

പഴഞ്ചൊല്ലുകളും ശൈലികളും അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എങ്കിലും എൻ്റെ ബാല്യത്തിൽ കഥകളൊന്നും അമ്മ പറഞ്ഞുതന്നതായി ഓർമ്മയില്ല. ഒരൊറ്റ കഥ മാത്രം അമ്മ പറഞ്ഞതായി ഓർമ്മയുണ്ട്. രണ്ടാം തരത്തിൽ നിന്ന് മൂന്നാം തരത്തിലേക്ക് കടക്കുന്ന ഘട്ടത്തിലായിരുന്നു അക്കാലത്ത് ഞങ്ങളൊക്കെ ആദ്യകുർബാന സ്വീകരണം നടത്തുന്നത്. കന്യാസ്ത്രീകളാണ് കുട്ടികളെ അതിനായി ഒരുക്കിയിരുന്നത്. അവധിക്കാലം മിക്കവാറും അമ്മവീട്ടിലാണ്. ആദ്യകുർബാന സ്വീകരണം കഴിഞ്ഞ് ഏതാണ്ട് ഒരു മാസത്തോളം അമ്മ എന്നെയും കൂട്ടി രാവിലെ ഏതാണ്ട് ഒരു മൈൽ അകലെയുള്ള പള്ളിയിൽ നടന്ന് പോകുമായിരുന്നു. അങ്ങനെ ആ ശീലം ഉറച്ചുകഴിഞ്ഞു എന്നാവുമ്പോൾ നമ്മൾ സ്വയം പോയ്ക്കൊള്ളണം. ആ ഒരു മാസത്തിന ിടെയുള്ള നടത്തത്തിലാണ് അമ്മ ഒരു കഥ പറഞ്ഞു തന്നത്.
ഇന്നോളം മറന്നിട്ടില്ലാത്ത ആ കഥയുടെ സംക്ഷിപ്തം ഇങ്ങനെ: ഒരു രാജകുമാരൻ ഉണ്ടായിരുന്നു. എങ്ങനെയോ ബാല്യത്തിലേ അവൻ മരിച്ചു. അവർ അവന്റെ സുന്ദരമായ ഒരു പ്രതിമ ഉണ്ടാക്കി ഒരു സ്തൂപത്തിൽ സ്ഥാപിച്ചു. അവന്റെ കണ്ണുകളിലും മാലയിലും അവർ രത്നങ്ങൾ പതിച്ചിരുന്നു. ഈയം കൊണ്ടുണ്ടാക്കിയ അവൻ്റെ ശരീരം സ്വർണ്ണം പൊതിഞ്ഞതായിരുന്നു. എന്നാൽ, പ്രതിമയുടെ ഹൃദയം കാരിരുമ്പ് ഉരുക്കി വാർത്തതായിരുന്നു.
ശീതകാലം എത്താൻ തുടങ്ങുന്നു. ഒരു കുരുവി ഒരുദിവസം കുമാരൻ്റെ പ്രതിമയിലന്മേലാണ് വിശ്രമിച്ചത്. പ്രതിമ കരയുകയാണ് എന്ന് കുരുവി ശ്രദ്ധിച്ചു. അവൾ കാരണം അന്വേഷിച്ചു. ഇവിടെ ഉയരത്തിൽ ഇങ്ങനെ നില്ക്കുമ്പോൾ തൻ്റെ രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യവും കഷ്ടപ്പാടും തനിക്ക് കാണാനാകുന്നതെന്നും, അതുകണ്ടിട്ട് തനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്തിട്ടാണ് കരച്ചിൽ വരുന്നത് എന്നും പ്രതിമ പറഞ്ഞു. തന്നെ ഒന്ന് സഹായിക്കാമോ എന്ന് പ്രതിമ കുരുവിയോട് അപേക്ഷിച്ചു. ശീതകാലം വരികയായി. എനിക്ക് തിരക്കുണ്ട്. മറ്റൊരു ദേശത്തേക്ക് പോകാതിരുന്നാൽ ശരിയാവില്ല. എങ്കിലും ഒരു സഹായം ചെയ്യാൻ ഒരു ദിവസം നില്ക്കാമെന്ന് കുരുവി സമ്മതിച്ചു. കുമാരൻ പറഞ്ഞതനുസരിച്ച് അവൻ്റെ മാലയിലെ രത്നം അവൾ കൊത്തിയെടുത്ത് അങ്ങുദൂരെയുള്ള പാവപ്പെട്ട ഒരു സ്ത്രീക്ക് കൊണ്ടുപോയി കൊടുത്തു. കുമാരൻ ഒരു സഹായം കൂടി ചോദിച്ചു. ഏറെ ഖേദത്തോടെയാണെങ്കിലും അന്നവൾ ഇന്ദ്രനീലരത്നം കൊണ്ടുള്ള അവൻ്റെ കണ്ണ് കൊത്തിയെടുത്ത് ഒരു പാവപ്പെട്ടവന് കൊണ്ടുചെന്ന് നല്കി. പിറ്റേന്ന് അടുത്ത കണ്ണും. പിന്നീട് അവൻ്റെ ദേഹം പൊതിഞ്ഞ സ്വർണ്ണത്താളുകൾ ഓരോന്നോരോന്നായി അവൾ ഓരോരോ പാവങ്ങൾക്ക് എത്തിച്ചു കൊടുത്തു. ഇതിനോടകം തീവ്രശൈത്യവുമായി ശീതകാലം വന്നെത്തി. ചൂടുള്ള നാട്ടിലേക്ക് ദേശാടനം നടത്താൻ അവൾ നന്നേ വൈകിയിരുന്നു. കുമാരൻ്റെ പ്രതിമയുമായി കൂട്ടായ അവൾ, അവൻ്റെ പാദത്തിങ്കൽ ഇരുന്ന് തണുപ്പിൽ മരവിച്ച് ചത്തുപോയി. അതറിഞ്ഞ് പ്രതിമയുടെ ഹൃദയം രണ്ടായി പിളർന്നുംപോയി.
ശീതകാലം ഏതാണ്ട് കടന്നുപോയി. ഒരു നല്ല പ്രഭാതത്തിലെ ഇളം വെയിലിൽ നഗരത്തിൻ്റെ മേയർ നടക്കാനിറങ്ങിയപ്പോൾ സ്തൂപത്തിലേക്ക് ദൃഷ്ടി പായിച്ചു. രാജകുമാരൻ്റെ പ്രതിമ നഗരത്തിന് ഒരു കളങ്കമായി അദ്ദേഹത്തിന് തോന്നി. അത് നീക്കം ചെയ്യാനും അതുരുക്കി ഭംഗിയുള്ള എന്തെങ്കിലും നിർമ്മിക്കാനും അയാൾ ഉത്തരവിട്ടു. ആളുകൾ ആ പ്രതിമ വലിച്ച് താഴെയിട്ടു. മൂശാരിമാർ അത് ഉരുക്കിയപ്പോൾ, രണ്ടായി വിണ്ടുപിളർന്ന ഉരുക്കു ഹൃദയം അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവർ അതെടുത്ത് എറിഞ്ഞുകളഞ്ഞു.
ലോകാവസാനം ആയപ്പോൾ ഒരു പ്രത്യേക ദൗത്യവുമായി ദൈവം തൻ്റെ പ്രിയപ്പെട്ട രണ്ട് മാലാഖാമരെ ഭൂമിയിലേക്ക് അയച്ചു. ഭൂമി മുഴുവൻ സഞ്ചരിച് ച് അവിടെ കാണുന്ന ഏറ്റവും തിളക്കവും ഭംഗിയുമുള്ള ഒരു സാധനം സ്വർഗ്ഗത്തിലേക്ക് എടുത്തുകൊണ്ടുവരണം എന്നതായിരുന്നു ദൈവം അവർക്ക് നല്കിയ ദൗത്യം. അവർ ഭൂമിയുടെ രണ്ടുവശത്തേക്കുമായി പോയി. ഭൂമിയിലെ സ്വർണ്ണവും രത്നങ്ങളുമൊന്നും അവർക്കത്ര രസമുള്ളതായി തോന്നിയില്ല. അവസാനം മാലാഖമാർ കൗതുകവും മൂല്യവുമുള്ള രണ്ടു വസ്തുക്കൾ കണ്ടെടുത്തു കൊണ്ടുവന്നു. വിണ്ടുപിളർന്ന ഒരു ഇരുമ്പുഹൃദയമായിരുന്നു ഒന്ന്. തണുപ്പിൽ മരവിച്ച് ചത്തുപോയ ഒരു കുരുവിയുടെ അസ്ഥിപഞ്ജരമായിരുന്നു മറ്റേത്.
