Delicia Devassy
Nov 28
സൈലന്‍റ് വാലി സംരക്ഷണത്തിനായും മറ്റുമുള്ള പ്രവര്‍ത്തനത്തിനിടയ്ക്ക് എനിക്ക് പ്രകൃതിസ്നേഹത്തെപ്പറ്റി ധാരാളം പ്രസംഗങ്ങള്‍ നടത്തേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ അന്നും ഇന്നും പ്രകൃതിസ്നേഹമെന്നത് ഒരു പ്രസംഗവിഷയമേയല്ലെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്. പ്രകൃതിസ്നേഹം മാതാവിനോടു മക്കള്‍ക്കുണ്ടായിരിക്കേണ്ട സ്നേഹംപോലെ അനുഭവിച്ചറിയുകയും അനുവര്‍ത്തിക്കുകയും ചെയ്യേണ്ട ഒന്നാണെന്ന് ഞാനറിയുന്നു. ജീവിച്ചിരിക്കുന്ന അമ്മ ആഗ്രഹിക്കുന്ന സാമീപ്യവും പരിലാളനകളും നല്കാതെ അമ്മയെ ഞാന്‍ സ്നേഹിക്കുന്നവെന്ന് ലോകം മുഴുവന്‍ പ്രസംഗിച്ചു നടക്കുന്നതില്‍ എന്തര്‍ഥം?
വൈക്കത്തിനടുത്ത് ഉല്ലല എന്ന ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് അമ്മയില്‍നിന്നും അയല്‍ക്കാരില്‍നിന്നും കിട്ടിയ വിദ്യാഭ്യാസമാണ് എന്നെ ഒരു പ്രകൃതിസ്നേഹിയാക്കിയത്. എന്‍റെ വീട് എന്നുപറയുമ്പോള്‍ വീടിനോടു ചേര്‍ന്നുള്ള തൊഴുത്തും അവിടെയുണ്ടായിരുന്ന മൂന്നുനാലു വെച്ചൂര്‍പശുക്കളും കൂടി ഓര്‍മ്മയില്‍ ഓടിയെത്തും. അമ്മയ്ക്ക് അവയോടുണ്ടായിരുന്ന സ്നേഹവാത്സല്യങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അവയ്ക്ക് കഞ്ഞിവെള്ളം കൊടുക്കാന്‍ അല്പം താമസിച്ചാല്‍ അവ കൂട്ടില്‍നിന്ന് കരയും. അതു കേള്‍ക്കുമ്പോഴേ അമ്മ ഉറക്കെ പറയും: "നിങ്ങളിങ്ങനെ കരഞ്ഞാലെങ്ങനെയാ. ഇവിടത്തെ പണിത്തിരക്ക് തീരുന്നതുവരെ നിങ്ങളൊന്നു ക്ഷമിക്ക." അതു കേട്ടാലുടന്‍ അവ കരച്ചില്‍ നിറുത്തും. അമ്മയുടെ ഭാഷ അവയ്ക്ക് മനസ്സിലാകുമായിരുന്നു.
വിഷുവിന് ഞങ്ങളെ കണിയൊരുക്കി വെച്ചിരിക്കുന്നിടത്തേക്ക് കണ്ണുകളും പൊത്തിപ്പിടിച്ചു കൊണ്ടുപോയിരുന്ന അമ്മ, ഞങ്ങളെ കണി കാണിച്ചാലുടനെ ഒരു ഉരുളിയില്‍ കണികാണാനുള്ള കണിക്കൊന്നപ്പൂക്കളും മറ്റുമെടുത്ത് ഞങ്ങളെയും കൂട്ടി തൊഴുത്തിലേക്കുപോകും. പശുക്കളെ കണി കാണിക്കുമ്പോള്‍ ഞങ്ങള്‍ തമാശയായി ചോദിക്കും: "അമ്മയ്ക്ക് ഞങ്ങളേക്കാള്‍ കന്നുകാലികളോടാണല്ലേ ഇഷ്ടം?"
ഓണത്തിന് അവയ്ക്ക് പ്രത്യേകം തയ്യാറാക്കിയ ആഹാരം കൊടുത്തിട്ടേ ഞങ്ങള്‍ക്ക് ഊണ് തരുമായിരുന്നുള്ളു. ഉച്ചയ്ക്ക് ഊണുകഴിക്കുംമുമ്പുതന്നെ ഉറുമ്പുകള്‍ക്കായി പരിപ്പും ചോറും പപ്പടവും നെയ്യും ഒക്കെ ഉരുളകളാക്കി വീടിന്‍റെ എല്ലാ മൂലകളിലും കൊണ്ടുപോയി വയ്ക്കുന്ന രീതിയുമുണ്ടായിരുന്നു. ഓണത്തിന് ഒരു ഉറുമ്പുപോലും വിശന്നിരിക്കാന്‍ പാടില്ലെന്നായിരുന്നു അമ്മ കരുതിയിരുന്നത്. ഇങ്ങനെ നമ്മുടെ പഴയ തലമുറ എത്ര ക്രാന്തദര്‍ശികളായിരുന്നു എന്ന് മനസ്സിലാക്കുന്നത് പ്രകൃതിസ്നേഹം നമ്മുടെ മനസ്സില്‍ വേരാഴ്ത്താന്‍ വളരെ സഹായകമായിരിക്കും. അതിനുശേഷം നാല്പതിലേറെ വര്‍ഷം കഴിഞ്ഞാണ് സസ്റ്റയിനബിള്‍ ഡവലപ്മെന്‍റ് (നിലനില്ക്കുന്ന വികസനം) എന്ന കാഴ്ചപ്പാട് ഐക്യരാഷ്ട്രസഭ അവതരിപ്പിച്ചത്!
