

ക്രിസ്തീയ സന്ന്യാസജീവിതത്തെക്കുറിച്ച് പലർക്കും എത്രകണ്ട് പോസിറ്റീവായ കാഴ്ചപ്പാടും നിലപാടുമാണ് ഉള്ളത് എന്നറിയില്ല. അത് നെഗറ്റീവോ പോസിറ്റീവോ ആകട്ടെ, ക്രിസ്തീയ സന്ന്യാസത്തിൽ കാണുന്ന ചില കാര്യങ്ങൾ ആധുനിക കുടുംബ ജീവിതത്തിന് ചില മാതൃകകൾ പ്രദാനം ചെയ്യുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. ഞാനീപ്പറയുന്ന കാര്യങ്ങൾ എല്ലാ സന്ന്യാസ ആശ്രമത്തിലും മഠത്തിലും ഒരുപോലാവില്ല എന്നത് തീർച്ചയാണ്. അപവാദങ്ങൾ ഏറെ ഉണ്ടാകും എന്നതും സമ്മതിക്കുന്നു.
ഒന്നാമതായി, ക്രൈസ്തവ സന്ന്യാസത്തിൽ (സ്പെഷലൈസ്ഡ് ശു ശ്രൂഷാ മേഖലകൾ മാത്രമുള്ള സമൂഹങ്ങളിലൊഴികേ) പൊതുവേ ഓരോ ആളിൻ്റെയും സ്വാഭാവിക അഭിരുചികളെ വികസിപ്പിക്കാൻ സമൂഹ നേതൃത്വം പ്രോത്സാഹനം നല്കാറുണ്ട്. അധ്യാപനം, വൈദ്യ ശുശ്രൂഷ, ആതുര ശുശ്രൂഷ, ജീവകാരുണ്യ ശുശ്രൂഷ, അക്കൗണ്ടിങ്, അഭിഭാഷകത്വം, കലാ പ്രവർത്തനം, എഞ്ചിനീറിങ്, കൗൺസിലിങ്, മാധ്യമ പ്രേഷിതത്വം, സാമൂഹിക പ്രവർത്തനം, ജനസംഘാടനം, അഡ്മിനിസ്ട്രേഷൻ, വൈദിക ശുശ്രൂഷ എന്നിങ്ങനെ താല്പര്യവും ആഭിമുഖ്യവുമുള്ള മേഖലകളിലേക്ക് ഒരാളുടെ കഴിവുകളെ വികസിപ്പിക്കുകയും, അങ്ങനെ ഒരാളിൻ്റെ വ്യക്തിപരവും പ്രവൃത്തിപരവുമായ പൂർണ്ണതയെ പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്നത് കാണാറില്ലേ?
കമ്മ്യൂണിക്കേഷന് സന്ന്യാസ സമൂഹങ്ങളിൽ വലിയ പ്രാധാന്യവും അതിന് നിരവധി ഉപായങ്ങളുണ്ട്. പല മേഖലകളിൽ പ്രവ ർത്തിക്കുന്നവരാണ് സമൂഹാംഗങ്ങൾ എങ്കിൽ പോലും സാധാരണ സംസാരങ്ങൾക്ക്, തമാശകൾക്ക്, കഥകൾക്ക് ഒക്കെ 'റിക്രിയേഷൻ' എന്ന പേരിൽ അനുദിനം ഇടവും സമയവുമുണ്ട്. സാധാരണ ചർച്ചകൾ ഭക്ഷണ നേരത്ത് നടക്കും. ഗൗരവതരമായ - കൂടുതൽ ആഴത്തിൽ പരിചിന്തനം ആവശ്യമുള്ള കാര്യങ്ങൾ മാസത്തിൽ ഒരിക്കലോ രണ്ടു മാസത്തിലൊരിക്കലോ 'ഹൗസ് ചാപ്റ്റർ' എന്ന പേരിൽ അംഗങ്ങൾ ഒരുമിച്ചു വന്ന് കാര്യഗൗരവത്തോടെ ചർച്ച ചെയ്യും. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളോ ഉരസലുകളോ അവരവർ പറഞ്ഞ് തീർക്കണം എന്നാണ് തത്ത്വം. പരസ്പരബഹുമാനം കളയുന്ന വിധം സംസാരിക്കാതിരിക്കാൻ അവർ പൊതുവേ ശ്രദ്ധിക്കാറുണ്ട്.
ഒരാളിൻ്റെ മനഃസാക്ഷിയോടും ആത്മാവിനോടും ഉള്ള ഉത്തരിപ്പും സുതാര്യതയും സന്ന്യാസത്തിൽ വളരെ പ്രധാനമാണ്. അതുകൊണ്ടുതന് നെ, സമൂഹത്തിലെ എല്ലാവരോടുമല്ലെങ്കിലും ഒരാളോടെങ്കിലും ഏറ്റവും ഉള്ളുതുറന്നുള്ള സംഭാഷണങ്ങൾ ഉണ്ടാകാറുണ്ട്.
