top of page

ദിനങ്ങളെ വിശുദ്ധീകരിക്കുന്ന ഹൃദയങ്ങള്‍

Sep 1, 2012

3 min read

ഡോ. റോസി തമ്പി
'Eve's Christmas Movie Poster'

56 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമ കണ്ടുകഴിയുമ്പോള്‍ ഒറ്റ ഷോട്ടില്‍ തീര്‍ത്ത ഒരു ചിത്രം പോലെ തോന്നും. ഒറ്റരാത്രിയാണ് കഥയുടെ സന്ദര്‍ഭം. ഒരു ക്രിസ്മസ് രാത്രി. ആ രാത്രീ തീരുന്നതോടെ അതിസാധാരണമായ ഒരു സംഭാഷണ ശകലത്തോടെ, സിനിമ അവസാനിക്കുകയും ചെയ്യുന്നു.


ഈ ക്രിസ്മസ് രാത്രിയുടെ കഥ പറയുന്നത് ഇവ ('EVA') എന്ന നാല്പതുകാരിയായ ഒരു സ്ത്രീയുടെ മനസ്സിലൂടെയാണ് എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്ന ദിവസം അവള്‍ തനിച്ചാണ്. ആ ഏകാന്തത അവള്‍ക്കു സഹിക്കാനാകുന്നില്ല. അവള്‍ പൂര്‍വ്വ കാമുകനെ അന്വേഷിച്ച് അയാളുടെ താമസസ്ഥലത്തിനു സമീപം കാറോടിച്ചു വരുന്നു. അയാള്‍ ഇന്ന് ഉത്തരവാദിത്വമുള്ള ഗൃഹനാഥനും, മക്കളുടെ നല്ല അപ്പനും ഭാര്യക്ക് നല്ല ഭര്‍ത്താവുമാണ്. സ്വന്തമായൊരു ടാക്സി ഓടിച്ചുകൊണ്ടാണ് അയാള്‍ കുടുംബം പോറ്റുന്നത്. അന്നയാള്‍ ടാക്സിയില്‍ വീട്ടിലേയ്ക്ക് വരുന്നത് സാന്താക്ലോസിന്‍റെ വേഷത്തില്‍ ഭാര്യക്കും മക്കള്‍ക്കും ധാരാളം സമാനപ്പൊതികളുമായിട്ടാണ്. സമ്മാനപൊതികളെല്ലാം അവര്‍ക്കു കൊടുത്തു ക്രിസ്മസ് പാട്ടുപാടി സാന്താക്ലോസായി അവരെ ആനന്ദിപ്പിക്കുന്നു. ഭാര്യ ക്രിസ്മസ് ഭക്ഷണവിഭവങ്ങള്‍ തീന്‍മേശയില്‍ ഒരുക്കിവെച്ചിരിക്കുന്നു. പകല്‍ മുഴുവന്‍ ടാക്സി ഓടിച്ച് ക്ഷീണിച്ചു വന്ന അയാളെ ഭാര്യ സ്നേഹപൂര്‍വ്വം പരിചരിക്കുന്നു. ആ സമയത്തും ഏതോ ഒരു അവ്യക്തമായ ദുഃഖം അയാളുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നത് പ്രേഷകര്‍ക്കുകാണാം. അയാള്‍ തന്‍റെ മകനോടൊപ്പം ക്രിസ്മസ് മരത്തിനു ചുറ്റും ഓടിക്കളിക്കുകയാണ്. ഈ രംഗം ഇവ നിര്‍ത്തിയിട്ടിരിക്കുന്ന തന്‍റെ കാറിലിരുന്നു കാണുകയും കൂടുതല്‍ സങ്കടപ്പെടുകയും ചെയ്യുന്നു. അവിടെ നിന്നവള്‍ വൃദ്ധസദനത്തില്‍ താമസിക്കുന്ന അവളുടെ പ്രായമായ അമ്മായിയെ കാണാന്‍ ചെല്ലുന്നു. അവിടെയും എല്ലാവരും തീന്‍മേശയ്ക്കു ചുറ്റുമിരുന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. അമ്മായി അവരുടെ മുറിയിലുണ്ടെന്ന് സദനം നടത്തിപ്പുകാരി ഇവയെ കണ്ടയുടന്‍ വന്നു പറഞ്ഞു. അവള്‍ അമ്മായിയുടെ മുറിയില്‍ ചെന്ന് സമ്മാനപ്പൊതി എടുത്തു കൊടുക്കുമ്പോള്‍ പ്രായാധിക്യം കൊണ്ട് അല്പം ഓര്‍മ്മപിശക് സംഭവിച്ചതുപോലെ അമ്മായി ചോദിക്കുന്നു: "നീ ഇന്ന് ഹോംവര്‍ക്ക് എല്ലാം ചെയ്തില്ലേ?" ഇതു കേള്‍ക്കുന്ന ഇവ ഒരു സ്കൂള്‍ കുട്ടിയെ പോലെ പെട്ടെന്ന് ബാല്യത്തിലേക്ക് തിരിച്ചു പോകുന്നു. കുറച്ച് കഴിഞ്ഞ് അമ്മായി വീണ്ടും പറയുന്നു. 'ഞാന്‍ വിചാരിച്ചു. നീ ഇന്ന് എഡ്വേര്‍ഡ് (ഇവയുടെ ഭര്‍ത്താവ്) നോടൊപ്പമായിരിക്കും എന്നെ കാണാന്‍ വരിക എന്ന്.' ഇതു കേള്‍ക്കുന്ന ഇവ ആകെ തകര്‍ന്ന് പൊട്ടിക്കരയുന്നു. വൃദ്ധസദനം വിട്ട് പുറത്തേയ്ക്ക് വരുന്ന ഇവയെ കാത്തെന്നോണം അവളുടെ പൂര്‍വകാമുകന്‍ ജാനസ് നില്ക്കുന്നു. ജാനസ് വളരെ പ്രേമപൂര്‍വ്വം ഇവയോടു ചോദിക്കുന്നു: 'ഈ ക്രിസ്മസ് രാത്രി നിനക്ക് എന്തു സമ്മാനമാണ് വേണ്ടത്?' ഇവ വളരെ സങ്കടത്തോടെ ജാനസിനോടു പറയുന്നു. 'ഇന്ന് രാത്രി 7 മണി വരെ എഡ്വേര്‍ഡ് എന്നോടൊപ്പം വീട്ടിലുണ്ടായിരുന്നു. അതിനുശേഷം അവനെ കാണാതായി. ഞാന്‍ എല്ലായിടത്തും അന്വേഷിച്ചിട്ടും അവനെ കണ്ടെത്താനായില്ല. അവനെ കണ്ടുപിടിക്കാന്‍ എന്നോടൊപ്പം ഈ രാത്രി നീ വരുമോ? അന്നു രാത്രി മുഴുവന്‍ ജാനസ് ഇവയോടൊപ്പം എഡ്വോര്‍ഡിനെ തിരയാന്‍ പോകാന്‍ തയ്യാറാകുന്നു. ഭാര്യയെ ധരിപ്പിക്കാനെന്നോണം അയാള്‍ വീട്ടില്‍ വന്ന് തന്‍റെ കാര്‍ മോഷണം പോയെന്ന് പോലീസില്‍ പരാതിപ്പെടുന്നു. താന്‍ കാര്‍തിരഞ്ഞ് പോകുകയാണെന്ന് ഭാര്യയോടു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്നു. പലയിടങ്ങളിലും പല സംഭവങ്ങളിലൂടെയുമായി ആ രാത്രി മുഴുവന്‍ അവര്‍ എഡ്വേര്‍ഡിനെ തിരയുകയാണ്. ഈ അന്വേഷണത്തിനിടയില്‍ ഒരുമിച്ചുള്ള മരണത്തെക്കുറിച്ച് സംസാരിക്കുന്ന ഇവ ജീവിതത്തില്‍ തികച്ചും നിരാശിതയാണെന്ന് തിരിച്ചറിഞ്ഞ ജാനസ് അവളെ സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. പക്ഷേ അതിനോട് ഇവയുടെ പ്രതികരണം ഇങ്ങനെയാണ്: "നീ ഇന്ന് നല്ലൊരു ഭര്‍ത്താവാണ്. നിന്‍റെ കുട്ടികളുടെ നല്ല അപ്പന്‍. ഉത്തരവാദിത്വമുള്ള ഒരു ഗൃഹനാഥന്‍. അവിടെ ഞാന്‍ വന്നാല്‍ ശരിയാകില്ല."


