top of page
വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവ് തോട്ടത്തില്‍ ഉലാത്തുന്നതിന്‍റെ ശബ്ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയില്‍ ഒളിച്ചു." (ഉല്‍പ 3,8).
പറുദീസാ
മനുഷ്യരോടൊന്നിച്ചു നടക്കുന്ന ദൈവത്തിന്‍റെ ചിത്രമാണ് ബൈബിളിന്‍റെ തുടക്കത്തില്‍ നാം കാണുന്നത്. സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനെ ദൈവം ഭൂമിയില്‍ തന്‍റെ പ്രതിനിധിയായി നിശ്ചയിച്ചു (ഉല്‍പ. 1,26-31). മണ്ണില്‍ നിന്നു മെനഞ്ഞെടുത്ത രൂപത്തിലേക്ക് ജീവശ്വാസം നിശ്വസിച്ച് ജീവനുള്ളവനാക്കി മാറ്റിയ മനുഷ്യനെ പ്രത്യേകം ഒരുക്കിയ പറുദീസായില്‍ അധിവസിപ്പിച്ചു. അവനു ചേര്‍ന്ന ഇണയും തുണയുമായി സ്ത്രീയെയും സൃഷ്ടിച്ചു നല്കി. ഇരുവരും വസിക്കുന്ന പറുദീസായില്‍ ദൈവം അവരോടു കൂടെ നടന്നു. വൈകുന്നേരം പറുദീസായില്‍ ഉലാത്താന്‍ ഇറങ്ങുന്ന ദൈവം മനുഷ്യരുടെ കൂടെ വസിക്കുന്ന, കൂടെ നടക്കുന്ന, സന്തത സഹചാരിയാണ്. ഇവിടെ ദൈവത്തിനു പ്രത്യേകം ഒരാലയം ഉള്ളതായി പറയുന്നില്ല. ദൈവവും മനുഷ്യനും ഒന്നിച്ചു വസിക്കുന്ന ഇടമാണ് പറുദീസാ. അതിനെ വേണമെങ്കില്‍ ആദ്യത്തെ ദൈവാലയം എന്നു വിശേഷിപ്പിക്കാം.
അവിടെ മനുഷ്യന് സ്വാതന്ത്ര്യമുണ്ടായിരുന്നു, ഉത്തരവാദിത്വവും. തോട്ടം സൂക്ഷിക്കുക അവന്‍റെ ഉത്തരവാദിത്വമാണ്. ദൈവത്തിന്‍റെ തോട്ടത്തിലെ കൃഷിക്കാരനും മേല്‍നോട്ടക്കാരനും കുടികിടപ്പുകാരനുമാണ് മനുഷ്യന്‍. അതേ സമയം, സ്വന്തം താല്പര്യങ്ങള്‍ അനുസരിച്ചല്ല, ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കണം അവന്‍ ജീവിക്കേണ്ടത്. വിലക്കപ്പെട്ട കനിയുടെ കഥ അതാണല്ലോ സൂചിപ്പിക്കുന്നത്. ദൈവഹിതം അനുസരിച്ച്, ദൈവത്തോടൊന്നിച്ച്, മനുഷ്യന്‍ സന്തോഷവാനായി കഴിയുന്ന ആദ്യഘട്ടത്തിലാണ് പറുദീസാ.
പറുദീസായ്ക്കു പുറത്ത്
പറുദീസ ഒരു ഓര്‍മ്മയാണ്, അതേസമയം ഒരു സ്വപ്നവും. ദൈവത്തോടൊന്നിച്ച് ആനന്ദപൂരിതരായി, വേദനയും ദുഃഖവുമില്ലാത്ത, വേര്‍പാടും മരണവുമില്ലാത്ത, കണ്ണീരും നിലവിളിയുമില്ലാത്ത, സന്തോഷപൂര്‍ണ്ണമായ, നിത്യം നിലനില്ക്കുന്ന ഒരു ജീവിതം ദൈവം തങ്ങള്‍ക്കു നല്കിയിരുന്നു, അഥവാ ലഭ്യമാക്കിയിരുന്നു എന്ന് മനുഷ്യവര്‍ഗ്ഗത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ബൈബിള്‍ അവതരിപ്പിക്കുന്ന പറുദീസയുടെ ചിത്രം. ഒപ്പം, നഷ്ടപ്പെട്ടു പോയ ഒരവസരത്തെക്കുറിച്ചുള്ള നിരാശാജനകമായ ഓര്‍മ്മയേക്കാള്‍, ഇനിയും ലഭിക്കാനിരിക്കുന്ന, സ്വന്തമാക്കാന്‍ കഴിയുന്ന ഭാവിയെക്കുറിച്ചുള്ള മനോഹരമായ ഒരു സ്വപ്നവുമാണ് പറുദീസാ.
