top of page

'പാതാളം' ഒരു ദൈവശാസ്ത്ര വിചിന്തനം

Sep 1, 2011

4 min read

ഡറ
A drawing of the hell.

ക്രൈസ്തവരില്‍ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് വിശ്വാസപ്രമാണത്തിലെ 'പാതാളത്തിലിറങ്ങി' എന്ന പ്രയോഗം. ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍നിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ടു പാതാളത്തിലിറങ്ങി മരിച്ചവരുടെ ഇടയില്‍നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നെള്ളി സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നു. ഇതിനു കാരണം 'പാതാളം' എന്ന വാക്കിനെ സംബന്ധിച്ചുള്ള അവ്യക്തതയാണ്. വിശ്വാസപ്രമാണത്തിന്‍റെ ഇംഗ്ലീഷ് രൂപത്തില്‍ "hell' എന്ന വാക്കാണ് 'പാതാള'ത്തെ കുറിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്."hell' എന്ന ഇംഗ്ലീഷ് വാക്കിന് 'നരകം' അഥവാ മരണത്തിനുശേഷം നിത്യശിക്ഷക്കായി ആത്മാക്കള്‍ എത്തിച്ചേരുന്ന സ്ഥലം എന്നു നിഘണ്ടു അര്‍ത്ഥം നല്‍കുന്നു. ഈയൊരു അര്‍ത്ഥതലത്തില്‍ ഒതുങ്ങിനിന്നുകൊണ്ട് പത്രോസിന്‍റെ ഒന്നാം ലേഖനത്തിലെ ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ യേശു പാതാളത്തില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന 'ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചു' എന്നു ചിലരെങ്കിലും കരുതും.

സാംസ്കാരികവും ചരിത്രപരവുമായ പശ്ചാത്തലത്തിലേക്ക് ഇറങ്ങിച്ചെന്നാല്‍ മാത്രമേ ഈ വിഷയം അതിന്‍റെ സമഗ്രതയില്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അതു പോലെതന്നെ ശാസ്ത്രീയ ബൈബിള്‍ വ്യാഖ്യാനത്തിന്‍റെ വെളിച്ചത്തിലുള്ള ഒരു വിശകലനവും ആവശ്യമാണ്. ബൈബിള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ തികച്ചും വ്യത്യസ്തമായ രണ്ടു പദങ്ങളെയും ആശയങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ "hell' എന്ന വാക്ക് ഉപയോഗിച്ചു. അതിലൊന്നാണ് 'ഗഹന്നാ'(gehenna) എന്ന ഗ്രീക്ക് പദം(മത്താ 5:22). ഈ വാക്കിന്‍റെ ഉത്ഭവം ജറുസലേം ദേവാലയത്തിന്‍റെ തെക്കുഭാഗത്തായി സ്ഥിതിചെയ്തിരുന്ന ഒരു താഴ്വരയുടെ പേരില്‍നിന്നാണ്, "ഹിന്നോം താഴ്വര" (gehinnom). ജറുസലേം പട്ടണത്തിലെ മാലിന്യം മുഴുവന്‍ തള്ളിയിരുന്നത് ഈ താഴ്വരയിലായിരുന്നു. കുമിഞ്ഞുകൂടുന്ന മാലിന്യക്കൂമ്പാരങ്ങള്‍ കത്തിക്കുന്നതുമൂലം ഹിന്നോം താഴ്വരയില്‍ തീയണയാതെയായി. മാത്രവുമല്ല താഴ്വരയില്‍ അങ്ങുമിങ്ങുമായി സ്ഥാപിക്കപ്പെട്ടിരുന്ന വിജാതീയ ദേവനായ മോളേക്കിന്‍റെ വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ നരബലിയര്‍പ്പിക്കപ്പെടുന്ന പതിവുമുണ്ടായിരുന്നു (1 രാജാ 23:10). ഇക്കാരണങ്ങളാല്‍ ദൈവശിക്ഷയുടെ പ്രതീകമായി ഹിന്നോം താഴ്വര മാറി. ശിക്ഷയുടെയും നാശത്തിന്‍റെയും പ്രതീകമായി മാറിയ 'തീ' കാലക്രമേണ ക്രൈസ്തവ പാരമ്പര്യത്തിലും നിത്യശിക്ഷയുടെ ഒരു ബിംബമായി തീര്‍ന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്ന 'നരകം' 'നരകാഗ്നി' എന്നീ പദങ്ങള്‍ ഈയൊരര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്.


പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ഗ്രീക്ക് പദമാണ് "hades" (മത്താ: 11:23). ഗ്രീക്ക് പുരാണത്തില്‍ "hades" മരിച്ചവരുടെ വാസസ്ഥലത്തിന്‍റെ പേരാണ്. "Sheol" എന്ന ഹെബ്രായ പദം ഗ്രീക്കിലേക്കു മൊഴിമാറ്റം ചെയ്തപ്പോള്‍ "hades" എന്ന വാക്കുതന്നെയാണ് ഉപയോഗിച്ചതും. പഴയനിയമത്തില്‍, മരണമടഞ്ഞവരുടെ അവസ്ഥയെ സൂചിപ്പിക്കാന്‍ "Sheol" എന്ന പദം ആലങ്കാരികമായി ഉപയോഗിച്ചിരുന്നു. മരിച്ചവര്‍ ചെന്നെത്തുന്ന സ്ഥലമായി "Sheol" കരുതപ്പെട്ടു. മരണത്തിന്‍റെയും ശവക്കുഴിയുടെയും പര്യായമായിപ്പോലും പഴയനിയമത്തിലെ ചിലഭാഗങ്ങളില്‍ "Sheol" മാറുന്നുണ്ട്, ഉദാഹരണത്തിന് 'ആടുകളെപ്പോലെ അവര്‍ മരണത്തിനു വിധിക്കപ്പെട്ടവരാണ്; മൃത്യുവായിരിക്കും അവരുടെ ഇടയന്‍; നേരെ ശവക്കുഴിയിലേക്ക് അവര്‍ താഴും; അവരുടെ രൂപം അഴിഞ്ഞുപോകും; പാതാളമായിരിക്കും (Sheol) അവരുടെ പാര്‍പ്പിടം' (സങ്കീ 49: 14).


ഹെബ്രായ വീക്ഷണമനുസരിച്ച് 'ഒരുവന്‍ പാതാളത്തിലേക്കിറങ്ങി' എന്നാല്‍ 'അവനെ ശവക്കുഴിയിലേക്ക് താഴ്ത്തി' എന്നാണ് ധ്വനി. അതുപോലെതന്നെ 'ഒരുവന്‍ തന്‍റെ പിതാക്കന്‍മാരോടൊപ്പം നിദ്ര പ്രാപിച്ചു' എന്ന പ്രയോഗം മനസ്സിലാക്കേണ്ടത് 'അവന്‍ തന്‍റെ കുടുംബക്കല്ലറയില്‍ അടക്കപ്പെട്ടു' എന്നുമാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ 'മരിച്ച് അടക്കപ്പെട്ടു' എന്നത് അല്‍പ്പംകൂടി കാവ്യാത്മകമായി "Sheol" എന്ന പദത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു. ഈയര്‍ത്ഥത്തില്‍ തന്നെയാണ് വിശ്വാസപ്രമാണത്തില്‍ 'പാതാളം' ഉപയോഗിക്കപ്പെടുന്നതും. ഇങ്ങനെ ചിന്തിക്കുമ്പോള്‍ യേശു 'പാതാളത്തില്‍ ഇറങ്ങി' എന്ന പ്രസ്താവന യേശു മരിച്ച് കല്ലറയിലടക്കപ്പെട്ടു എന്നതില്‍ കവിഞ്ഞൊരു സൂചനയും നല്‍കുന്നില്ല.


