top of page
നിങ്ങള്‍ പട്ടിണി കിടന്നിട്ടുണ്ടോ?
എത്ര ദിവസം ?
പട്ടിണി കിടന്നു തളര്‍ന്ന് വീണു പോയ ആരെ എങ്കിലും നേരിട്ടു അറിയാമോ?
ആറാം ക്ലാസ്സിൽ വച്ച് ഒപ്പം ഉണ്ടായിരുന്ന ഒരുവന്‍ തളര്‍ന്ന് വീഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പഠിപ്പിച്ചു കൊണ്ടിരുന്ന ബേബി സര്‍ അവനെ എഴുന്നേല്പിച്ചു ഇരുത്തി ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു രണ്ടു ദിവസം ആയി ഒന്നും കഴിച്ചില്ല. ശനിയും ഞായറും സ്കൂള്‍ അവധി അല്ലേ അത് കൊണ്ട് ഉച്ചകഞ്ഞി കിട്ടിയില്ല. സര്‍ അവന് അന്ന് ഉച്ചകഞ്ഞി നേരത്തേ കൊടുത്തത് ഇപ്പൊഴും ഓര്‍ക്കുന്നു.
ഞാന്‍ പട്ടിണി കിടന്നിട്ടില്ല. അങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല . ചില നേരങ്ങള്‍ ഭക്ഷണം വേണ്ട എന്നു വെച്ചിട്ടുണ്ട് അത് കൊണ്ട് വിശപ്പ് എന്തു എന്നു അറിയാം അത്രേ ഉള്ളൂ. അങ്ങനെ വേണ്ട എന്നു വച്ചിട്ടു വിശപ്പ് സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഭക്ഷണം കഴിച്ചിട്ടുമുണ്ട്. കാരണം അടുക്കളയില്‍ ഭക്ഷണം ഇല്ലാതെ വന്നിട്ടില്ല ഇന്നേ വരെ.
കഴിഞ്ഞ ദിവസം അനൂപ് അച്ചൻ്റെ പള്ളിയില്‍ കുര്‍ബാനയ്ക്ക് ഇടക്ക് ഒരു കുട്ടി തളര്‍ന്ന് വീണു. ആദ്യം ആയിട്ടാണ് അങ്ങനെ ഒന്നു സംഭവിച്ചത്. കുര്‍ബാന കഴിഞ്ഞപ്പോള്‍ അനൂപ് അച്ചന്‍ ചോദിച്ചു:
"എന്നാ പറ്റി?"
ഉത്തരം കിട്ടി: "കഴിച്ചിട്ടു 2 ദിവസം കഴിഞ്ഞു."
കേട്ടപ്പോള്‍ സങ്കടം വന്നു. കൊച്ചിനെ വിളിച്ച് കുറച്ചു ഭക്ഷണം ഒക്കെ കൊടുത്തു പറഞ്ഞു വിട്ടു. പള്ളിയുടെ അടുത്തുള്ള കോളനിയില്‍ ചില പിള്ളേരുടെയും അവസ്ഥ ഇത് തന്നെ. എന്താ ചെയ്ക .
കയ്യില്‍ ഉള്ളതില്‍ കുറച്ചു മാറ്റി വച്ചും ചിലരോടു ഒക്കെ ചോദിച്ചും ഒക്കെ കിട്ടിയതെല്ലാം ചേര്‍ത്ത് വച്ച് അച്ചന്‍ ഒരു സൂപ്പ് കിച്ചന്‍ തുടങ്ങി. ആഴ്ചയില്‍ 3 ദിവസം നാല്പതു കുട്ടികള്‍ക്ക് ഉച്ചക്കത്തെ ഫുഡ്, സൂപ്പ് കിച്ചനില്‍ നിന്നും. നമ്മളെ കൊണ്ട് താങ്ങാന്‍ പറ്റുന്ന പോലെ മാത്രം. ഒരു വീട്ടില്‍ നിന്നും ഒരു കുട്ടിക്ക് മാത്രം.
ആദ്യ ദിവസം ഉച്ച ഭക്ഷണം കൊടുത്തപ്പോള്‍ ചില കുട്ടികള്‍ കഴിക്കുന്നില്ല അതും പിടിച്ച് നില്ക്കുന്നു. അനൂപ് ചോദിച്ചു: "എന്നാ പറ്റി?" കഴിക്കാത്തവര്‍ ഒന്നും മിണ്ടാതെ നിന്നു. നിര്‍ബന്ധിച്ചപ്പോള്‍ മറുപടി ഇങ്ങനെ. അനിയത്തി പുറത്തു നില്‍പ്പുണ്ട് പകുതി ഞാന്‍ അവള്‍ക്കും കൊടുത്തോട്ടെ.
സൂപ്പ് കിച്ചന്‍ തുടങ്ങിയപ്പോള്‍ അച്ചന്‍ ഇങ്ങനെ വിചാരിച്ചു, എല്ലാര്‍ക്കും കൊടുക്കാന്‍ പറ്റില്ല അതുകൊണ്ടു കിട്ടുന്നവര്‍ വയര്‍ നിറയെ ഇവിടെ ഇരുന്നു കഴിക്കട്ടെ. പക്ഷേ അനുജത്തിയുടെ വയര്‍ നിറയാതെ എങ്ങനെ എൻ്റെ വയര്‍ നിറയും എന്നു പറഞ്ഞു നില്‍ക്കുന്ന ചേട്ടനോട് എന്തു പറയാന്‍. നിയമം മാറ്റി 40 കുട്ടികള്‍ക്ക് മാത്ര മേ ഉച്ച ഊണ് കൊടുക്കാന്‍ കഴിയൂ. പക്ഷേ അവര്‍ക്ക് അത് പുറത്തു കൊണ്ട് പോയി കഴിക്കാം. അങ്ങനെ ചേട്ടന്‍ അനുജത്തിക്കും ചേച്ചിഅനിയന്‍ മാര്‍ക്കും ഒക്കെ ആയി കിട്ടിയതു വീതിച്ചു കൊടുക്കുന്ന കാഴ്ച ആഴ്ചയിൽ 3 ദിവസം കാണാം. ആഴ്ചയിൽ 3 ദിവസവും ഒരു 60 കുട്ടികളോളം ഉച്ച ഭക്ഷണം കഴിക്കുന്നുണ്ട്.
നിങ്ങള്‍ വല്ലതും കഴിച്ചോ?