top of page

പ്രച്ഛന്നർ

Oct 3

2 min read

George Valiapadath Capuchin
Francis embrace the leaper

ഫ്രാൻസിസിൻ്റെ ജീവിതത്തിൽ ഏറ്റവും ശ്രദ്ധേയമായതെന്താണ്?

അങ്ങനെ ഒത്തിരി ശ്രദ്ധേയമായതൊന്നും ഫ്രാൻസിസിൻ്റെ ജീവിതത്തിൽ ഇല്ല. എന്നാൽ, ഒന്നുണ്ട്: ക്രിസ്തു.

ക്രിസ്തുവാണ് അയാളെ അടിമുടി-അകംപുറം മാറ്റിയത്. അയാളിൽ കാണുമ്പോലുള്ള സമ്പൂർണ്ണ പരിവർത്തനം കാണുന്നിടങ്ങൾ വേറെ ഏറെയില്ല.

സമ്പന്നർ വേറെയും ദാരിദ്ര്യത്തെ പുല്കിയിട്ടുണ്ട്. വേറെയും ചെറുപ്പക്കാർ ലൗകികമോഹങ്ങൾ വെടിഞ്ഞ് സന്ന്യാസ വഴിയേ നടന്നിട്ടുണ്ട്. വേറെയും മനുഷ്യർ സന്ന്യാസ സമൂഹങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്; ജീവജാലങ്ങളെ സ്നേഹിച്ചിട്ടുണ്ട്; സമാധാനത്തിൻ്റെ വക്താക്കളായിട്ടുണ്ട്.


എന്നാൽ, അയാൾ! അയാൾ കുറച്ചേറെ വ്യത്യസ്തനായിരുന്നു. സമ്പന്നത ഉപേക്ഷിച്ച് ദരിദ്രനായി; ദരിദ്രരിൽ ഒരാളായി. ബാഹ്യമാത്രമായ ഒരു മാനത്തിലായിരുന്നില്ല ആ മാറ്റം. അയാൾ ദരിദ്രരുടെ പക്ഷം ചേർന്നു. സമ്പന്നതയുടെ, മുതലാളിത്തത്തിൻ്റെ, മാടമ്പിത്തത്തിൻ്റെ - ഒന്നൊഴിയാതെ എല്ലാ കാറ്റഗറികളും അയാൾ ഉപേക്ഷിച്ചുകളഞ്ഞു. മാത്രമല്ല, ദരിദ്രരെ (എത്ര അവതാരങ്ങളാണ് അവർക്ക് !) അങ്ങേയറ്റത്തെ ബഹുമാനത്തോടും ആദരവോടും കൂടി അയാൾ സ്വീകരിച്ചു.

തൽഫലമായി, അയാളുടെ നോട്ടങ്ങൾ മാത്രമല്ല, അനുഭൂതികൾ തന്നെ മാറിപ്പോയി. നോട്ടങ്ങളും അനുഭൂതികളും മാറിയതനുസരിച്ച് അയാളുടെ അനുഭവങ്ങളും കീഴ്മേൽ മറിഞ്ഞു.


ചിലർ വേഷപ്പകർച്ചകൾ നടത്താറുണ്ട്. ചിലർ പ്ലാസ്റ്റിക് സർജറികൾ ചെയ്ത് ജഡത്തിൽ മാറ്റം വരുത്താറുണ്ട്. രാജാവായ നീലക്കുറുക്കനെപ്പോല നിലാവുകാൺകേ, വേഷപ്പകർച്ച നടത്തിയവർ ഒരുനാൾ താനറിയാതെ കൂവും. പുറമേ പ്ലാസ്റ്റിക് സർജറി ചെയ്തവരുടെയും അകത്തെ ചെമ്പ് ഒരുനാൾ പുറത്തുവരും. എന്നാൽ, കാറ്റിൽ എന്ന കണക്കേ മൂടുപടം നീങ്ങി, അതിനുപിന്നിൽ മറഞ്ഞിരുന്നമുഖം കണ്ട ഒരാൾ പിന്നെ ഏറെ അങ്ങിങ്ങ് അലയില്ല.


