top of page

അവളുടെ ഉള്ളൊഴുക്കുകള്‍

Aug 1

3 min read

ഫാ. ഷാജി സി എം ഐ

Image from the movie, Ullozhukkukal
Image from the movie, Ullozhukkukal

റെ നാള്‍ക്കൂടി മനസമാധാനമുള്ള ഒരു കുഞ്ഞുപടം കണ്ടു - "ഉള്ളൊഴുക്ക്". കുട്ടനാട്ടിലെ ഒരു കുടുംബത്തിലുണ്ടാകുന്ന അവിചാരിത സന്ദര്‍ഭങ്ങളിലൂടെയാണ് 'ഉള്ളൊഴുക്ക്' ഒഴുകുന്നത്. തനിക്കിഷ്ടമില്ലാത്ത വ്യക്തിയെ കല്യാണം കഴിച്ച് ഭര്‍തൃവീട്ടിലെത്തുന്ന അഞ്ജുവിന്‍റെയും അവളുടെ ഭര്‍തൃമാതാവായ ലീലാമ്മയുടെയും ഉള്ളുരുക്കങ്ങളുടെ കഥയാണ് 'ഉള്ളൊഴുക്ക്'.

അഞ്ജുവിന്‍റെ ഭര്‍ത്താവ് - ലീലാമ്മയുടെ മകന്‍ - ദുരൂഹ രോഗത്താല്‍ മരിച്ചതിനുശേഷം, വര്‍ദ്ധിച്ചുവരുന്ന മഴയിലും തുടര്‍ന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിലും അയാളുടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി അവര്‍ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പ് അഞ്ജുവിനേയും ലീലാമ്മയേയും ഒരുമിച്ച് ഒരു വീട്ടില്‍ കുരുക്കുന്നു. ഈ സമയത്ത് ചില രഹസ്യങ്ങള്‍ വെള്ളത്തില്‍ നിന്ന് മലരി കണക്കെ പുറത്തുവരുന്നു.

ഒരു തുണിക്കടയിലെ വിടര്‍ന്ന കണ്ണുകളുള്ള സെയില്‍സ് ഗേളില്‍ നിന്ന് കാമുകനെ ഒളികണ്ണിട്ട് നോക്കി ചിരിക്കുന്ന അഞ്ജുവിന്‍റെ പകര്‍ന്നാട്ടങ്ങളോടെയാണ് ചിത്രം തുടങ്ങുന്നത്. തനിക്കിഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനാവാതെ, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വരുന്ന അഞ്ജു. കുസൃതിക്കാരിയായ കാമുകിയില്‍ നിന്ന്  ഒരു കായല്‍ ബോട്ടിലിരുന്ന് ചിരിച്ചുകൊണ്ട് വിവാഹാനന്തര ഫോട്ടോക്ക് പോസ് ചെയ്യുന്ന, ഭാര്യയായിത്തീര്‍ന്ന അഞ്ജുവിന്‍റെ തുടര്‍ജീവിതം ചിരിക്കുപിന്നിലെ ഉള്ളൊഴുക്കായി തുടരുകയാണ്.