അതേ സമയം, പറുദീസ നഷ്ടപ്പെട്ടു എന്ന ഭീതിദവും ദുഃഖപൂര്‍ണ്ണവുമായ ഒരു യാഥാര്‍ത്ഥ്യവും ഈ പറുദീസായുടെ ചിത്രത്തിനു പിന്നില്‍ തെളിയുന്നുണ്ട്. ദൈവകല്പന ലംഘിച്ച മനുഷ്യനെ ദൈവം പറുദീസായില്‍നിന്നും പുറത്താക്കി; അവന്‍ തിരിച്ചു കടക്കാതിരിക്കാന്‍ വാതിലടച്ചു, തീ ചീറ്റുന്ന വാളുമായി ദൂതനെ വാതില്‍ക്കല്‍ കാവല്‍ നിര്‍ത്തി (ഉല്‍പ 3, 24). എന്നാലും ദൈവം അവനെ കൈവിടുകയില്ല, തിന്മയുടെ സ്വാധീനത്തില്‍നിന്നു വീണ്ടെടുത്ത് സ്വന്തം മക്കളായി, സ്വഭവനത്തില്‍ സ്വീകരിക്കും എന്ന വാഗ്ദാനവും (ഉല്‍പ 3, 15) നല്കിയതിനു ശേഷമാണ് ദൈവം മനുഷ്യരെ തന്‍റെ സന്നിധിയില്‍നിന്ന് ഇറക്കിവിട്ടത്.
പറുദീസായ്ക്കു പുറത്തായെങ്കിലും ദൈവസാന്നിധ്യത്തില്‍നിന്ന് അകലെയല്ല, ദൈവത്തിന്‍റെ കണ്ണെത്താത്തത്ര ദൂരത്തല്ല മനുഷ്യന്‍ എന്ന് അടുത്ത സംഭവപരമ്പരകള്‍ സൂചിപ്പിക്കുന്നു. മനുഷ്യന്‍ അര്‍പ്പിക്കുന്ന ബലി സ്വീകരിക്കാന്‍ ദൈവം അവന്‍റെ സമീപത്തു തന്നെയുണ്ട്. പീഠത്തില്‍ അര്‍പ്പിക്കുന്ന ബലിവസ്തു മാത്രമല്ല, അര്‍പ്പകന്‍റെ ഉള്ളിലിരുപ്പും ഹൃദയവികാരങ്ങളും കാണാന്‍ മാത്രം അടുത്താണ് ദൈവം. ആബേലിന്‍റെ ബലി സ്വീകരിക്കുകയും കായേന്‍റേതു തിരസ്കരിക്കുകയും ചെയ്യുന്നത് ഇരുവരുടെയും ഹൃദയവികാരങ്ങളെ അറിഞ്ഞു കൊണ്ടാണ് (ഉല്‍പ 4,7). ദൈവം നല്കിയ താക്കീതു വകവയ്ക്കാതെ സഹോദരനെ വധിച്ച കായേന്‍റെ മുമ്പില്‍ ദൈവം പ്രത്യക്ഷപ്പെട്ടു, നീതി വിധിക്കുന്ന ന്യായാധിപനായി, ഒപ്പം സംരക്ഷണം നല്കുന്ന രക്ഷകനായും. "..... ആരും കായേനെ കൊല്ലാതിരിക്കാന്‍ ദൈവം അവന്‍റെ മേല്‍ ഒരടയാളം പതിച്ചു" (ഉല്‍പ 4,8-16).ദൈവത്തില്‍നിന്ന് മനഃപൂര്‍വ്വം അകന്നുപോകുന്ന മനുഷ്യന്‍റെ പ്രതീകമാണ് "ദൈവസന്നിധി വിട്ട്, ഏദെനു കിഴക്ക് നോദു ദേശത്ത് വാസമുറപ്പിക്കുന്ന (ഉല്‍പ 4, 16) കായേന്‍. എന്നാലും ദൈവത്തില്‍ നിന്ന് അകന്നു പോകുന്ന മനുഷ്യനെ ദൈവം ഉപേക്ഷിക്കുകയില്ല; അവനെ തേടി പിന്നാലെ വരുന്നു എന്ന സത്യമാണ് തുടര്‍ന്നുള്ള വിവരണങ്ങളിലൂടെ ബൈബിള്‍ അവതരിപ്പിക്കുന്നത്.
പ്രളയവും നോഹയും
"ഭൂമിയില്‍ മനുഷ്യന്‍റെ തിന്മ വര്‍ദ്ധിച്ചിരിക്കുന്നെന്നും അവന്‍റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും ദൈവം കണ്ടു. ഭൂമുഖത്ത് മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവ് പരിതപിച്ചു" (ഉല്‍പ. 6: 5-6). തന്നില്‍ നിന്നകന്ന്, തിന്മയില്‍ ആണ്ടു പോകുന്ന മനുഷ്യന്‍റെ അവസ്ഥയെ ദൈവം വികാരഭരിതനായ ഒരു പിതാവെന്ന പോലെ നിരീക്ഷിക്കുന്ന ചിത്രമാണ് വി. ഗ്രന്ഥകാരന്‍ ഇവിടെ അവതരിപ്പിക്കുന്നത്. അതിനു തൊട്ടു മുമ്പ് മനുഷ്യന്‍റെ പാപാവസ്ഥയുടെ വെളിച്ചത്തില്‍ മനുഷ്യായുസ് പരിമിതപ്പെടുത്തുന്നതായി ഒരു ചെറിയ വിവരണമുണ്ട്: "എന്‍റെ ചൈതന്യം മനുഷ്യനില്‍ എന്നേക്കും നിലനില്ക്കുകയില്ല. അവന്‍ ജഡമാണ്. അവന്‍റെ ആയുസ് നൂറ്റിയിരുപത് വര്‍ഷമായിരിക്കും" (ഉല്‍പ 6,3). ദൈവത്തിന്‍റെ ചൈതന്യം എന്നേക്കും നിലനില്ക്കുകയില്ല എന്നു പറയുന്നതിലൂടെ ഒരു കാര്യം വ്യക്തമാക്കുന്നു. പാപാനന്തരവും ദൈവത്തിന്‍റെ ചൈതന്യം മനുഷ്യനില്‍ വസിക്കുന്നു.
