ജോര്‍ജ് വലിയപാടത്ത്
Oct 4
ഉള്ളില്‍ സ്നേഹത്തിന്‍റെ ഒരു നിറസംഭരണി (Love Tank) സൂക്ഷിക്കാന്‍ ചിലയാളുകള്‍ക്കു സാധിച്ചേക്കും. എന്നാല്‍ കാലക്രമേണ ഇത് അല്പാല്പമായി ചോര്‍ന്നു പൊയ്ക്കൊണ്ടേയിരിക്കും. എങ്ങനെയായാലും ശരി വലിയ സ്നേഹസംഭരണികള്‍ ഉള്ളില്‍ രൂപപ്പെടുത്താനും അത് എപ്പോഴും നിറച്ചു സൂക്ഷിക്കാനും വിജയകരമായ വഴികളുണ്ട്. സ്നേഹമാണ് ആളുകളെ ചേര്‍ത്തുനിര്‍ത്തുന്നത് എന്ന സത്യമാണ് ഇതിനായി ആദ്യം മനസിലാക്കേണ്ടത്.
ഒരു കുടുംബത്തെ ഒന്നിച്ചു നിര്‍ത്തുന്ന പശപോലെയാണ് സ്നേഹം. എല്ലാവരും തിരയുന്നത് സ്നേഹമാണ്. അത് തിരിച്ചറിയുമ്പോഴും അനുഭവിക്കുമ്പോഴും ഒരു സിമന്‍റ് പോലെ അത് നമ്മെ ചേര്‍ത്തു നിര്‍ത്തുന്നു എന്ന് വളരെ നന്ദിയോടെ നാം മനസിലാക്കുന്നു. കുടുംബമെന്നത് സ്നേഹം കൊണ്ട് രൂപീകരിക്കപ്പെട്ടതും സ്നേഹത്തില്‍ നിലനില്‍ക്കുന്നതുമായ ഒരു സ്ഥാപനമാണ്, ഒരു വ്യവസ്ഥയാണ്. നിങ്ങള്‍ക്ക് ഇതില്‍ നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ എല്ലാ ദിവസവും പ്രിയപ്പെട്ടവരോട് നിന്നെ ഞാന്‍ സ്നേഹിക്കുന്നുണ്ട് എന്ന് പറയുക. ഈ മൂന്നു വാക്കുകള്‍ പറയാന്‍ അത്ര ബുദ്ധിമുട്ടു തോന്നുന്നുണ്ടെങ്കില്‍ ഉള്ളില്‍ അവരോടുള്ള സ്നേഹം നിറഞ്ഞിരിക്കുന്നുവെന്ന് ഏതെങ്കിലും രീതിയില്‍ അറിയിച്ചു കൊടുക്കുക. നിങ്ങളുടെ സ്നേഹസംഭരണികള്‍ പടുത്തുയര്‍ത്താനും നിലനിര്‍ത്താനും ഇത് വളരെ ഫലപ്രദമായൊരു വഴിയാണ്.
ചിലയാളുകള്‍ വളരെ നിഗൂഢവും ശക്തവുമായ സ്നേഹം ഉള്ളില്‍ ഉള്ളവരായിരിക്കും. ഇത് അവര്‍ക്ക് വാക്കുകളിലൂടെ പ്രകടിപ്പിക്കാനായെന്നും വരില്ല. ഈ സ്നേഹം മുഴുവന്‍ വയറിനുള്ളില്‍ സംഭരിച്ചു വച്ചിരിക്കുന്നെന്ന പോലെ പുറത്തേയ്ക്ക് സ്നേഹം പെട്ടെന്നു പൊന്തിവരുന്നവരാണ് മറ്റൊരു കൂട്ടര്‍! ഇവര്‍ക്ക് സ്നേഹപ്രകടനം വളരെ എളുപ്പമാണ്. 'നിന്നെ ഞാന്‍ സ്നേഹിക്കുന്നു' എന്ന് എപ്പോള്‍ വേണമെങ്കിലും പറയാന്‍ ഇവര്‍ക്ക് വളരെ പെട്ടെന്നു സാധിക്കും. നിങ്ങളുടെ ഹൃദയത്തെ സ്നേഹത്താല്‍ നിറച്ചു സൂക്ഷിക്കാന്‍ ഏറ്റവും എളുപ്പവഴി ഇതു പറയുക എന്നതാണ്.
