
"ജീവൻ്റെ പൂർണ്ണതയുള്ള മാനവനാണ് ദൈവത്തിൻ്റെ മഹത്ത്വം" എന്നോ മറ്റോ മൊഴിമാറ്റം നടത്താവുന്ന ഒരു ഉദ്ധരണി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദൈവശാസ്ത്രജ്ഞനായ ഇറനേവൂസിൻ്റേതായിട്ട് ഉണ്ട്. പല വിധേനയും അത് വ്യാഖ്യാനിക്കപ്പെടാറുണ്ട്. പ്രസ്തുത വാക്യത്തെ തുടർന്നു വരുന്ന വാക്യമായി ഞാൻ മനസ്സിലാക്കുന്നത്, "ദൈവത്തിൻ്റെ മഹത്ത്വമെന്നത്, സത്യത്തിലും സൗന്ദര്യത്തിലും നന്മയിലും കുളിച്ച മനുഷ്യജീവിയാണ്", എന്നാണ്. ആത്മീയമായ തൻ്റെ പൂർണ്ണ സാധ്യതയെ പുണർന്ന മാനവൻ. തൻ്റെ തോടുപൊട്ടിച്ച് പുറത്തുവന്ന് വന്മരത്ത ിലേക്ക് വളർന്ന വിത്ത്. സ്നേഹിക്കാവുന്നതിൻ്റെ പരമാവധി സ്നേഹിച്ച മനുഷ്യജീവി. ആവിഷ്ക്കരിക്കാവുന്നത്രയും സത്യത്തെ, നന്മയെ, സൗന്ദര്യത്തെ ആവിഷ്കരിച്ച മനുഷ്യജീവി!
സത്യവും സ്നേഹവും സൗന്ദര്യവും ആവിഷ്കരിച്ചതിൻ്റെ പേരിൽ പീഡനങ്ങളുടെ മണിക്കൂർ അവനെത്തേടിയെത്തുമ്പോൾ യേശു ഇതുതന്നെ പറയുന്നുണ്ട്: "ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വപ്പെട്ടിരിക്കുന്നു. അവനിൽ ദൈവവും മഹത്ത്വപ്പെട്ടിരിക്കുന്നു"