top of page
പ്രൈമറി സ്കൂളില്‍ പഠിച്ചിരുന്ന കാലം മുതല്‍ ഞാനോര്‍ക്കുന്നു, വളരെ അടുപ്പമുണ്ടായിരുന്ന എന്‍റെ സുഹൃത്തുക്കളില്‍ ഏറെപ്പേരും ഹിന്ദുക്കളും മുസ്ലീങ്ങളുമായിരുന്നു. ജനിച്ചു വളര്‍ന്ന നാടിന്‍റെ പ്രത്യേകത കൊണ്ടായിരിക്കാം, അന്നൊന്നും ഒരിക്കലും വ്യക്തി ബന്ധങ്ങളില്‍ ജാതി മത വേര്‍തിരിവ് അശേഷം തോന്നിയിരുന്നില്ല. എത്ര ശ്രമിച്ചിട്ടും അടുത്ത കാലത്തായി മുസ്ലീങ്ങളോടുള്ള എന്‍റെ മനോഭാവത്തിനു വലിയ മാറ്റം വന്നിരിക്കുന്നു എന്നു സമ്മതിക്കാതെവയ്യ. ഇസ്ലാമിനെയും, മുഹമ്മദ് നബിയെയും പറ്റി സെമിനാരി പഠന കാലത്തും അതിനു ശേഷവും ഒരു പക്ഷേ ഒരു ആവറേജ് ഇസ്ലാം വിശ്വാസിയെക്കാള്‍ ആഴത്തില്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പലപ്രാവശ്യം വായിക്കുക മാത്രമല്ല അതിന്‍റെ ആധികാരിക വ്യാഖ്യാനങ്ങളും വായിച്ചു മനസ്സിലാക്കിയിട്ടുമുണ്ട്. അതിനോടൊക്കെ അത്ര ആദരവും തോന്നിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ പാടെ വ്യത്യസ്തമായും, എന്നു മാത്രമല്ല പലപ്പോഴും ഖുര്‍ആനിലെ സന്ദേശങ്ങള്‍ക്കു പാടെ വിപരീതമായും യാതൊരു അടിസ്ഥാനവുമില്ലാതെ, അവരു പഠിപ്പിക്കുന്നതു മാത്രമാണു സത്യമെന്ന് അവകാശപ്പെട്ടു കൊണ്ട് അടുത്ത നാളുകളിലായി ഇസ്ലാം മതപ്രഭാഷകര്‍ അരങ്ങു വാഴുന്ന കാഴ്ച അരോചകമായിത്തീര്‍ന്നിരിക്കുന്നു. അതിനുനേരെ കണ്ണടയ്ക്കാമെന്നു വയ്ക്കുമ്പോഴും ക്രിസ്തീയ വിശ്വാസത്തെ നശിപ്പിച്ചേ തീരൂ എന്നുള്ള മട്ടില്‍ യേശുവിനെയും സുവിശേഷത്തെയും വളരെ വികലമായും അത്ര നിന്ദ്യമായും അവര്‍ അവതരിപ്പിക്കുന്നതു കൂടി കേള്‍ക്കുമ്പോള്‍ സമകാല ഇസ്ലാമിനോട് തികച്ചും അവജ്ഞ തന്നെ തോന്നുന്നുണ്ട്. എല്ലാ സന്മാര്‍ഗ്ഗ ധാര്‍മ്മിക മൂല്യങ്ങളേയും നിശ്ശേഷം തള്ളിക്കൊണ്ട് ലൗജിഹാദും, ലഹരിജിഹാദും പോലെയുള്ള ഏതു വക്രമായ മാര്‍ഗ്ഗത്തിലൂടെയും ക്രൈസ്തവ നശീകരണത്തിനു ഇസ്ലാമിസ്റ്റുകള്‍ തുനിഞ്ഞിറങ്ങുന്നതു കൂടി കാണുമ്പോള്‍ അങ്ങേയറ്റത്തെ അമര്‍ഷവും തോന്നാറുണ്ട്. ഇതിനെല്ലാം ഭരണകൂടത്തിന്‍റെ കലവറയില്ലാത്ത സപ്പോര്‍ട്ടും കൂടെ കിട്ടുന്നതു കാണുമ്പോള്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള അനിവാര്യമായ വിപത്തിനെപ്പറ്റി ആശങ്കയും തോന്നാറുണ്ട്.