അമ്മയെപ്പോലെതന്നെയായിരുന്നു അക്കാലത്തെ മുതിര്‍ന്ന തലമുറയും ചിന്തിച്ചിരുന്നതും പെരുമാറിയിരുന്നതും എന്നതിന് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തുണ്ടായ ഒരനുഭവം കൂടി പങ്കുവയ്ക്കാം. കണ്ടത്തിലൂടെ ഒഴുകുന്ന ഇടത്തോട്ടിലെ ചെളി കോരിമാറ്റിക്കൊണ്ടിരുന്ന ഒരു തൊഴിലാളിയുടെ തൂമ്പയില്‍നിന്ന് അടുത്തു നിന്നിരുന്ന എന്‍റെ മുമ്പിലേക്ക് ഒരു പാമ്പ് വീഴുന്നതുകണ്ട് ഞാന്‍ ഒരു വടിയെടുത്ത് അതിനെ അടിക്കാനോങ്ങി. അപ്പോള്‍ എണ്‍പതുവയസ്സിലേറെ പ്രായമുള്ള അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു: "കണ്ണും കാതുമില്ലാത്ത ആ പാവത്തെ കൊല്ലല്ലേ, മോനേ."
അതു കേട്ടതേ എന്‍റെ കയ്യില്‍നിന്ന് വടി താഴെ വീണു. ആ വൃദ്ധന്‍ പാമ്പിനെ കൊട്ടയില്‍ കോരിയെടുത്ത് നേരത്തെ കോരിയിട്ടിരുന്ന ചെളിയിലേക്കിട്ടു. ഒപ്പം ജീവിക്കുന്ന ഇതരജീവജാലങ്ങളെയും സ്നേഹിക്കാന്‍ കഴിഞ്ഞിരുന്ന മനുഷ്യരുടെയിടയില്‍ ജനിച്ചുവളരാന്‍ കഴിഞ്ഞത് എനിക്കും എന്‍റെ തലമുറയ്ക്കും കിട്ടിയ ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. ഈ കാഴ്ചപ്പാട് കൈമോശം വന്നതിനെത്തുടര്‍ന്നാണ് നാമെല്ലാം പാശ്ചാത്യസംസ്കാരത്തിന്‍റെ അടിമകളായിത്തീര്‍ന്നത്.
ഒരു ശാസ്ത്രകഥ വായിച്ചത് ഓര്‍മ്മവരുന്നു. അതില്‍ ലോകത്തെ ജീവജാലങ്ങള്‍ തമ്മില്‍ ഒരു പ്രത്യേകരീതിയില്‍ പരസ്പരം ബന്ധിതരാണ്. എന്‍റെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവിടെയുള്ള ഓരോരുത്തരും ആ വേദന അനുഭവിച്ചറിയുന്ന വിധത്തില്‍ ഉള്ള ഒരുതരം ഹൃദയബന്ധം. യഥാര്‍ഥത്തില്‍ ആ ലോകം നാം ജീവിക്കുന്ന ഈ ഭൂമിതന്നെയാണ്. ഇവിടെയുള്ള എല്ലാ ജീവജാലങ്ങളും പരസ്പരബന്ധമുള്ളവയാണ് എന്നതൊരു യാഥാര്‍ഥ്യമാണ്. ഈ ബോധ്യം നമ്മുടെ പഴയ തലമുറയ്ക്കുണ്ടായിരുന്നു. അവര്‍ ഒരു മരം നട്ടുവളര്‍ത്തിയിരുന്നത് കുറെ വര്‍ഷങ്ങള്‍ക്കുശേഷം അതു വെട്ടിവിറ്റാല്‍ കുറെ രൂപാ കിട്ടുമെന്ന് വിചാരിച്ചുകൊണ്ടായിരുന്നില്ല. അവരതിനെ വളര്‍ത്തിയിരുന്നത് സ്നേഹത്തോടെയായിരുന്നു. മരവും മനുഷ്യനും തമ്മില്‍ അന്ന് ആത്മബന്ധമുണ്ടായിരുന്നു. അത് ഇന്നത്തെ പുതിയതലമുറയ്ക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്‍റെ കാരണം പണമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം എന്ന ഒരു മൂല്യബോധത്തോടെ നാം അവരെ വളര്‍ത്തുന്നതാണ്.
എന്‍റെ വീട് കുറെക്കാലം ആരും താമസിക്കാനില്ലാതെ അടച്ചിടേണ്ടിവന്നു. കുറെ വര്‍ഷങ്ങള്‍ക്കുശേഷം എന്‍റെ സഹോദരി അവിടെ താമസം തുടങ്ങി. അപ്പോള്‍ ഒരു സുഹൃത്ത് എന്നോടു ചോദിച്ചു: "വീട്ടില്‍ ആള്‍ത്താമസമായല്ലോ. ഇടയ്ക്കൊക്കെ വീട്ടില്‍ പോകാന്‍ തോന്നുന്നുണ്ടാവുമല്ലോ?" ഞാന്‍ പറഞ്ഞു: "വീട്ടില്‍ പണ്ടു ചെല്ലുമ്പോള്‍ വീടിനടുത്തൊരു തൊഴുത്തും അതില്‍ മൂന്നാലു വെച്ചൂര്‍പശുക്കളുമുണ്ടായിരുന്നു. ഇപ്പോള്‍ അവിടെ ഒരു കാറാണുള്ളത്."
