

എന്താണ് വിനയം എന്നതിനെക്കുറിച്ച് പലർക്കും ധാരണക്കുറവുണ്ടെന്ന് തോന്നിയിട്ടുണ്ട്. എന്താണ് വിനയം? സത്യമാണ് വിനയം. നാമൊക്കെ ആരാണ് എന്നത് സത്യസന്ധമായി അംഗീകരിക്കലാണ് വിനയം. നമ്മുടെ ഓരോരുത്തരുടെയും ഏകതാനത; ദൈവ തിരുമുമ്പാകെയുള്ള മഹത്ത്വം; ഈ മഹാപ്രപഞ്ചത്തിലെ സ്നേഹപ്രവാഹത്തിൽ നിന്ന് അടർത്തി മാറ്റാനാവാത്തവിധം പ്രപഞ്ചനാഥൻ സന്നിവേശിപ്പിച്ച സത്ത - അതാണ് നാം. അതേസമയം, മറുവശത്ത് ഒരു മൺകുരുപ്പ മാത്രമാണ് നാം. ചുരുക്കത്തിൽ നാം നിധിയാണ് -മൺപാത്രത്തിൽ നിക്ഷിപ്തമായ നിധി. രണ്ടു കാര്യങ്ങളും അംഗീകരിക്കുമ്പോൾ നാം വിനയമുള്ളവരായി.
നമ്മിലെ മഹത്ത്വത്തെ ശോഭിതമാക്കാൻ നാം മറ്റുള് ളവരുടെ മഹത്ത്വം കെടുത്തിക്കളയേണ്ടതില്ല. നാം കളിമൺ പാത്രം ആണെന്നംഗീകരിക്കാൻ മറ്റുള്ളവരെല്ലാം സ്വർണ്ണപ്പാത്രങ്ങളാണെന്ന് പറയുകയും വേണ്ടാ.
നാം സ്വയംഭൂവല്ല എന്നംഗീകരിക്കുമ്പോൾ, ഈശ്വരകൃപയാണ് നമ്മിലെ പ്രാണൻ എന്നേറ്റു പറയുമ്പോൾ, മറ്റുള്ളവരിലെ മഹത്ത്വത്തെ അംഗീകരിക്കുമ്പോൾ, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമ്പോൾ, സാധ്യമായ നന്മകൾ സമൂഹത്തിന് ചെയ്യുമ്പോൾ, മറ്റുള്ളവർ നമുക്ക് ചെയ്യുന്ന ഓരോ ചെറു നന്മക്കും കൃതജ്ഞതയുള്ളവരാകുമ്പോൾ, നമ്മിൽനിന്ന് വന്നു പോകുന്ന വീഴ്ചകൾക്ക് ക്ഷമാപണം നടത്തുമ്പോൾ, നമ്മുടെ വിജയങ്ങളിൽ മറ്റനവധിപേരുടെ സംഭാവന കൂടിയുണ്ടെന്ന് തിരിച്ചറിയുമ്പോൾ, അകത്തെയും പുറത്തെയും മാലിന്യങ്ങൾ നീക്കം ചെയ്യുമ്പോൾ, മറ്റുള്ളവരെ ആദരവോടെയും ശ്രേഷ്ഠരായും കാണുമ്പോൾ, കൂട്ടായി ചെയ്യാവുന്ന കാര്യങ്ങളൊക്കെയും പങ്കാളിത്തത്തോടെ ചെയ്യുമ്പോൾ, അംഗീകാരങ്ങൾ പങ്കിട്ടനുഭവിക്കുമ്പോൾ - ഒക്കെ നാം വിനയാന്വിതരാവുന്നു.
പഴങ്ങൾ നിറയുമ്പോൾ മരങ്ങൾ താഴുകയും, ജലാംശം നിറയുമ്പോൾ മേഘങ്ങൾ ഭൂമിയെ നമിക്കുകയുമാണ് എന്ന് കവി പറയുമ്പോൾ, വിനയമറ്റ സമൂഹത്തിനെതിരേയുള്ള ഒരു വിമർശനം കൂടി അതിൽ ഉള്ളടങ്ങിയിട്ടുണ്ടാവണം!





















