top of page
ജോഷിയും സാലിയും വിവാഹിതരായിട്ട് അഞ്ചു വര്‍ഷം തികയുന്നു. ഒരു മകളുണ്ടവര്‍ക്ക്. ജോഷി ടൗണില്‍ ബിസിനസ്സുകാരനാണ്. സാലി വീട്ടമ്മയായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ശുശ്രൂഷിച്ചുകഴിയുന്നു. മദ്യപാനമോ മറ്റു ദുശ്ശീലങ്ങളോ ജോഷിക്കില്ല. ബിസിനസ്സില്‍ തരക്കേടില്ലാത്ത ലാഭമുണ്ട്. സംതൃപ്തവും സന്തോഷപ്രദവുമായ കുടുംബജീവിതം. ഈ സംതൃപ്തിയും സന്തോഷവും പക്ഷേ, മറ്റുള്ളവരുടെ ദൃഷ്ടിയില്‍ മാത്രമേയുള്ളു. സാലിയുടെ മനസ്സ് അസ്വസ്ഥമാണ്. ജോഷിയെ കൊതിതീരെ കാണാന്‍പോലും അവള്‍ക്ക് കിട്ടുന്നില്ല. മതിവരുവോളം സംസാരിക്കാനും സാധിക്കുന്നില്ല. ജോഷിയുടെ മനസ്സില്‍ എപ്പോഴും ബിസിനസ്സ് കാര്യങ്ങളാണ്. വീട്ടില്‍ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നതിനാല്‍ സാലി ഏകാന്തത അനുഭവിച്ചില്ലെന്ന് മാത്രം.
ഒരു വര്‍ഷം മുമ്പ് സ്വന്തമായൊരു വീടുവച്ച് ജോഷിയും ഭാര്യയും കുഞ്ഞും അങ്ങോട്ടു മാറി. അന്നുമുതല്‍ സാലി ഏകാന്തതയുടെ നോവറിഞ്ഞുതുടങ്ങി. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ജോഷിക്കു തിടുക്കമാണ്. എത്രയുംവേഗം കടയിലെത്തണം. കുളിയും ഒരുക്കവും അതിവേഗം കഴിച്ച് ഒരു കാപ്പിയും കുടിച്ച് നേരേ ടൗണിലേക്കു പോകും. പിന്നെ പൂര്‍ണ്ണമായും ബിസിനസ്സ് ലോകത്താണ് അയാള്‍. രാത്രി വളരെ വൈകിയാണ് വീട്ടിലെത്തുക. ആകെ തളര്‍ന്ന് അവശനായി വരുന്ന ജോഷിയുടെ തലയില്‍ അപ്പോഴും കച്ചവടത്തിന്‍റെ ലാഭനഷ്ടങ്ങളുടെ കണക്കായിരിക്കും. തന്നെക്കുറിച്ചോ കുഞ്ഞിനെക്കുറിച്ചോ കുടുംബകാര്യങ്ങളെക്കുറിച്ചോ ഭാര്യ സംസാരിച്ചാല്‍ അതൊന്നും അയാളുടെ തലയില്‍ കയറില്ല. ബിസിനസ്സ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സാലിക്കും നിശ്ചയം പോരാ, താല്‍പര്യവും ഇല്ല.
സാലിയുടെ അസംതൃപ്തി പരിഭവമായും പരാതിയായും മുഖംകറുപ്പിക്കലായും മൗനമായും സങ്കടമായും ദേഷ്യമായും പലപ്പോഴും പുറത്തുവന്നു. അതൊന്നും ജോഷിയില്‍ ഒരു മാറ്റവും വരുത്തിയില്ല. സഹിക്കാന്‍ വയ്യാതായപ്പോള്‍ ഒരു ദിവസം നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചുകൊണ്ട് അവള്‍ ചോദിച്ചു. 'നിങ്ങള്‍ വിവാഹം ചെയ്തിരിക്കുന്നത് എന്നെയാണോ നിങ്ങളുടെ ബിസിനസ്സിനെയാണോ?"
