

"മരം ചാടി നടന്നൊരു കുരങ്ങൻ
മനുഷ്യൻ്റെ കുപ്പായമണിഞ്ഞു"
പഴയൊരു ചലച്ചിത്രഗാനത്തിലെ വരികളാണ്. മനുഷ്യരുടെ കൺസിസ്റ്റൻസി ഇല്ലായ്മയെയും ധാർമ്മിക ബോധ്യങ്ങളില്ലായ്മയെയും ആയിരിക്കണം പ്രസ്തുത ഗാനത്തിലൂടെ കവി പരിഹസിക്കുന്നത്.
കുരങ്ങന് വാനരൻ എന്നൊരു പര്യായമുണ്ട്, മലയാളത്തിൽ. സത്യത്തിൽ വാലുള്ള നരനാണോ കുരങ്ങ്? ആണെന്ന് ശാസ്ത്രം ഒരിക്കലും പറയ ില്ല.
കുരങ്ങും (monkey) മനുഷ്യക്കുരങ്ങും (ape) തമ്മിൽ എന്താണ് വ്യത്യാസം?
കുരങ്ങിന് വാലുണ്ട് - ആൾക്കുരങ്ങിന് വാലില്ല.
ആൾക്കുരങ്ങ് പലപ്പോഴും രണ്ടുകാലിൽ നടക്കും - കുരങ്ങ് സ്വഭാവേന നാലുകാലിലാണ് നടക്കുക.
ആൾക്കുരങ്ങിന് വളരെ നീണ്ട, ബലിഷ്ഠമായ കൈകളാണുള്ളത് - കുരങ്ങിൻ്റെ കൈകളെക്കാൾ നീളം കാലുകൾക്കായിരിക്കും.
മരത്തിൽ ചാടി നടക്കുകയാണ് കുരങ്ങിൻ്റെ രീതി - മരത്തിൽ കയറിയാൽ പോലും മരത്തിൽ കൈകൾ കൊണ്ട് തൂങ്ങിയാടി നീങ്ങുകയാണ് ആൾക്കുരങ്ങിൻ്റെ രീതി.
അടിസ്ഥാനപരമായി മരത്തിൽനിന്ന് താഴെയിറങ്ങിയവനാണ് ആൾക്കുരങ്ങ്. ശാസ്ത്രീയമായി, കുരങ്ങുകളെക്കാളെല്ലാം ഏറെ വികാസം പ്രാപിച്ച മസ്തിഷ്കമുള്ളവരാണ് ആൾക്കുരങ്ങുകൾ.
ജീവശാസ്ത്രപരമായി പോലും മനുഷ്യരുമായി കുരങ്ങിന് വളരെ വിദൂരമായബന്ധമേയുള്ളൂ. ആൾക്കുരങ്ങുകളെയും മനുഷ്യരെയും മനുഷ്യരുടെ പൂർവ്വികരെയും ഉൾപ്പെടുത്തി ഹോമിനിഡ്സ് (hominids) എന്ന് പറയുമ്പോൾ, മനുഷ്യരെയും അവരുടെ പൂർവ്വികരെയും ഉൾപ്പെടുത്തി ഹോമിനിൻസ് (hominins) എന്നാണ് വിളിക്കുന്നത്. കുരങ്ങുവർഗ്ഗങ്ങളെയും കൂടി ഉൾപ്പെടുത്തി മൊത്തത്തിൽ പ്രൈമേറ്റ്സ് എന്നും.
ആൾക്കുരങ്ങുകളിൽ ഒറാങുട്ടാനുകൾ, ഗൊറില്ലകൾ, ചിമ്പൻസീകൾ, ഗിബ്ബോണുകൾ, മക്കാക്കെകൾ, ബോണൊബോകൾ എന്നിവയെല്ലാം ഉണ്ട്. എന്നിരുന്നാലും ഇവയിൽ ചിമ്പൻസീകളും മനുഷ്യരും മാത്രമാണ് ഒരേ പൂർവ്വിക ജീവിയിൽ നിന്ന് പരിണമിച്ചതായി കണക്കാക്കുന്നത്. (ആനകളും ചുണ്ടെലികളും (Shrews) ബന്ധപ്പെട്ടിരിക്കുന്നതുപോലെ എന്നുപറയാം). അതായത് ചിമ്പുകൾ മനുഷ്യരുടെ അടുത്തുള്ള ശിഖരമാണെങ്കിലും മറ്റുള്ള ആൾക്കുരങ്ങുകൾ എല്ലാം അതിനൊക്കെ വളരെമുമ്പേ വേർപിരിഞ്ഞ് അകന്നുപോയ ജീവശിഖരങ്ങളാണ്.
അതായത് ഇന്ന് ജീവിച്ചിരിക്കുന്ന യാതൊരു ആൾക്കുരങ്ങ് ജാതിയും മനുഷ്യരുടെ പൂർവ്വികരായി ശാസ്ത്രം പരിഗണിക്കുന്നില്ല എന്നതാണ്.