മേല്‍പ്പറഞ്ഞ പ്രയോഗങ്ങളെയും പദങ്ങളെയും സംബന്ധിച്ച് ആദിമസഭയില്‍ വളരെയധികം ആശയക്കുഴപ്പം നിലനിന്നിരിക്കണം. ഭൂരിഭാഗം ബൈബിള്‍ പണ്ഡിതരും പത്രോസിന്‍റെ ഒന്നാംലേഖനം ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനവര്‍ഷങ്ങളിലെഴുതപ്പെട്ടു എന്നാണ് അനുമാനിക്കുന്നത്. അങ്ങിനെയെങ്കില്‍ ആദിമസഭയില്‍ നിലനിന്നിരുന്ന അവ്യക്തത, പ്രസ്തുത ലേഖനത്തിന്‍റെ രചനയേയും സ്വാധീനിച്ചു എന്നു ചിന്തിക്കുന്നതിനു ന്യായമുണ്ട്.


പ്രധാനമായും, ഈ ലേഖനത്തില്‍ നിന്നുള്ള രണ്ടു ഭാഗങ്ങളാണ് (3:19, 4:6) ഇവിടെ വിശകലനം ചെയ്യാന്‍ ഉദ്യമിക്കുന്നത്. ഈ ഭാഗങ്ങള്‍ വായിക്കുമ്പോള്‍ യേശു മരണമടഞ്ഞവരോട് സുവിശേഷം പ്രസംഗിച്ചു എന്ന് തോന്നാനിടയുണ്ട്. 'ശുദ്ധീകരണ സ്ഥലത്തെ' സംബന്ധിച്ച പഠനങ്ങളുടെ വെളിച്ചത്തില്‍ ഈ ആശയം അല്‍പ്പംകൂടി ആകര്‍ഷകമായിത്തീരുന്നു. എന്നിരുന്നാലും സൂക്ഷ്മമായ പരിശോധന വ്യത്യസ്തമായ ഒരു ചിത്രമാണ് നമ്മുടെ മുമ്പില്‍ അനാവരണം ചെയ്യുന്നത്.


"18.എന്തുകൊണ്ടെന്നാല്‍ ക്രിസ്തു തന്നെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ മരിച്ചു; അതു നീതിരഹിതര്‍ക്കു വേണ്ടിയുള്ള നീതിമാന്‍റെ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച് ആത്മാവില്‍ ജീവന്‍ പ്രാപിച്ചുകൊണ്ട് നിങ്ങളെ ദൈവസന്നിധിയിലെത്തിക്കുന്നതിനു വേണ്ടിയായിരുന്നു അത്. ആത്മാവോടുകൂടെ ചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചു" (1 പത്രോ 3: 18,19).


19-ാം വാക്യത്തില്‍ "kyrusso" എന്ന ഗ്രീക്ക് പദമാണ് സുവിശേഷം പ്രസംഗിച്ചു എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഈ പദത്തിന്‍റെ ശരിയായ അര്‍ത്ഥം 'പ്രഖ്യാപനം നടത്തി' അല്ലെങ്കില്‍ 'പ്രഖ്യാപിച്ചു' (made a proclamation) എന്നാണ്. മറ്റു ഭാഗങ്ങളില്‍ പാപമോചനത്തിലേക്കു നയിക്കുന്ന സുവിശേഷ പ്രഘോഷണത്തെ കുറിച്ച് പ്രതിപാദിക്കുമ്പോഴെല്ലാം "enaggelizo" (1 പത്രോ 2:9, 4:6) എന്ന പദമാണ് ലേഖകന്‍ സ്വീകരിക്കുന്നത്. അതിനാല്‍ ബന്ധനസ്ഥരായ ആത്മാക്കളെ മാനസാന്തരപ്പെടുത്തുകയായിരുന്നില്ല മറിച്ച് മരണത്തിലൂടെയും ഉയിര്‍പ്പിലൂടെയും താന്‍ നേടിയ വിജയവും നീതികരണവും (3:18) പ്രഖ്യാപിക്കുകയായിരുന്നു ക്രിസ്തുവിന്‍റെ പ്രവൃത്തിയുടെ ലക്ഷ്യം എന്നു വ്യക്തമാക്കുന്നു.


