

ദൈവം അരൂപി ആണ് എന്നത് ചെറുപ്രായത്തില്‍ ഗ്രഹിക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു. അതിന്‍റെ കൂടെ ദൈവം ശക്തനാണ് എന്നുകൂടി കേട്ടപ്പോള്‍ കൂടുതല്‍ ആശയക്കുഴപ്പമായി. രൂപമില്ലാത്ത ദൈവം എങ്ങനെയാണ് പുരുഷനാവുന്നത്? ശക്തന്‍ എന്നത് പുല്ലിംഗമല്ലേ? ദൈവത്തെ എന്തുകൊണ്ട് ശക്ത എന്നു പറയുന്നില്ല? ഇതായിരുന്നു സംശയം. സംശയം അവിടെക്കിടന്നു. ജീവിതം മുന്നോട്ടൊഴുകി. പൗരന്‍, ചെയര്‍മാന്‍, മേസ്തിരി എന്നൊക്കെ പറയുമ്പോള്‍ അത് സ്ത്രീകളെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നാമം ആണെന്ന് പിന്നീട് മനസ്സിലായി. പൗര എന്ന വാക്ക് നിഘണ്ടുവില്‍ ഇല്ല. വനിത ചെയര്‍മാന്‍മാര്‍ വന്നു തുടങ്ങിയപ്പോള്‍, അവരെ ചെയര്‍പേഴ്സണ്‍ എന്നു വിളിച്ചുതുടങ്ങി. മേസ്തിരി മേസ്തിരിണി ആയില്ല. ചെയര്‍പേഴ്സണ്‍ എന്ന വാക്ക് ന്യൂട്ടര്‍ ജെന്‍ഡര്‍ ആണെങ്കിലും ഒരു പുരുഷ ചെയര്‍മാനെ, ചെയര്‍പേഴ്സണ്‍ എന്ന് അഭിസംബോധന ചെയ്താല്‍, അത് പരിഹസിക്കുന്നതായേ തോന്നൂ. ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, ട്രെയിനര്‍മാര്‍ തുടങ്ങിയവരുടെ പ്രൊഫഷണല്‍ കൂട്ടായ്മകളെ ഫ്രട്ടേണിറ്റി (ബ്രദര്‍ഹുഡ്) എന്നാണ് പറയുന്നത്. വനിതകളുടെ അംഗബലം ഏതെങ്കിലും പ്രൊഫഷനില്‍ കൂടുതലായി ഉണ്ടെങ്കില്‍, ഉദാ ഡെന്‍റിസ്റ്റുകള്‍, ഈ കൂട്ടായ്മയെ സൊറോറിറ്റി (സിസ്റ്റര്‍ ഹുഡ്) എന്ന് വിശേഷിപ്പിക്കാന്‍ പറ്റുമോ? ഒരു പേരില്‍ എന്തിരിക്കുന്നു എന്ന പതിവ് ചോദ്യം ഇവിടെ ചോദിക്കരുത്. വാക്കുകള്‍ ബിംബങ്ങള്‍ ആണ്. ബിംബങ്ങള്‍ മനസ്സില്‍ പാറ്റേണുകള്‍ സൃഷ്ടിക്കുന്നു. അവബോധമുള്ള സ്ത്രീകള്‍ക്ക് ഇത്തരം ബിംബങ്ങള്‍ പ്രാന്തവല്ക്കരണത്തിന്‍റേയും പുറന്തള്ളലിന്‍റേയും പ്രതീതി ജനിപ്പിക്കുന്നു. ഈ പ്രതീതി അസ്വസ്ഥതയുളവാക്കുന്നു.
ആണത്ത പെണ്ണത്ത സങ്കല്പങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും
ജോലിയുടെ ഭാഗമായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പഠിക്കാനും ചര്‍ച്ച ചെയ്യാനും ചിന്തിക്കുവാനും ക്ലാസ്സുകള്‍ നയിക്കാനും സാധിച്ചിട്ടുണ്ട്. ആദ്ധ്യാത്മികത്തികവുള്ള ഒറ്റ പുരുഷനും ഇത്തരം അതിക്രമങ്ങള്‍ക്ക് മുതിരുകയില്ല. ഈ സാമൂഹ്യവ്യാധിയെക്കുറിച്ചുള്ള എന്‍റെ രോഗനിര്‍ണ്ണയവും സാമൂഹ്യവിശകലനവും ഒരു ഡയഗ്രത്തിന്‍റെ രൂപത്തില്‍ ഈ ലേഖനത്തില്‍ കൊടുക്കുന്നു.