യുവവൈദികനായിരുന്ന കാലത്ത് സമ്പാദിച്ച ഒരുപാടു സുഹൃത്തുക്കള്‍ ഇന്നുമെനിക്കുണ്ട്. അവരില്‍ ഒത്തിരിപ്പേരുടെ വിവാഹം ആശീര്‍വ്വദിച്ചതും അവരുടെ മക്കളുടെ മാമ്മോദീസ നടത്തിയതും ആ മക്കളുടെ കല്യാണവും അവരുടെ മക്കളുടെ മാമ്മോദീസയും നടത്തിയതിന്‍റേതുമായ നല്ല ഓര്‍മ്മകള്‍ ഏറെയുണ്ടെങ്കിലും അടങ്ങാത്ത വിങ്ങലായി ഇന്നും ഓര്‍മ്മയില്‍ ഓടിയെത്തുന്ന ചില ദുരനുഭവങ്ങളും ഉറക്കം കെടുത്താറുണ്ട്. മക്കള്‍ക്കു നല്ല നിലയില്‍ വിദ്യാഭ്യാസവും, വിശ്വാസ ജീവിതത്തില്‍ നല്ല മാതൃകയും എല്ലാം നല്‍കി നല്ല ചിട്ടയില്‍ത്തന്നെ അവരെ നെഞ്ചിലേറ്റി വളര്‍ത്തിയ മാതാപിതാക്കള്‍, അവരുടെ പെണ്‍മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ജോലിയും വരുമാനവുമായപ്പോള്‍ നെഞ്ചു പൊട്ടിക്കരയുന്ന മാതാപിതാക്കളെ പുല്ലുപോലെ തള്ളിയിട്ടു മുസ്ലീങ്ങളുടെ കൂടെ ഇറങ്ങിപ്പോകുന്നതു കാണാനിടയായിട്ടുണ്ട്. ഒന്നല്ല പലത്. അവരുടെയൊക്കെ കുടുംബത്തിലെ ഒരു മുതിര്‍ന്ന ഒരംഗത്തിന്‍റെ സ്ഥാനത്ത് എന്നെ കരുതിയിരുന്നതു കൊണ്ട്, സഹായമപേക്ഷിച്ചു വന്ന ആ മാതാപിതാക്കളുടെ നിലവിളി കണ്ട് മാന്യമായി ഇടപെടാന്‍ തുനിഞ്ഞപ്പോള്‍ 'അച്ചന്‍ ആശ്രമം ഭരിച്ചാല്‍മതി' എന്നു പുച്ഛത്തോടെ പറഞ്ഞിട്ട് ആ കുട്ടികള്‍ ഇറങ്ങിപ്പോകുന്നതു കണ്ടപ്പോള്‍ 'മുടിഞ്ഞുപോണെ' എന്ന് മനംനൊന്തു ശപിച്ചുപോയതില്‍ ഇപ്പോഴും കുറ്റബോധം തോന്നുന്നില്ല. പ്രേമത്തില്‍ കുടുക്കി ഇപ്രകാരം വഞ്ചിക്കപ്പെട്ട മക്കളുടെ പല മാതാപിതാക്കളും ഉപദേശം തേടി എന്‍റെയടുത്തുവന്നിട്ടുള്ളതു കൊണ്ട് ലൗ ജിഹാദ് എന്നുള്ളത് വെറും രാഷ്ട്രീയ സൃഷ്ടിയല്ല, സംഘടിതമായ നീക്കം തന്നെയാണ് എന്ന് എനിക്കു സംശയമില്ല. ഇങ്ങനെയുള്ള മാതാപിതാക്കളോടു സഹതപിക്കാനല്ലാതെ മറ്റൊന്നും തന്നെ ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നുള്ളത് ശമിക്കാത്ത വേദനയായി കിടക്കുന്നു.