സ്ത്രീ-പുരുഷമനശാസ്ത്രത്തെക്കുറിച്ചോ സ്ത്രീകളുടെയും പുരുഷന്മാരുടെയും സ്വഭാവത്തിലും താല്‍പര്യത്തിലുമുള്ള വ്യത്യാസത്തെക്കുറിച്ചോ അടിസ്ഥാനപരമായ അറിവുപോലും ഇല്ലാത്തതാണ് ഇവരുടെ പ്രശ്നത്തിന്‍റെ മൂലകാരണം. വേണ്ടത്ര അറിവും ഒരുക്കവും കൂടാതെയാണ് പലരും വിവാഹിതരാകുന്നത്. ഉന്നതവിദ്യാഭ്യാസം ലഭിച്ചവരില്‍പ്പോലും ഈ സ്ഥിതിവിശേഷം കാണുന്നുണ്ട്. ഇതുതന്നെയായിരുന്നു ജോഷിയുടെയും സാലിയുടെയും കുടുംബജീവിതത്തിലെ പാളിച്ചയുടെ കാരണം. സാലിയുടെ സങ്കല്‍പ്പങ്ങളെയും ആഗ്രഹങ്ങളെയുംകുറിച്ച് ജോഷിക്ക് കാര്യമായ വിവരമില്ല. അവന്‍റെ മാനസികാവസ്ഥ മനസിലാക്കി നയചാതുര്യത്തോടെ ഇടപഴകാന്‍ സാലിക്കും സാധിച്ചില്ല.ഭര്‍ത്താവിന്‍റെ ജീവിതത്തിന്‍റെ കേന്ദ്രബിന്ദു 'താനാണ്, താനായിരിക്കണം' എന്നാണ് ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത്. മനശാസ്ത്രപരമായി ഇത് അസംഭവ്യമത്രേ. പുരുഷന്മാരുടെ ജീവിതത്തിലെ കേന്ദ്രബിന്ദു അയാളുടെ ജോലിയായിരിക്കുമെന്നാണ് മനശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ജീവിക്കുന്ന ചുറ്റുപാടില്‍ തന്‍റേതായ വ്യക്തിമുദ്ര പതിക്കുക, നേട്ടങ്ങള്‍ ഉണ്ടാക്കുക - ഇതാണ് പുരുഷന്‍റെ അടിസ്ഥാന പ്രേരണ. കൃഷി, കച്ചവടം, ഉദ്യോഗം തുടങ്ങിയ ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ഈ ആഗ്രഹപൂര്‍ത്തീകരണത്തിനായി അയാള്‍ സര്‍വ്വതും മറന്ന് പ്രവര്‍ത്തിക്കും. ഇങ്ങനെ സംതൃപ്തിയും സാമ്പത്തിക സുരക്ഷിതത്വവും മറ്റുള്ളവരുടെ അംഗീകാരവും നേടാന്‍ അയാള്‍ ശ്രമിക്കുന്നു.
ഭര്‍ത്താവിന്‍റെ ജീവിതത്തില്‍ ജോലിക്കു നല്‍കപ്പെടുന്ന പ്രഥമസ്ഥാനം ഭാര്യ മനസ്സിലാക്കണം. ജോലിയിലുള്ള വിജയവും പുരോഗതിയും അയാളുടെ ആത്മാഭിമാനത്തിന്‍റെ പ്രതീകമാണ്. ജോലിയില്ലാത്ത പുരുഷന്‍ സമൂഹത്തിന്‍റെ മുമ്പിലും സ്വന്തം വിലയിരുത്തലിലും വെറും പൂജ്യം. ജോലിയാണ് പുരുഷന് സമൂഹത്തില്‍ സ്ഥാനവും അംഗീകാരവും നേടിക്കൊടുക്കുന്നത്. സ്ഥാനവും അംഗീകാരവും അയാളുടെ മാനസികമായ നിലനില്‍പ്പിന് അനുപേഷണീയമാണ്. ഈ വസ്തുത കണക്കിലെടുത്തുവേണം ജോഷിയെ മനസ്സിലാക്കാന്‍. തന്‍റെ തൊഴിലില്‍ അയാളൊരു അമിതാവേശക്കാരനാണെന്നത് ശരി