ഭീരുവായി ഗണിക്കപ്പെട്ടിരുന്ന ആ പോലീസ് ഓഫീസറുടെ കഥ.

അത്തരമൊരന്തി വെളിച്ചത്തില്‍ ചിരപരിചിതമെന്നു കരുതിയ സാധാരണ അനുഭവങ്ങള്‍ക്കും, ചെറിയ മനുഷ്യരെന്ന് പരിഗണിച്ചിരുന്നവര്‍ക്കും അസാധാരണ അഴകും, ആഴവുമുണ്ടെന്ന് നമുക്ക് താനേ ബോദ്ധ്യപ്പെടുന്നത്. ഇതൊടുവിലത്തെ അത്താഴമാ ണെന്നറിഞ്ഞൊരാള്‍ക്ക് ഇത്രയും നാള്‍ തന്നെ ഊട്ടിയ ആ സ്ത്രീയെ ചേര്‍ത്ത് പിടിച്ച്, നന്ദിയെന്ന് നിശ്ശബ്ദമായി മന്ത്രിച്ചേ പറ്റൂ... ആരുടെയൊക്കെ വിണ്ടുകീറിയ കാല്‍പ്പാടുകളെയാണിനി ചുംബിക്കാനുള്ളതെന്ന് സ്വന്തം മനസ്സിനോട് ആരാഞ്ഞേ പറ്റൂ. ആരെയും മിത്രമേയെന്ന് വിളിക്കാനേയാവൂ... 'ഇനി മുതല്‍ ഞാന്‍ നിങ്ങളെ ശിഷ്യരെന്ന് വിളിക്കില്ല - സ്നേഹിതരെന്നു മാത്രം. ഒരു തിടുക്കത്തില്‍ ഓരോ കോശത്തിനും ജ്ഞാനസ്നാനമുണ്ടാകുന്നു.

എന്താണ് താന്‍ അവശേഷിപ്പിച്ചിട്ടുപോകേണ്ട ഓര്‍മ്മയെന്ന് അയാള്‍ക്ക് വ്യക്തതയുണ്ടാകുന്നു. താന്‍ ദീര്‍ഘകാലമായി കരുതുകയും, ശേഖരിക്കുകയും ചെയ്ത കാര്യങ്ങളുടെ കേവലമൂല്യത്തെക്കുറിച്ച് അയാള്‍ക്ക് ഇപ്പോള്‍ ധാരണയുണ്ട്. തന്നെത്തന്നെ നല്‍കുകയെന്ന കുലീന ധര്‍മ്മത്തിലേക്ക് അയാള്‍ അങ്ങനെയാണ് ഉയരുന്നതും, ഉണരുന്നതും. അപ്പവും, വീഞ്ഞുമായി ഓരോ  മേശയിലും നിങ്ങള്‍ എന്നെ രുചിക്കുമെന്ന് പറയാനുള്ള ആത്മവിശ്വാസമങ്ങനെയാണയാള്‍ക്ക് കരഗതമാകുന്നത്.

 ആയുസ്സിന്‍റെ ദൈര്‍ഘ്യംകൊണ്ട് ആരുടെയും ജീവിതമീ വാഴ്വില്‍ മഹനീയമായിട്ടൊന്നുമില്ല. ഡാര്‍വിന്‍ കണ്ട ഗാലാപ്പോ ഗ്യാസ് എന്ന ദ്വീപിലെ ആമകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ ഘ്യമെന്ന് കരുതപ്പെടുന്നു. അതുകൊണ്ടെന്താണ്. ഇരുന്നൂറു വര്‍ഷത്തിലേറെ ജീവിക്കുന്ന അവ ഒരു കൈവിരലില്‍ എണ്ണിത്തീര്‍ക്കാവുന്ന ദിനങ്ങളുള്ള ചിത്രശലഭങ്ങളെക്കാള്‍ ഭേദപ്പെട്ട എന്തെങ്കിലും അടയാളപ്പെടുത്തുന്നുണ്ടോ? പൊലിഞ്ഞു പോകുമെന്ന് ഉറപ്പുണ്ടായിട്ടും വിളക്കിലേക്കെത്തുന്ന അഗ്നിശലഭങ്ങളെക്കാള്‍ തീക്ഷ്ണമായ ഓര്‍മ്മകള്‍ അവ അവശേഷിപ്പിക്കുന്നുണ്ടോ? സൈനികരെ 'ചിത്രശലഭങ്ങളെന്ന്' വിളിച്ചത് ഒ.എന്‍.വിയാണ്. ജീവിക്കുന്ന വര്‍ഷങ്ങളെക്കാള്‍ വര്‍ഷിച്ച ജീവിതമാണ് പ്രധാനമല്ലേ?