എഡ്വേര്‍ഡ് ഇപ്പോള്‍ വീട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ടാവുമെന്ന പ്രതീക്ഷ നല്കിക്കൊണ്ട് ജാനസ് ഇവയെ നിര്‍ബന്ധപൂര്‍വ്വം അവളുടെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയാണ്. ഒപ്പം അവര്‍ തമ്മിലുള്ള ധാരണ ഇപ്രകാരമാണ്, ഇവ എഡ്വേര്‍ഡ് വന്നിട്ടുണ്ടോ എന്ന് വീട്ടില്‍ പോയി അന്വേഷിക്കുമ്പോള്‍ ജാനസ് പുറത്ത് കാറില്‍ കാത്തിരിക്കും. അഞ്ചുമിനിട്ടിനകം ഇവ പുറത്ത് വന്നില്ലെങ്കില്‍ എഡ്വേര്‍ഡ് വന്നു എന്നര്‍ത്ഥം. ജാനസ് തിരികെ അവന്‍റെ വീട്ടില്‍ പോവുകയും ചെയ്യും. അവള്‍ തിരിച്ച് വന്നാല്‍ അവരൊരുമിച്ച് അന്ന് ഇവയുടെ വീട്ടില്‍ ക്രിസ്തുമസ് ആഘോഷിക്കും. ഇവ ഉള്ളില്‍ പോയി മടങ്ങിയെത്തുക തന്നെ ചെയ്തു. ആ രാത്രി അവരൊരുമിച്ച് ക്രിസ്തുമസ്സ് ആഘോഷിച്ചു.


'ഇവ'യുടെ നിര്‍ബന്ധപ്രകാരം അവര്‍ വീണ്ടും എഡ്വേര്‍ഡിനെ തിരഞ്ഞ് റയില്‍വേ സ്റ്റേഷനിലേക്കു പോകുന്നു. അവിടെ ചെന്ന് ഇങ്ങനെ ഒരാള്‍ ട്രെയിന്‍ കയറാന്‍ ഇവിടെ വന്നിരുന്നോ എന്ന് ചോദിച്ചു കൊണ്ട് ഒരു കുടുംബ ഫോട്ടോ കയ്യില്‍ നിന്നെടുത്ത് അതില്‍ എഡ്വേര്‍ഡിനെ റെയിവേ ജീവനക്കാരിക്ക് കാണിച്ചുകൊടുക്കുന്നു. അങ്ങനെ ഒരാള്‍ ഇന്നിവിടെ വന്നിട്ടില്ലെന്നു ജീവനക്കാരി മറുപടി പറയുന്നു. 'ഇവ' യുടെ കയ്യിലെ ഫോട്ടോ കണ്ട ജാനസ് ഫോട്ടോയില്‍ എഡ്വേര്‍ഡിന്‍റെ കൂടെയുള്ള സ്ത്രീ ആരാണെന്ന് ചോദിക്കുന്നു. അപ്പോള്‍ ക്ലോക്കില്‍ സമയം ആ രാത്രി കഴിഞ്ഞിരിക്കുന്നു. അത് എഡ്വേര്‍ഡിന്‍റെ ഭാര്യയും കുട്ടികളുമാണെന്ന് 'ഇവ' ജാനസിനോടു പറയുന്നു. മൂന്നുവര്‍ഷം മുമ്പ് അവന്‍ എന്നെ ഉപേക്ഷിച്ചു പോയി ഇപ്പോള്‍ ദൂരെ ഒരു സ്ഥലത്ത് ഭാര്യയും കുട്ടികളുമായി സുഖമായി ജീവിക്കുന്നു. ഇന്നലെ രാത്രി, എല്ലാവരും ആഘോഷത്തിമിര്‍പ്പിലായിരുന്ന ക്രിസ്മസ് രാത്രി, എനിക്ക് തനിച്ചിരിക്കാന്‍ വയ്യായിരുന്നു. അതുകൊണ്ടാണ് ഞാന്‍ നിന്നോടിങ്ങനെ ചെയ്തത്. അയാള്‍ക്ക് അവളോടിപ്പോള്‍ കരുണയില്‍ നിറഞ്ഞ പ്രണയമാണ്. തിരിച്ച് അവര്‍ സ്വന്തം കാറുകളില്‍ വീടുകളിലേയ്ക്ക് യാത്ര പറഞ്ഞ് പിരിയുന്നു.


