top of page

ഹോഷാന!

Apr 13

3 min read

ബോബി ജ��ോസ് കട്ടിക്കാട്
Hosana

ദരിദ്രരും കുഞ്ഞുങ്ങളും മരിച്ചില്ലകളുമായി അവന്‍റെ വഴികളിലേക്ക് താനെ ഒഴുകിയെത്തിയതായിരുന്നു. ഹീബ്രു പദങ്ങളായ yasha (രക്ഷിക്കുക), anna (അര്‍ത്ഥിക്കുക) എന്നിവ ചേര്‍ന്നാണ് ആ പദം - ഹോഷാന. മുങ്ങിത്തുടങ്ങിയവരുടെ കരച്ചിലാണത്. ഒരു നിമിഷാര്‍ദ്ധം പോലും ഇനി കാത്തിരിക്കാനാവില്ല. Save us Lord, now എന്നാണ് ധ്വനി.


തങ്ങളുടെ വസ്ത്രങ്ങള്‍ അവന്‍റെ പ്രദക്ഷിണ വഴികളില്‍ അവര്‍ വിരിച്ചു. അവരുടെ ആത്മസമര്‍പ്പണത്തിന്‍റെ ഭാഗമായിരുന്നു അത്. രാജാക്കന്മാരുടെ പുസ്തകത്തില്‍, യേശുവിനെ രാജാവായി പ്രഖ്യാപിക്കുമ്പോള്‍ ആള്‍ക്കൂട്ടം പടികളില്‍ മേലങ്കി വിരിക്കുന്നതായി കാണുന്നു. പാവപ്പെട്ട മനുഷ്യരുടെ അക്കാലങ്ങളിലെ പണയവസ്തു അവരുടെ വസ്ത്രമായിരുന്നു. ചുരുക്കത്തില്‍, തങ്ങളെത്തന്നെ ശിഷ്ടകാലം ആ കാല്പാദങ്ങളില്‍ അര്‍പ്പിക്കുന്നതിന്‍റെ സൂചനയാണത്. കഴുതപ്പുറത്തുള്ള വരവൊക്കെ പ്രവചന മൊഴികളിലുണ്ട്, സക്കറിയായില്‍. പനയോലകള്‍ സങ്കീര്‍ത്തനങ്ങളില്‍ നിന്നാണ് ഉലഞ്ഞെത്തുന്നത്. അവര്‍ പോലുമറിയാതെ കുറേ സാധുമനുഷ്യര്‍ പ്രവചനങ്ങളുടെ പൂര്‍ണിമയില്‍ പങ്കാളികളാവുകയായിരുന്നു.


ഒരു രക്ഷകനെ ആവശ്യമുണ്ട്. അപക്വതകള്‍ക്ക് വലിയ കപ്പം കൊടുക്കേണ്ടിവന്ന ഒരു ആതുരകാലത്തിലാണ് രക്ഷകനെന്ന പദത്തിന് ഇത്രയും മുഴക്കം അനുഭവപ്പെട്ടത്. പലപ്പോഴും ചതുപ്പില്‍ പെട്ടുപോകുന്ന ജീവിതം. പുറത്തു കടക്കുന്നുവെന്ന് നമ്മള്‍ തെറ്റിദ്ധരിക്കുകയാണ്. ഓരോ ശ്രമവും കൂടുതല്‍ അപകടകരമായ ആഴങ്ങളാകുന്നു. വരമ്പത്ത്, വക്കോളം കനിവോടെ ഒരാള്‍ ഉണ്ടായിരിക്കുകയാണ് പ്രധാനം. പ്രഭോ, അങ്ങേ കരം നീട്ടണമേ!

അധരവ്യായാമങ്ങള്‍ കേട്ട്, കുട്ടികളുടെ കഥപ്പുസ്തകങ്ങളിലെന്നപോലെ, മാന്ത്രികവടിയുമായി ഒരാള്‍ പറന്നെത്തുമെന്ന തെറ്റിദ്ധാരണയിലൊന്നുമല്ല ഇത്. വെറും പദങ്ങള്‍ക്ക് ഒന്നിനേയും രക്ഷിക്കാനാവില്ല. മഹാകാവ്യങ്ങളൊന്നും എഴുതാതെ മഹാകവിയായ ഒരാള്‍, 1924 ജനുവരി 16 -ന് പല്ലനയാറ്റില്‍ മുങ്ങിമരിച്ചപ്പോള്‍ ആ ഡബിള്‍ ഡെക്കര്‍ ബോട്ടിനു മീതെ എഴുതി വച്ചിരുന്ന പദം മലയാളി മറന്നിട്ടുണ്ടാവില്ല - Redeemer- രക്ഷകനെന്നാണ്. ഈ ദേശത്തിലെ ഒരു കറുത്ത ഫലിതമായി, തീരാത്ത ഖേദമായി അതങ്ങനെ ഓര്‍മ്മിക്കപ്പെടും.