ഇന്ന് നിലവിലിരിക്കുന്ന ആണത്ത സങ്കല്പത്തെപ്പറ്റി ഒന്ന് പറഞ്ഞുകൊള്ളട്ടെ. പുരുഷ സവിശേഷതകള്‍, സ്ത്രൈണ സവിശേഷതകള്‍ എന്നു പറഞ്ഞ് മനുഷ്യസവിശേഷതകളെ കുറ്റിയടിച്ച്, വേലികെട്ടി തരംതിരിക്കുന്ന ഒരു അപകടകരമായ പ്രവണത നമ്മുടെ സമൂഹത്തില്‍ കടന്നുവന്നിരിക്കുന്നു. സ്നേഹം, അനുസരണ, ഭയം, ആശ്രിതത്വം, ത്യാഗമനോഭാവം, ക്ഷമ, സേവനസന്നദ്ധത, സഹകരണ മനോഭാവം, ദുഃഖം, ശാന്തത, ആറാമിന്ദ്രിയശേഷി, തീരുമാനം എടുക്കുന്നതിലുള്ള ചടുലതക്കുറവ്, പ്രതിസന്ധികളില്‍ പതര്‍ച്ച, സൗന്ദര്യം, ശുചിത്വബോധം, ബലഹീനത, പൊറുക്കാനുള്ള ചൈതന്യം എന്നീ ഗുണങ്ങള്‍ സ്ത്രീകളുടെ കുത്തകയായി കരുതിപ്പോരുന്നു. സ്വതന്ത്രത, മേധാവിത്വം, ലക്ഷ്യബോധം, യുക്തിഭദ്രത, തീരുമാനം എടുക്കുന്നതിനുള്ള കഴിവ്, പ്രതിസന്ധികളില്‍ ശാന്തത, സര്‍വ്വകലാ വൈഭവം, സാഹസികത, ശക്തി, പകപോക്കല്‍, ആധിപത്യം നിലനിര്‍ത്താനുള്ള ത്രാണി, ആധിപത്യം നിലനിര്‍ത്താന്‍ വേണ്ടിവന്നാല്‍ അതിക്രമം ഉപയോഗിക്കല്‍ ഇവ പുരുഷ സവിശേഷതകളായി ഗണിക്കപ്പെടുന്നു. രണ്ട് ഗണത്തില്‍പ്പെട്ട നല്ല സവിശേഷതകള്‍ ഒരു മനുഷ്യവ്യക്തിക്ക് ആവശ്യമാണ്. പക്ഷേ സ്ത്രീക്കും പുരുഷനും തന്താങ്ങളുടെ ഗണത്തില്‍പ്പെടാത്ത സവിശേഷതകള്‍ ആര്‍ജ്ജിക്കാനും നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും കഴിയാതെ വരുന്നതുകൊണ്ട് ഒരുതരം അപൂര്‍ണ്ണത വ്യക്തിത്വത്തില്‍ നിലനില്ക്കുന്നു. ഈ ധ്രുവീകൃത സങ്കല്പത്തിന്‍റെ കൂടെ ധനം, ആസ്തി, അറിവ്, സാങ്കേതിക പരിജ്ഞാനം, സാമൂഹ്യ മൂലധനം, അറിവിന്‍റെയും ഉല്പാദനത്തിന്‍റെയും വ്യാപനത്തിന്‍റേയും മേല്‍ പുരുഷനുള്ള മേല്‍ക്കോയ്മ തുടങ്ങിയവ അവനെ അക്രമസ്വഭാവമുള്ളവനാക്കാന്‍ നിലമൊരുക്കുന്നു. ഈ 'ആണത്തത്തെ' നിലനിര്‍ത്തല്‍ അവന്‍റെ ഒരു സാമൂഹ്യബാദ്ധ്യതയായി മാറുന്നു. വീടിനകത്ത് സ്വന്തം സ്ത്രീകളോടും, വീടിന് പുറത്ത് മറ്റ് സ്ത്രീകളോടും, കലാപയുദ്ധ ഭൂമിയില്‍ ശത്രുവിന്‍റെ സ്ത്രീകളോടും, അക്രമം കാണിക്കാന്‍ ഈ ആണത്ത സങ്കല്പം അവനെ പ്രേരിപ്പിക്കുന്നു. ഈ പ്രേരണ വളര്‍ത്താനും, നിലനിര്‍ത്താനും പരിപോഷിപ്പിക്കുവാനും, മാധ്യമങ്ങളും, കലാസാഹിത്യ പ്രസ്ഥാനങ്ങളും പങ്കുവഹിക്കുന്നു. പല സ്ത്രീകളെ മാറി മാറി പ്രാപിക്കുകയും, അവസാനം 'നല്ലവളായ' (സ്ത്രീയുടെ വാര്‍പ്പ് മാതൃക - Stereotype അനുസരിച്ചുള്ള ഒരുവള്‍) ഒരുവളെ കാണുമ്പോള്‍ തന്‍റെ പൂര്‍വ്വകാല