വിവാഹത്തിന് തൊട്ടുപിന്നാലെ കിടപ്പിലായ ഭര്‍ത്താവിനെ പരിചരിക്കുന്നതിനായി ദിവസങ്ങള്‍ മുഴുവന്‍ നീക്കിവെക്കുന്ന അഞ്ജു ഒരു പരിചാരികയായി മാറുന്നു. അവള്‍ അവളുടെ കടമ വൃത്തിയായി നിറവേറ്റുന്നുണ്ട്. അഞ്ജു ലീലാമ്മയോട് പറയുന്ന ഒരു സംഭാഷണം ഇങ്ങനെയാണ്: "അമ്മച്ചിക്ക് അറിയില്ല ഞാനും അവനും തമ്മിലുള്ള സ്നേഹം. കാരണം അമ്മച്ചിക്ക് അമ്മച്ചിയുടെ കെട്ടിയോന്‍ സ്നേഹം തന്നിട്ടില്ല. അത് പോട്ടെ, നിങ്ങള്‍ക്ക് അത് കിട്ടിയിട്ടില്ല. അതെന്താണെന്ന് നിങ്ങള്‍ക്കറിയില്ല. എന്നാല്‍ മറ്റുള്ളവര്‍ പറയുന്നതെങ്കിലും മനസ്സിലാക്കൂ..." ഇത് പറയുന്നത് കാമുകനെക്കുറിച്ചാണെങ്കിലും പൊള്ളയായ കുടുംബജീവിതം നയിക്കുന്ന സ്ത്രീയുടെയും, അതില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ ശ്രമിക്കുന്ന സ്ത്രീയുടെയും ഉള്ളൊഴുക്കിന്‍റെ തീവ്രത എത്ര വലുതെന്ന് സൂചിപ്പിക്കുന്നു. സഹതാപം അര്‍ഹിക്കുന്ന മനുഷ്യര്‍. അവസാനം തങ്ങളുടേത് എന്ന് കരുതുന്ന ആരും തങ്ങളുടേതല്ല എന്ന തിരിച്ചറിവില്‍, വീട്ടുകാര്‍ എല്ലാവരും ഉണ്ടായിട്ടും അനാഥരേപ്പോലെ ഉള്ള ഈ രണ്ടുപേര്‍ - ലീലാമ്മയും അഞ്ജുവും - പരസ്പരം താങ്ങായി മാറുന്ന കാഴ്ചയോടെ സിനിമ അവസാനിക്കുകയാണ്. കെട്ടിയോന്‍റെ ശവമടക്ക് കഴിഞ്ഞാലുടന്‍ കാമുകന്‍റെയൊപ്പം പോകാന്‍ തയ്യാറായി നിന്ന അഞ്ജു തിരിച്ചറിയുന്നു തന്‍റെ ഉള്ളൊഴുക്ക് ലയിച്ചു ചേരുന്നത് അമ്മച്ചിയായ ലീലാമ്മയോടൊപ്പമാണെന്ന്. ആ ക്ഷണം അവള്‍ അമ്മച്ചിയെ ഹൃദയത്തില്‍ സ്വീകരിച്ചു. ഇരുവരും ഒരു വള്ളത്തിലിരുന്ന് കൈകോര്‍ത്ത് ജീവിതത്തിന്‍റെ പച്ച തുരുത്തിലേക്ക് തുഴഞ്ഞ് പോകുന്നു.

ഏതൊരു സ്ത്രീയിലും പരിശുദ്ധ കന്യാമറിയത്തിന്‍റെ നിഴല്‍ വീണുകിടപ്പുണ്ട് എന്ന് പറഞ്ഞത് കെ.പി. അപ്പന്‍ സാറാണ്. അങ്ങനെയെങ്കില്‍ ഈ രണ്ട് സ്ത്രീകളിലും പരിശുദ്ധ അമ്മയുടെ നിഴല്‍ വലിയൊരളവില്‍ തന്നെ വീണുകിടപ്പുണ്ട്. പ്രത്യേകിച്ച് അനാഥരായി പോകാമായിരുന്ന രണ്ടു സ്ത്രീകള്‍ പരസ്പരം താങ്ങും തണലുമായി മാറുന്ന രംഗത്ത് കുരിശിന്‍ ചുവട്ടിലെ മറിയത്തിന്‍റെ ഒറ്റപ്പെടലും അവളെ സ്വീകരിക്കുന്ന യോഹന്നാന്‍റെ ചിത്രവും നിനവിലെത്തും.

ആഗസ്റ്റ് 15 ന് ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും, പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണതിരുനാളം ആഘോഷിക്കുന്നു. ലോകചരിത്രത്തില്‍ ഒരുപാടുതവണ ചര്‍ച്ചചെയ്യപ്പെടുകയും, വ്യാഖ്യാനിക്കപ്പെടുകയും, നിര്‍വ്വചിക്കപ്പെടുകയും ചെയ്ത ഒരു പദമാണ് സ്വാതന്ത്ര്യം. മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ച് നൂറുകണക്കിന് പ്രത്യയശാസ്ത്രങ്ങള്‍, ആദര്‍ശങ്ങള്‍, പ്രസംഗങ്ങള്‍, ഗ്രന്ഥങ്ങള്‍, ചര്‍ച്ചകള്‍, സിനിമകള്‍... അതില്‍ക്കൂടുതല്‍ സമരങ്ങള്‍, വിപ്ലവങ്ങള്‍, രക്തചൊരിച്ചിലുകള്‍.

ക്രിസ്തീയ സ്വാതന്ത്ര്യത്തെക്കുറിച്ച് സുവിശേഷം പഠിപ്പിക്കുന്നത് സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നതാണ്. വി. പൗലോസും അത് വിവരിക്കുന്നുണ്ട്. സ്വാതന്ത്ര്യമെന്നത് ചിലതില്‍ നിന്നുമുള്ള സ്വാതന്ത്ര്യവും, ചിലതിലേക്കുള്ള സ്വാതന്ത്ര്യവുമാണ്. അതായത് പാപത്തില്‍ നിന്നും, മരണത്തില്‍ നിന്നും, നിയമത്തില്‍ നിന്നുമുള്ള വിമോചനവും നന്മ ചെയ്യാനുള്ള സ്വാതന്ത്ര്യവും.