ഇതൊക്കെ എഴുതിയാല്‍ വായിക്കുന്നവരില്‍ വിദ്വേഷം വളരുമല്ലോ എന്നുകരുതി ഒഴിവാക്കിയിരുന്നതായിരുന്നെങ്കിലും കുറച്ചു നാളുമുമ്പുണ്ടായ ഒരു സംഭവം മനസ്സില്‍നിന്നും മാറാതെ കിടക്കുന്നതുകൊണ്ട് വിദ്വേഷം വളര്‍ത്താനല്ല, ചില കാര്യങ്ങളില്‍ എത്രമാത്രം കരുതലുണ്ടാകണം, പ്രത്യേകിച്ചു മാതാപിതാക്കള്‍ക്ക് എന്ന് എന്‍റെ വായനക്കാര്‍ അറിയേണ്ടതിനാണിത് എന്ന ആമുഖത്തോടെ സംഭവത്തിലേക്ക്.
പ്രസിദ്ധീകരിക്കാനുദ്ദേശിച്ചിരുന്ന ഒരു പുസ്തകത്തിന്‍റെ ലേ ഔട്ടിനും അതിന്‍റെ കവറിന്‍റെ വര്‍ക്കിനുമായി ഒരു കമ്പ്യൂട്ടര്‍ വിദഗ്ധന്‍റെയടുത്ത് മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വന്നു. ഉദ്ദേശിച്ച സമയത്തു പണി തീര്‍ന്നില്ല. എനിക്കു കുഴപ്പമില്ലെങ്കില്‍ രാത്രി ലേറ്റായാലും തീര്‍ത്തു തരാന്‍ അദ്ദേഹം തയ്യാറായിരുന്നതിനാല്‍ ഞാന്‍ അതിനു സമ്മതിച്ചു. എല്ലാം റെഡിയാക്കി കൈയ്യില്‍ കിട്ടിയപ്പോള്‍ വെളുപ്പിന് രണ്ടു മണി. കാറില്‍ കയറിയപ്പോഴാണ് ഈ സമയത്ത് ഇനി എങ്ങോട്ടു പോകും എന്ന ശങ്ക തോന്നിയത്. കാരണം, തിരിച്ച് ആശ്രമത്തിലെത്താന്‍ വഴി മോശമായിരുന്നതു കൊണ്ട് രണ്ടു മണിക്കൂറോളം എടുക്കും. കുറെയേറെ ദൂരം ജനവാസമില്ലാത്ത പ്രദേശം, അസമയം, തനിച്ചാണു താനും. ആ നേരത്ത് വേറൊരിടത്തും ചെന്നു കയറുന്നതും ശരിയല്ലല്ലോ. ലേറ്റായാല്‍ ആ വഴി രാത്രി യാത്രചെയ്യരുത് എന്നു ഞാന്‍ തന്നെ എല്ലാവരോടും പറയുന്നതാണ്. എവിടെയെങ്കിലും സൈഡാക്കി വണ്ടിയിലിരുന്ന് ഉറങ്ങിയാലോ? പെട്ടെന്നു മിന്നലു പോലൊരു ചിന്ത വന്നു. 'നീ തനിച്ചല്ലല്ലോ, തമ്പുരാനില്ലേ കൂടെ?' പിന്നൊന്നും നോക്കിയില്ല. പ്രാര്‍ത്ഥിച്ചു വണ്ടി സ്റ്റാര്‍ട്ടുചെയ്തു, ഭക്തിഗാനം നല്ല വോള്യത്തിലാക്കി, വണ്ടി നീങ്ങി. അല്പം കഴിഞ്ഞപ്പോള്‍ പിന്നെയും ഒരു തോന്നല്‍, ചെകുത്താനും ഇങ്ങനത്തെ ഉപദേശം തരാന്‍ വഴിയില്ലേ? കാലൊന്നയഞ്ഞു, സ്പീഡു കുറഞ്ഞു. യാത്രയില്‍ സ്ഥിരം കൂട്ടിനു വിളിക്കാറുള്ള പുണ്യാത്മാക്കളെയൊക്കെ ഒന്നുകൂടെ വിളിച്ചു പ്രാര്‍ത്ഥിച്ചു. റോഡു ഫ്രീ ആയിരുന്നതു കൊണ്ടു സ്പീഡോമീറ്ററിലേക്കു നോക്കാതെ വിട്ടുപോന്നു.
ഒരൊറ്റവണ്ടിപോലും വഴിയില്‍ കണ്ടില്ല. ഒരു പ്രശ്നവുമില്ലാതെ മുക്കാല്‍ ദൂരവും പിന്നിട്ടു. ആദ്യമുണ്ടായിരുന്ന ഉള്ളിലെ തേങ്ങലൊക്കെ മാറി. ഒരു വളവു തിരിഞ്ഞപ്പോള്‍ കുറെ ദൂരം നേരെയുള്ള റോഡാണ്. ഒരുവശം ആഴമുള്ള കൊക്കയുമാണ്. ഞെട്ടിപ്പോയി, അതാ റോഡിനു നടുവിലൂടെത്തന്നെ ഒരാള്‍ നടന്നു വരുന്നു. ഹെഢ്ലൈറ്റ് ഓഫ് ചെയ്ത് ഓണാക്കി നോക്കി. ഉള്ളതു തന്നെയാണ് ആളു നടന്നു വരുന്നുണ്ട്. സാധാരണയില്‍ കൂടുതല്‍ പൊക്കമുണ്ട്, മാന്യമായ വേഷവുമാണ്. പ്രേതത്തില്‍ വിശ്വാസമില്ലെങ്കിലും, കാലില്‍ കൂടെ എതാണ്ടു പെരുത്തു കയറാനും കൈ വിറയ്ക്കാനും തുടങ്ങി. സാവകാശമായിരുന്നു അയാളുടെ നടത്തം. ഞാന്‍ വണ്ടി തീരെ സ്ലോ ആക്കി. ആളു മാറുന്നില്ല. ഹോണടിച്ചു. അതു കേട്ടു ഞെട്ടിയതു പോലെ പെട്ടെന്നയാള്‍ സൈഡിലേക്കു മാറി. ഒറ്റ ക്കുതിപ്പിന് വണ്ടി അയാളെ മറി കടന്നു. വണ്ടിയെയോ എന്നെയോ നോക്കിയില്ലെങ്കിലും അയാളുടെ മുഖം ഞാന്‍ നന്നായിട്ടു കണ്ടു. ഏതായാലും രക്ഷപെട്ടല്ലോ എന്നോര്‍ത്തു തമ്പുരാനു നന്ദീം പറഞ്ഞ് കുറെ പോന്നു കഴിഞ്ഞപ്പോള്‍ ഒരുചിന്ത. ഏതായാലും ഹോണടിച്ചപ്പോള്‍ അയാള്‍ മാറിയതു കൊണ്ട് പ്രേതവുമല്ല, ഭ്രാന്തനുമല്ല. ഉപദ്രവിക്കാന്‍ അയാളുടെ കൈയ്യില്‍ യാതൊന്നുമില്ലതാനും. ഒന്നു തിരിച്ചുപോയി, വല്ല സഹായവും വേണോന്നു ചോദിച്ചാലോ? നാലു മണിയാകാറായി, നേരം വെളുത്തുവരികയല്ലേ, കൂടുതലു ചിന്തിച്ചില്ല, കൊച്ചു വണ്ടിയായതു കൊണ്ട് അവിടെത്തന്നെയിട്ടു തിരിച്ചു, തിരിച്ചു വിട്ടു. ആളെ കണ്ട സ്ഥലത്തുനിന്നും ഒരു കിലോമീറ്ററോളം പിന്നോട്ടു പോയി നോക്കി. കണ്ടില്ല. തമ്പുരാനെ ആ കൊക്കയിലെങ്ങാനും ചാടിക്കാണുമോ!! പിന്നൊന്നും നോക്കിയില്ല. തിരിച്ചുവിട്ടു. ആശ്രമത്തിലെത്തി. ആശ്രമത്തില്‍ തനിച്ചായിരുന്നതു കൊണ്ട് സംഭവത്തെപ്പറ്റി ആരോടും മിണ്ടാനും പറയാനും ഇല്ലായിരുന്നു. ഉച്ചയായപ്പോള്‍ കുറെ നാളുമുമ്പു ഞാനുണ്ടായിരുന്ന ആശ്രമത്തിനടുത്തുള്ള ഒരു ബിസിനസ്സുകാരനെ വിളിച്ചു.