തന്നെ. ബിസിനസ്സ് അയാള്‍ക്ക് ഹരമാണ്. കൂടുതല്‍ പണവും അംഗീകാരവും കരസ്ഥമാക്കുന്നതിന്‍റെ ത്രില്‍ അയാള്‍ അങ്ങേയറ്റം ആസ്വദിക്കുന്നു. ഇതൊക്കെ ബിസിനസ്സിന് അമിത പ്രാധാന്യം കൊടുക്കലല്ലേ, ഭാര്യയെയും കുടുംബത്തേയും അവഗണിക്കലല്ലേ തെറ്റല്ലേ എന്നു ചോദിച്ചാല്‍ അതെ. ഭര്‍ത്താവിനെ മനസിലാക്കാനും അയാളുടെ ലോകത്തിലേക്ക് മനസുകൊണ്ട് ഇറങ്ങിചെല്ലാനും അയാളില്‍ മാറ്റം വരുത്താനും ശ്രമിച്ചില്ലെന്നതാണ് സാലിയുടെ പരാജയം. ഭര്‍ത്താവിന്‍റെ ബിസിനസിനെക്കുറിച്ച് എന്തെങ്കിലും മനസിലാക്കാനോ നേട്ടങ്ങളെപ്രതി അഭിനന്ദിക്കാനോ അവള്‍ ശ്രമിച്ചില്ല. കുടുംബത്തിനുവേണ്ടിയുള്ള തന്‍റെ അധ്വാനവും കഷ്ടപ്പാടും ഭാര്യ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യണമെന്ന് ഏത് ഭര്‍ത്താവും ആഗ്രഹിക്കും.
ഭാര്യയെ വേണ്ടവിധം മനസിലാക്കാതെ തന്നെപ്പോലെതന്നെയാണ് അവളുമെന്നു കരുതിയതാണ് ജോഷിക്കു പറ്റിയ തെറ്റ്. സ്ത്രീയുടെ ലോകം പ്രധാനമായും അവളുടെ കുടുംബവും കുട്ടികളുമാണെന്ന മനശാസ്ത്രസത്യം അയാള്‍ക്കറിയില്ലായിരുന്നു. സ്ത്രീയുടെ ജീവിതത്തിന്‍റെ കേന്ദ്രബിന്ദു ഭര്‍ത്താവോ അയാളുടെ ജോലിയോ അല്ല, മറിച്ച് അവളുടെ കുഞ്ഞാണ്. ഭാര്യയെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവ് ഈ യാഥാര്‍ത്ഥ്യം അറിഞ്ഞിരിക്കണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്ന വ്യഗ്രതയില്‍ ഭര്‍ത്താവിനുപോലും വേണ്ടത്ര ശുശ്രൂഷ നല്‍കാന്‍ മറന്നുപോകുന്ന സ്ത്രീകളുണ്ടാവാം. ഭര്‍ത്താക്കന്മാരാകട്ടെ, ഭാര്യക്ക് മറ്റെന്ത് തിരക്കുണ്ടെങ്കിലും തന്‍റെ കാര്യത്തില്‍ ശുഷ്കാന്തിയുള്ളവളായിരിക്കണമെന്ന് നിര്‍ബന്ധമുള്ളവരാണ്.
ഭര്‍ത്താവിന്‍റെ സ്നേഹത്തിനുപകരം മറ്റെന്തുകൊടുത്താലും ഭാര്യ തൃപ്തിപ്പെടുകയില്ല. ഈ സ്നേഹമാകട്ടെ ഭര്‍ത്താവിന്‍റെ ഹൃദയത്തിലുണ്ടായാല്‍ പോരാ, ബാഹ്യമായി പ്രകടിപ്പിക്കുകയും വേണം. സ്ത്രീകളെ സംബന്ധിച്ച് ഭര്‍ത്താവ് വാക്കിലൂടെയും പ്രവൃത്തികളിലൂടെയും പ്രകടിപ്പിക്കുന്ന സ്നേഹത്തിന്‍റെ അടയാളങ്ങള്‍ കിട്ടിയേ തീരു. ഭാര്യക്കുവേണ്ടി ദിവസവും കുറച്ചു സമയമെങ്കിലും ഭര്‍ത്താവ് മാറ്റിവയ്ക്കണം.