പരിശുദ്ധ മറിയം സ്വതന്ത്രയായിരുന്നോ? സ്വാതന്ത്ര്യത്തിന്‍റെ വിജയകഥയാണ് അവളുടെ ജീവിതം. ഒരു സാധാരണ സ്ത്രീക്കുണ്ടായിരുന്നതിനേക്കാള്‍ ഏറെ ഉയര്‍ന്നതായിരുന്നു മറിയത്തിന്‍റെ സ്വാതന്ത്ര്യം. ജന്മപാപമില്ലാതെ ജനിച്ചവള്‍ പാപത്തില്‍ നിന്നും സ്വതന്ത്രയായിരുന്നു. സ്വര്‍ഗാരോപിതയായവള്‍ മരണത്തില്‍ നിന്നും സ്വതന്ത്രയായി.

പരിശുദ്ധ മറിയത്തിന്‍റെ ജീവിതത്തിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവളുടെ സ്വാതന്ത്ര്യത്തിന് ഇങ്ങനെയൊക്കെ നിറക്കൂടുകള്‍ ചാര്‍ത്താമെന്ന് തോന്നുന്നു.

ഒന്ന്: തെളിമയുള്ള ചിന്ത, ഉചിതമായ തെരഞ്ഞെടുപ്പ്: മംഗളവാര്‍ത്തയുടെ മുന്നില്‍ അവള്‍ ചെറുതായൊന്ന് പതറിയിട്ടുണ്ടാകും. പക്ഷേ കൃത്യതയുള്ള ചോദ്യങ്ങളുമായി അവള്‍ ദൈവദൂതനുമായി സംവാദത്തിലേര്‍പ്പെടുന്നു. തെളിമയുള്ള ഒരു ഉത്തരം കിട്ടുന്നതുവരെ സംവാദം തുടരുന്നു. ഇതില്‍ തെളിയുന്നത് വിവേകപൂര്‍വം ചിന്തിക്കുകയും ഉചിതമായത് തെരഞ്ഞെടുക്കുകയും ചെയ്യുന്ന സ്ത്രീയുടെ സ്വാതന്ത്ര്യമാണ്.

രണ്ട്: എലിസബത്തിനെ സന്ദര്‍ശിക്കുന്നു: മേരി അതറിഞ്ഞില്ല. എലിസബത്തൊട്ട് പറഞ്ഞതുമില്ല. ഗബ്രിയേല്‍ മാലാഖയാണ് പറഞ്ഞത്. മേരി അതറിഞ്ഞപ്പോള്‍ എലിസബത്തിന് ആറുമാസമായിരുന്നു. അവള്‍ നസ്രത്തില്‍ നിന്ന് തിടുക്കത്തില്‍ യൂദയായിലേക്ക് പുറപ്പെട്ടു. തന്‍റെ ഗര്‍ഭമായിരുന്നില്ല അവള്‍ക്ക് പ്രധാനപ്പെട്ടത്, തന്‍റെ ഇളയമ്മയുടെ ഗര്‍ഭവാര്‍ത്തയായിരുന്നു. പെണ്‍നടത്തമെന്നൊക്കെ ഇക്കാലത്ത് ആഘോഷിക്കപ്പെടുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ  സുവിശേഷമായിരുന്നു പരിശുദ്ധ മറിയത്തിന്‍റെ ഈ യാത്ര.

മൂന്ന്: കാണാതായ മകനെ ദേവാലയത്തില്‍ കണ്ടെത്തുന്ന അവസരം. അവള്‍ പ്രകടിപ്പിക്കുന്നത് അമ്മയുടെ ഉത്തരവാദിത്വവും സ്വാതന്ത്ര്യവുമാണ്. ദൈവപുത്രനല്ലേ അവന്‍? ചുറ്റുമുള്ളവരെന്ത് കരുതും? എന്നീ ചിന്തകളൊന്നും അവളെ ഉലയ്ക്കുന്നില്ല. അമ്മയുടെ സ്വാതന്ത്ര്യത്തിലേക്ക് അവള്‍ ഉയരുന്നു.