"ഹലോ, എന്താച്ചാ പതിവില്ലാതെ?"
"പണ്ടു നമ്മളിടപെട്ട ഇദ്ദേഹത്തിന്‍റെ സുഹൃത്ത്, ആ കരിസ്മാറ്റിക് ലീഡറിന്‍റെ ആ പൊക്കക്കാരന്‍ മകനിപ്പോളെങ്ങനെയുണ്ടെന്നറിയാമോ?"
"ഓ, അതൊന്നും പറയണ്ടാ. ആ കുടുംബം തന്നെ അവന്‍ കാരണം തകര്‍ന്നു. വീട്ടീന്നിറങ്ങിപ്പോയാല്‍ യാതൊരു വെളിവുമില്ലാതെ അലയും. അതു കാരണം മുറിയില്‍ പൂട്ടിയിടുകായാണു പതിവ്. കണ്ണു തെറ്റിയാല്‍ ചാടിപ്പോകും. രണ്ടു ദിവസം മുമ്പു ചാടിപ്പോയിട്ട്, ഇന്നലെ രാത്രി കിട്ടിയെന്നു പറയുന്നതു കേട്ടു."
"എവിടുന്നാണ് കിട്ടിയതെന്നറിയാമോ?"
മറുപടികേട്ട് തരിച്ചിരുന്നുപോയി. ഞാന്‍ കണ്ടത് അവനെത്തന്നെയായിരുന്നു. ഞാന്‍ അവനെ കണ്ട സ്ഥലത്തിനു കുറെ താഴെ ഒരു വെയിറ്റിംഗ് ഷെഡില്‍ കിടപ്പുണ്ടായിരുന്നുപോലും!!
"ഇപ്പഴെന്താ പ്രത്യേകിച്ച് അച്ചനവന്‍റെ കാര്യം അന്വേഷിക്കാന്‍ കാരണം?"
"ഓ, ചുമ്മാതിരുന്നപ്പം പണ്ടു നമ്മളവന്‍റെ കാര്യത്തില്‍ ഇടപെട്ടതോര്‍ത്തപ്പോള്‍ ഒന്നു വിളിച്ചെ ന്നേയുള്ളു."
കാര്യം പറയാതെ വിഷയംമാറ്റി.
വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ സംഭവമാണത്. കോളേജും സ്കൂളുകളുമായി കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഒരു സ്ഥലമാണ്. അവിടെയൊരു ജംഗ്ഷനില്‍ സ്വന്തമായ സ്ഥലത്ത് സാമാന്യം വലിയ ഒരു ബേക്കറി ഉടമയാണ് ഞാന്‍ വിളിച്ചു വിവരമന്വേഷിച്ചയാള്‍. പണ്ടു ഞാനവിടെ ഉണ്ടായിരുന്ന കാലത്ത് ഒരു ദിവസം ഇദ്ദേഹം എന്‍റെയടുത്തുവന്ന് ഒരു രഹസ്യ വിവരമറിയിച്ചു. ബേക്കറിയുടെ പുറകില്‍ മറ്റൊരു റോഡാണ്. അതിന്‍റെ സൈഡില്‍ ഒരു മാടക്കടയാണ്. കുട്ടികളൊത്തിരി എത്തുന്ന സ്ഥലമാണത്. ഒരു മുസ്ലീമാണ് കടയുടമ. അവിടെ കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍ രഹസ്യമായി വില്‍ക്കുന്നുണ്ട്. ബേക്കറിയുടെ പിന്നിലെ ജനലിലൂടെ നോക്കിയാല്‍ അതു ശരിക്കും മനസ്സിലാകും. നമ്മുടെ കുട്ടികള്‍ ഒത്തിരിപ്പേര് അവിടെ എത്തുന്നുണ്ട്. എനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നറിയണം. പോലീസില്‍ അറിയിക്കാമെന്നു ഞാന്‍ പറഞ്ഞു. അപ്പോഴാണ് ആളു പറഞ്ഞത്, പോലീസുകാരു തന്നെയാണ് കടക്കാരന് ഇതൊക്കെ എത്തിച്ചു കൊടുക്കുന്നതെന്ന്! പഞ്ചായത്തു മെമ്പറോടു പറയാമെന്നു പറഞ്ഞപ്പോള്‍, അവര്‍ക്കെല്ലാം ഇതറിയാവുന്നതാണെന്ന്!