മനുഷ്യർ മനുഷ്യരായതിനു പിന്നിൽ നിവർന്നുള്ള നട ത്തവും തലച്ചോറിൻ്റെ വികാസവും പെരുവിരലിൻ്റെയും ചൂണ്ടുവിരലിൻ്റെയും അഗ്രങ്ങൾ ചേർത്തുപിടിക്കാൻ കഴിഞ്ഞതും ആണ് പ്രധാന നാഴിക്കല്ലുകൾ എന്നാണ് പറയപ്പെടുന്നത്.
ഇവയിൽ തലച്ചോർ മാത്രം എടുത്താൽ, തലച്ചോറിൻ്റെ വലിപ്പത്തിന് ശരീരത്തിൻ്റെ വലിപ്പവുമായുള്ള അനുപാതമാണ് നിർണ്ണായകമായ ഒരു കാര്യം എന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ, തലച്ചോറിൻ്റെ വലിപ്പം മാത്രമല്ല, തലച്ചോറിൻ്റെ ഏതു ഭാഗത്താണ് നാഡികേന്ദ്രീകരണം എന്നതിലാണ് കാര്യം എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. അതു മാത്രമല്ല, എത്രത്തോളം ഊർജ്ജം മസ്തിഷ്കത്തിന് നല്കുന്നു എന്നതു കൂടി പ്രധാനമാണ്. വലിപ്പം കൊണ്ട് 1100-1700 ഘന സെ.മീ. (ശരാശരി 1232 ഗ്രാം) വരുന്ന മനുഷ്യ മസ്തിഷ്കം ശരീരത്തിൻ്റെ 2% വരും. നമ്മുടെ 20% ഊർജവും ഈ 2% ശരീര ഭാഗത്താണ് ചെലവഴിക്കപ്പെടുന്നത്.
ഏഷ്യൻ ആനകളെക്കാൾ ഒരു ടണ്ണിലധികം വലിപ്പമുള്ള ആഫ്രിക്കൻ ആനക്ക് മനുഷ്യരെക്കാൾ 600 ഗ്രാം കൂടുതൽ വലിപ്പമുള്ള തലച്ചോറുണ്ട്. ചിമ്പൻസീകളുടെ മസ്തിഷ്കം മനുഷ്യരുടെ മൂന്നിലൊന്ന് വലിപ്പമേയുള്ളൂ. ഗൊറില്ലകളുടേതും ഒറാങുട്ടാനുകളുടേതും തലച്ചോർ 377 ഗ്രാമാണ്. ചിന്തയുടെ, ബുദ്ധിയുടെ ഒക്കെ മേഖലയായ കോർടെക്സിൽ അവയ്ക്ക് 91 കോടി നാഡികൾ ബന്ധിക്കപ്പെട്ടിരിക്കുമ്പോൾ ആഫ്രിക്കൻ ആനയിൽ 56 കോടി നാഡികളേ ബന്ധിതമായിട്ടുള്ളൂ. മനുഷ്യർക്കാകട്ടെ, ഇത് 163 കോടിയാണ്.
ഇതെങ്ങനെയാണ് മനുഷ്യപരിണാമത്തിൽ ഇത്രയേറെ മസ്തിഷ്ക വലിപ്പവും ഇത്രയേറെ നാഡീകേന്ദ്രീകരണവും സംഭവിച്ചത് എന്ന് ചോദിച്ചാൽ മനുഷ്യർ വയർ ചുരുക്കിയാണ് മസ്തിഷ്കം വ ലുതാക്കിയത് എന്നാണ് പറയുന്നത്. ശരീരത്തിൻ്റെ പേശികളിലേക്ക് നല്കുന്ന ഊർജത്തിൻ്റെ തോത് കുറച്ചിട്ടാണ് തലച്ചോറിലേക്ക് മനുഷ്യർ കൂടുതൽ ഊർജ്ജം നല്കുന്നതത്രേ! അതായത്, എത്രവലിയ മസിൽമാനും അതേ വലിപ്പമുള്ള ഒരു ആൾക്കുരങ്ങിൻ്റെ ശാരീരികക്ഷമത ഉണ്ടാവില്ല.
മനുഷ്യർ തീ ഉണ്ടാക്കാൻ പഠിച്ചതും ഭക്ഷണം പാകം ചെയ്യാൻ ശീലിച്ചതുമാണ് വയർ കുറക്കാനും തല വികസിപ്പിക്കാനും ഇടയാക്കിയത് എന്നും പറയുന്നു!
നാം നമ്മെക്കുറിച്ചു തന്നെ ഇനിയും എത്രയേറെ അറിയാൻ കിടക്കുന്നു!





















