

സാമ്പത്തികമോ അധികാരപരമോ ആയ താൽപര്യങ്ങളാണ് വർഗ്ഗീയ-വംശീയ-സാംസ്കാരിക വിഭജനങ്ങൾക്കും കലാപങ്ങൾക്കും പിന്നിൽ, മിക്കപ്പോഴും. ഇത്തരം നിരവധി ഉദാഹരണങ്ങൾ ബൈബിളിലുണ്ട്.
പാഫോസിലെ മാന്ത്രികൻ തന്റെ ഉപജീവനമാർഗ്ഗം നഷ്ടപ്പെടും എന്ന് കണ്ടാണ് പൗലോസിനെയും ബർണബാസിനെയും തടയാൻ ശ്രമിക്കുന്നത് (അപ്പ. 13). അർത്തേമിസ് ദേവതയുടെ വെള്ളിരൂപങ്ങൾ ഉണ്ടാക്കി ജീവിച്ചിരുന്ന വെള്ളിപ്പണിക്കാരനായ ദമേത്രിയോസ് അയാളുടെ ഉപജീവനമാർഗ്ഗം നഷ്ടപ്പെടും എന്ന് കണ്ടപ്പോൾ എഫേസൂസ് നഗരത്തിൽ പൗലോസിനെതിരേ കലാപം ഉണ്ടാക്കുന്നതും വർഗീയതയുടെ കാർഡ് കളിച്ചിട്ടാണ് (അപ്പ. 19).
പൗലോസ് ആദ്യമായി യൂറോപ്യൻ ഭൂഖണ്ഡത്തിൽ സുവിശേഷം പ്രസംഗിക്കുന്നത് അന്നത്തെ മാസിഡോണിയായിലെ ഫിലിപ്പിയിൽ ആയിരുന്നു. അവിടെ ഭാവി ഫലം പ്രവചിക്കുന്ന ആത്മാവ് ബാധിച്ച ഒരു അടിമ പെൺകുട്ടി ഉണ്ടായിരുന്നു. അവൾ വഴി അവളുടെ യജമാനന്മാർ ക
ധാരാളം പണമുണ്ടാക്കിയിരുന്നു. അവൾ പൗലോസിന്റെയും സീലാസിന്റെയും പിന്നാലെ നടന്ന് വിളിച്ചുപറഞ്ഞു: "ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസരാണ്. അവർ നിങ്ങളോട് രക്ഷയുടെ മാർഗം പ്രഘോഷിക്കുന്നു."
പല ദിവസങ്ങൾ ഇത് ആവർത്തിക്കപ്പെട്ടപ്പോൾ പൗലോസിനെ അത് അസഹ്യപ്പെടുത്തി. അവൻ തിരിഞ്ഞ് അവളിലെ ആത്മാവിനോട് അവളിൽ നിന്ന് പുറത്തുപോകാൻ ആജ്ഞാപിച്ചു. തൽക്ഷണം അത് പുറത്തുപോയി. അവളുടെ യജമാനന്മാർ തങ്ങളുടെ ആദായ മാർഗം നഷ്ടപ്പെട്ടുവെന്ന് കണ്ടപ്പോൾ പൗലോസിനെയും സീലാസിനെയും പിടികൂടി വലിച്ചിഴച്ച് ന്യായാധിപന്മാരുടെ മുമ്പിൽ കൊണ്ടുവന്ന് പറയുന്നത് ശുദ്ധ വർഗീയതയാണ്. "യഹൂദരായ ഇവർ നമ്മുടെ നഗരത്തെ അസ്വസ്ഥമാക്കുന്നു. നമുക്ക് നിയമപ്രകാരം അംഗീകരിക്കാനോ അനുഷ്ഠിക്കാനോ പാടില്ലാത്ത ആചാരങ്ങളെക്കുറിച്ച് ഇവർ പ്രസംഗിച്ചു നടക്കുന്നു."
ഇതുകേട്ട് ജനക്കൂട്ടം ഇളകുന്നു. അവരെ മർദ്ദിക്കുന്നു. അവർ തുറുങ്കിലടക്കപ്പെടുന്നു.
എല്ലാകാലത്തും സാമ്പത്തികമോ രാഷ്ട്രീയമോ ആയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് വർഗീയത നിർമ്മിക്കപ്പെടുന്നത്!





