ഇനി 4-ാം അദ്ധ്യായത്തിലെ 3 മുതല്‍ 6 വരെയുള്ള വചനങ്ങള്‍ ഒന്നു പരിശോധിക്കാം.


'3. വിജാതീയര്‍ ചെയ്യാനിഷ്ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്സവത്തിലും നിഷിദ്ധമായ വിഗ്രഹാരാധനയിലും മുഴുകി നിങ്ങള്‍ മുമ്പ് വളരെക്കാലം ചെലവഴിച്ചു. 4. അവരുടെ ദുര്‍വൃത്തികളില്‍ ഇപ്പോള്‍ നിങ്ങള്‍ പങ്കുചേരാത്തതുകൊണ്ട്, അവര്‍ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു. 5. എന്നാല്‍, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്നവന്‍റെ മുമ്പില്‍ അവര്‍ക്കു കണക്കുകൊടുക്കേണ്ടി വരും. 6. എന്തെന്നാല്‍ ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണ് മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്.' (1 പത്രോ 4:3-6)


6-ാം വാക്യത്തില്‍ kyrusso എന്ന വാക്കില്‍നിന്ന് വിഭിന്നമായി 'സുവിശേഷം പ്രസംഗിച്ചു' എന്ന അര്‍ത്ഥമുള്ള "enaggelizo" എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെ വിവക്ഷിക്കുന്നത് മരണമടഞ്ഞവരോട് ക്രിസ്തു സുവിശേഷം പ്രസംഗിച്ചു എന്നല്ല, മറിച്ച് മരിച്ചവരോടുപോലും അവരുടെ ജീവിതകാലത്ത് സുവിശേഷം പ്രസംഗിക്കപ്പെട്ടു എന്നാണ്. ആരാണ് ഈ 'മരിച്ചവര്‍'? ജീവിച്ചിരുന്നപ്പോള്‍ സുവിശേഷത്തോടു പ്രതികരിക്കാതെ ദുര്‍വൃത്തിയില്‍ കഴിഞ്ഞ് മരണത്തിലേക്കു കടന്നുപോയവരേക്കുറിച്ചാണ് ലേഖകന്‍ പ്രതിപാദിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ജീവിതകാലത്ത് സുവിശേഷത്തിന് ("enaggelizo", 1 pet 4:6) ചെവികൊടുക്കാതെ മരണമടഞ്ഞവര്‍ക്കു യേശുവിന്‍റെ മരണം നീതിവിധിയുടെ പ്രഖ്യാപനമായി (kyrusso, 1. പത്രോ 3:19) മാറുന്നു.


ഈ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ പത്രോസിന്‍റെ ഒന്നാം ലേഖനത്തെ ആസ്പദമാക്കി യേശു പാതാളത്തിലേക്കിറങ്ങിയെന്നോ മരിച്ചവരെ മാനസാന്തരത്തിലേക്കു നയിക്കുന്നതിനായി അവരോടു സുവിശേഷം പ്രസംഗിച്ചു എന്നോ അനുമാനിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ത്തന്നെ മരിച്ചവര്‍ക്ക് ഇനിയും സുവിശേഷം സ്വീകരിച്ച് രക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന വാദമുഖത്തിനും നിലനില്‍പ്പില്ലാതാകുന്നു.