Little things are beautiful  എന്ന കവിത പഴയ പാഠപുസ്തകത്തിലുണ്ടായിരുന്നു. മിന്നല്‍ പിണറി നെയൊക്കെ വാഴ്ത്തിക്കൊണ്ട്. ഒരു നിമിഷാര്‍ദ്ധം പോലും തികച്ചില്ലാത്ത അതിന്‍റെ വെളിച്ചത്തില്‍ പ്രപഞ്ചം മുഴുവന്‍ ഭാസുരമാകുന്നതു കണ്ടില്ലേ,. ബോധോദയത്തിന്‍റെ രൂപകമായി അതിനെ ഉപയോഗിക്കുന്നതു കൊണ്ടാകണം മാഗിയുടെ മരണാനന്തരം അവരുടെ പള്ളിക്കൂടത്തില്‍ വച്ചു നടന്ന ഓര്‍മയില്‍ ആ ചെറിയ പെണ്‍കുട്ടികള്‍ ആ പഴയ പാട്ടെടുത്തു പാടുന്നത്:

"ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ പുഞ്ചിരിക്കുന്നു.ഈറന്‍ മുകില്‍ മാലകളില്‍ ഇന്ദ്രധനുസെ ന്നപോലെ..."

പുഴകളെപ്പോലെയാണ് ഏതൊരു പ്രാണന്‍റെയും പ്രവാഹം. ആരംഭത്തില്‍ പരന്നൊഴുകുകയാ ണതിന്‍റെ രീതി. പിന്നെപ്പിന്നെ അത് ഏകാഗ്രമാ കുന്നു. അതോടുകൂടി അതിന്‍റെ വേഗത കടുക്കുന്നു. ഗംഗോത്രിയില്‍ അലസമായൊഴുകുന്ന ആ പുണ്യനദി ഹുഗ്ലിയായി ഗംഗാഉള്‍ത്തടങ്ങളോട് അടുക്കുമ്പോള്‍.... എത്രയെത്ര അര്‍ത്ഥശൂന്യതകളിലേക്കാണു ജീവിതം ചിതറിയൊഴുകുന്നത്. അര്‍ത്ഥമില്ലാത്ത ഓട്ടങ്ങള്‍ക്കും കഴമ്പില്ലാത്ത മത്സരങ്ങള്‍ക്കും ലോംഗ് വിസിലൂതാന്‍ നേരമായെന്നാണ് ഉള്ളിലാരോ മന്ത്രിക്കുന്നത്. തീപ്പെട്ടിക്കൂടുകളും സിനിമാനോട്ടീസുകളും ശേഖരിച്ചു കേമന്മാരായിക്കൊണ്ടിരുന്ന ആ കുട്ടിക്കാലത്തില്‍നിന്ന് സായന്തനങ്ങളില്‍പ്പോലും മുക്തിയില്ലാതെ നമ്മള്‍. ഏറ്റവും ഉയരമുള്ള സ്തൂപവും ഏറ്റവും ദീര്‍ഘമായ ചുംബനവും ചില കുട്ടിക്കൗതുകങ്ങളുടെ ശമനമാകുമെന്നൊഴിച്ച് ആരെയാണ് സഹായിക്കാന്‍ പോകുന്നത്. ജീവിതത്തിന്‍റെ സാന്ദ്രത നിര്‍ണയിക്കുന്നത് ഒരു ചെറിയ പദമാണ് -Why  - എന്തിന്? എങ്ങനെ ജീവിക്കുന്നു എന്നതു മാത്രമാണു നാം മേനി പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്തിന് എന്ന് ചോദിക്കേണ്ട ബാധ്യതയാണ് ഈ തിടുക്കത്തിന്‍റെ ഊര്‍ജം.