ദൈവത്തിന്‍റെ ചൈതന്യം ദൈവം തന്നെയാണെന്നു കരുതുന്നതില്‍ തെറ്റുണ്ടാവില്ല. അപ്പോള്‍ പറുദീസായ്ക്കു പുറത്തും, പാപിയായ മനുഷ്യനിലും, ദൈവം സന്നിഹിതമാണ് എന്ന ഒരു സൂചന ഇവിടെ ലഭ്യമാകുന്നു.
പ്രളയം അയച്ചു നശിപ്പിക്കുന്നത് പാപത്തിനധീനമായ ലോകത്തെ കഴുകി ശുദ്ധീകരിക്കുന്നതിന്‍റെ അടയാളമാണ്. അപ്പോഴും ദൈവിക സാന്നിധ്യം അവിടെ ഉണ്ട്. നോഹയെയും കുടുംബത്തെയും ദൈവം അനുസ്മരിക്കുന്നു. പ്രളയം അവസാനിപ്പിക്കുന്നു. നോഹയര്‍പ്പിച്ച ബലിയില്‍ സംപ്രീതനാകുന്നു; ലോകത്തെ നശിപ്പിക്കുകയില്ല എന്നു വാഗ്ദാനം ചെയ്യുന്നു. ഇവിടെയൊന്നും ദൈവത്തിന്‍റെ പ്രത്യേകമായൊരു വാസസ്ഥലത്തെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല. സര്‍വ്വവ്യാപിയും അന്തര്യാമിയുമായ ദൈവത്തിന്‍റെ ചിത്രമാണ് ഈ വിവരണങ്ങളില്‍ നിന്നു ലഭിക്കുന്നത്.
ഇറങ്ങിവരുന്ന ദൈവം
ആകാശം മുട്ടുന്ന ഗോപുരം നിര്‍മ്മിച്ച് സ്വന്തം പേരും പ്രശസ്തിയും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന മനുഷ്യന്‍റെ പാഴ്വേലയുമായി ബന്ധപ്പെട്ടതാണ് ദൈവത്തിന്‍റെ വാസസ്ഥലത്തെക്കുറിച്ചുള്ള അടുത്ത പരാമര്‍ശം. "മനുഷ്യന്‍ നിര്‍മ്മിച്ച നഗരവും ഗോപുരവും കാണാന്‍ ദൈവം ഇറങ്ങിവന്നു" (ഉല്‍പ 11, 5). "ഇറങ്ങി വന്നു" എന്നു പറയുമ്പോള്‍ ദൈവത്തിന്‍റെ വാസം മുകളില്‍ എവിടെയോ ആണെന്ന സൂചന ലഭിക്കുന്നു. പുരാതന മനുഷ്യന്‍റെ ഒരു കാഴ്ചപ്പാട് ഇവിടെ ദൃശ്യമാകുന്നു.
പരന്ന പലക പോലുള്ള ഭൂമിക്കു മുകളില്‍ കുട പോലെ വിരിച്ചു നിര്‍ത്തിയിരിക്കുന്ന കമാനമാണ് ആകാശം. ആകാശത്തിനു മുകളില്‍ ജലം, ഭൂമിക്കടിയിലും ജലം, മുകളില്‍ ജലമുള്ളതുകൊണ്ടാണല്ലോ മഴ പെയ്യുന്നത്. ദൈവം ആകാശത്തിന്‍റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ മഴ പെയ്യുന്നു. ആലങ്കാരികമായി മാത്രമല്ല, നഗ്നനേത്രങ്ങള്‍ സ്വാഭാവികമായി കാണുന്ന ഒരു യാഥാര്‍ത്ഥ്യമായി ഈ കാഴ്ചപ്പാടിനെ മനസ്സിലാക്കാം. ആകാശത്തിനു മുകളിലുള്ള ജലസംഭരണികള്‍ക്കും മുകളിലാണ് ദൈവത്തിന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗം എന്ന ഒരു കാഴ്ചപ്പാട് സാവധാനം രൂപപ്പെട്ടു. അതിന്‍റെ വ്യക്തമായ ഉദാഹരണമാണ് ഗോപുരം കാണാന്‍ ദൈവം ഇറങ്ങി വരുന്നത്.
ആകാശത്തിനു മുകളില്‍, സ്വര്‍ഗ്ഗത്തില്‍ ദൈവം വസിക്കുന്നു എന്ന ധാരണയാണ് ആകാശം മുട്ടുന്ന ഗോപുരം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍റെ ചിന്താഗതി വെളിപ്പെടുത്തുന്നത്. ദൈവതുല്യനാവുക എന്നതാണ് ലക്ഷ്യം. ദൈവത്തിനൊപ്പം ഇരിക്കുക, ദൈവത്തെപ്പോലെ ആകുക, സ്വന്തം ഇഷ്ടം പ്രമാണമായി സ്വീകരിക്കുക. പറുദീസായില്‍ ഉണ്ടായ പ്രലോഭനത്തിന്‍റെ മറ്റൊരു പതിപ്പായി ഈ ഉദ്യമത്തെ കാണാന്‍ കഴിയും. അതേസമയം സൃഷ്ട വസ്തുക്കളില്‍ നിന്നെല്ലാം അനന്തമായ ദൂരത്തില്‍, ഉയരത്തില്‍ ദൈവം വസിക്കുന്നു എന്ന വിശ്വാസവും ഈ കഥയുടെ പിന്നിലുണ്ട്. സര്‍വ്വാതിശായിയായ ദൈവത്തെക്കുറിച്ചുള്ള അവബോധം ഈ വിവരണത്തില്‍ പ്രതിഫലിക്കുന്നതായി കാണാം.