നാല്: കാനായിലെ കല്യാണം. കാനായിലെ കല്യാണം അനുഗ്രഹീതമായത് വധൂവരന്മാരുടെ വലുപ്പം കൊണ്ടല്ല. ക്ഷണിക്കപ്പെട്ടവരുടെ ബാഹുല്യത്താലുമല്ല. കൈമാറിയ സമ്മാനങ്ങളുടെ പെരുപ്പം കൊണ്ടുമല്ല. വീഞ്ഞ് തീര്‍ന്നുപോയതും, അത് ആദ്യം അറിഞ്ഞത് മറിയമായിരുന്നതുകൊണ്ടും, അവള്‍ കാരണം മറ്റാരും അത് അറിയാതെപോയി എന്നതുകൊണ്ടും മാത്രമാണ്. നമ്മുടെ മനോനൊമ്പരങ്ങള്‍ ആദ്യമറിയുന്നതും, അത് നമുക്ക് ഉണ്ടാക്കാവുന്ന അപമാനങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുന്നതും അവളാണ്. അതിലൂടെ മറിയം സഹരക്ഷകയുടെ സ്വാതന്ത്ര്യത്തിലേക്ക് ഉയരുന്നു.

അഞ്ച്: വിസിറ്റേഴ്സ് റൂം. പുരുഷാരത്തിന് നടുവിലായിരുന്നു അവന്‍. ഏകദേശം5 k followers...അപ്പോഴാണ് അമ്മ അവനെ കാണാനെത്തിയത്. അവള്‍ വിസിറ്റേഴ്സ് റൂമില്‍ കാത്തിരുന്നു. അമ്മയുടെ ആഗമനം കാതോട് കാതോരം പറഞ്ഞ് അവന്‍റെ ചെവിയിലുമെത്തി. തിടുക്കപ്പെട്ട അവന്‍ അമ്മയുടെ അടുത്തേക്ക് ഓടിയില്ല. ഒരു മറുചോദ്യം തൊടുത്തുവിട്ടു. ആരാണ് എന്‍റെ അമ്മ? എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവരാരോ അവര്‍. 'ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ ഇഷ്ടം എന്നില്‍ നിറവേറട്ടെ' എന്ന് ഹൃദയത്തില്‍ മന്ത്രിച്ചുകൊണ്ട് മറിയം ഇങ്ങേത്തലയ്ക്കല്‍ അപ്പോഴും നമ്രശിരസ്കയായി നില്‍പ്പുണ്ടായിരുന്നു. അമ്മയുടെ, അടിയാട്ടിയുടെ സ്വാതന്ത്ര്യത്തില്‍ നമ്രശിരസ്കയായി.

ആറ്: കുരിശിലെ മകനും കുരിശിന്‍ ചുവട്ടിലെ അമ്മയും. കാല്‍വരിയില്‍ അമ്മയും മകനും മാലാഖമാരും എല്ലാവരും ഉണ്ടെങ്കിലും ഓരോരുത്തരും ആള്‍ക്കൂട്ടത്തില്‍ ഒറ്റയാണ്. അവളുടെ തേങ്ങലുകളാണ് അവിടുത്തെ രാഗം. മകന്‍റെ കരച്ചിലാണ് അവളുടെ ഉള്ളുലയ്ക്കുന്നത്. ക്രൂരതയുടെ ഹുങ്കാരം, പരിഹാസത്തിന്‍റെ വാക്ശരം. ഇരുളിലെ ഇടിവെട്ട്, രാജ്യദ്രോഹിയെന്ന് മുദ്രകുത്തിയ മകന്‍റെ അമ്മയാണ് ഞാനെന്ന അഭിമാനത്തോടെ, മാനവകുലത്തിന്‍റെ രക്ഷകനായ രക്തസാക്ഷിയുടെ അമ്മയാണ് ഞാനെന്ന വിശ്വാസത്തോടെ ഏകമകനെ ബലിദാനമായി നല്‍കിയ അമ്മയുടെ ആത്മസ്വാതന്ത്ര്യത്തോടെ അവള്‍ കുരിശിന്‍ ചുവട്ടില്‍.

പരിശുദ്ധ അമ്മയുടെ സ്വാതന്ത്ര്യത്തിന്‍റെ ഉള്ളൊഴുക്കുകളാണ് ഇവ. അവളുടെ ഉള്ളൊഴുക്കുകള്‍ പുഴ കടലിനെ തേടുന്നതുപോലെ സ്വാതന്ത്ര്യം തേടിയുള്ളതാണ്. സ്വാതന്ത്ര്യബോധം നമ്മെ കര്‍മ്മബോധത്തിലേക്കും, കര്‍മ്മബോധം ആദര്‍ശധീരതയിലേക്കും നയിക്കണം. മറിയമെന്നാണ് അവളുടെ പേര്. നന്മനിറഞ്ഞവള്‍ എന്നാണ് ദൈവദൂതന്‍ അവളെ വിളിച്ചത്. ഉള്ളൊഴുക്കുകളെ ദൈവഹിതത്തോട് ചേര്‍ത്ത് വെച്ചവള്‍.

Featured Posts