ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
പ്രിയപ്പെട്ട പ്രവാചകാ, നിന്‍റെ ചിത്രം ഞാനെന്‍റെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കട്ടെ, നിന്‍റെ വേദനകളും നിരാശയും ദുഃഖങ്ങളും എന്‍റെ ഉള്ളില്‍ നിറയട്ടെ. നീ നല്‍കിയ സ്വപ്നങ്ങളും പ്രതീക്ഷകളും എന്നില്‍ തളിര്‍ക്കട്ടെ. നിന്നെ ജ്വലിപ്പിച്ച ആത്മാവ് എന്നെയും കീഴ്പ്പെടുത്തട്ടെ. അധികാരത്തിനും സമ്പത്തിനും കാമനകള്‍ക്കും നിശ്ശബ്ദമാക്കാന്‍ കഴിയാതിരുന്ന നിന്‍റെ നാവ് ഇനിയും ഇനിയും ഉച്ചത്തില്‍ മുഴങ്ങട്ടെ.
സ്നേഹിതാ, നീ എന്നും സാധാരണക്കാരില്‍ നിന്നും വ്യത്യസ്തനായിരുന്നു. അതിരുകളില്ലാത്ത ഒരു സ്നേഹം നിന്നെ ഞങ്ങളില്‍നിന്നും വേര്‍തിരിച്ചു. വര്‍ണ്ണിക്കാനാവാത്ത ഒരു വിശുദ്ധി നിന്നെ ശുദ്ധീകരിച്ചു. അപരിമിതമായ ആത്മാവ് നിന്നില്‍ ജ്വലിച്ചു. അഗ്നിയും വാളുമായി ഒരു വചനം നിന്നില്‍ നിറഞ്ഞു.
മലകളും മരുഭൂമിയും കാടുകളും കടന്നു നീ വന്നു. ഞങ്ങളുടെ തെരുവോരങ്ങളില്‍, ചന്തസ്ഥലങ്ങളില്‍, ആരാധനാലയങ്ങളില്‍, അധികാരകേന്ദ്രങ്ങളില്‍ എല്ലാം നീ പ്രത്യക്ഷപ്പെട്ടു.
ഞങ്ങളുടെ ഉള്ളിലെ, സ്വാര്‍ത്ഥതയെയും അഹങ്കാരത്തെയും സുഖഭോഗാസക്തിയെയും നീ കുറ്റം വിധിച്ചു. ഞങ്ങളുടെ സമൂഹത്തിലെ അനീതിയെയും അക്രമത്തെയും ചൂഷണത്തെയും നീ എതിര്‍ത്തു. ദരിദ്രരെ അവഗണിക്കുന്നവരെയും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെയും ധനികരുടെ പക്ഷം ചേരുന്ന ന്യായാധിപനെയും ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണവര്‍ഗത്തെയും നീ താക്കീതു ചെയ്തു. അവര്‍ക്കുള്ള ശിക്ഷകളെപ്പറ്റി സംസാരിച്ചു.
ഞങ്ങളുടെ അഹങ്കാരം നിറഞ്ഞ ആരാധനയെയും വിശുദ്ധിയില്ലാത്ത പുരോഹിതരെയും നീതിയും കരുണയുമില്ലാത്ത യാഗങ്ങളെയും സ്തോത്രകീര്‍ത്തനങ്ങളെയും സുഖഭോഗാസക്തി നിറഞ്ഞ ഉത്സവങ്ങളെയും മ്ലേച്ഛമായി പ്രഖ്യാപിച്ച് തള്ളിക്കളഞ്ഞു.അത്യുന്നതന്‍റെ പാതകളില്‍ സഞ്ചരിക്കാത്ത ജനതകളെ, അവന്‍റെ കല്പനകളനുസരിക്കാത്ത രാജാവിനെ അവന്‍റെ വിശുദ്ധി പാലിക്കാത്ത ദൈവാലയത്തെ എല്ലാം നീ കുറ്റപ്പെടുത്തി. ശിക്ഷ വിധിച്ചു.