പൂര്‍വ്വപിതാക്കന്മാരുടെ അനുഭവം
ദൈവിക യാഥാര്‍ത്ഥ്യങ്ങളെ കഥാരൂപത്തില്‍ (Myths) അവതരിപ്പിക്കുന്ന ഒരു സാഹിത്യശൈലിയാണ് ആദി ചരിത്രം എന്നറിയപ്പെടുന്ന ഉല്‍പ, 1-11 അധ്യായങ്ങളില്‍ അവലംബിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇതുവരെ കണ്ട വിവരണങ്ങള്‍ മുഖ്യമായും കഥാരൂപത്തിലും പ്രതീകാത്മകമായും മനസ്സിലാക്കണം. രക്ഷാചരിത്രത്തിന്‍റെ അടുത്ത ഘട്ടത്തില്‍ ഒരു വ്യക്തിയെ പ്രത്യേകം തിരഞ്ഞെടുക്കുകയും അയാളിലൂടെയും സന്തതിപരമ്പരയിലൂടെയും സ്വയം വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തെയും അവിടുത്തെ പദ്ധതിയെയുമാണ് നാം കാണുന്നത്. ഇവിടെയും ദൈവം ഏതെങ്കിലും ഒരു പ്രത്യേക 'ഇട'ത്തില്‍ വസിക്കുന്നതായി സൂചിപ്പിക്കുന്നു പോലുമില്ല. അബ്രഹാം, ഇസഹാക്ക്, യാക്കോബ്, യാക്കോബിന്‍റെ പന്ത്രണ്ടു മക്കള്‍ - ഇവരെയാണ് പൊതുവില്‍ പൂര്‍വ്വപിതാക്കന്മാര്‍ എന്നു വിശേഷിപ്പിക്കുന്നത്. ഇവര്‍ക്കുണ്ടായ ദൈവാനുഭവങ്ങള്‍ ദൈവാലയത്തെക്കുറിച്ച് വിലപ്പെട്ട സൂചനകള്‍ നല്കും.
അബ്രാഹത്തിന്‍റെ ദൈവം
വിളിച്ചു പുറത്തിറക്കി, മുന്‍പേ നടക്കുന്ന ദൈവമാണ് അബ്രാഹത്തിനു സ്വയം വെളിപ്പെടുത്തുന്ന ദൈവം. ഹാരാനില്‍ തുടങ്ങി, കാനാനിലൂടെ കടന്ന്, ഈജിപ്തിലെത്തി, വീണ്ടും കാനാനില്‍ തിരിച്ചു വന്നു വാസമുറപ്പിക്കുന്ന അബ്രാഹത്തിന്‍റെ ജീവിത വഴികളില്‍ ഉടനീളം ദൈവമുണ്ട്, വഴികാട്ടിയായി, സംരക്ഷകനായി.
യാതൊരു മുന്നറിയിപ്പും ഒരുക്കവും കൂടാതെയാണ് അബ്രാഹത്തിനു ലഭിക്കുന്ന ദൈവവിളി വി. ഗ്രന്ഥകാരന്‍ ചിത്രീകരിക്കുന്നത്. ഗോപുര നിര്‍മ്മാണത്തില്‍ പരാജയപ്പെട്ട്, പരസ്പരം മനസ്സിലാക്കാന്‍ കഴിയാതെ ചിതറി അകന്നുപോകുന്ന മനുഷ്യന്‍റെ ചിത്രത്തിനു പിന്നാലെ വരുന്നു അബ്രാഹത്തിന്‍റെ വിളി, ഒരു പുതിയ തുടക്കം പോലെ. ആദിചരിത്രം അവസാനിപ്പിച്ച്, രക്ഷാചരിത്രത്തിന്‍റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നത് അബ്രാഹത്തിന്‍റെ വിളിയോടെയാണ്: "കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചു തരുന്ന നാട്ടിലേക്കു പോവുക"(ഉല്‍പ 12,1).
പോകേണ്ട നാട് എവിടെയെന്നോ, അങ്ങോട്ടുള്ള വഴി ഏതെന്നോ പറയുന്നില്ല. അതെല്ലാം സാവകാശം വെളിപ്പെടും. ഇപ്പോള്‍ ഒന്നു മാത്രം കരണീയം. വീടുപേക്ഷിക്കുക, ഇറങ്ങിത്തിരിക്കുക, വിളിക്കുന്നവന്‍റെ പിന്നാലെ. മനുഷ്യന്‍ ദൈവത്തോടൊന്നിച്ച് യാത്ര ചെയ്യാന്‍ വിളിക്കപ്പെടുന്നു. ദൈവം മുമ്പിലുണ്ടാകും, എപ്പോഴും. അബ്രാഹം അനുഗമിച്ചാല്‍ മതി. അതിനു വിശ്വാസം ആവശ്യമാണ്. വിശ്വാസം അനുസരണത്തിലൂടെ പ്രകടമാകണം. അതായിരുന്നു, അതു മാത്രമായിരുന്നു അബ്രാഹത്തിന്‍റെ ജീവിതം.