അതേക്കുറിച്ച് തൻ്റെ മരണപത്രത്തിൽ അയാൾ എഴുതുന്നത് ഇങ്ങനെയാണ്: "ഞാൻ പാപത്തിലായിരുന്നപ്പോൾ, കുഷ്ഠരോഗികളെ കാണുന്നത് എനിക്ക് ഏറെ കയ്പുള്ളതായി തോന്നിയിരുന്നു. കർത്താവുതന്നെ എന്നെ അവരുടെ ഇടയിലേക്ക് നയിക്കുകയും ഞാൻ അവരോട് കരുണ കാണിക്കുകയും ചെയ്തു. ഞാൻ അവരെ വിട്ടുപോരുമ്പോൾ, എനിക്ക് കയ്പായി തോന്നിയിരുന്നത് ആത്മാവിന്റെയും ശരീരത്തിന്റെയും മാധുര്യമായി മാറി."


കാശിയിൽ വച്ച്, തൻ്റെ വഴിയിൽ ഒരു ചണ്ഡാലൻ നാല് നായ്ക്കളോടൊപ്പം നില്ക്കുന്നതായി ആദിശങ്കരൻ കണ്ടല്ലോ. "വഴിമാറുക" എന്ന് ശങ്കരൻ കല്പിക്കുമ്പോൾ, "ശരീരമോ ആത്മാവോ?" എന്ന് ചണ്ഡാലൻ തിരിച്ചുചോദിച്ചു എന്നും, അപ്രതീക്ഷിതമായ മറുചോദ്യത്തിൽ ശങ്കരൻ തന്നെത്തന്നെ തിരിച്ചറിഞ്ഞെന്നും, ഉടനെ അദ്ദേഹം 'ചണ്ഡാല'നെ തിരിച്ചറിഞ്ഞെന്നും ആണ് കഥ.


ഫ്രാൻസിസിനെ സംബന്ധിച്ചും സമാനമെന്നു തോന്നിക്കുന്ന ഒരു കഥയുണ്ട്. ഫ്രാൻസിസ് യുവാവായിരിക്കേ കുഷ്ഠരോഗികളെ കാണുന്നതുതന്നെ അയാൾക്ക് അറപ്പായിരുന്നു. നഗരത്തിലെ ഏതോ വഴിയേ അശ്വാരൂഢനായി യാത്രചെയ്കേ, അതാ എതിരേ വരുന്നു, കുഷ്ഠരോഗിയായ ഒരു ഭിക്ഷു. സ്വയം വഴിമാറി പോകാനായി ഫ്രാൻസിസ് കുതിരയെ തിരിച്ചു. പെട്ടന്ന്, താൻ ഒരു ക്രിസ്ത്യാനിയാണോ, മനുഷ്യനാണോ എന്നയാൾ സ്വയം ലജ്ജിച്ചിരിക്കണം. ആ ചെറുപ്പക്കാരൻ കുതിരപ്പുറത്തുനിന്നിറങ്ങി. ബലംപിടിച്ചയാൾ തന്നെത്തന്നെ ആ കുഷ്ഠരോഗിക്കരികിൽ എത്തിച്ചു. അഴുകിയ ശരീരത്തിൻ്റെ ദുർഗ്ഗന്ധം സ്വാഭാവികമായും ഫ്രാൻസിസിൻ്റെ സപ്തനാഡികളും തളർത്തിക്കളയുമായിരുന്നു. എന്നിട്ടും, തന്നെത്തന്നെ ജയിക്കാനുള്ള തീവ്ര നിശ്ചയത്താൽ അയാൾ ആ കുഷ്ഠരോഗിയെ ആശ്ലേഷിച്ച് ചുംബിച്ചു.

ഒരു നിമിഷാർദ്ധത്തിൽ കുഷ്ഠരോഗിയുടെ കണ്ണുകളിലൂടെ ക്രിസ്തുവിൻ്റെ കണ്ണുകൾ തന്നെ ഉറ്റുനോക്കുന്നതായി അയാൾ തിരിച്ചറിഞ്ഞിരിക്കണം. അവിടന്നങ്ങോട്ടാണ് അയാൾ അടിമുടി-അകംപുറം മാറുന്നത്.

കുഷ്ഠരോഗിയുടെയും ദരിദ്രരുടെയും ഭിക്ഷാടകരുടെയും വേഷമിട്ട് നടക്കുന്നത് ക്രിസ്തുവാണെന്ന് സ്വന്തം കണ്ണുകൊണ്ട് കണ്ട ഒരാൾ അടിമുടി മാറാതെങ്ങനെ?!

Recent Posts

bottom of page