ബാല്യത്തിൽ അമ്മ പറഞ്ഞുതന്ന ഒരേയൊരു കഥ! ആ കഥ ഓസ്കർ വൈൽഡിൻ്റെ "ദ് ഹാപ്പി പ്രിൻസ് " ആയിരുന്നു എന്ന് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ തിരിച്ചറിയുന്നതുതന്നെ! അമ്മയുടെ ഭാഷ്യം വിശദാംശങ്ങളിൽ വൈൽഡിൻ്റെ കഥയിൽനിന്ന് ഏറെ വ ്യത്യാസമുണ്ടായിരുന്നു എന്നത് സത്യമാണ്. എങ്കിലും ബാല്യത്തിൽ കേട്ട അതിൻ്റെ കഥാതന്തു മനസ്സിൽ തറഞ്ഞുകിടന്നു, ഇക്കാലത്തോളം.
കേരള സംസ്ഥാനത്തെ സ്കൂളുകളിൽ 6 -ാം തരത്തിൽ ഇംഗ്ലീഷ് റീഡർ ആയി ഈ കഥ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നറിഞ്ഞിട്ട് രണ്ടുവർഷമേ ആയുള്ളൂ. അതറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നു.
എന്നാൽ, ഓരോരോ സംസ്ഥാനങ്ങൾക്ക് അതതിൻ്റെ അജണ്ടകളാണല്ലോ. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഓസ്കർ വൈൽഡിൻ്റെ വിശ്വപ്രസിദ്ധമായ ചെറുകഥ പാഠപ്പുസ്തകത്തിൽ ഉൾപ്പെടുത്തിയവർ ഏതായാലും ഒരു കാര്യം ചെയ്തു. കഥയുടെ അവസാന ഭാഗം സെൻസർ ചെയ്ത് മുറിച്ചുനീക്കി. 'ഹാപ്പി പ്രിൻസിനെ അവർ വലിച്ച് താഴെയിട്ടു' എന്നു പറയുന്നിടത്ത് അവർ കഥയവസാനിപ്പിച്ചു. അവസാനത്തെ ഒരു പേജ് കൂടി ഉൾപ്പെടുത്തിയാൽ കുട്ടികളിൽ ആർക്കെങ്കിലും നല്ല എന്തെങ്കിലും ജീവിതലക്ഷ്യം ഉണ്ടായിപ്പോയെയിലോ എന്നവർ ഭയപ്പെട്ടു കാണും!!
ഏതായാലും, കഥയിലെ മൂശാരിമാരെപ്പോലെ കഥയുടെ ഹൃദയം എടുത്തുകളഞ്ഞ്, ലക്ഷണം കെടുത്തിക്കളഞ്ഞ ആ കഥ, ഇക്കൊല്ലം പൂർണ്ണമായും ഒഴിവാക്കി എന്നറിയുന്നതിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് ഓസ്കർ വൈൽഡിൻ്റെ ആത്മാവു തന്നെയായിരിക്കും!
(വൈൽഡിൻ്റെ കഥയിൽ തൻ്റെ തന്നെ പ്രതിമയുണ്ടാക്കി വെക്കാനാണ് മേയർ ഉത്തരവിടുന്നത്. 'തൻ്റെ പ്രതിമവേണം, അല്ല തൻ്റേത് വേണം' എന്ന് ഓരോ കൗൺസിൽ അംഗവും അപ്പോൾ കശപിശ കൂടുകയും! ഒരുപക്ഷേ, നമ്മുടെ നേതാക്കളിലേക്ക് കഥ ചെന്നെത്തേണ്ടാ എന്നു കരുതിയാവണം വേ ണ്ടപ്പെട്ടവർ കഥയെ അംഗഛേദം ചെയ്തത്!)





