ജാനസ് തിരിച്ചു വീട്ടിലെത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ നല്ല ഉറക്കത്തിലാണ്. ഭാര്യ സോഫക്കരികില്‍ തന്നെ ഉറങ്ങിക്കിടക്കുന്നു. അയാള്‍ അവളെ സ്വാന്തനപൂര്‍വ്വം വിളിച്ചെണീപ്പിക്കുന്നു. ഒട്ടും പ്രകോപിതയാകാതെ തന്നെ അയാളെ സ്നേഹപൂര്‍വ്വം നോക്കുന്നു. ജാനസ് പറഞ്ഞു, നമ്മുടെ കാര്‍ തിരിച്ചുകിട്ടി. അവള്‍ പറഞ്ഞു: 'ഞാന്‍ അറിഞ്ഞു.' അപ്രതീക്ഷിതമായി, ഏറെ ശാന്തമായി അവള്‍ അയാളോട് ചോദിക്കുന്നു 'ഇവ' എന്തു പറയുന്നു. അയാള്‍ പ്രത്യേകിച്ച് മറുപടിയൊന്നും പറയുന്നില്ല. അവള്‍ വീണ്ടും ചോദിക്കുന്നു, ക്രിസ്മസ് രാത്രി ഇവയോടൊപ്പം ചെലവഴിക്കാന്‍ വേണ്ടിയാണോ പോയത്? അയാള്‍ പറയുന്നു "അല്ല" അവള്‍ വീണ്ടും അതേ ചോദ്യം തന്നെ ചോദിക്കുന്നു. അല്ല എന്ന് അയാള്‍ ഉറപ്പിച്ചു പറയുന്നു. മൂന്നാം പ്രമാണം എന്ന സിനിമ അവിടെ തീരുന്നു.


ദൈവത്തിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന കല്പന പുതിയ കാലത്തില്‍, പുതിയ ജീവിത അനുഭവത്തില്‍ എങ്ങനെ എന്ന് ചിന്തിപ്പിക്കുകയാണ് ഈ ചിത്രം. ഇതിലെ നായികയുടെ പേര് 'ഇവ' എന്നായത് യാദൃച്ഛികമല്ല. അവള്‍ സ്ത്രീയുടെ ആദിരൂപമായ ഇവ/ ഹവ്വ തന്നെയാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതാണ് അവളുടെ ദുഃഖം. രണ്ടുപേര്‍ ഒരുമിച്ച് ഒരേ മനസ്സായി കഴിയുന്നിടത്താണ് ദൈവമുണ്ടാകുന്നത്. ആനന്ദമുണ്ടാകുന്നത്. എല്ലാവരും വേണ്ടപ്പെട്ടവരോടൊത്ത് ആനന്ദിക്കുന്ന ക്രിസ്മസ് രാത്രി ദൈവം മനുഷ്യനായി ഭൂമിയില്‍ ജനിച്ച ആ രാത്രി അവള്‍ക്ക് ആഹ്ലാദിക്കാന്‍ സൗഹൃദങ്ങളില്ല. ദുഃഖങ്ങളെ തനിച്ച് നേരിടാനാകും, പക്ഷേ സന്തോഷം അതെങ്ങനെ ഒറ്റയ്ക്കനുഭവിക്കാനാകും?


'ഇവ' ജാനസിനോട് നുണ പറയുന്നു, പറഞ്ഞതത്രയും നുണയായിരുന്നു എന്നവള്‍ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. വാക്കുകളിലെ അസത്യത്തേക്കാള്‍ എത്രയോ വലിയ സത്യങ്ങളാണ് അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ സംവേദനം ചെയ്യപ്പെടുന്നത്!


ജാനസിന്‍റെ ഭാര്യ സംഭവിച്ച സത്യം അറിഞ്ഞുകൊണ്ട് സംസാരിക്കുമ്പോഴും അയാള്‍ അവളോട് നുണ പറയുന്നു എന്നൊരു വ്യാഖ്യാനം സാധ്യമാണ്. എന്നാല്‍ അല്ല. അതു നുണയാണെന്ന് എങ്ങനെ പറയാനാവും? ഒരേ സമയം സമൂഹം ഏല്പിക്കുന്ന ഉത്തരവാദിത്വത്തിനും സ്വന്തം മനസ്സിന്‍റെ ആന്തരികതയുടെ ആഗ്രഹത്തിനും ഇടയില്‍പ്പെട്ട് നെടുകെ പിളര്‍ക്കപ്പെടുന്ന പുതിയ മനുഷ്യന്‍റെ ജീവിതം വിലയിരുത്താന്‍ പ്രമാണങ്ങളെ പുതിയ രീതിയില്‍ വ്യാഖ്യാനിക്കണമെന്നും ഈ സിനിമ ശക്തമായി സൂചിപ്പിക്കുന്നു.


മനുഷ്യ ജീവിതം അത് ഒരു നിയമത്തിലും ഒതുക്കാന്‍ കഴിയുന്നതല്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു ഈ ചിത്രം.

Featured Posts