top of page

തൃപ്പാദക്ഷാളനം

Apr 15

2 min read

ജോര്‍ജ് വലിയപാടത്ത്

പെസഹാക്ക് ആറു ദിവസം മുമ്പ് ബഥാനിയായിലേക്ക് യേശു വന്നു. അവനെ കുടുംബ സുഹൃത്തായി സ്വീകരിച്ചിട്ടുള്ള അതേ കുടുംബമാണ് അവനും ശിഷ്യർക്കും ആതിഥ്യമരുളുന്നത്.

സുവിശേഷകനായ യോഹന്നാന്റെ കാഴ്ചപ്പാടിൽ ഏഴ് അടയാളങ്ങളാണ് അവൻ പ്രവർത്തിച്ചിട്ടുള്ളത്. കാനായിലെ വിവാഹ വിരുന്നിൽ വെള്ളം വീഞ്ഞാക്കിയതാണ് അവയിൽ ഒന്നാമത്തേത്. രാജസേവകന്റെ മകനെ 25 മൈൽ അകലെ നിന്നുകൊണ്ട് സുഖപ്പെടുത്തിയതായിരുന്നു രണ്ടാമത്തേത്. ബെത്‌സെഥാ കുളക്കടവിൽ 38 സംവത്സരമായി തളർന്നുകിടക്കുകയായിരുന്ന ആളെ സുഖപ്പെടുത്തിയതായിരുന്നു മൂന്നാമത്തെ അടയാളം. അഞ്ചപ്പം കൊണ്ട് അയ്യായിരത്തിലധികം മനുഷ്യരെ തീറ്റി വിശപ്പാറ്റിയതായിരുന്നു നാലാമത്തേത്. ക്ഷോഭിച്ച കടലിന് മുകളിൽ കൂടി നടന്നതായിരുന്നു അഞ്ചാമത്തെ അടയാളം. ജന്മനാ അന്ധനായിരുന്ന ആൾക്ക് കാഴ്ച നൽകിയതായിരുന്നു ആറാമത്തേത്. മരിച്ച് അടക്കപ്പെട്ടിരുന്ന ലാസറിനെ മരണത്തിന്റെ നാലാം നാൾ ഉയർപ്പിച്ചതായിരുന്നു ഏഴാമത്തെ അടയാളം.


പൊതുവേ പറഞ്ഞാൽ അപ്പസ്തോലന്മാരായി അവൻ തെരഞ്ഞെടുത്ത 12 പേരും ഈ ഏഴ് അടയാളങ്ങളും കണ്ടിട്ടുള്ളതാണ്. ഇതിൽ ഏഴാമത്തെ അടയാളം ആയിരുന്ന മരിച്ചതിൻ്റെ നാലാംനാൾ പുനരുത്ഥാനം സ്വീകരിച്ച ലാസറിന്റെയും അവൻ്റെ സഹോദരിമാരുടെയും ഭവനത്തിലേക്കാണ് യേശുവും ശിഷ്യന്മാരും എത്തുന്നത്.


അവർ അവനുവേണ്ടി ഒരുക്കുന്നത് മിക്കവാറും ഒരു നന്ദിപ്രകാശന വിരുന്നാണ്. മരിച്ചവനായിരുന്ന ലാസർ ആണ് ആതിഥേയൻ. പാചകങ്ങൾ മിക്കതും മർത്തായുടേത് ആയിരുന്നിരിക്കണം. ഒരുക്കങ്ങളിൽ മറിയം മർത്തായെ സഹായിച്ചിരുന്നിരിക്കണം.

എന്നാൽ, മറിയം എപ്പോഴും വ്യത്യസ്തയാണ്. അവൾ രംഗത്തുള്ളപ്പോഴെല്ലാം അവൾ തന്നെയായിമാറും നായിക. ആദ്യം നാം അവളെ കാണുമ്പോൾ അവൾ ഗുരുവിന്റെ പാദത്തിനരികിൽ ഇരുന്ന് അവൻ്റെ വചസ്സുകൾ കേൾക്കുകയായിരുന്നു. അപ്പോൾ മർത്തായാണ് അവളെ കുറ്റപ്പെടുത്തുന്നത്. അവൾ അടുക്കളയിൽ തന്നെ സഹായിക്കുന്നില്ല എന്നതായിരുന്നു അവളുടെ പരിദേവനം.

ആതിഥ്യം അതിഥിയെ ആദരിക്കാനുള്ളതാണ്. ആതിഥ്യത്തിന് പല പ്രകാരങ്ങൾ ഉണ്ട്. ദൈവരാജ്യം ഭക്ഷണവും പാനീയവും അല്ലാത്തതിനാൽ, അത് എന്താണെന്ന് മനസ്സിലാക്കലാണ് കൂടുതൽ ശ്രേഷ്ഠമായ അതിഥി സൽക്കാരം.


ഇത്തവണ അവൾ തൻ്റെ വിലയേറിയ സമ്പാദ്യമായിരുന്ന ഒരു ഭരണി നാർദ്ദീൻ സുഗന്ധ തൈലവുമായി കടന്നുവരുന്നു. അവൾ അതുകൊണ്ട് ഗുരുവിന്റെ പാദങ്ങൾ അഭിഷേകം ചെയ്യുന്നു. ചെറിയ അളവിലൊന്നുമല്ല പരിമളതൈലമുള്ളത്. ഒരു ലിറ്റർ ഉണ്ടത്രേ! അവൾ ഗുരുവിന്റെ പാദങ്ങൾ കഴുകുകയാണ്. അതും, വിലയേറിയ നാർദ്ദീൻ പരിമളതൈലംകൊണ്ട്. തൻ്റെ സഹോദരൻ്റെ ജീവൻ തിരിച്ചു നൽകിയതിലുള്ള കൃതജ്ഞത മാത്രമായിരുന്നില്ല അത്. പാദത്തിങ്കൽ ഇരുന്ന് ദൈവരാജ്യത്തിന്റെ പ്രബോധനം കേട്ട അവൾ തൻ്റെ ശിഷ്യത്വത്തിൻ്റെ സമ്പൂർണ്ണ സമർപ്പണം നടത്തുകയാണവിടെ. "തൈലത്തിന്റെ പരിമളം കൊണ്ട് ഭവനം നിറഞ്ഞു" എന്നാണ് യോഹന്നാന്റെ സാക്ഷ്യം.