"കര്‍ത്താവ് കല്പിച്ചതനുസരിച്ച് അബ്രാഹം പുറപ്പെട്ടു" (ഉല്‍പ 12,4). സുദീര്‍ഘമായിരുന്നു യാത്ര. വഴികളില്‍ അപകടം പതിയിരുന്നു. എന്നാല്‍ അബ്രാഹം പതറിയില്ല. താല്‍ക്കാലിക വിശ്രമത്തിനായി കൂടാരമടിച്ചിടത്തെല്ലാം അബ്രാഹം ബലിപീഠം പണിതു, ബലിയര്‍പ്പിച്ചു; കര്‍ത്താവ് ബലി സ്വീകരിച്ചു. ഷെക്കെം, മോറേ, ഹെബ്രോണ്‍ (ഉല്‍പ 12, 6. 8, 18) എന്നിങ്ങനെ അനേകം ഇടങ്ങളില്‍ അബ്രാഹം ബലിയര്‍പ്പിച്ചു, കര്‍ത്താവിന്‍റെ സജീവ സാന്നിധ്യം അനുഭവിച്ചറിഞ്ഞു.
ദൈവിക സാന്നിധ്യം ഏതെങ്കിലും ഒരു സ്ഥലത്തു മാത്രമായി ഒതുങ്ങിനില്ക്കുന്നതല്ല എന്ന് അബ്രാഹം തിരിച്ചറിഞ്ഞു. തന്‍റെ യാത്രകളില്‍ ഉടനീളം ദൈവം കൂടെയുണ്ടെന്ന് അനുഭവിച്ചറിഞ്ഞു. വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചും കല്പനകള്‍ നല്കിയും സംരക്ഷണം ഉറപ്പുവരുത്തിയും കൊണ്ട് ദൈവം തന്‍റെ കൂടെ നടക്കുന്നതായി അബ്രാഹം കണ്ടു. ഈജിപ്തിലെ ഫറവോയില്‍ നിന്നും (ഉല്‍പ 12, 17-20) ശത്രു രാജാക്കന്മാരില്‍നിന്നും (ഉല്‍പ 14, 13-16) നിരന്തരം സംരക്ഷിക്കുന്നതായി അബ്രാഹം അനുഭവിച്ചു.
ഉടമ്പടി ചെയ്യാനും വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കാനും കൂടെ നടക്കുന്ന ദൈവിക സാന്നിധ്യം അബ്രാഹത്തിന്‍റെ നിരന്തരമായ അനുഭവമായിരുന്നു. "മാമ്രെയുടെ ഓക്കു മരത്തിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി" (ഉല്‍പ 18,1). തുടര്‍ന്നുള്ള ജീവിതവഴികളിലെല്ലാം ദൈവം അബ്രാഹത്തിന്‍റെ കൂടെ ഉണ്ടായിരുന്നു. സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെടും വരെ ദൈവം അബ്രാഹത്തിന്‍റെ വിശ്വാസവും അനുസരണവും പരിശോധനാ വിഷയമാക്കി. അബ്രാഹം ഉറച്ചുനിന്നു, പതറാതെ. അങ്ങനെ സര്‍വ്വ ജനതകള്‍ക്കും രക്ഷയുടെ തുടക്കമായി. "നിന്‍റെ സന്തതിയിലൂടെ ലോകത്തിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും" (ഉല്‍പ 22,18). ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ കയറിയ മോറിയാ മലയില്‍ വച്ചാണ് ഈ വാഗ്ദാനം അവസാനമായി അബ്രാഹത്തോട് ആവര്‍ത്തിക്കപ്പെട്ടത്. ആ സ്ഥലത്താണ് സോളമന്‍ പിന്നീട് ദേവാലയം നിര്‍മ്മിച്ചത് എന്നതും ശ്രദ്ധേയം.
ഏല്‍റോയി
അവള്‍ ഒട്ടും പ്രതീക്ഷിച്ചതല്ല ആ കണ്ടുമുട്ടല്‍. തന്നെ പറഞ്ഞു വശീകരിച്ചും, ഒരു പരിധി വരെ നിര്‍ബ്ബന്ധിച്ചും യജമാനനായ അബ്രാഹത്തിന്‍റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ പ്രേരിപ്പിച്ച യജമാനത്തി സാറായുടെ ക്രൂരത സഹിക്കാനാവാതെ ഒളിച്ചോടിയതാണവള്‍, സാറായുടെ ദാസിയായ ഈജിപ്തുകാരി - ഹാഗാര്‍. ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍, വഴിയറിയാതെ, തണലിനു നിഴല്‍ പോലുമില്ലാതെ, മരണത്തെ മാത്രം മുന്നില്‍ കണ്ട് അലയുന്ന ഗര്‍ഭിണി. ദൈവം അവളെ കണ്ടു, തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടു; അതേ സമയം സംരക്ഷണവും വാഗ്ദാനം ചെയ്തു. തന്നെ കണ്ട ദൈവത്തിന് അവള്‍ ഒരു പേരു കൊടുത്തു. ഏല്‍റോയ് - എന്നെ കാണുന്ന ദൈവം (ഉല്‍പ 16,1-16). സ്ഥലകാലങ്ങള്‍ക്കതീതനായി എല്ലായിടത്തും സന്നിഹിതനായ ദൈവം. അതാണ് ഏല്‍റോയ്.