എങ്കിലും നീ ഒന്നിനെയും ഭയന്നില്ല, ഒന്നിനും നിന്നെ നിശ്ശബ്ദനാക്കാന്‍ കഴിഞ്ഞില്ല. ശബ്ദമില്ലാത്തവന്‍റെ ശബ്ദമായി അശരീരിയായവന്‍റെ വചനമായി ആത്മാവിന്‍റെ സാന്നിധ്യമായി നീ നിറഞ്ഞു നില്‍ക്കുന്നു. പ്രിയ പ്രവാചകാ, നിന്‍റെ ശകാരങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ശാപങ്ങള്‍ക്കും അപ്പുറം നിന്‍റെ സ്നേഹവും സ്വപ്നവും പ്രതീക്ഷകളും നീ ഞങ്ങള്‍ക്ക് പങ്കുവെച്ചത് ഞങ്ങള്‍ കാണുന്നു.
അടിമത്തത്തില്‍ ആയിരുന്ന ഞങ്ങള്‍ക്ക്, വിമോചകനായ ദൈവത്തെയും അവന്‍റെ സമൃദ്ധിയും സ്വാതന്ത്ര്യവും പുലരുന്ന നാടിനെയും കാണിച്ചുതന്നതും അങ്ങോട്ട് കൈപിടിച്ചു നടത്തിയതും നീയായിരുന്നല്ലോ. ദാരിദ്ര്യത്തിലും വരള്‍ച്ചയിലും പ്രതിസന്ധികളിലും ഞങ്ങള്‍ നഷ്ടഹൃദയരാപ്പോള്‍, അവയ്ക്കെല്ലാമപ്പുറം വിശ്വസ്തനായവനില്‍ മുറുകെ പിടിക്കാനും തളരാതെ ജീവിക്കാനും പഠിപ്പിച്ചത് നീയാണല്ലോ.
ഞങ്ങളുടെ വിശ്വാസസംഹിതകളും ദൈവാലയങ്ങളും തകര്‍ക്കപ്പെട്ടപ്പോള്‍ അഭയസ്ഥാനവും പ്രതീക്ഷകളുടെ പൂര്‍ത്തീകരണവുമായ നാട് അന്യാധീനമായപ്പോള്‍, പ്രവാസികളായി ഞങ്ങള്‍ ജീവിച്ചപ്പോള്‍ ആശ്വാസവും സമാധാനവും പുതിയ ഹൃദയവും പുതിയ ഉടമ്പടികളുമായി ഞങ്ങളിലേക്ക് എത്താന്‍ വെമ്പുന്ന ഒരു പുതിയ സ്നേഹത്തെപ്പറ്റി പറഞ്ഞതും അവയിലേക്ക് ഞങ്ങളെ തിരികെ നയിച്ചതും നീയായിരുന്നല്ലോ.
സ്നേഹമുള്ള പ്രവാചകാ പ്രതീക്ഷകള്‍ വിതറുന്ന സ്വപ്നങ്ങള്‍ വില്‍ക്കുന്ന, ആശ്വാസം പരത്തുന്ന നീ എവിടെയാണ്. അത്യുന്നതന്‍റെ വചനങ്ങളും കല്‍പ്പനകളും നിയമങ്ങളുമായി നീ ഞങ്ങളെ സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണ്. പുതിയതരം അടിമത്തത്തിലും വിപ്രവാസത്തിലും കഴിയുന്ന ഞങ്ങളെ നീ എന്തുകൊണ്ടാണ് സന്ദര്‍ശിക്കാത്തത്. ചൂഷണത്തിലും അന്യായത്തിലും സമ്പത്തിലും സുഖത്തിലും അടിയുറച്ചുപോയ ഞങ്ങളെ എന്തുകൊണ്ടാണ് നീ കുറ്റപ്പെടുത്താത്തത്.