'യേശു രക്ഷകന്‍' എന്നൊക്കെ പറയുമ്പോള്‍, അവന്‍ ആചരിച്ചിരുന്ന ജീവിതാഭിമുഖ്യങ്ങളും കടന്നുപോയ പോരാട്ടങ്ങളും കീഴ്പ്പെടുത്തിയ പ്രലോഭനങ്ങളും ഉപേക്ഷിച്ച മമതകളും അവനെത്തിയ ശുദ്ധസ്നേഹബോധങ്ങളും എന്‍റെ രക്ഷയുടെ മാര്‍ഗമാകുമെന്നാണ് സാരം. അങ്ങനെയാണ് പിന്നീട്, ഇന്ന് വിവേചനധ്വനികളുണ്ടെങ്കിലും, 'മാര്‍ഗവാസികള്‍' എന്നൊരു പേര് അവനിലേക്ക് അര്‍പ്പിച്ചവര്‍ക്ക് കാലം ചാര്‍ത്തിക്കൊടുത്തത്.


രക്ഷകന്‍ എന്ന സങ്കല്പം മനുഷ്യന്‍റെ വര്‍ത്തമാനാവസ്ഥയിലും സജീവമായി നിലനില്‍ക്കപ്പെടുന്നു. അരങ്ങിലെ ഗോദോയുടെ കാത്തിരിപ്പ് ഉദ്വേഗത്തോടു കൂടിയാണ് ഏതു കാലവും കണ്ടിട്ടുള്ളത്. എല്ലാവരും കാത്തിരിക്കുകയാണ്.


വാനമേഘങ്ങളില്‍ നിന്ന് നൂലില്‍ കെട്ടി വരുന്ന ഒന്നാണ് രക്ഷകന്‍ എന്ന വിചാരം ഇനി സഹായിക്കില്ല. പല കാരണങ്ങള്‍ കൊണ്ട് മുങ്ങിപ്പോയേക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന വീടിന്‍റെ രക്ഷകന്‍, ഒരു പക്ഷേ, തൊട്ടിലില്‍ ഉറങ്ങുന്ന നിങ്ങളുടെ കുഞ്ഞായിരിക്കാം. അപ്രതീക്ഷിതമായി ജീവിതത്തിലേക്കു വന്ന ഒരു ആത്മമിത്രമായിരിക്കാം മറ്റൊരാളുടെ രക്ഷകന്‍. ഒത്തിരി രക്ഷകരുടെ കഥകള്‍ കൊണ്ട് സജീവമാണ് ഈ കാലം. ത്രിസന്ധ്യ വീഴുമ്പോള്‍ പകല്‍നക്ഷത്രങ്ങള്‍ തെളിയുന്നതുപോലെ നഭസില്‍ അവരുടെ പേരുകള്‍ തെളിയുന്നു. ഹോഷാന!



പെസഹാ


മടങ്ങിപ്പോകുന്നതിനു മുന്‍പ് ആ മരപ്പണിക്കാരന്‍ അനുവര്‍ത്തിച്ച അവസാനകര്‍മ്മങ്ങളിലൊന്ന് ഇതായിരുന്നു; അവരുടെ പൊടി പുരണ്ട വിണ്ടു കീറിയ കാല്പാദങ്ങളെ കഴുകി ചുംബിക്കുക. എളുപ്പമല്ല ഒരാളുടെ കാല്പാദങ്ങളെ തൊടുക.

യേശുവിനറിയാം, ആ അത്താഴമേശയ്ക്കരികെ ഒരാള്‍ തനിക്കെതിരെ ഹൃദയം കഠിനമാക്കി എത്തിയിട്ടുണ്ടെന്ന്. യേശു എല്ലാം മാറ്റിവച്ച് അവന്‍റെ പാദത്തെയും തൊടുന്നു.


സ്വര്‍ഗമെന്തിനാണ് എന്‍റെ വിണ്ടുകീറിയ പാദങ്ങളെ തൊട്ടത്? ഉത്തരം ഒന്നേയുള്ളു, അകന്നകന്നു പോകുന്ന സ്നേഹത്തിന്‍റെ കണ്ണികള്‍ ഓരോ നിമിഷവും നിന്നെ പൊള്ളിക്കണം. അവ തിരികെ വിളക്കിച്ചേര്‍ക്കണം.