ഇദ്ദേഹത്തിന്‍റെ അഭിപ്രായം മറ്റൊന്നായിരുന്നു. ഒഫീഷ്യലായിട്ടൊരിടപെടലും ഗുണം ചെയ്യില്ല. അയാള്‍ക്കറിയാവുന്ന നാലഞ്ചു നല്ല കുടുംബങ്ങളിലെ കുട്ടികള്‍ അവിടെ സ്ഥിരം വരുന്നതു കാണുന്നു. അവരുടെ വീട്ടില്‍ വിവരം അറിയിക്കാം, കാരണവന്മാരു വേണ്ടതു ചെയ്യട്ടെ. അങ്ങേരു പറഞ്ഞതില്‍ ഒന്നോ രണ്ടോ വീട്ടുകാരെ മാത്രമെ എനിക്കു പരിചയമുണ്ടായിരുന്നുള്ളു. അയാള്‍ക്ക് ഒരു മോറല്‍സപ്പോര്‍ട്ടിനു ഞാനൊന്നു കൂടെ ചെന്നാല്‍ മതി, എന്നായിരുന്നു അയാളുടെ റിക്വസ്റ്റ്. നല്ലകാര്യത്തിനാണല്ലോ എന്നോര്‍ത്തു സമ്മതിച്ചു. അതില്‍ രണ്ടുപേര് ഹിന്ദുക്കളായിരുന്നു. അവരുടെയടുത്താണ് ആദ്യം പോയത്. കാര്യം പറഞ്ഞപ്പോള്‍ അവര്‍ അതിന്‍റെ ഗൗരവം മനസ്സിലാക്കി നന്ദി പറഞ്ഞാണു വിട്ടത്. പിന്നത്തേത് മൂന്നു കത്തോലിക്കര്‍. ഒരാള്‍ അറിയപ്പെടുന്ന ഒരു കരിസ്മാറ്റിക് ലീഡര്‍. അദ്ദേഹത്തിന്‍റെയടുത്താണ് പിന്നീടു പോയത്. അയാള്‍ പൊട്ടിത്തെറിച്ചു. കരിസ്മാറ്റിക് ലീഡറായ അയാളെ കരിവാരിത്തേക്കാന്‍ കരുതിക്കൂട്ടിയുള്ള പുറപ്പാടാണ്. അയാളുടെ മകന്‍ ഒരിക്കലും അങ്ങനെ ചെയ്യത്തില്ല. അവന്‍ അഭിഷേകമുള്ള കുട്ടിയാണ്. വളരെ പരുഷമായിരുന്നു അയാളുടെ പ്രതികരണം. ഞങ്ങള്‍ കൂടുതല്‍ പറയാതെ ഇറങ്ങിപ്പോന്നു. മറ്റു രണ്ടിടത്തും അതുപോലെ ആയിരിക്കുമോ എന്ന ഭയമുണ്ടായിരുന്നെങ്കിലും അവരു നല്ല രീതിയിലായിരുന്നു ഞങ്ങളു കൊടുത്ത ഇന്‍ഫര്‍മേഷന്‍ സ്വീകരിച്ചത്. ഞങ്ങളു പറഞ്ഞതിനു വില കൊടുത്ത രക്ഷകര്‍ത്താക്കള്‍ വേണ്ട നടപടി സ്വീകരിച്ചു എന്നുമാത്രമല്ല, ചികിത്സ വേണ്ടി വന്ന രണ്ടു കേസുകളില്‍ എന്‍റെ അഭിപ്രായം കണക്കിലെടുക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനകം ആ കരിസ്മാറ്റിക് ലീഡറിന്‍റെ മകന്‍ ലഹരി വില്‍പനയ്ക്ക് പിടിക്കപ്പെട്ടു, അവന്‍റെ പിന്നീടുള്ള സ്ഥിതിയാണ് ഞാന്‍ വഴിയില്‍ കണ്ടത്. വേര്‍തിരിച്ച് ഒരു സമുദായത്തെ ആരോപിക്കുന്നതു ശരിയല്ലെങ്കിലും, ക്രിസ്തീയ വിശ്വാസികളെ വഴി തെറ്റിക്കാന്‍ കരുതിക്കൂട്ടി ലഹരി ജിഹാദ് നടത്തുന്നവര്‍ ഉണ്ട് എന്ന് എനിക്കു കിട്ടിയിട്ടുള്ള കേസുകളില്‍ നിന്നു വ്യക്തമാണ്.
