

പഴയ നിയമത്തിൽ ഏശയ്യാപ്രവാചകൻ്റെ പുസ്തകത്തിൽ, വരുവാനിരിക്കുന്ന രക്ഷകനെക്കുറിച്ച് സൂചിപിക്കുന്നു എന്ന് കരുതുന്ന നിരവധി ഭാഗങ്ങളുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്:
"അട്ടഹാസമുഖരിതമായ യുദ്ധക്കളങ്ങളിൽ ചവിട്ടിയിട്ടുള്ള യോദ്ധാവിൻ്റെ ചെരിപ്പുകളും രക്തം പുരണ്ട വസ്ത്രങ്ങളും ഇന്ധനമെന്നപോൽ അഗ്നിയിൽ എരിക്കപ്പെടും. എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു.... സമാധാന രാജാവ്"
ദൈവരാജ്യത്തെക്കുറിച്ചുള്ള ഒത്തിരി സ്വപ്നങ്ങൾ യേശു ജനങ്ങളുമായി പ ങ്കുവക്കുന്നുണ്ട്. ദൈവരാജ്യം വന്നു; നിങ്ങളിലുണ്ട്, നിങ്ങളുടെ മധ്യത്തിലുണ്ട്, വരാനിരിക്കുന്നതേയുള്ളൂ - already but not yet - എന്ന രൂപത്തിലാണ് പ്രസ്തുത പ്രസ്താവനകൾ. തന്നെക്കുറിച്ചു തന്നെയും സമാനമായ ഒട്ടേറെ പ്രസ്താവനകൾ യേശു നടത്തിയിരുന്നു. കോസ്മിക് ക്രൈസ്റ്റ് എന്നൊരു സങ്കല്പമുണ്ട്.
ദൈവരാജ്യവും കോസ്മിക് ക്രിസ്തുവും ഏതാണ്ട് ഒരേ കാര്യം തന്നെയാണെന്നുവരും. മനുഷ്യകുലത്തിൽ ക്രിസ്തു ഗർഭം ധരിക്കപ്പെട്ടിട്ടേയുള്ളൂ. സ്ത്രീ-പുരുഷ സംഭോഗത്തിലല്ലാതെയുള്ള കന്യാഗർഭം. ക്രിസ്തു നമ്മിൽ രൂപമെടുത്തു കൊണ്ടിരിക്കുകയാണ്. അന്ത്യത്തിൽ മനുഷ്യകുലം ക്രിസ്തുവിനെ പ്രസവിക്കും. അഥവാ കോസ്മിക് ക്രിസ്തു പൂർണ്ണതയിലെത്തും. സമാധാന പ്രഭുവായ ശിശു ജനിക്കുന്നതിനു മുമ്പായി "അട്ടഹാസമുഖരിതമായ യുദ്ധക്കളങ് ങളിൽ ചവിട്ടിയിട്ടുള്ള യോദ്ധാവിൻ്റെ ചെരിപ്പുകളും രക്തം പുരണ്ട വസ്ത്രങ്ങളും ഇന്ധനമെന്നപോൽ അഗ്നിയിൽ എരിക്കപ്പെടും."
"അവർ വാളുകൾ അടിച്ച് കലപ്പകളാക്കും; കുന്തം കൊഴുവും." 'ഗർഭം ധരിച്ച കന്യക' അപ്പോൾ ഒരു പുത്രനെ പ്രസവിക്കും. 'ദൈവം നമ്മോടുകൂടെ' ആയ ഇമ്മാനുവേൽ പിറക്കും. അതിനോടകം സൂര്യൻ ഇരുണ്ടുപോകും.
അന്ന് എല്ലാ കണ്ണുകളിൽ നിന്നും കണ്ണീരെല്ലാം തുടച്ചു നീക്കപ്പെടും. ദുഃഖമോ വേദനയോ പിന്നീട് ഉണ്ടാവില്ല. അന്ന് സിംഹം ആട്ടിൻകുട്ടിയോടൊപ്പം കിടക്കും. ശിശു അണലിയോടൊപ്പം കളിക്കും. സ്വർഗ്ഗീയ ജറൂസലേം ആയ മണവാട്ടി അവളുടെ മണവാളനോടു ചേരും. കിഴക്കുനിന്നും തെക്കുനിന്നും പടിഞ്ഞാറു നിന്നും വടക്കുനിന്നും എല്ലാ ജനപദങ്ങളിൽ നിന്നുമായി മനുഷ്യർ ഒരുമിച്ചു കൂട്ടപ്പെടും. അന്നവർ ഒരുമയോടെ സമൃദ ്ധിയുടെ വിവാഹ വിരുന്നുണ്ണും. പഴയത് കടന്നുപോകും. പുതിയ ആകാശവും ഭൂമിയും പ്രത്യക്ഷമാകും.





