നിങ്ങള്‍ വയറിനുള്ളില്‍ സ്നേഹം സൂക്ഷിച്ചുവച്ചിരിക്കുന്ന തരക്കാരാണെങ്കില്‍, അത് കൂടുതല്‍ പ്രകടമാക്കണമെന്ന് ഉള്ളില്‍ ആഗ്രഹിക്കുന്നെങ്കില്‍ 'ഐ ലൗ യൂ' എന്നത് ഒരു ഔഷധമന്ത്രമായി ഉപയോഗിക്കാന്‍ ശ്രമിക്കൂ. ഇത് ദിവസേനയുള്ള ഒരു ശീലമാക്കി വളര്‍ത്താന്‍ ശ്രദ്ധിക്കു. നിങ്ങളുടെ സ്നേഹസംഭരണി അങ്ങനെ നിറഞ്ഞു കവിയട്ടെ!
സ്നേഹവിഭാഗങ്ങള്‍ ഇത് 3 തരമുണ്ട്
1. തലകൊണ്ടുള്ള സ്നേഹം
2. ഹൃദയത്തില്‍ നിന്നുള്ള സ്നേഹം
3. വയറിനുള്ളില്‍ സൂക്ഷിക്കപ്പെടുന്ന സ്നേഹം.
നിങ്ങള്‍ തലകൊണ്ട് സ്നേഹിക്കുന്നവരാണോ? അതായത് അറിവിന്‍റെ / ധാരണയുടെ തലത്തില്‍. ഇക്കൂട്ടര്‍ മനസ്സിലാണ് സ്നേഹം അനുഭവിക്കുന്നത് 'ഐ ലവ് യൂ' എന്നു പറഞ്ഞാല്‍ അത് അര്‍ത്ഥമാക്കിക്കൊണ്ടു തന്നെയാണു പറയുന്നത്. ഇവര്‍ക്ക് സ്നേഹത്തിന്‍റെ ചിന്തകള്‍ തലയില്‍ നിന്നാണ് കടന്നുവരിക.
ഇനി നിങ്ങളില്‍ ഹൃദയ കേന്ദ്രീകൃതമായി സ്നേഹിക്കുന്നവരാണോ? ഇവിടെ ഹൃദയത്തിന്‍റെ ആഴത്തിലാണ് നിങ്ങള്‍ സ്നേഹം പ്രകടിപ്പിക്കുക. ഇന്ദ്രിയ പ്രാധാന്യമുള്ള ആളുകള്‍ക്ക് ഹൃദയസ്നേഹം സമൃദ്ധമായി ഉണ്ടായിരിക്കും. അവര്‍ക്ക് 'ഐ ലവ് യൂ' എന്ന് പറയാന്‍ ഏറെ എളുപ്പമായിരിക്കും.
വയറിനുള്ളില്‍ സ്നേഹം സംഭരിച്ചിരിക്കുന്നവരാകട്ടെ വളരെ ആഴമേറിയവരും നിഗൂഢതയില്‍നിന്ന് സ്നേഹിക്കുന്നവരുമാണ്. ഇവരുടെ സ്നേഹം വളരെ ശക്തിമത്തായിരിക്കുകയും ചെയ്യും.
എന്നാല്‍ തികച്ചും പരിശുദ്ധവും അനന്യവുമായ സ്നേഹവിഭാഗമെന്നൊന്നില്ല. മേല്‍പ്പറഞ്ഞ മൂന്നു സ്നേഹവിഭാഗങ്ങളുടെയും വിവിധ അളവിലും അനുപാതത്തിലുമുള്ള സംയോജനമാണ് ഓരോരുത്തരിലുമുള്ളത്. ഇത്തരം വൈകാരികവും ജൈവശാസ്ത്രപരവുമായ ഘടകങ്ങളാണ് നാം എങ്ങനെയാണ് സ്നേഹം അനുഭവിക്കുന്നതും പ്രകടിപ്പിക്കുന്നതും എന്ന് തീരുമാനിക്കുന്നത്. എങ്ങനെയുള്ള രീതിയിലാണ് നിങ്ങള്‍ സ്നേഹിക്കുന്നത്? ശ്രദ്ധയോടെ മനസിലാക്കുക - നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ പങ്കാളിയുടെ രീതികളെയും. എന്നിട്ട് സ്വയം അഴിച്ചു പണിയുക. ഇത് നിങ്ങളുടെ പങ്കാളിയുടെ സ്നേഹം കൂടുതല്‍ മനസിലാക്കാനും നിങ്ങളെ സഹായിക്കും.