നമുക്കൊന്നുകൂടി വിശ്വാസപ്രമാണത്തിലെ യേശു 'പാതാളത്തിലിറങ്ങി' എന്ന പ്രസ്താവനയിലേക്കു മടങ്ങിപ്പോകാം. വിശ്വാസപ്രമാണത്തിന്‍റെ ഗ്രീക്ക് മൂലരൂപത്തില്‍ 'പാതാളം' എന്നതിന്‍റെ സ്ഥാനത്ത് 'Katatata' (ഏറ്റവും താഴ്ന്നത്) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്, ലാറ്റിന്‍ രൂപത്തിലാണെങ്കില്‍ 'interos' (താഴെയുള്ളവ) എന്ന വാക്കും. ഈ രണ്ടു വാക്കുകളും ദ്യോതിപ്പിക്കുന്നത് 'അധോലോകം' അല്ലെങ്കില്‍ മരിച്ചവര്‍ ചെന്നെത്തുന്ന 'ഭൂമിയുടെ കീഴിലുള്ള അറ' എന്ന ആശയത്തെയാണ്. അതിനാല്‍ 'പാതാളത്തിലിറങ്ങി' എന്നതിന്‍റെ ശരിയായ വിവര്‍ത്തനം 'ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങി' എന്ന് ആയിത്തീരുന്നു. ആലങ്കാരികമായ ഭാഷ ഒഴിവാക്കിയാല്‍ 'അവന്‍ അടക്കപ്പെട്ടു' എന്നതില്‍ക്കവിഞ്ഞ് ഇതിനു മറ്റൊരു അര്‍ത്ഥവുമില്ല.


അന്തിമ വിശകലനത്തില്‍, വിശ്വാസപ്രമാണത്തില്‍ കാണുന്നത് യേശു മരിച്ച്, അടക്കപ്പെട്ട്, മരണത്തെ ജയിച്ച് എന്ന വിശ്വാസസത്യം മാത്രമാണ്. തന്‍റെ ഉത്ഥാനത്തിലൂടെ, മരണത്തിന്‍റെ പരാജയവും, മരണത്തില്‍ നിന്നുള്ള മോചനവും യേശു പ്രഖ്യാപിക്കുന്നു. 'പാതാളത്തിലിറങ്ങി' എന്ന പ്രയോഗത്തിന്‍റെ ആദ്യ വ്യാഖ്യാനവും ഇതുതന്നെയായിരുന്നു. കത്തോലിക്കാസഭയുടെ മതബോധനത്തില്‍ ഈ വിശദീകരണം ഇന്നും കാത്തുസൂക്ഷിച്ചുപോരുന്നു.


ഇനി യേശു "മരിച്ചവരില്‍ നിന്നും ഉയിര്‍പ്പിക്കപ്പെട്ടു" എന്ന പുതിയനിയമ സാക്ഷ്യത്തിന്‍റെ പശ്ചാത്തലത്തിലേക്ക് ഒന്നു കണ്ണോടിക്കാം. യേശു തന്‍റെ ഉത്ഥാനത്തിനു മുമ്പായി മരണമടഞ്ഞവരുടെ മണ്ഡലത്തില്‍ വ്യാപരിച്ചു എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ഈ സാക്ഷ്യം ഉരുത്തിരിയുന്നത്. ദൈവവചനമനുസരിച്ച് "sheol" അഥവാ "Hades" ദൈവദര്‍ശനവും ദൈവാനുഭവവും നിഷേധിക്കപ്പെടുന്ന ഒരു അവസ്ഥയാണ്. മരണമടഞ്ഞവരില്‍ പാപികള്‍ മാത്രമല്ല നീതിമാന്‍മാരും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. അവിടെ അവര്‍ വിമോചകനെ പ്രതീക്ഷിച്ചു കഴിയുന്നു. ഇവരുടെ മധ്യേയാണ് യേശു തന്‍റെ രക്ഷയും വിമോചനവും പ്രഖ്യാപിക്കുന്നത്. തന്‍റെ മുന്‍പേ കടന്നു പോയ നീതിമാന്‍മാര്‍ക്കായി അവന്‍ സ്വര്‍ഗ്ഗത്തിന്‍റെ വാതില്‍ തുറന്നു കൊടുക്കുകയും ചെയ്യുന്നു. പാപത്തില്‍ മരിച്ചവരോടു മാത്രം സുവിശേഷം പ്രസംഗിച്ച് അവരെ ദൈവദര്‍ശനത്തിലേക്കു നയിച്ചു എന്ന് ഒരുതരത്തിലും ഇവിടെ വിവക്ഷയില്ല.