ഇതൊരു വലിയ വ്യത്യാസമായി കാണാന്‍ ഇന്നു പലര്‍ക്കും കഴിയണമെന്നില്ല. എന്നാല്‍ എനിക്ക് അവിടെ ചെല്ലുമ്പോള്‍ എന്‍റെ വീടാണതെന്ന് തോന്നാറില്ല. എനിക്ക് ആ തൊഴുത്തും പശുക്കളും കൂടി അടങ്ങിയതായിരുന്നു എന്‍റെ വീട്. ആ കന്നുകാലികളുടെ ഹൃദയവും എന്‍റെ ഹൃദയവും തമ്മില്‍ ബന്ധിതമായിരുന്നു.
ഇന്ന് കുട്ടികള്‍ക്ക് പഠിക്കാന്‍ മണ്ണിരയെപ്പറ്റി പാഠപ്പുസ്തകത്തില്‍ പാഠമുണ്ട്. മണ്ണിര ഇല തിന്ന് വിസര്‍ജിച്ച് നമ്മുടെ മണ്ണിന്‍റെ വളക്കൂറു കൂട്ടിത്തരുന്നു എന്നാണ് നാം കുട്ടികളെ പഠിപ്പിക്കുന്നത്. വാസ്തവത്തില്‍ മണ്ണിര ഇല വളമാക്കാന്‍വേണ്ടി യാതൊന്നും ചെയ്യുന്നില്ല. അതു വ്യക്തമാക്കാന്‍ ഞാനെഴുതിയിട്ടുള്ള ഒരു പുസ്തകത്തെപ്പറ്റി അല്പം പറയാം.
ആ പുസ്തകത്തിന്‍റെ പേര് 'മാത്തന്‍ മണ്ണിരക്കേസ്' എന്നാണ്. ഞാന്‍ യുറീക്കയുടെ എഡിറ്ററായിരുന്നപ്പോള്‍ ഒരു കുട്ടി അയച്ച ഒരു കത്തായിരുന്നു ആ പുസ്തകത്തിന് പ്രചോദനമായത്. ഒരു മണ്ണിര കര്‍ഷകത്തൊഴിലാളി പെന്‍ഷനുവേണ്ടി നല്കുന്ന അപേക്ഷയുടെ രൂപത്തിലായിരുന്നു ആ കത്ത്. ആ കത്ത് ഒരു ചര്‍ച്ചാവിഷയമാക്കിയതിനെത്തുടര്‍ന്ന് മാസികയില്‍ സജീവമായ ചര്‍ച്ച ഒരു വര്‍ഷത്തിലേറെ നീണ്ടു. രാസവളപ്രയോഗം മൂലം കേരളത്തില്‍ മണ്ണിരയേ ഇല്ലാതിരിക്കുകയാണെന്നും കത്തും മണ്ണിരയും വ്യാജമാണെന്നും കള്ളക്കത്തു പ്രസിദ്ധീകരിച്ച പത്രാധിപര്‍ ശിക്ഷാര്‍ഹനാണെന്നും വരെ കത്തുകള്‍ വന്നു. അപ്പോള്‍ ഞാന്‍ മണ്ണിരയെപ്പറ്റി കൂടുതല്‍ പഠിച്ചു. മണ്ണിരയ്ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ആ പംക്തി അവസാനിപ്പിച്ചു.
അപ്പോഴാണ് യുനെസ്കോയുടെ ഒരു സെമിനാറിന് പാരീസില്‍ ചെല്ലാന്‍ എനിക്കു ക്ഷണം കിട്ടുന്നത്. അനേകം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ ഞാന്‍ ഈ കഥ ഇംഗ്ലീഷില്‍ Mathew the Earthworm എന്ന പേരില്‍ അവതരിപ്പിച്ചു. യുനെസ്കോയ്ക്ക് വലിയൊരു സംഭാവനയാണ് എന്‍റെ അവതരണമെന്നു പറഞ്ഞ് പ്രത്യേക സ്കോളര്‍ഷിപ്പും തന്ന് സംഘാടകര്‍ എന്നെ ജര്‍മ്മനിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ധാരാളം കമ്പ്യൂട്ടറുകളും മറ്റുമുള്ള ഒരു ഓഫീസിലിരുന്നാണ് ഞാന്‍ ഈ പഠനം നടത്തിയതെന്നാണ് അവര്‍ കരുതിയത്. അവരുടെ പ്രോത്സാഹനത്തില്‍ മാത്തന്‍ മണ്ണിരക്കേസ് ഒരു പുസ്തകമാക്കാന്‍ ഞാന്‍ തീരുമാനിച്ചു. പുസ്തകം വായിച്ച എന്‍റെ മകന്‍ പറഞ്ഞു: "ഇത് അച്ഛന്‍റെ സ്വന്തം പുസ്തകമായിട്ടില്ല." അപ്പോള്‍ എന്‍റെ കണ്ണു തുറന്നുകിട്ടി. ഞാന്‍ അതില്‍ ഒരധ്യായം കൂടി എഴുതിച്ചേര്‍ത്തു. മാത്തന്‍ മണ്ണിര തനിക്കു അനുവദിക്കപ്പെട്ട പെന്‍ഷന്‍ വേണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ആ അധ്യായത്തില്‍. എഴുതിക്കഴിഞ്ഞ് വായിച്ചു നോക്കിയ ഞാന്‍തന്നെ പൊട്ടിച്ചിരിച്ചുപോയ ഒരധ്യായമായിരുന്നു, അത്. മണ്ണിരയുടെ പെന്‍ഷന്‍നിഷേധക്കുറിപ്പായി എഴുതപ്പെട്ട ആ അധ്യായം ഏതാണ്ട് ഇങ്ങനെയായിരുന്നു:
"എനിക്ക് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അനുവദിക്കുന്നു എന്നറിയിച്ചുകൊണ്ടിറക്കിയ ഉത്തരവു കണ്ടു. നന്ദി. എന്നാല്‍, എനിക്ക് പെന്‍ഷന്‍ ആവശ്യപ്പെട്ടുകൊണ്ടെഴുതിയ കത്തും കടുത്ത രാസവളപ്രയോഗത്താല്‍ ഞാനിന്ന് ജീവിച്ചിരിപ്പുപോലുമില്ലെന്നുള്ള കത്തും ഒക്കെക്കൂടി വായിക്കാനിടയായ എനിക്കു നിങ്ങളോടൊരു ചോദ്യമുണ്ട്. ഞാന്‍ ഇലയില്‍നിന്ന് വളമുണ്ടാക്കുന്നു എന്ന് നിങ്ങളോടാരാണ് പറഞ്ഞത്? ഞാന്‍ എന്നെ അറിയുന്നിടത്തോളം പോലും നിങ്ങള്‍ക്ക് എന്നെ അറിയില്ലാത്ത സ്ഥിതിക്ക് എനിക്ക് പെന്‍ഷന്‍ അനുവദിക്കാന്‍ നിങ്ങളാരാണ്? ഞാനൊരു സത്യം പറയാം. ഞാന്‍ ഇല തിന്നുന്നുണ്ടെന്നല്ലാതെ നിങ്ങള്‍ക്ക് വളമുണ്ടാക്കിത്തരുന്നൊന്നുമില്ല. എന്‍റെ ഉദരത്തില്‍ അനേകകോടി സൂക്ഷ്മജീവികളുണ്ട്. അവയാണ് ഞാന്‍ കഴിക്കുന്ന ആഹാരം നിങ്ങള്‍ വളമെന്നു വിളിക്കുന്ന ആ സാധനമാക്കി മാറ്റുന്നത്. ആ സൂക്ഷ്മജീവികള്‍ നിങ്ങളുടെ ശരീരത്തിലുമുണ്ട്. അവയില്ലെങ്കില്‍ എനിക്കോ നിങ്ങള്‍ക്കോ ജീവിക്കാന്‍പോലും സാധ്യമല്ല എന്നതാണ് വസ്തുത. നാമെല്ലാം ഒരു വലിയ കൂട്ടായ്മയിലെ കണ്ണികള്‍ മാത്രമാണ്. യഥാര്‍ഥത്തില്‍ പ്രകൃതിയിലെ നിരവധി ജീവജാലങ്ങളുടെ ആ കൂട്ടായ്മയുടെ ഒരു പ്രതീകം മാത്രമാണ് ഞാന്‍. ഈ കാരണത്താല്‍ നിങ്ങള്‍ എനിക്ക് അനുവദിച്ച പെന്‍ഷന്‍ സവിനയം ഞാന്‍ നിഷേധിക്കുന്നു."
ഈ പുസ്തകം ഇറങ്ങി ഏതാനും മാസങ്ങള്‍ക്കകം തന്‍റെ ഒരു ശിഷ്യ സമ്മാനിച്ച പുസ്തകം വായിച്ച് സാക്ഷാല്‍ നിത്യചൈതന്യയതി എനിക്കെഴുതി: "നിങ്ങളിത് കുട്ടികള്‍ക്കായി എഴുതിയതാണെങ്കിലും എന്നെപ്പോലെയുള്ള മുതിര്‍ന്നവരും വായിക്കേണ്ട ഒരു പുസ്തകമാണിത്. ഇത്ര മഹത്തായ ഈ പുസ്തകം മലയാളത്തില്‍ രചിക്കപ്പെട്ടു എന്നതില്‍ എനിക്കും അഭിമാനമുണ്ട്."
ഈയിടെ വായിച്ച, ഒരു സ്ത്രീ എഴുതിയ, ഒരു ശാസ്ത്രലേഖനം ആശ്ചര്യജനകമാണ്: "മനുഷ്യന്‍റെ ശരീരത്തിലേക്ക് സൂക്ഷ്മജീവികള്‍ കടക്കുന്നത് പ്രസവസമയത്താണ്. അവ മനുഷ്യന്‍റെ ഉദരത്തില്‍ പ്രവേശിച്ച് കോളനികള്‍ ഉണ്ടാക്കുന്നു. അവയില്‍ ഭൂരിപക്ഷവും നമ്മെ രോഗബാധകളില്‍നിന്നു രക്ഷിക്കാന്‍ സഹായിക്കുന്നവയാണ്. ഓരോ മനുഷ്യന്‍റെയും ഉദരത്തില്‍ ഉള്ള അവയുടെ എണ്ണം 26000 കോടിയിലേറെയാണ്."
ഒന്നോര്‍ത്താല്‍, അവ മനുഷ്യനുവേണ്ടി എന്നതിലേറെ മനുഷ്യന്‍ അവയ്ക്കുവേണ്ടിയാണ്, സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യന്‍റെ ശരീരത്തിന്‍റെ ആകൃതിതന്നെ അവയ്ക്ക് സുഖമായി ജീവിക്കാന്‍ പറ്റിയ വിധത്തിലാണ്. നാം അവരുടെ വലിയൊരു വീടാണ്. മണ്ണിര സ്വയം വിശേഷിപ്പിച്ചത് മനുഷ്യനും ബാധകമാണെന്നര്‍ഥം. മനുഷ്യനും ഒരു ജൈവകൂട്ടായ്മയുടെ പ്രതീകമാണ്. ആര്‍ക്കും ഒറ്റയ്ക്ക് നിലനില്പ്പില്ല.