ആത്മശോധന എന്നത് ഒരാൾ സ്വയം നടത്തേണ്ട ഒരു ആത്മീയാഭ്യാസമാണ്. ഏറ്റവും ചങ്കു തുറന്ന് കാര്യങ്ങൾ പങ്കുവക്കുന്നതിന് സമൂഹത്തിലോ പുറത്തോ ഒരു ആത്മീയ ഉപദേഷ്ടാവ് ഉണ്ടായിരിക്കുന്നതിന് സന്ന്യാസ സമൂഹങ്ങൾ അംഗങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്.
തങ്ങൾ ഒരു ടീം ആണ് എന്ന് എല്ലാവരും പൊതുവേ കരുതാറുണ്ട്.
ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ എല്ലാവരും ഒരുമിച്ച് ഒരു ചെറിയ ടൂർ ഒക്കെ പോകും.
അധികാരം സന്ന്യാസത്തിൽ സ്ഥിരമല്ല. സാധാരണ ഗതിയിൽ മൂന്നുവർഷത്തേക്കാണ് ഒരാൾക്ക് നേതൃത്വം നല്കുന്നത്. അടുത്ത മൂന്നു വർഷം മറ്റൊര ാളാവും.
സന്ന്യാസത്തിൽ ആരും മറ്റൊരാളെ വിവാഹം ചെയ്യുകയോ ഇൻ്റിമേറ്റ് ആയി ബന്ധപ്പെടുകയോ ചെയ്യുന്നില്ല എന്നതിനാൽ ആണ് ചില മേഖലകളിൽ പരിമിതികളുള്ളതും ചില സംവിധാനങ്ങൾ മേല്പറഞ്ഞതുപോലെ ആയിരിക്കുന്നതും.
ഇപ്പറഞ്ഞ പല കാര്യങ്ങളും അതുപോലെ കുടുംബ ജീവിതത്തിൽ പകർത്താനാവില്ല എന്നത് സത്യമാണ്. അങ്ങനെ ചെയ്യേണ്ട ആവശ്യവുമില്ല. എന്നിരുന്നാലും, ജീവിതപങ്കാളിയുടെ വ്യക്തിപരവും പ്രവൃത്തിപരവുമായ പൂർണ്ണത നേടാനായി പ്രോത്സാഹനവും പിന്തുണയും നല്കൽ; കുടുംബാംഗങ്ങൾ എല്ലാവരും - പ്രത്യേകിച്ച് പങ്കാളികൾ അനുദിനം സാധാരണ സംസാരങ്ങൾക്ക് സമയവും അവസരവും കണ്ടെത്തൽ; കാര്യങ്ങൾ പരസ്പരം ചർച്ചചെയ്ത് തീരുമാനിക്കൽ; ഗൗരവതരമായ ചർച്ചകൾ ഗൗരവത്തോടെ തന്നെ നടത്തൽ; പ്രവൃത്തി മേഖലയിലും ലഭിക്കുന്ന വരുമാനത്തിലും എത്ര തന്നെ വലിപ്പച്ചെറുപ്പങ്ങൾ ഉണ്ടെന്നിരിക്കിലും വീടിനകത്ത് പങ്കാളികൾ പരസ്പരം തുല്യരായി കണക്കാക്കൽ; ആത്മശോധനക്ക് സമയം കണ്ടെത്തൽ; ഇരുവരും പുറത്ത് ജോലിയുള്ളവരെങ്കിൽ പാചകം, വീടു വൃത്തിയാക്കൽ എന്നിങ്ങനെ വീടിനകത്തെ ജോലികൾ തുല്യ പങ്കാളിത്തത്തോടെ നിർവ്വഹിക്കൽ; ഒരുമിച്ച് ചിരികളികളിൽ ഏർപ്പെടൽ; ഒരുമിച്ച് ഉല്ലാസയാത്ര പോകൽ; അധികാര നിർവ്വഹണം സ്ഥിരമാക്കി ഒരാളിൽ നിക്ഷേപിക്കാതെ മാറി മാറി നിർവ്വഹിക്കൽ എന്നിങ്ങനെ കുറേ കാര്യങ്ങൾ - സന്ന്യാസത്തിലുള്ളവർ ചെയ്യുന്ന അതേ രീതിയിൽ അല്ലെങ്കിൽ പോലും - കുടുംബസ്ഥർക്കും പരീക്ഷിക്കാവുന്നതാണ് എന്നുതോന്നുന്നു.
_🐌_ _ __ _