ഈ ലേഖനം വായിക്കുന്നവരുടെ മനസ്സില്‍ ഉയര്‍ന്നുവരാവുന്ന ഒരു ചോദ്യമിതാണ്, 'തന്‍റെ മരണത്തിനും ഉത്ഥാനത്തിനും മധ്യേ ഉള്ള കാലയളവില്‍ യേശു 'എവിടെ' ആയിരുന്നു?' അസ്തിത്വത്തെ സ്ഥലകാലങ്ങളുമായി ബന്ധപ്പെടുത്തിക്കാണുന്ന ആധുനിക ചിന്തയുടെ ബലത്തിലാണ് ഈ ചോദ്യമുയരുന്നത്. 'ആത്മാവിന്‍റെ അമര്‍ത്യത'യെ (Immortality of the soul) കുറിച്ചുള്ള ഗ്രീക്കുസങ്കല്‍പം മേല്‍പ്പറഞ്ഞ ചോദ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ സങ്കല്പമനുസരിച്ച് മരണം ഒരു ജീവിതയാഥാര്‍ത്ഥ്യമല്ല, പ്രത്യുത ഒരസ്തിത്വത്തില്‍നിന്ന് മറ്റൊരസ്തിത്വത്തിലേക്കുള്ള പ്രവേശനകവാടം മാത്രമാണ്. ഈ രീതിയിലുള്ള ചിന്ത, മരണശേഷവും ആത്മാവ് സ്ഥലകാലങ്ങളില്‍ വ്യാപരിക്കുന്നു എന്ന തെറ്റിദ്ധാരണ നമ്മില്‍ രൂഢമൂലമാക്കുന്നു. മരണത്തിനും ഉത്ഥാനത്തിനും മദ്ധ്യേയുള്ള കാലയളവിനെ സംബന്ധിച്ച് 'എവിടെ?' 'എപ്പോള്‍?' എന്നീ ചോദ്യങ്ങള്‍ക്കു യാതൊരുത്തരവും വചനം നല്‍കുന്നില്ല; നല്‍കുന്നുണ്ടെങ്കില്‍ തന്നെ അതിത്ര മാത്രം 'യേശു കല്ലറയിലായിരുന്നു, അവന്‍ മരിച്ചവനായിരുന്നു.'


കാഴ്ചയില്‍നിന്ന് മറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അനാവശ്യമായ ആകാംക്ഷയെ തൊട്ടുണര്‍ത്തുക എന്നതില്‍ കവിഞ്ഞ് ഇത്തരം ചോദ്യങ്ങള്‍ക്കു പ്രസക്തിയൊന്നുമില്ല. മരണശേഷം ഒരു ജീവിതമുണ്ട് അല്ലെങ്കില്‍ ഇല്ല. മരണാനന്തരം ഒരു ജീവിതമുണ്ടെന്നും; അതിന്‍റെ ആദ്യഫലമായി ക്രിസ്തു ഉത്ഥാനം ചെയ്തു എന്നും അംഗീകരിക്കാന്‍ സാധിച്ചാല്‍ പിന്നെ 'എങ്ങിനെ?' 'എവിടെ' തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സാംഗത്യം തന്നെ നഷ്ടപ്പെടുന്നു. വചനം മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുന്നില്ല. മറിച്ച് ഉത്ഥാനത്തെ പ്രത്യാശയുടെ ഉറവിടമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പ്രത്യാശ തന്നെയാണ് ക്രൈസ്തവ ജീവിതത്തിന്‍റെ അന്തഃസത്തയും കേന്ദ്രവും.


(പരിഭാഷ: ആന്‍റണി ലൂക്കോസ്)

ഡറ

0

0

Featured Posts