അല്പം കൂടി ചിന്തിച്ചാല്‍ ജീവന്‍ നിലനില്ക്കാന്‍ ജീവജാലങ്ങളുടെ കൂട്ടായ്മ മാത്രം പോരാ എന്നു മനസ്സിലാകും. മണ്ണും ജലവും മഴയും പുഴയും ഒക്കെ ജീവന്‍ നിലനില്ക്കാന്‍ അനിവാര്യമാണല്ലോ. നമുക്ക് ഉപദ്രവകാരികളായി തോന്നുന്ന ജീവജാലങ്ങളും എത്രത്തോളം അനിവാര്യമാണെന്നു വ്യക്തമാക്കുന്ന മിത്താണ് പഴയനിയമത്തിലെ നോഹയുടെ പെട്ടകം. നിലനില്ക്കുന്ന വികസനം എന്നുപറയുമ്പോള്‍ മനുഷ്യന്‍ മാത്രം നിലനില്ക്കുന്ന വികസനം എന്ന അര്‍ഥമല്ല ഉള്ളത് എന്ന വസ്തുതയും മറക്കരുത്.
അലക്സാണ്ടര്‍ ഫ്ളെമിങ്ങ് രോഗാണു നാശകസ്വഭാവമുള്ളതാണെന്നു കണ്ടെത്തുന്നതുവരെ പെനിസിലിന്‍ ഒരനാവശ്യവസ്തുവായി കരുതപ്പെട്ടിരുന്നു. മുന്നൂറു ലക്ഷം ജീവജാലങ്ങളുള്ളതില്‍ പന്ത്രണ്ടു ലക്ഷത്തോളമേ മനുഷ്യന്‍ കണ്ടെത്തിയിട്ടുള്ളൂ. അവയില്‍ത്തന്നെ ഒന്നിന്‍റെയും മുഴുവന്‍ പ്രയോജനവും കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് മനുഷ്യന് അവകാശപ്പെടാനാവില്ല. കണ്ടുപിടിച്ചതിനെക്കാള്‍ കണ്ടുപിടിക്കാനുള്ളതാണ് കൂടുതല്‍. അതിനാല്‍ത്തന്നെ "കേട്ട ഗാനം മധുരം, കേള്‍ക്കാനുള്ളത് മധുരതരം" എന്ന ചൊല്ല് പ്രകൃതിയുടെ കാര്യത്തില്‍ വളരെ ശരിയാണ്.
ഭൂമി ഉണ്ടായിട്ട് അഞ്ഞൂറുകോടി വര്‍ഷങ്ങളായെന്നു പറയുമ്പോള്‍ നമുക്ക് എത്രമാത്രം മനസ്സിലാകാറുണ്ട്? അന്നു മുതല്‍ ഇന്നുവരെയുള്ള കാലത്തെ 24 മണിക്കൂറായി (ഒരു ദിവസമായി) സങ്കല്പിച്ചാല്‍ കുറെയൊക്കെ അതു മനസ്സിലാകും.
ഇന്നലെ രാത്രി പന്ത്രണ്ടുമണിക്കാണ് ഭൂമി ഉണ്ടായതെന്നു നമുക്കു സങ്കല്പിക്കാം. ഇന്ന് വൈകുന്നേരം ആറര മണിയായപ്പോഴാണ് സൂക്ഷ്മജീവികളുണ്ടായത്. നട്ടെല്ലുള്ള ജീവികളുണ്ടായത് രാത്രി ഒമ്പതേകാലിനാണ്. ഉരഗങ്ങളുണ്ടായത് പത്തരയ്ക്ക്. സസ്തനികളുണ്ടായത് രാത്രി പതിനൊന്നുമണിക്ക്. മനുഷ്യനുണ്ടായതോ 11 മണി 59 മിനിറ്റ് 20 സെക്കന്‍ഡിനുമാത്രം. വെറും നാല്പതു സെക്കന്‍ഡുമാത്രം പ്രായമുള്ള മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണ് താനെന്നാണ് അഹങ്കരിക്കുന്നത്.
'ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു മുളച്ച തകര' എന്നു വിശേഷിപ്പിക്കാവുന്നത് മനുഷ്യനെപ്പറ്റിയാണ്. എന്നാല്‍ ഒന്നു മറക്കരുത്. സൂക്ഷ്മജീവികളില്ലെങ്കില്‍ മനുഷ്യനെന്നല്ല പശുവിനുപോലും ജീവിക്കാനാവില്ല എന്ന വസ്തുത. സൂക്ഷ്മജീവികളില്ലെങ്കില്‍ കഴിക്കുന്ന ആഹാരം ദഹിക്കാതെവരും എന്നതാണ് കാരണം.