ലൈംഗിക സാഹസികതകള്‍ക്ക് പൂര്‍ണ്ണവിരാമമിട്ട് നല്ലവനായിത്തീരുന്ന നായകന്‍, പത്തും ഇരുപതും വരുന്ന പ്രതിയോഗികളെ ഒറ്റയ്ക്ക് പൊരുതി നിലംപരിശാക്കുന്ന നായകന്‍, സ്വന്തം സ്ത്രീകളെയും അണികളളെയും സംരക്ഷിക്കാന്‍ അതിക്രമം ഉപയോഗിക്കുന്ന നായകന്‍ - ഇതൊക്കെ സിനിമയിലെയും സാഹിത്യഗ്രന്ഥങ്ങളിലെയും പതിവു കാഴ്ചകളാണ്. ആണത്തത്തിന്‍റെ ഈ വിധത്തിലുള്ള പ്രകടനത്തിന് വളരെ പൂരകമാണ്, രണ്ടാമതൊന്നാലോചിക്കാതെ സ്ത്രീലമ്പടത്വപൂര്‍വ്വ ചരിത്രമുള്ള നായകനെ വരിക്കുന്ന സ്നേഹം, ക്ഷമ, ഇവയുടെ മൂര്‍ത്തീമദ്ഭാവമായ 'ആദര്‍ശവതിയായ' സ്ത്രീ. അതിക്രമങ്ങളുടെ ലെന്‍സിലൂടെ നോക്കിയാല്‍ വളരെ പരസ്പരപൂരകത്വമാണ് ഈ സ്ത്രീപുരുഷ സങ്കല്പങ്ങള്‍. തന്‍റെ ദുഃഖങ്ങളും ആകുലതകളും പങ്കുവയ്ക്കാനാവാതെ, സേഫ്ടി വാല്‍വ് ഇല്ലാത്ത പ്രഷര്‍കുക്കര്‍പോലെ, ആണത്ത സങ്കല്പഭാരം പേറുന്ന പുരുഷന്മാര്‍ എല്ലാവിധ രോഗങ്ങളേയും വിളിച്ചു വരുത്തുന്നു. കരയാന്‍ അവന് അനുവാദമില്ല. വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ അനുവാദമില്ല. മദ്യം, മയക്കുമരുന്ന് ഇവ ആണത്ത സങ്കല്പത്തിന്‍റെ ഭാഗമാണുപോലും. സംഘര്‍ഷ ലഘൂകരണത്തിന് ഈ വക മാര്‍ഗ്ഗങ്ങള്‍ അവന്‍ തേടിപ്പോകുന്നു. അസുഖം ഉണ്ടെന്ന് സമ്മതിക്കാതിരിക്കുക, അസുഖം വന്നാല്‍ വേണ്ടസമയത്ത് ചികിത്സിക്കാതിരിക്കുക എന്നതുവരെ എത്തിനില്ക്കുന്നു തന്നിലേക്കുതന്നെ തിരിയുന്ന അക്രമഭാവങ്ങള്‍. ഇതൊക്കെ പറയുന്നത് അക്രമസ്വഭാവമുള്ള പുരുഷന്മാരെപ്പറ്റി മാത്രമാണ്. ഈ ആണത്ത സങ്കല്പം ഒട്ടും ക്രൈസ്തവമല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ക്രമാതീതമായി നമ്മുടെ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ കണ്ടതുകൊണ്ട് ഈ വിധത്തില്‍ വിശകലനം ചെയ്തുവെന്നേയുള്ളൂ.
ക്രിസ്തുവിന്‍റെ ആണത്ത സങ്കല്പം
ഈശോ മാതാപിതാക്കള്‍ക്ക് കീഴ്വഴങ്ങി ജീവിച്ചു. കാനായിലെ കല്യാണത്തിന് മാതാവിന്‍റെ അനുസരണമുള്ള മകനായി.
ക്രിസ്തു എല്ലാതരത്തിലുള്ള വിവേചനങ്ങള്‍ക്കും, അടിച്ചമര്‍ത്തലുകള്‍ക്കും, ചൂഷണങ്ങള്‍ക്കും എതിരായിരുന്നു. ക്രിസ്തുവിന്‍റെ മനോഭാവം എല്ലാവരേയും ഉള്‍ക്കൊള്ളുന്ന മനോഭാവമായിരുന്നു. ആരേയും പ്രാന്തവല്ക്കരിച്ചില്ല, ആരേയും പുറന്തള്ളിയില്ല - പുറംജാതിക്കാരും, പ്രീശന്മാരും, ചുങ്കക്കാരനും, കുഷ്ഠരോഗികളും എല്ലാം യേശുവിന്‍റെ സഹചാരികളായിരുന്നു. "