 കിളുന്തൊരു ഓര്‍മ ഈ മദ്ധ്യവയസിലും കൂട്ടുവരുന്നുണ്ട്. പള്ളിക്കൂടത്തിലേക്കുള്ള യാത്ര സംഘംകൂടി മാത്രമായിരുന്ന കാലം. ആരെങ്കിലും ഒരാള്‍ നേരത്തെ പോയിട്ടുണ്ടെങ്കില്‍ ഇനി കാത്തു നില്ക്കേണ്ടതില്ല എന്നോര്‍മിപ്പിക്കുവാന്‍ ഒരിലയോ പൂവോ ഭദ്രമായി വച്ചിട്ട് പോവുക. തിടുക്കത്തില്‍ പോവുന്നവരെല്ലാം എന്തോ ഒരടയാളം കരുതി വയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.  P.S. I love you  എന്ന ചിലച്ചിത്രം ഓര്‍ക്കുക. അയാള്‍ കടന്നു പോയാലും ഓരോ ദിവസവും അവള്‍ക്കു വായിക്കാനായി ഒരു കവിത എഴുതി വയ്ക്കുന്നുണ്ട്. ഓരോ കത്തിന്‍റെ Post Script അതാണ്.  ഞാനെത്ര നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്. എന്തൊക്കെ ഓര്‍മകളുടെ ഇലകളും പൂക്കളുമാണ് നിങ്ങള്‍ ഉറ്റവര്‍ക്കുവേണ്ടി  കരുതിവയ്ക്കുന്നത്. വല്യ വീടൊന്നും ഒരു പരിഹാരമല്ല. ഓരോ കല്ലിലും നിങ്ങളുടെ വിരലടയാളമില്ലേ. അങ്ങനെയാണ് നെയ്പായസ ത്തിനും ആ തളികയില്‍ വച്ചു നീട്ടുന്ന അപ്പത്തിനു മിടയില്‍ ചില വിദൂരബന്ധങ്ങളുണ്ടെന്ന് മനസിനു പിടുത്തം കിട്ടുന്നത്. അമ്മ കാച്ചിവച്ച എണ്ണയിലാണ് ഞാന്‍ കഴിഞ്ഞ ദിവസം വരെ കുളിച്ചതെന്ന് ആ ചെറുപ്പക്കാരന്‍ പറയുമ്പോള്‍ അയാള്‍ കരച്ചിലിന്‍റെ വക്കോളം എത്തിയിരുന്നല്ലോ.......

ഒരു പഴയ സിനിമയൊന്നു കൂടി കണ്ടു നോക്കൂ,Run Lola Run. ലോലയെന്ന സ്ത്രീ ചെറിയ ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത് ജീവിക്കുന്ന തന്‍റെ സ്നേഹിതന്‍റെ പ്രാണന്‍ നില നിര്‍ത്താന്‍ ആവശ്യമുള്ള പണവുമായി ഇരുപത് മിനിറ്റിനുള്ളി ലതെത്തിക്കാനുള്ള ഉത്രാടപാച്ചിലിന്‍റെ കഥയാ ണത്... കടലു കറുത്തു, മാനം കറുത്തു..... കാവല്‍ ക്കാരന്‍ തോണിയില്‍ തട്ടി പറഞ്ഞു, സമയമായി, എന്ന് കടമ്മനിട്ട. അതിനു മുമ്പ് Run Lola Run...

ഫാ. ബോബി ജോസ് കട്ടിക്കാട്

0

0

Featured Posts