സൃഷ്ടിയുടെ മകുടമാണ് മനുഷ്യന്‍ എന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല. മകുടമില്ലെങ്കിലും ജീവന്‍ നിലനില്ക്കും. ഒരു പിരമിഡിന്‍റെ ശീര്‍ഷം പോലെയാണ് ജൈവപരിണാമത്തില്‍ മനുഷ്യന്‍റെ സ്ഥാനം. പിരമിഡിന്‍റെ മുകള്‍ഭാഗം മുറിച്ചുകളഞ്ഞാലും പിരമിഡ് ഇടിഞ്ഞുവീഴില്ല. ഒരുപക്ഷേ, വിവേകരഹിതനായ മനുഷ്യന്‍ ഇല്ലാതായാലായിരിക്കും ജൈവപരിണാമം കൂടുതല്‍ സുഗമമാകുക. നമ്മെക്കാള്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ അനുഭവജ്ഞാനമുള്ളവയാണ് പാറ്റകള്‍പോലും. അതിനാല്‍ വലിയ പ്രകൃതിദുരന്തങ്ങളെപ്പോലും അതിജീവിക്കാന്‍ അവയ്ക്കും മൈക്രോബുകള്‍ക്കും കഴിഞ്ഞേക്കും. മനുഷ്യനോ?
ബുദ്ധിശക്തി കൂടുതലുണ്ടായതിനാലാണ് മനുഷ്യന്‍ ശക്തനായത്. എന്നാല്‍ വിവരത്തോടൊപ്പം വിവേകവും കൂടി ഇല്ലാതെ പോയാല്‍ വിനയാകും. വിവേകം നേടാന്‍ വേണ്ടതായ എല്ലാ സംവിധാനങ്ങളോടും കൂടിയാണ് ഓരോ കുട്ടിയും ജനിക്കുന്നത്. എന്നാല്‍ അതെടുത്ത് ഉപയോഗിക്കാന്‍ കഴിയാത്തവരാണ് ഭൂരിപക്ഷം പേരും. മനുഷ്യര്‍ വിവേകരഹിതരായാല്‍ വംശനാശമുണ്ടാകാം എന്നതില്‍ സംശയംവേണ്ട.
മനുഷ്യന്‍ പരിണാമശ്രേണിയില്‍ അവസാനം ജന്മമെടുത്തവനാണ്. എന്നാല്‍, അതിനാല്‍ത്തന്നെ അവന് നല്കപ്പെട്ടിരിക്കുന്ന ശേഷികളും വളരെയേറെയാണ്. ജീവികളുടെ സാമൂഹ്യജീവിതം പരിശോധിച്ചാല്‍ ഏറ്റവും ഭദ്രമായ ഒരു മാതൃക തേനീച്ചകളുടേതാണ്. അതിന് അവയെ സഹായിക്കുന്നത് അവയുടെ തലച്ചോറിലുള്ള ന്യൂറോണുകളുടെ രൂപത്തിലുള്ള കമ്പ്യൂട്ടറുകളുടെ എണ്ണമാണെന്ന് ഒരു സങ്കല്പനമുണ്ട്. തേനീച്ചകളുടെ മസ്തിഷ്കത്തിലുള്ള ന്യൂറോണുകളുടെ എണ്ണം പത്തുലക്ഷമാണ്. ഓരോ മനുഷ്യക്കുട്ടിക്കും ജനിക്കുമ്പോള്‍ത്തന്നെ ന്യൂറോണുകളുടെ രൂപത്തില്‍ ലഭ്യമാകുന്ന മൈക്രോകമ്പ്യൂട്ടറുകളുടെ എണ്ണം പതിനായിരം കോടി (100000000000). ഒരു അത്യത്ഭുതകരമായ സൃഷ്ടിയാണ് മനുഷ്യന്‍. സൃഷ്ടികളുടെ മകുടമായ മനുഷ്യന് എല്ലാ ശേഷികളുമുണ്ട്. എല്ലാ ശേഷികളും പൂട്ടിവച്ചിരിക്കുന്ന ഒരു പെട്ടി ജനിച്ചപ്പോള്‍ത്തന്നെ കിട്ടിയിട്ടുള്ള ധന്യനും ധനവാനുമാണ് മനുഷ്യന്‍. പക്ഷേ, ഇന്ന് മനുഷ്യരില്‍ ഭൂരിപക്ഷവും വീട്ടില്‍ ഒരു സൂപ്പര്‍കമ്പ്യൂട്ടറുണ്ടെങ്കിലും സ്വിച്ച് എവിടെ എന്നറിയില്ലാത്ത മനുഷ്യനെപ്പോലെയാണ്.
തന്‍റെ യാതൊരു ശേഷിയും ഉപയോഗിക്കാതെ എഴുപതും എണ്‍പതും വയസ്സുവരെ ഈ ഭൂമിയില്‍ ജീവിച്ചിട്ട് മരിച്ച് തിരിച്ചുചെല്ലുമ്പോള്‍ ദൈവം ചോദിക്കും: "എടാ മണ്ടാ, നിന്നെ ഈ ശേഷികളെല്ലാം തന്ന് ഭൂമിയിലേക്കുവിട്ടിട്ട് അവയുടെ ഒരു ശതമാനമെങ്കിലും ഉപയോഗിച്ചോ?" എത്ര വലിയ വിപത്തില്‍നിന്നും ഈ ലോകത്തെ രക്ഷിക്കാനുള്ള വിവേകവും ശക്തിയും നമുക്കുണ്ട്. ഈ ലോകം നേരിടുന്ന വിപത്തെന്തെന്ന വിവരത്തോടൊപ്പം തനിക്കത് ഒഴിവാക്കാന്‍ ശക്തിയുണ്ട് എന്ന ബോധ്യവും അതിനുള്ള ആത്മാര്‍ഥമായ ആഗ്രഹവുമാണ് നമ്മുടെ സൂപ്പര്‍കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഊര്‍ജസ്രോതസ്സ്. തന്നിലൂടെ പ്രവര്‍ത്തിക്കേണ്ട പരമശക്തി കൂട്ടായ്മകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പരിണാമശൃംഖലയിലെ ഒരു കണ്ണിയായി സ്വയം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്നുമുള്ള ബോധ്യമാണ് ഊര്‍ജപ്രവാഹം തുറന്നുതരുന്ന സ്വിച്ച്.
