

ഏറെ കൗതുകം തോന്നി അദ്ദേഹത്തിൻ്റെ കഥ കേട്ടപ്പോൾ. അമേരിക്കൻ ആദിമ ഗോത്രജനാണ് അദ്ദേഹം. ചെറുപ്പത്തിൽ നല്ലൊരു ബാസ്ക്കറ്റ് ബോൾ കളിക്കാരനായിരുന്നു. അങ്ങനെ വിദേശങ്ങളിൽ കളിക്കാൻ പോകുന്ന അമേരിക്കൻ ടീമിൽ പ്രവേശനം കിട്ടി. ജപ്പാൻ, ഹോങ്കോങ്, തായ്‌ലൻഡ്, സൗത്ത് കൊറിയ, ഫിലിപ്പീൻസ് എന്നിങ്ങനെ പല ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലും മാസങ്ങൾ നീളുന്ന ഗെയിം പര്യടനമായിരുന്നു. ബിസിനസ് ക്ലാസ്സിൽ യാത്ര, എല്ലായിടത്തും വി.ഐ.പി. പരിചരണം. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം. ഏതു ഭക്ഷണം വേണമെന്ന്, ഏത് ഡ്രിങ്ക്സ് വേണമെന്ന് പറഞ്ഞാൽ മതി: എല്ലാം വിളിപ്പുറത്ത്. കൈനിറയെ കാശും. ഏതാനും മാസം കൊണ്ടുതന്നെ അദ്ദേഹത്തിന് അത്തരം ഒരു ജീവിതം മടുത്തു. കളി രസമുള്ള കാര്യമാണ്. എന്നാൽ, അതിന് ഇത്രമാത്രം സൗകര്യങ്ങളും ആദരവും പരിചരണവും പ്രതിഫലവും അദ്ദേഹത്തിൻ്റെ മനം മടുപ്പിച്ചു. അടുത്ത വർഷവും അദ്ദേഹത്തിന് ക്ഷണം കിട്ടി. 'പോകാൻ താല്പര്യമില്ല' എന്ന് അറിയിച്ചെങ്കിലും ടീമിൽ എണ്ണം തികയ്ക്കണം എന്ന കാരണത്താൽ, പോരണം എന്ന നിർബന്ധത്തിന് വഴങ്ങി. വീണ്ടും പല രാജ്യങ്ങളിലുമായി ബാസ്ക്കറ്റ് ബോൾ ടീമിൻ്റെ അന്തർദ്ദേശീയ പര്യടനത്തിന് പോയി. ഇത്തവണ മാസങ്ങൾ തള്ളിനീക്കാൻ അദ്ദേഹത്തിന് ഏറെ പ്രയാസപ്പെടേണ്ടിവന്നു.
ഇനിയൊരിക്കലും ഇത്തരം ഒരു ടൂറിന് താനില്ല എന്ന് ടൂർണ്ണമെൻ്റ് സംഘാടകരെ അറിയിച്ചു. പിന്നീട് അദ്ദേഹം പോയിട്ടില്ലത്രേ!
ഏതൊരു ജോലിക്കായാലും എങ്ങനെയാണ് മനുഷ്യർക്ക് ഒരു കണക്കുമില്ലാത്ത വിധം പ്രതിഫലം പറ്റാൻ കഴിയുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്? വിലയേറിയ ബ്രാൻ്റഡ്
ഉൽപന്നങ്ങൾ വാങ്ങാനും ആർഭാടപൂർവ്വം ജീവിക്കാനും കഴിയുന്ന സമ്പന്നരെക്കുറിച്ചോർക്കുമ്പോൾ അദ്ദേഹത്തിന് അവരോട് സഹതാപമാണ്. ഇങ്ങനെ മനഃസാക്ഷിയില്ലാതെ ജീവിക്കാൻ മനുഷ്യർക്ക് എങ്ങനെ കഴിയുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ ആശ്ചര്യം!
അതാണ് ഗോത്രജനതയും ഗോത്രമൂല്യങ്ങൾ ഇല്ലാത്ത ജനതയും തമ്മിലു ള്ള വ്യത്യാസം എന്ന് പറയാനാണ് തോന്നിയതെങ്കിലും, പറഞ്ഞില്ല.