താന്‍ ചെയ്യുന്ന ജോലികള്‍ ഭര്‍ത്താവ് അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. ചില ഭര്‍ത്താക്കന്മാര്‍ തങ്ങള്‍ ചെയ്യുന്ന ജോലി പ്രധാനപ്പെട്ടതായും ഭാര്യ ചെയ്യുന്ന ജോലികള്‍ അപ്രധാനമായും കണക്കാക്കാറുണ്ട്. ഭാര്യ ചെയ്യുന്ന ജോലി പ്രധാനപ്പെട്ടതുതന്നെയാണെന്ന് അംഗീകരിക്കുകയും അക്കാര്യം അവളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നയാളാണ് വിവേകിയായ ഭര്‍ത്താവ്. കുടുംബത്തിന്‍റെ സുസ്ഥിതിക്കും കെട്ടുറപ്പിനും ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും വ്യത്യസ്ത പ്രവര്‍ത്തനശൈലികള്‍ ഒരുപോലെ അനുപേഷണീയമാണ്. ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും ലോകങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുന്ന ഒറ്റമൂലിയാണ് തുറന്ന, ആത്മാര്‍ത്ഥമായ ആശയവിനിമയം. ഇതിലൂടെ ഭാര്യയുടെ ആഗ്രഹങ്ങളെയും സങ്കല്‍പ്പങ്ങളെയും സ്ത്രീസഹജമായ സവിശേഷതകളെയുംകുറിച്ച് ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ സവിശേഷതകളെയും ചിന്താഗതികളെയും പ്രതീക്ഷകളെയുംകുറിച്ച് ഭാര്യക്കും മനസ്സിലാക്കാന്‍ സാധിക്കും. ഈ മനസ്സിലാക്കല്‍ പരസ്പരമുള്ള വിട്ടുവീഴ്ചക്കും പൊരുത്തപ്പെടലിനും സഹായകരമാവും.
ബാങ്ക് അക്കൗണ്ട് വികസിപ്പിക്കാനുള്ള തത്രപ്പാടിനിടയില്‍ ബന്ധങ്ങളുടെ അക്കൗണ്ട് ശ്രദ്ധിക്കാന്‍ പലര്‍ക്കും നേരം കിട്ടാറില്ല. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന പ്രധാനഘടകം വിശ്വാസമാണ്. പരസ്പരവിശ്വാസത്തില്‍ വരുന്ന ഏറ്റക്കുറച്ചിലാണ് ബന്ധത്തെ ബാധിക്കുന്നത്. പരസ്പരവിശ്വാസത്തിന്‍റെ അക്കൗണ്ട് സൂക്ഷിക്കുന്നതാകട്ടെ ഹൃദയത്തിലും, അവിടെ ധാരാളം നിക്ഷേപമുണ്ടെങ്കില്‍ ബന്ധം സുദൃഢമാകും. പിന്‍വലിക്കലുകള്‍ കൂടി അക്കൗണ്ട് ശൂന്യമായാല്‍ ബന്ധം ശിഥിലമാകും. ബന്ധങ്ങളില്‍ പുലര്‍ത്തുന്ന കരുതല്‍, സത്യസന്ധത, ആത്മാര്‍ത്ഥത, വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലെ ശ്രദ്ധ തുടങ്ങിയവ ഹൃദയ അക്കൗണ്ടിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കും. നല്ല വാക്കുകള്‍, സമ്മാനങ്ങള്‍, ചെറിയ കാര്യങ്ങള്‍ ഓര്‍ത്തുവെക്കല്‍ തുടങ്ങിയവ നിക്ഷേപം കൂട്ടും.