നല്ല കറ തീര്‍ന്ന ഇസ്ലാം വിശ്വാസികളും ഒരുപാടുണ്ട് എന്നു നമുക്കറിയാം. പക്ഷേ ഇങ്ങനെയുള്ള വികല മനസ്സുകളായ ഒരു ന്യൂനപക്ഷം ഇസ്ലാമിസ്റ്റുകള്‍ കാരണം ആ നല്ലവരും കൂടി വെറുക്കപ്പെട്ടവരായിപ്പോകുന്നു എന്നതാണ് ഖേദകരം. മരണംവരെ മറക്കാനാവാത്ത എനിക്കുണ്ടായ ഒരു അനുഭവം ഒരു മുസ്ലീം വനിതയുമായി ബന്ധപ്പെട്ടാണ്. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. പന്ത്രണ്ടു മണിക്കൂറോളമെടുക്കുന്ന ദീര്‍ഘയാത്രയായിരുന്നു. കാറിലായിരുന്നു യാത്ര. ഞാനും എന്‍റെ ബന്ധുക്കളായ രണ്ടു പുരുഷന്മാരും അതില്‍ ഒരാളുടെ ഭാര്യയും, അങ്ങനെ ഞങ്ങളു നാലുപേര്‍. വെളുപ്പിന് മൂന്നുമണി സമയം, ഡ്രൈവുചെയ്തിരുന്നയാള്‍ ഉറങ്ങിപ്പോയി, കാറു റോഡിനു പുറത്തു ചാടി ഒരു മരത്തില്‍ ചെന്ന് ഇടിച്ചു നിന്നു. മുസ്ലീങ്ങള്‍ മാത്രമുള്ള നാട്. സ്വരം കേട്ട് രണ്ടു മൂന്നു പുരുഷന്മാര് ഓടി വന്നു. ദൈവാനുഗ്രഹത്തിന്, എനിക്കൊഴികെ മറ്റു മൂന്നുപേര്‍ക്കും പരുക്കൊന്നും പറ്റിയിരുന്നില്ല. നഞ്ചിടിച്ചു മുന്നോട്ടു വീണതിനാല്‍ എനിക്കു നല്ല ശ്വാസ തടസമുണ്ടായിരുന്നു. ഞങ്ങളെവിടുന്നാണെന്നും ആരാണെന്നുമൊക്കെ ഓടി വന്നവരോടു പറഞ്ഞു.
"ങ്ള് ഒന്നും ഭയപ്പെടണ്ടാന്ന്, വണ്ടിയും വണ്ടിയുലുള്ളതുമൊക്കെ ഞമ്മളു സുരക്ഷിതമായി സൂക്ഷിച്ചുകൊള്ളാം, എത്രയും വേഗം ങ്ങ്ള് ആശുപത്രിയില്‍ പോകാന്‍ നോക്ക്."
"ഇവിടെയെങ്ങാനും ഒരു ടാക്സിയോ വല്ലതും കിട്ടാനുണ്ടോ?"
"ങ്ള് വെഷമിക്കാതിരി, ഇപ്പോ വണ്ടിവരും."
ഞങ്ങളു കാര്യം മനസ്സിലാക്കാതെ കണ്ണില്‍കണ്ണില്‍ നോക്കി. അപ്പോള്‍ എവിടെ നിന്നോ ഒരു വണ്ടിയുടെ ഹെഡ്ലൈറ്റ് കണ്ടു സ്വരവുംകേട്ടു. ഞങ്ങളുടെ തൊട്ടടുത്തു വന്നു വണ്ടി നിര്‍ത്തി. ഒരു ബൊലേറോ ജീപ്പ്.