ആ ദൈവം അവളെ വീണ്ടും കണ്ടു, ഒരിക്കല്‍ കൂടി മരുഭൂമിയില്‍. ഇപ്പോള്‍ അവള്‍ ഒളിച്ചോടിയതല്ല, യജമാനന്‍ തന്നെ ഇറക്കി വിട്ടതാണ്, മകനെയും കൂട്ടി, ഒരു ദിവസത്തേക്കു വേണ്ട അപ്പവും വെള്ളവും മാത്രം കൊടുത്ത്. അവള്‍ തളര്‍ന്നു. വിശന്നും ദാഹിച്ചും നിലവിളിക്കുന്ന മകന്‍റെ മരണം കാണാതിരിക്കാന്‍ കണ്ണും കാതും അടച്ച് അവള്‍ അകന്നിരുന്നു. ഇപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നാണ് അവളെ വിളിക്കുന്നത് (ഉല്‍പ. 21: 17). "ദൂതന്‍" എന്നു പറയുന്നത് കര്‍ത്താവിനെത്തന്നെ സൂചിപ്പിക്കാനാണ്. മരുഭൂമിയുടെ മുകളില്‍ വിരിയുന്ന സ്വര്‍ഗ്ഗം നിലവിളി കേള്‍ക്കുന്ന ദൈവത്തിന്‍റെ സാന്നിദ്ധ്യം എല്ലായിടത്തും ഉണ്ടെന്നു ഉറപ്പു നല്കുന്നു. ഇവിടെയും ദൈവത്തിന് പ്രത്യേകമായൊരു വാസസ്ഥലമില്ല. എല്ലായിടത്തും അവിടുത്തെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്നു. അതാണ് സ്വര്‍ഗ്ഗം.ബെഥേല്‍
ഭയചകിതനായിരുന്നു അയാള്‍. പിതാവിനെയും സഹോദരനെയും വഞ്ചിച്ചതിന്‍റെ കുറ്റബോധം ഒരു വശത്ത്. തന്നെ വധിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ജ്യേഷ്ഠസഹോദരന്‍റെ കോപവും പകയും മറുവശത്ത്. എല്ലാറ്റിനും ഉപരി വഞ്ചനയും വക്രതയും വഴി ദൈവകോപവും ദൈവശാപവും വരുത്തി വച്ചു എന്ന പാപബോധം. അവന്‍ ഓടി, നിര്‍ത്താതെ, അങ്ങു ദൂരെയുള്ള ഹാരാനിലേക്ക്. ഓട്ടത്തിനിടയില്‍ സൂര്യന്‍ അസ്തമിച്ചു. ഇരുള്‍ പരന്നു, തളര്‍ന്ന്, തകര്‍ന്ന് വഴിവക്കില്‍ വീണു. ക്ഷീണം അവനെ കീഴടക്കി. അടുത്തു കണ്ട ഒരു കല്ലില്‍ തല വച്ച് അവന്‍ കിടന്നു. അറിയാതെ കണ്ണുകള്‍ അടഞ്ഞു. പരാജയത്തിന്‍റെയും കുറ്റബോധത്തിന്‍റെയും പ്രതീകം - യാക്കോബ്.
മനുഷ്യന്‍ കാണുന്നതുപോലെയല്ല ദൈവം കാണുന്നത്. അവന്‍റെ തലയ്ക്കു മുകളില്‍ സ്വര്‍ഗ്ഗം തുറന്നു. തുറന്ന സ്വര്‍ഗ്ഗവാതിലില്‍ എത്തി നില്ക്കുന്ന ഗോവണി ഇറങ്ങി - കയറുന്ന ദൈവദൂതന്മാര്‍. തുറന്ന വാതില്ക്കല്‍ ആശീര്‍വ്വദിക്കാന്‍ കൈകള്‍ ഉയര്‍ത്തിനില്ക്കുന്ന ദൈവം. കുറ്റപ്പെടുത്തലില്ല, ശകാരമില്ല. ചെയ്ത തെറ്റുകളെക്കുറിച്ച് ഒരു സൂചന പോലും ഇല്ല. വഴിഞ്ഞൊഴുകുന്ന സ്നേഹം മാത്രം. ശക്തിപ്പെടുത്തുന്ന വാക്കുകള്‍, പ്രത്യാശ ഉണര്‍ത്തുന്ന വാഗ്ദാനം. "ഇതാ ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തു രക്ഷിക്കും" (ഉല്‍പ. 28: 15).ഉറക്കമുണര്‍ന്ന യാക്കോബിനു ബോധ്യമായി "തീര്‍ച്ചയായും കര്‍ത്താവ് ഇവിടെയുണ്ട്. എന്നാല്‍ ഞാന്‍ അതറിഞ്ഞില്ല.....ഇതു ദൈവത്തിന്‍റെ ഭവനമല്ലാതെ മറ്റൊന്നുമല്ല" (ഉല്‍പ. 28: 17). പരാജിതന്‍റെ തലയ്ക്കു മുകളില്‍ തുറക്കുന്ന സ്വര്‍ഗ്ഗം; വാതില്‍ക്കല്‍ നില്‍ക്കുന്ന ദൈവം; കോരിച്ചൊരിയുന്ന അനുഗ്രഹങ്ങള്‍. അതാണ് ബെഥേല്‍. യാക്കോബ് അവിടെ ഒരു കല്ല് നാട്ടി നിര്‍ത്തി, എണ്ണയൊഴിച്ച്, ദൈവത്തെ സ്തുതിച്ചു. അതിന് ദൈവഭവനം എന്നര്‍ത്ഥമുള്ള ബെഥേല്‍ എന്ന പേരും കൊടുത്തു.