ഈ പ്രപഞ്ചം ഒരു വലിയജീവിയാണെന്നും നാമോരോരുത്തരും അതിന്‍റെ അവയവങ്ങള്‍ മാത്രമാണെന്നും സങ്കല്പിക്കാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഒരു ചിത്രശലഭത്തിന്‍റെ ചിറകടിക്കുപോലും പ്രപഞ്ചചലനത്തില്‍ സ്വാധീനമുണ്ടെന്നും നമ്മുടേത് അതിലും എത്രയോ വലിയ സ്വാധീനമായിരിക്കും എന്നും ചിന്തിച്ച് വിവേകത്തോടെ പ്രവര്‍ത്തിക്കുന്നിടത്താണ് യഥാര്‍ഥ ആത്മീയത. ഒരു ഹിന്ദുവിന് യഥാര്‍ഥ ഹിന്ദുവാകാനും ഒരു ക്രിസ്ത്യാനിക്ക് യഥാര്‍ഥ ക്രിസ്ത്യാനിയാകാനും ഒരു മുസ്ലീമിന് യഥാര്‍ഥ മുസ്ലീമാകാനും കമ്യൂണിസ്റ്റിന് യഥാര്‍ഥ കമ്യൂണിസ്റ്റാകാനും പ്രകൃതി സംരക്ഷണത്തില്‍ പങ്കാളിയായിക്കൊണ്ടുള്ള ഈ ആത്മീയത കൂടിയേതീരൂ.
ഈ ആത്മീയത നേടാന്‍ ഒന്നാമതായി ചെയ്യേണ്ടത് എന്തുകിട്ടിയാലും പോരാ എന്ന വിചാരത്തില്‍നിന്ന് മോചനം നേടലാണ്. ഈയിടെ ഒരു കുട്ടി തന്‍റെ അമ്മായിയുടെ അലമാര നിറയെ പട്ടുസാരികള്‍ അടുക്കിവച്ചിരിക്കുന്നതുകണ്ട് അമ്മായിയോട് ചോദിച്ചു: "ഒരാള്‍ക്ക് ഉടുക്കാന്‍ എത്ര സാരി വേണം?" അമ്മായി മറുപടിപറയാതെ "പോടാ ചെറുക്കാ" എന്നു ശകാരിച്ച് അവനെ ഓടിച്ചുവിട്ടു. തന്‍റെ ചോദ്യത്തില്‍ യാതൊരു തെറ്റുമുണ്ടായിരുന്നില്ലെന്ന് ഉത്തമബോധ്യമുണ്ടായിരുന്ന ആ കുട്ടി ഞാന്‍ കൈകാര്യം ചെയ്യുന്ന ഒരു പംക്തിയിലേക്ക് ആ ചോദ്യം എഴുതി അയച്ചു. ആ ചോദ്യം വായിച്ചപ്പോള്‍ ഒരു പട്ടുസാരി ഉണ്ടാക്കാന്‍ എത്ര പട്ടുനൂല്‍പ്പുഴുക്കള്‍ വേണമെന്ന് ഞാനന്വേഷിച്ചു. ലക്ഷക്കണക്കിന് വേണമെന്ന് മനസ്സിലായി.
ഒരു പട്ടുസാരി ഉണ്ടാക്കാന്‍ ഇത്രയധികം പട്ടുനൂല്‍പ്പുഴുക്കളെ കൊല്ലേണ്ടി വരുന്നുണ്ടെങ്കില്‍ ഒരാള്‍ക്ക് ഒരു പട്ടുസാരിപോലും ഉടുക്കാന്‍ അര്‍ഹതയില്ലെന്ന് എനിക്കു ബോധ്യമായി. ഒരാള്‍ക്ക് ഉടുക്കാന്‍ എത്ര സാരിവേണം എന്നതിനേക്കാള്‍ വലിയ ഒരു ചോദ്യത്തിനുള്ള ആ ഉത്തരത്തിലേക്ക് എന്നെ എത്തിച്ചത് ആ ചോദ്യമാണ്. അതേത്തുടര്‍ന്ന് സ്വര്‍ണത്തിനുവേണ്ടി നാം ഭൂമിയില്‍ കുഴിക്കുന്ന കുഴികളുടെ ആഴത്തെപ്പറ്റി മനസ്സിലാക്കിയപ്പോള്‍ സ്വര്‍ണാഭരണങ്ങളും എത്ര അനാശാസ്യമാണെന്ന് എനിക്കു ബോധ്യമായി. ശരീരത്തിന്‍റെ ദുര്‍ഗന്ധമകറ്റാന്‍ എന്നു പറഞ്ഞ് നാം ശരീരത്തിലടിക്കുന്ന സ്പ്രേ ഭൂമിക്കു മുകളിലുള്ള ഓസോണ്‍ പാളിയിലെ വിള്ളല്‍ വര്‍ധിക്കാന്‍ ഇടയാക്കുന്ന ഒരു ഉത്പന്നമായതിനാല്‍ അതും ഉപയോഗിക്കുന്നത് നന്നല്ല. നാമിന്ന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ അമ്പതുശതമാനവും ആവശ്യമില്ലാത്തവയാണെന്ന് അല്പം ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളു.