ജീവിതത്തിന്‍റെ പ്രകാശം വറ്റിക്കുന്ന, ദുരന്തങ്ങള്‍ നിറഞ്ഞ ഈ വിനാഴികയില്‍ നിന്നെ മാത്രം ഞങ്ങള്‍ കാണുന്നില്ല. പകരം ഞങ്ങള്‍ക്ക് കിട്ടുന്നത് കള്ളപ്രവാചകരെയും കപടപ്രവാചകരെയുമാണ്. അവര്‍ ഞങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നില്ല. അവര്‍ അനീതിയെയും അക്രമത്തെയും പറ്റി സംസാരിക്കുന്നു. പക്ഷേ അവര്‍ മര്‍ദ്ദിതരുടെയും ചൂഷണം ചെയ്യപ്പെടുന്നവരുടെയും പക്ഷം ചേരുന്നില്ല. അവര്‍ സമൂഹത്തിലുള്ള സകല വൃത്തികേടുകളെയും മറനീക്കി പുറത്തുകൊണ്ടുവരുന്നു. അവയെപ്പറ്റി നിരന്തരം പ്രഭാഷണം നടത്തുന്നു. എന്നാല്‍ പുതിയൊരു ലോകക്രമത്തെ, പുതിയൊരു സ്വപ്നത്തെ, പുതിയൊരു വാഗ്ദാനഭൂവിനെ, പുതിയൊരു പ്രഭാതത്തെ കാണിച്ചുതരാന്‍ പ്രയത്നിക്കുന്നില്ല. അവര്‍ ഞങ്ങളില്‍ അവശേഷിക്കുന്ന വെളിച്ചത്തെകൂടി ഊതിക്കെടുത്തുകയാണ് ചെയ്യുന്നത്. പ്രവാചകാ, നിന്‍റെ യഥാര്‍ത്ഥസാന്നിധ്യം പലയിടത്തും ഞങ്ങള്‍ അറിയുന്നുണ്ട്. വളരെ ദുര്‍ബലമായിട്ടെങ്കിലും പാവപ്പെട്ടവരുടെ പക്ഷം ചേര്‍ന്ന്, പരാജയം ഉറപ്പുള്ള യുദ്ധം ചെയ്യുന്നവരുടെയിടയില്‍ നീ ഉണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയൊരു പ്രഭാതം നല്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുടെ കൂട്ടത്തില്‍ നീയുണ്ട് എന്ന് ഞങ്ങള്‍ക്കറിയാം. ഭ്രാന്തരും അതിവിപ്ലവകാരികളും പഴഞ്ചരുമായി ഞങ്ങള്‍ തള്ളിക്കളയുന്നവരുടെ കൂട്ടത്തില്‍ നീയുണ്ട് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.
പക്ഷേ ഒരിക്കല്‍കൂടി നീ വന്നിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആശിക്കുന്നു. ഉള്ളില്‍ ജ്വലിക്കുന്ന അഗ്നിയും ഹൃദയത്തില്‍ അടങ്ങാത്ത ആവേശവും പേറി, അത്യുന്നതന്‍റെ വചനങ്ങളും കല്പനകളും ഉടമ്പടിയുമായി, നീ വന്നിരുന്നെങ്കില്‍.... ഞങ്ങളെ നീ ശകാരിച്ചുകൊള്ളുക. കുറ്റം വിധിക്കുക. ഞങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കുക. ഒപ്പം ഞങ്ങള്‍ക്കൊരു സ്വപ്നം തരിക. ഞങ്ങളെ തേടിവരുന്ന ഒരു സ്നേഹത്തില്‍ വിശ്വസിക്കാന്‍ പഠിപ്പിക്കുക. ഞങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്ന അത്യുന്നതനെ പറ്റിയും ഞങ്ങളെ വിമോചിപ്പിക്കാന്‍ ജീവിതത്തില്‍ ഇടപെടുന്ന ഈശ്വരനെ കുറിച്ചും ഞങ്ങളെ ഓര്‍മ്മപ്പെടുത്തുക.
ജീവിതം കൂരിരുളില്‍ മുങ്ങുമ്പോള്‍ ഒരു മരുപ്പച്ചയായെങ്കിലും ഒരു പ്രഭാതത്തെ കാട്ടിത്തരിക. എല്ലാ ഗീതങ്ങളും തീര്‍ന്നു. നിശ്ശബ്ദത ചുറ്റും ഉയരുമ്പോള്‍, ഒരു പുതിയ ഗാനം പാടുവാന്‍ ഞങ്ങളെ നീ പഠിപ്പിക്കുക. പ്രവാചകാ നീ ഒരിക്കല്‍ കൂടി വരിക.സ്വര്‍ഗ്ഗത്തിലും ഭൂമിയിലും മരുഭൂമിയിലും മലമുകളിലും കാടുകളിലും കടലുകളിലും തെരുവുകളിലും പട്ടണങ്ങളിലും ഒരു സ്വരം മുഴങ്ങുന്നു: "ആരാണ് എനിക്കുവേണ്ടി പോവുക?" ഇതാ ഞാന്‍ എന്നു പറയുവാന്‍ ആരാണുള്ളത്. ആരെങ്കിലും വരുമോ? ഞങ്ങള്‍ കാത്തിരിക്കുന്നു.