എന്നാല്‍ യാക്കോബിനു ലഭിച്ച ദൈവിക സാന്നിധ്യത്തിന്‍റെയും സംരക്ഷണത്തിന്‍റെയും അനുഭവം ബെഥേലില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. അനേകം അനുഭവങ്ങളില്‍ ഒന്നു മാത്രമാണിത്. ഇവിടെ നല്‍കുന്ന ഒരു വാഗ്ദാനം പ്രത്യേകം ശ്രദ്ധിക്കണം. "ഇതാ ഞാന്‍ നിന്നോടുകൂടെയുണ്ട്, നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും" (ഉല്‍പ. 28: 15). വാഗ്ദത്ത ഭൂമിയില്‍ തിരിച്ചെത്തുന്ന യാക്കോബ് ദൈവകല്പന പ്രകാരം ബെഥേലില്‍ പോയി അവിടെ ഒരു ബലിപീഠം പണിയുന്നതായി വി. ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ഉല്‍പ. 35: 1-8). പിന്നീട് ബെഥേല്‍ ഇസ്രായേലിന്‍റെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറി, പ്രത്യേകിച്ചും രാജഭരണ കാലത്ത്.
പെനുവേല്‍
"ദൈവത്തെ ഞാന്‍ മുഖാഭിമുഖം കണ്ടു. എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നല്ലോ എന്നു പറഞ്ഞു കൊണ്ട് യാക്കോബ് ആ സ്ഥലത്തിനു പെനുവേല്‍ എന്നു പേരിട്ടു" (ഉല്‍പ. 32: 30).
ഭീരുവായിരുന്നു യാക്കോബ്. കാലിനു മാത്രമായിരുന്നു ബലം. ഒളിച്ചോടാനും ഓടി രക്ഷപ്പെടാനും. പക്ഷേ ഇത്തവണ അതും സാധ്യമല്ലാതെ വന്നു. ഇതുവരെ കൂടെ നടക്കുകയും സംരക്ഷിക്കുകയും ചെയ്ത ദൈവം ഒരു ശത്രുവിനെപ്പോലെ രാത്രിയില്‍ അവനെ കടന്നാക്രമിച്ചു. അവന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന ശക്തി മരണഭീതിയാല്‍ ഉണര്‍ന്നു. അതൊരു ജീവന്മരണ പോരാട്ടമായിരുന്നു. അവസാനം അവന്‍ ജയിച്ചു. അതോടെ അയാള്‍ ഒരു പുതിയ മനുഷ്യനായി മാറി. ഇപ്രകാരം ഒരു സമൂല പരിവര്‍ത്തനം, അഥവാ പുതിയ സൃഷ്ടി, നടന്ന സ്ഥലമാണ് പെനുവേല്‍ - പ്രദക്ഷിണ വഴികളിലെ അടുത്ത താവളം.
ബെഥേലില്‍ വച്ചു നല്കിയ വാഗ്ദാനങ്ങള്‍ ദൈവം പാലിച്ചു. ഹാരാനില്‍ യാക്കൊബിനു സംരക്ഷണം ലഭിച്ചു. സമൃദ്ധിയുണ്ടായി. അമ്മാവനും പിന്നീട് അമ്മായിയപ്പനുമായ ലാബാന്‍ പലതവണ വഞ്ചിച്ചെങ്കിലും ദൈവം കൂട്ടിനുണ്ടായിരുന്നതിനാല്‍ യാക്കോബ് വലിയ ധനികനായി. നാലു ഭാര്യമാരും പന്ത്രണ്ടു മക്കളും ആടുമാടുകളുടെ വലിയ സമ്പത്തും സ്വന്തമാക്കി. എന്നിട്ടും ഭയം അയാളെ വിട്ടുമാറിയില്ല.
ദൈവം നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് അയാള്‍ വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങിയത്. പക്ഷേ അതും ഒരു ഒളിച്ചോട്ടമായിരുന്നു. പിന്നാലെ വന്ന ലാബാനെ ദൈവം തടഞ്ഞതു കൊണ്ട് അപകടം ഒഴിവായി. ഇരുവരും തമ്മില്‍ സന്ധി ചെയ്തു. ഉടമ്പടിയുടെ അടയാളമായി കല്ലുകള്‍ വാരിക്കൂട്ടി കല്‍ക്കൂന വിട്ട് പടിഞ്ഞാട്ട് ലാബാന്‍ വരില്ല; കിഴക്കോട്ടു യാക്കോബും (ഉല്‍പ. 31: 22-50).
ജേഷ്ഠനെ വഞ്ചിച്ചതിന്‍റെ കുറ്റബോധം ഇപ്പോഴും ഹൃദയത്തില്‍ ഉണങ്ങാത്ത വ്രണം പോലെ നീറ്റല്‍ ഉളവാക്കുന്നു. സമ്മാനങ്ങള്‍ നല്കി പ്രീതിപ്പെടുത്താം എന്ന പദ്ധതി വിജയിക്കുമോ എന്നറിയില്ല. അതിനാല്‍ ഭാര്യമാരും മക്കളും അടക്കം തനിക്കുള്ള സകലതും യാക്കോബ് നദിയുടെ പടിഞ്ഞാറെ കരയില്‍ എത്തിച്ച ശേഷം യാക്കോബ് ഒറ്റയ്ക്ക് കിഴക്കേ കരയില്‍ തങ്ങി. ഏസാവ് വന്നു എല്ലാം നശിപ്പിച്ചാലും താന്‍ ഇനിയും ഓടി രക്ഷപ്പെടും എന്ന തീരുമാനത്തോടെ (ഉല്‍പ. 32: 1-21). ഇവിടെയാണ് ദൈവം ഒരു ശത്രുവിനെപ്പോലെ യാക്കോബിനെ നേരിടുന്നത്.