നമ്മുടെ ഭാഗത്തുനിന്നുണ്ടായ ഉദാസീനമായ പ്രവൃത്തികള്‍ ഹൃദയ അക്കൗണ്ടില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കലാകും. വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കാന്‍, കള്ളം പറച്ചില്‍ മുതലായവ. ദൈനംദിന ബന്ധങ്ങളിലെ കൊടുക്കല്‍ വാങ്ങല്‍ സ്വഭാവമനുസരിച്ച് ഹൃദയക്കൗണ്ടില്‍ നിക്ഷേപം ഏറിയും കുറഞ്ഞുമിരിക്കും. വഞ്ചന, ചതി, ഒറ്റ് തുടങ്ങിയവയാകട്ടെ ഹൃദയ അക്കൗണ്ട് എന്നന്നേക്കുമായി ക്ലോസ് ചെയ്യാന്‍ കാരണമാകും. മനുഷ്യര്‍ തമ്മിലുള്ള എല്ലാ ബന്ധത്തിനും ഇത്തരം ഹൃദയനിക്ഷേപം പ്രധാനമാണെങ്കിലും ഇത് ഏറ്റവും അത്യാവശ്യമായിരിക്കുന്നത് കുടുംബബന്ധങ്ങളിലാണ്. തുടര്‍ച്ചയായ കൊടുക്കല്‍ വാങ്ങലിലൂടെ നല്ലൊരു കരുതല്‍ നിക്ഷേപം ഓരോ ബന്ധത്തിലുമുണ്ടാകാന്‍ നാം ശ്രദ്ധവെക്കണം.
കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന സുഹൃത്തുക്കല്‍ തമ്മിലുള്ള അക്കൗണ്ട് തുടങ്ങുമ്പോള്‍ അയാള്‍ തന്നെ സജീവമാകും. ഒരു ഫോണ്‍ വിളിയോ കുശലമോകൊണ്ട് പിന്നീടതിനെ പോഷിപ്പിച്ചാല്‍ അത് സജീവമായി നിലനില്‍ക്കും. എന്നാല്‍ ദൈനംദിനം ഇടപെടുന്നവരില്‍ കൊടുക്കല്‍ വാങ്ങലുകളുടെ തോത് കൂടിയിരിക്കുന്നതിനാല്‍ അക്കൗണ്ടില്‍ പെട്ടെന്ന് കുറവും കൂടുതലും വരും. ഒരാളുടെ ഉള്ളില്‍ രൂപം കൊള്ളുന്ന തെറ്റിദ്ധാരണമൂലവും അക്കൗണ്ടില്‍ കുറവ് വരും.
വ്യക്തിയെ മനസ്സിലാക്കുക, കേള്‍ക്കുക, കൂടുതല്‍ സമയം അവരോടൊത്ത് ചിലവഴിക്കുക, കൊച്ചുവര്‍ത്തമാനങ്ങള്‍ പറയുക, കളിക്കുക, തിന്നുക, കുടിക്കുക, വാഗ്ദാനങ്ങള്‍ പാലിക്കുക ഇങ്ങനെ കൊച്ചുകൊച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഹൃദയനിക്ഷേപം വര്‍ദ്ധിപ്പിക്കണം. നമ്മുടെ ഭാഗത്തെ വീഴ്ചകള്‍ മൂലം നിക്ഷേപം കുറഞ്ഞാല്‍ ക്ഷമ, ഏറ്റുപറച്ചില്‍ തുടങ്ങിയവയിലൂടെ അത് നികത്താന്‍ കഴിയണം.
വര്‍ദ്ധിച്ച തോതിലുള്ള പിന്‍വലിക്കലുകള്‍ അക്കൗണ്ടിനെ ശൂന്യമാക്കുകയോ മൈനസ്സിലേക്ക് നീക്കുകയോ ചെയ്യും. അപ്പോഴാണ് ബന്ധങ്ങള്‍ തകരുന്നത്. വിവാഹമോചനത്തിന്‍റെ ആദ്യകാഹളം മുഴങ്ങുന്നത് അക്കൗണ്ട് ശൂന്യമാകുമ്പോഴാണ്. പണം ഉണ്ടാക്കാനുള്ള പരക്കം പാച്ചിലിനിടയില്‍ ഹൃദയ അക്കൗണ്ടുകളിലെ നിക്ഷേപത്തെക്കുറിച്ച്കൂടി ശ്രദ്ധയുള്ളവരാകാം നമുക്ക്.