

തെക്കൻ ഗലീലിയിലെ ജെസ്റീൽ താഴ്‌വരയിൽ ഒറ്റക്ക് നിലകൊള്ളുന്ന സാമാന്യം ഉയരമുള്ള ഒരു മല. സാമാന്യം നന്നായി മഴ കിട്ടുന്ന, ഈർപ്പമുള്ള പ്രദേശമായതിനാൽ വനവല്ക്കരണത്തിലൂടെ നന്നായി പച്ചപ്പണിഞ്ഞ് ഇന്നിപ്പോൾ നില്ക്കുന്നതുപോലെയോ ഒരുപക്ഷേ അതിലേറെയോ നിബിഢമായിരുന്നിരിക്കണം യേശുവിൻ്റെ കാലത്തെ താബോർ മല. മലയാറ്റൂർ മലയെക്കാൾ 35 മീറ്ററോളം ഉയരക്കുറവുണ്ടെങ്കിലും നടന്നുകയറിയാൽ കയറ്റം കൂടുതൽ ആയാസകരമായി തോന്നും.
ശിഷ്യരോടൊപ്പം ജറൂസലേമിലേക്കുള്ള - തൻ്റെ മരണത്തിലേക്കുള്ള - യാത്രയുടെ ആരംഭത്തിൽ മൂന്നു ശിഷ്യരോടൊപ്പം ഈ മല കയറിയതും അവിടെ വച്ച് പ്രത്യക്ഷത്തിൽ അഭൗമ ികമായി യേശു രൂപാന്തരപ്പെട്ടതും എന്തിനുവേണ്ടിയായിരുന്നു? ആരെല്ലാമായിരുന്നു തന്നോടൊപ്പം മലകയറാൻ അവൻ തെരഞ്ഞെടുത്ത ശിഷ്യർ?
പത്രോസും യാക്കോബും യോഹന്നാനുമായിരുന്നു ആ ശിഷ്യർ.
എന്തെല്ലാം അടയാളങ്ങൾ കണ്ടിട്ടും സ്വയം ശൂന്യവല്ക്കരണം, പീഡ സഹിക്കൽ, മരണം എന്നിവയോടൊന്നും പൊരുത്തപ്പെടാൻ കഴിയാതിരുന്ന ശിഷ്യ പ്രമുഖൻ - പത്രോസ്.
അധികാരത്തിൻ്റെ, കൈയ്യൂക്കിൻ്റെ, ബലത്തിൻ്റെ, ശിക്ഷയുടെ മാർഗ്ഗം ഉപേക്ഷിക്കുന്നതിനെ ചെറുത്ത ഒരമ്മപെറ്റ മക്കൾ - യാക്കോബും യോഹന്നാനും. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, മൂന്നുപേരും തീവ്ര വലതുപക്ഷക്കാർ.
മഹത്ത്വത്തിൻ്റെ പ്രഭ ഉള്ളിലുണ്ടെന്നും, എന്നാൽ, അത് സാക്ഷാത്ക്കരിക്കാനുള്ള വഴി ശൂന്യവല്ക്കരണത്തിൻ്റേതും വിനയത്തിൻ്റേതും പീഡ സഹിക്കലിൻ്റേതും മരണം സ്വീകരിക്കലിൻ്റേതും ആണെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ഒരു മിന്നായം നല്കൽ ആയിരുന്നു രൂപാന്തരീകരണവും മോശയുടെയും ഏലിയായുടെയും ചേർന്നുവരവും മൂടുന്ന മേഘവും മേഘത്തിൽ നിന്നുയരുന്ന പിതാവിൻ്റെ ശബ്ദവും!





