എനിക്ക് ഈയിടെ ഒരു ത്വക്രോഗം ഉണ്ടായി. അതിനെത്തുടര്‍ന്ന് തൊടുപുഴയിലെത്തിയ എന്നെ എണ്‍പത്തഞ്ചുവയസ്സുള്ള ഒരു പാരമ്പര്യ ചികിത്സകന്‍ സമീപിച്ച് ഇങ്ങനെ പറഞ്ഞു: "ഇന്നുവരെ സോപ്പുപയോഗിച്ചിട്ടില്ലെന്നതും അനാവശ്യമായി ദേഹം മറയ്ക്കാറില്ലെന്നതുമാണ് എന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം. വീട്ടിലിരിക്കുമ്പോഴെങ്കിലും അടിവസ്ത്രങ്ങളും ബനിയനും ഷര്‍ട്ടും ഒഴിവാക്കി നോക്കൂ. ശരീരത്തിലിത്തിരി കാറ്റും വെളിച്ചവുമടിക്കട്ടെ. നിങ്ങളുടെ രോഗം മാറും."
യേശുവിന്‍റെ അനുയായികള്‍ക്ക് മാതൃകയാകേണ്ടതാണ് ആട്ടിന്‍കുഞ്ഞിനെ നെഞ്ചോടണച്ചുകൊണ്ടു നില്ക്കുന്ന യേശുവിന്‍റെ ചിത്രം. എന്നാല്‍ ക്രിസ്തുമസ് ആഘോഷവേളയില്‍ ആടിനെ കൊന്ന് മാംസം ഭക്ഷിക്കാതിരുന്നാല്‍ അസ്വസ്ഥരാകുന്നവരാണ് ഇന്നത്തെ മിക്ക ക്രിസ്ത്യാനികളും. ക്രിസ്തുവിന്‍റെ പിറന്നാളിനെങ്കിലും അതൊന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചുകൂടേ എന്ന് ബിഷപ്പുമാരുടെ ഒരു യോഗത്തില്‍വെച്ച് ഞാന്‍ ചോദിക്കുകയുണ്ടായി. അത് ഒരു വനരോദനമായതേയുള്ളു. എങ്കിലും ഞാനത് ഇവിടെ ആവര്‍ത്തിക്കുകയാണ്: പ്രകൃതിക്ക് ഏറ്റവും കുറച്ചുമാത്രം പരിക്കേല്ക്കും വിധത്തിലുള്ള ഒരു ജീവിതരീതി പിന്തുടര്‍ന്നുകൊണ്ടല്ലാതെ മനുഷ്യന് ഭൂമിയുടെ മരണം ഒഴിവാക്കാനാവില്ല. ഉപഭോഗം കുറച്ചുകൊണ്ട് ഉച്ഛിഷ്ടം കുറയ്ക്കാം. കപ്പളങ്ങാ പോലുള്ള നാടന്‍ വിഭവങ്ങളുപയോഗിച്ച് അതിനു സഹായകമായ ആഹാരങ്ങളുണ്ടാക്കി കഴിച്ചു ശീലിച്ചാല്‍ മലിനീകരണം വളരെ കുറയ്ക്കാം. ജീവിതരീതിയും ആര്‍ഭാടങ്ങളും നിയന്ത്രിച്ചുകൊണ്ടേ നിലനില്ക്കുന്ന വികസനം ഇവിടെ ഉണ്ടാക്കാനാവൂ.
ഇന്ന് മതങ്ങളുടെ ആരാധനകളുടെയും ചടങ്ങുകളുടെയും പേരിലാണ് ഭൂമിയില്‍ വളരെയധികം മലിനീകരണമുണ്ടാകുന്നത്. അതൊഴിവാക്കാന്‍ തയ്യാറാകാതെ എന്തു നന്മചെയ്യുന്നതും ഗുണം ചെയ്യില്ല. ഉപഭോഗത്തിനനുസരിച്ച് മാലിന്യവും വര്‍ധിക്കും. മനുഷ്യര്‍ എണ്ണത്തില്‍ വളരെയുള്ളതിനാല്‍ മനുഷ്യമലവും ഇന്ന് ലോകത്തില്‍ വലിയ മലിനീകരണത്തിനിടയാക്കുന്നുണ്ട്. എന്നാല്‍ മലിനീകരണം ഒഴിവാക്കാന്‍ എന്നപേരില്‍ മണ്ണില്‍ അലിഞ്ഞുചേരാന്‍പോലും അനുവദിക്കാത്ത വിധത്തില്‍ സേഫ്റ്റിടാങ്കുകളില്‍ അവ സംഭരിക്കുന്നത് അശാസ്ത്രീയമാണ്. ഊര്‍ജോത്പാദനത്തിന് സഹായകമായവിധം സൃഷ്ടിപരമായി മലം ഉപയോഗിക്കാനാവും. ഇന്ന് ചൈന മാത്രമാണ് അങ്ങനെ ചെയ്യുന്നത്.
ഒരു പ്രശസ്ത മൃഗശാല കാണാനിടയായിട്ടുണ്ട്. അതില്‍ അവസാനമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഭൂമിയില്‍ ഇന്നുള്ള ഏറ്റവും ക്രൂരനായ ജന്തുവിനെയാണ്. അകത്തുകയറി നോക്കുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നത് ഒരു കണ്ണാടിയില്‍ പ്രതിബിംബിക്കുന്ന നമ്മുടെതന്നെ രൂപമാണ്. മനുഷ്യന്‍തന്നെയാണ്