"നേരം പുലരുന്നതു വരെ ഒരാള്‍ അവനുമായി മല്പിടുത്തം നടത്തി" (ഉല്‍പ. 32: 24). മരണഭീതിയില്‍ അവന്‍റെ ആന്തരിക ശക്തി ഉണര്‍ന്നു. കീഴടങ്ങുക എന്നാല്‍ മരിക്കുക എന്നാണ് ഇവിടെ അര്‍ത്ഥം. ജീവിക്കണമെങ്കില്‍ പൊരുതിയേ മതിയാകൂ! ഒളിച്ചോടാന്‍ വഴിയടച്ച് പിടി മുറുക്കിയിരിക്കുകയാണ് ശത്രു. അയാള്‍ ആരെന്നറിഞ്ഞല്ല യാക്കോബ് പൊരുതിയത്. എന്നാല്‍ അവസാനം അവന്‍ മനസ്സിലാക്കി, അതു ദൈവം തന്നെയാണെന്ന്. ആക്രമിച്ചു ശക്തിപ്പെടുത്തുന്ന ദൈവം! തികച്ചും വ്യത്യസ്തവും നൂതനവുമായ ഒരു ദൈവചിത്രം - അന്നും ഇന്നും. ഇതുവരെ ലഭിച്ച വാഗ്ദാനങ്ങളും സംരക്ഷണവും യാക്കോബിന്‍റെ സ്വഭാവത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. എന്നാല്‍ ഈ മല്പിടുത്തം അവനെ പുതിയൊരു മനുഷ്യനാക്കി. തന്നിലുള്ള ശക്തി അവന്‍ തിരിച്ചറിഞ്ഞു. ഇനി ഒളിച്ചോടാന്‍ ശ്രമിക്കില്ല. ശ്രമിച്ചാലും സാധിക്കുകയുമില്ല. അതിനു വേണ്ടിയാണല്ലോ, തുടയെല്ലില്‍ തല്ലി എളിക്ക് ഒരു ഉളുക്ക് കൊടുത്തത്.
ഇതൊരു പ്രത്യേക ദൈവാനുഭവമായിരുന്നു. യാക്കോബ് ആ സ്ഥലത്തിനു കൊടുത്ത പേരാണ് പെനുവേല്‍. പാനീം (= മുഖം) ഏല്‍ (= ദൈവം) എന്നീ രണ്ടു വാക്കുകള്‍ ചേര്‍ന്നതാണ് പെനുവേല്‍. പെനിയേല്‍ എന്ന ഉച്ചാരണമായിരിക്കും മൂലത്തോടു കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്നത്. ബെഥേലില്‍ നിന്ന് പെനുവേലിലേക്ക് ഏറെ ദൂരമുണ്ട് - ഭീരുവില്‍ നിന്ന് ധീരനിലേക്കുള്ള ദൂരം. ദൈവത്തിന്‍റെ അസാധാരണമായൊരു ഇടപെടലാണ് ആ ദൂരം ഇല്ലാതാക്കിയത്.
ഇനി യാക്കോബിനു ഭയമില്ല. സഹോദരനെ കണ്ടുമുട്ടുമ്പോള്‍ പ്രതീക്ഷിച്ച ശത്രുതയില്ല. എല്ലാം തന്‍റെ ഉള്ളിലെ തോന്നലുകള്‍ മാത്രമായിരുന്നു എന്ന് യാക്കോബ് തിരിച്ചറിഞ്ഞു. കുറ്റബോധത്തില്‍ നിന്ന് ജനിക്കുന്ന ഭയം. അതുമായല്ലേ അവന്‍ നദീതീരത്ത്, രാത്രിയില്‍, മല്ലടിച്ചത്? എന്ന് ആധുനിക മനശാസ്ത്രജ്ഞര്‍ ചോദിക്കുന്നു. അല്ല എന്നു പറയാനാവില്ല. ജീവിതാനുഭവങ്ങളിലൂടെയാണല്ലോ ദൈവം മനുഷ്യനുമായി സംവദിക്കുന്നത്. അത് എപ്പോഴും താങ്ങലും തലോടലും ആകണമെന്നില്ല, തല്ലും മുറിപ്പെടുത്തലുമാകാം. ഈ കാഴ്ചപ്പാടില്‍ പെനുവേല്‍ സുപ്രധാനമായൊരു വെളിപാടു നല്കുന്നു. ഭീരുവിനെ ധീരനാക്കാന്‍, കുറ്റബോധത്തിന്‍റെ ഭാരം എടുത്തു മാറ്റാന്‍, ദൈവം ശക്തമായി ഇടപെടുന്ന ഇടമാണ് പെനുവേല്‍. അത് ഒരു സ്ഥലത്തേക്കാള്‍ ഒരു സംഭവമോ അവസ്ഥയോ ആകാം. എന്നും പ്രസക്തമായൊരു ഓര്‍മ്മപ്പെടുത്തല്‍.