നിങ്ങളുടെ സ്നേഹസംഭരണി നിറച്ചുകൊണ്ട് നിങ്ങള്‍ക്ക് പങ്കാളിയുടേതും നിറയ്ക്കാം. നേരെ തിരിച്ചും. വളരെ ലളിതമായ, അപ്രധാനമെന്നു തോന്നുന്ന രീതിയിലുള്ള പ്രവൃത്തികള്‍കൊണ്ട് നിങ്ങളുടെ പങ്കാളിയുടെ സ്നേഹസംഭരണി നിറച്ചുകൊള്ളൂ. ഇതിനായി താഴെക്കാണുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക.
ദമ്പതികളെന്ന നിലയില്‍ ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുക.
പങ്കാളിയ്ക്കായി ഓരോരുത്തരും പ്രത്യേകം പ്രാര്‍ത്ഥിക്കുക.
എല്ലാ ദിവസവും, കുറഞ്ഞത് ആഴ്ചയിലൊന്നെങ്കിലും ഒരുമിച്ച് വചനം വായിക്കാന്‍ സമയം കണ്ടെത്തുക.
ഒരുമിച്ച് പള്ളിയില്‍ പോവുകയും ചടങ്ങുകളില്‍ സംബന്ധിക്കുകയും ചെയ്യുക.
ദിവസം ഒരുപ്രാവശ്യം എങ്കിലും ' ഐ ലവ് യൂ ' എന്ന് പങ്കാളിയോട് പറയുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
സ്നേഹത്തിന്‍റെ അപ്രതീക്ഷിത കുറിമാനങ്ങള്‍ നല്‍കുക.
പങ്കാളി എന്തെങ്കിലും സഹായം ആവശ്യപ്പെടുമ്പോള്‍ നിന്‍റെ/ നിങ്ങളുടെ ഇഷ്ടം പോലെ എന്നു പറയാന്‍ ശ്രമിക്കുക.
അപ്രതീക്ഷിതമായ ഒരാലിംഗനം, പ്രണയം നിറഞ്ഞൊരു ചുംബനം ഇവയൊക്കെ ഇടയ്ക്കിടെ പങ്കാളിക്കു നല്കുക.
പരസ്പരം കടന്നുപോകുമ്പോള്‍ സ്വാഭാവികമായ രീതിയില്‍ കണ്ണു ചിമ്മിക്കാട്ടുക, പങ്കാളിയെയും കൂട്ടി പ്രതീക്ഷിക്കാത്ത സമയത്ത് തനിച്ച് എങ്ങോട്ടെങ്കിലും പോവുക.
ഒരുമിച്ച് നടക്കാനിറങ്ങുക.
പഴയ ഫോട്ടോകള്‍ ഒന്നിച്ചിരുന്നു കാണുകയും നിങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള പഴയ ഓര്‍മ്മകളെ പങ്കുവയ്ക്കുകയും ചെയ്യുക.
വെറുതെ അലസമായി ഒന്നിച്ചിരിക്കാന്‍ ഇടയ്ക്ക് ഒരുദിനം കണ്ടെത്തുക.
പരസ്പരം കേള്‍ക്കുക.
എന്തുകൊണ്ടാണ് പങ്കാളിയെ താന്‍ സ്നേഹിക്കുന്നത് എന്നു പറയുക.
തുണികള്‍ മടക്കിവയ്ക്കുക, പങ്കാളിയുടെ ആവശ്യങ്ങള്‍ക്കായി യാത്ര പോവുക, കാര്‍ കഴുകുക, ഇത്തരം പ്രതീക്ഷിക്കാത്ത ചില സമ്മാന പ്രവൃത്തികള്‍ പരസ്പരം ചെയ്തു കൊടുക്കുക.
വിവാഹവാര്‍ഷികം, പിറന്നാള്‍, പങ്കാളിയുടെ മറ്റു പ്രധാന ദിവസങ്ങള്‍ ഇവ ഓര്‍മ്മിക്കുകയും ഒരുമിച്ച് ആഘോഷിക്കുകയും ചെയ്യുക.
മുഖത്തോടു മുഖം കാണുമ്പോള്‍ പരസ്പരം പുഞ്ചിരിക്കുക.
പരസ്പരം കടന്നുപോകുമ്പോള്‍ ഊതിയെറിയുന്ന ഒരു ചുംബനം നല്‍കുക.
കൈകള്‍ ചേര്‍ത്തുപിടിക്കുക.
ഭക്ഷണം ഒരുമിച്ചു തീരുമാനിക്കുകയും പാകം ചെയ്യുകയും ചെയ്യുക.
ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് അറിയാവുന്ന ഭാഷകളിലൊക്കെ പറയുക.