ഇത്തവണ അവളുടെ സഹോദരി മർത്താ അല്ല അവളെ കുറ്റപ്പെടുത്തുന്നത്. യേശുവിന്റെ ശിഷ്യനും സംഘത്തിന്റെ സാമ്പത്തികകാര്യ പരികർമ്മിയുമായിരുന്ന യൂദാസ് ആണ് അത് ചെയ്യുന്നത്. എന്തിന് ഈ പാഴ്ച്ചെലവ് ? "എന്തുകൊണ്ട് ഈ തൈലം 300 ദെനാറക്ക് വിറ്റ് പാവങ്ങൾക്ക് കൊടുത്തില്ല?" എന്നാണ് അയാൾ കുറ്റപ്പെടുത്തി ചോദിക്കുന്നത്. ശരിയാണ്. മുന്നൂറ് ദെനാറ എന്നാൽ ഒരു വർഷം മുഴുവൻ അധ്യാനിച്ചാൽ ഉണ്ടാക്കാവുന്ന സമ്പത്താണ്. അയാൾ അങ്ങനെ ചോദിക്കുന്നതിന് അയാൾക്ക് ഒരു കാരണം പറയാനുണ്ടാവും. "ആദ്യം പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. പിന്നെ വന്ന് എന്നെ അനുഗമിക്കുക" എന്നതായിരുന്നുവല്ലോ ശിഷ്യത്വത്തിന്റെ മുൻവ്യവസ്ഥയായി ഗുരു പ്രസ്താവിച്ചിരുന്നത്, എന്നയാൾ പറയാതെ സൂചിപ്പിക്കുന്നുണ്ടാവാം. അങ്ങനെ, ഗുരുവിൻ്റെ തൃപ്പാദം പരിമളതൈലത്താൽ കഴുകി വണങ്ങുന്ന മറിയത്തെ മാത്രമല്ല, അതിന് അവളെ അനുവദിക്കുന്ന ഗുരുവിനെക്കൂടിയാണ് അയാൾ വിമർശിക്കുന്നത്.

ഇത്തവണയും യേശു അവളെ നായികയാക്കി മാറ്റുകയാണ്. കഴിഞ്ഞ തവണ, "മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു" എന്ന് പ്രഖ്യാപിച്ച യേശു, ഇത്തവണയും അവളെ ചേർത്തുനിർത്തുന്നു. "അവളെ തടയേണ്ടാ. എന്റെ ശവസംസ്കാര ദിനത്തിനായി ഇത് ചെയ്തുവെന്ന് അവൾ കരുതിക്കൊള്ളട്ടെ." എന്നുപറഞ്ഞ് അവൻ അവളുടെ പ്രവൃത്തിയെ ശ്ലാഘിക്കുന്നു.

"ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ട്. ഞാൻ എപ്പോഴും നിങ്ങളോടൊത്ത് ഉണ്ടായിരിക്കുകയില്ല" എന്നുപറഞ്ഞുകൊണ്ട് യൂദാസിന് അവൻ നിരൂപിച്ചുകൊണ്ടിരിക്കുന്ന പ്രവൃത്തിയെക്കുറിച്ച് ഒരു വീണ്ടുവിചാരത്തിന് അവസരം കൊടുക്കുന്നുണ്ട്, യേശു.


ആകെ അല്പനേരംമാത്രം അവൻ്റെ പാദത്തിങ്കലിരുന്ന് അവൻ്റെ വചസ്സുകൾ കേട്ടിട്ടുള്ള, മുഖ്യമായ ഏഴ് അടയാളങ്ങളിൽ ഒന്നുമാത്രം ദർശിച്ചിട്ടുള്ള മറിയം, പൂർണ്ണ വിശ്വാസത്തോടെ സമ്പൂർണ്ണ സമർപ്പണം നടത്തുമ്പോൾ, അടയാളങ്ങളേഴും ദർശിച്ചിട്ടും, പ്രബോധനങ്ങളത്രയും കേട്ടിട്ടും യൂദാസ് അവിശ്വാസിയും ദ്വിമുഖനും കള്ളനുമായി തുടരുന്നു! തന്നെത്തന്നെ ഉപേക്ഷിക്കുന്നതിനും സമർപ്പിക്കുന്നതിനും പകരം, അയാൾ മറ്റുള്ളവരുടേതുകൂടി കവരുകയും സമർപ്പണം നടത്തുന്നവരിൽ കുറ്റം കണ്ടെത്തുകയും ചെയ്യുന്നു!


എന്തെല്ലാം ദുര്യോഗങ്ങളാണ് മനുഷ്യർ ഇങ്ങനെ തങ്ങൾക്കുതന്നെ വരുത്തിവയ്ക്കുന്നത്!

Apr 15

ജോര്‍ജ് വലിയപാടത്ത്

0

174

Cover images.jpg

Recent Posts

bottom of page