"വേഗം കയറിക്കൊള്ളൂ."
സ്വരംകേട്ടപ്പോള്‍ ശരിക്കുംഞെട്ടി. സ്ത്രീശബ്ദം. തട്ടമിട്ട ഒരു കൊച്ചു സ്ത്രീ. ഞങ്ങളുനാലും കയറിയ ഉടനെ വണ്ടി വിട്ടു.
"അവരെ ആരെയെങ്കിലും കയറ്റണ്ടെ?" ഞാനാണതു ചോദിച്ചത്.
"ഓ.."
അക്ഷരംമിണ്ടാതെ എങ്ങോട്ടാണു പോകുന്നതെന്നറിയാതെ ഒറ്റയ്ക്ക് ഒരു യുവതി ഓടിക്കുന്ന ജീപ്പില്‍ ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ മരവിച്ചിരുന്നു. ഇരുപതു മിനിറ്റു കഴിഞ്ഞപ്പോള്‍ ഒരാശുപത്രിയിലെത്തി. അവരു തന്നെ ക്യാഷ്വാല്‍റ്റിയിലെത്തി കാര്യം പറഞ്ഞു. എക്സ്റേ സ്റ്റാഫില്ല, ഡോക്ടറെ വിളിച്ചാല്‍ വരാന്‍ അരമണിക്കൂറെടുക്കും. അവര്‍ തിരിച്ചു ഡ്രൈവിംങ് സീറ്റിലെത്തി.
"കയറിക്കൊള്ളൂ"
കണ്ണുമടച്ചനുസരിച്ചു. എങ്ങോട്ടാണെന്നു ചോദിച്ചില്ല. അരമണിക്കൂറോളം ഓടി. ചെന്നുനിന്നത് ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍. അവരു തന്നെ ഇറങ്ങി ഫോര്‍മാലിറ്റീസ് ഒക്കെ ചെയ്തു. ഞങ്ങളു നാലുപേരെയും ക്യാഷ്വാല്‍റ്റിയില്‍ കിടത്തി, ടെസ്റ്റുകളും എക്സ്റേയുമൊക്കെ എടുത്തു. ഏതാണ്ട് എല്ലാമൊന്ന് സമാധാനമായപ്പോള്‍ ഞങ്ങളെ അവിടെയെത്തിച്ച ആ ദൈവദൂതനെ ഞങ്ങളന്വേഷിച്ചു, കണ്ടില്ല. അപ്പോള്‍ നേഴ്സ്മാരാണ് പറഞ്ഞത്:
"ആര്‍ക്കും കാര്യമായ കുഴപ്പമൊന്നുമില്ലെന്നറിഞ്ഞപ്പോള്‍ അവരു തിരക്കുണ്ടെന്നു പറഞ്ഞു പോയി."
അവര് ആരാണെന്നു ചോദിച്ചപ്പോള്‍ ആ നേഴ്സ്മാര്‍ക്കും അവരെ പരിചയമില്ലെന്നു പറഞ്ഞു. നേരം അഞ്ചുമണിയായിരുന്നു. നേരം വെളുത്തു ഡിസ്ചാര്‍ജ് ചെയ്തുകഴിഞ്ഞു അപകടസ്ഥലത്തുചെന്ന് അന്വേഷിച്ചപ്പോഴും അവര് എവിടെയോ പോയിരിക്കുകയാണ് വൈകിയെ വരികയുള്ളു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരുവാക്കുപോലും അവരോടു മിണ്ടാന്‍ പറ്റിയില്ല. അപകടം പറ്റി പത്തു മിനിറ്റിനുള്ളില്‍ വണ്ടിയുമായി, അതും ബൊലേറോയുമായി ഒറ്റയ്ക്ക് എത്താനും, യാതൊരു ഭയവുമില്ലാതെ അപരിചിതരായ ഞങ്ങളെ ആശുപത്രിയിലെത്തിക്കാനും കാണിച്ച ആ ധീരത! ഒരു ക്രിസ്ത്യാനിപ്പെണ്ണും കാണിക്കും എന്ന് എനിക്കുതോന്നുന്നില്ല!! ഒരു യഥാര്‍ത്ഥ മുസ്ലീം വനിത!