ഫലശൂന്യത ഒരു ഓപ്ഷനേയല്ല

ആമുഖം
ഫലശൂന്യമായ അത്തിമരത്തിന്‍റെ ഉപമ ലൂക്കായില്‍ (13:6-9) മാത്രമേ നാം കാണുന്നുള്ളൂ. (സമാനമായ ഒരു റബ്ബീനിക് കഥയുണ്ട്: ചവര്‍പ്പുള്ള ഫലം പുറപ്പെടുവിച്ച മുന്തിരിത്തോട്ടം രാജാവ് വെട്ടിക്കളയാന്‍ ആഗ്രഹിക്കുന്നതും കൂലിക്കാരന്‍ രാജാവിന്‍റെ കോപം തല്‍ക്കാലം ശമിപ്പിക്കുന്നതുമാണു അക്കഥ.) മത്തായിയിലും (21:18-19) മര്‍ക്കോസിലും (11:12-14) ഒരു അത്തിമരത്തെ യേശു ശപിക്കുന്നതായും തുടര്‍ന്നത് ഉണങ്ങിപ്പോയതായും നാം വായിക്കുന്നുണ്ടല്ലോ. ഈ അത്ഭുതത്തെ ലൂക്കാ ഉപമയായി അവതരിപ്പിച്ചതാണെന്ന വാദമുണ്ട്. എന്നാല്‍ അത്ഭുതവും ഉപമയും തമ്മിലുള്ള സമാനതകള്‍ ഉപരിപ്ലവം മാത്രമാണ് എന്നതാണു സത്യം. അത്ഭുത കഥനത്തില്‍ ഇലച്ചാര്‍ത്ത് കപടതയുടെ പര്യായമാണ്. എന്നാല്‍ അത്തരമൊന്ന് ഉപമയിലെ വിഷയമേയല്ല. അത്ഭുതത്തിന്‍റെ വിവരണത്തില്‍ വിധിതീര്‍പ്പിന് കാലവിളംബം ഒട്ടുമേയില്ല. എന്നാല്‍, ഉപമയിലാകട്ടെ അത്തിമരത്തിനു വീണ്ടും കരുണ ലഭിക്കുകയാണ്. അത്ഭുതത്തിനും ഉപമയ്ക്കും ഇടയില്‍ ആരോപിക്കപ്പെടുന്ന പൊരുത്തം വസ്തുതാ വിരുദ്ധമാണ്.
പിന്നാമ്പുറ വിശദീകരണങ്ങള്‍
നമ്മുടെ ഉപമയില്‍, അത്തിമരമുള്ളത് മുന്തിരിത്തോട്ടത്തിലാണല്ലോ. മുന്തിരിയും അത്തിയും ഒരുമിച്ചു പരാമര്‍ശിക്കപ്പെടുന്ന ധാരാളം പഴയ നിയമ ഭാഗങ്ങളുണ്ട്. ചില വചന ഭാഗങ്ങളില്‍ ഇവ രണ്ടും ചേര്‍ന്ന് ഒറ്റ യൂണിറ്റായി ഇസ്രായേലിനെ സൂചിപ്പിക്കുന്നു. ദൈവം ഇസ്രായേലില്‍ വര്‍ഷിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും നല്‍കാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചും പരാമര്‍ശിക്കുന്ന വചന ഭാഗങ്ങളിലും മുന്തിരിയും അത്തിയും ഒരുമിച്ച് ഉപയോഗിച്ചു കാണുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: "കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ വിളവെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ മുന്തിരിച്ചെടിയില്‍ പഴമില്ല, അത്തിവൃക്ഷത്തില്‍ കായ്കളുമില്ല ... അതിനാല്‍, അവരുടെനേരേ ഞാന്‍ വിനാശകനെ അയയ്ക്കും" (ജറെമിയാ 8 : 13); 'അവരോരോരുത്തരും താന്താങ്ങളുടെ മുന്തിരിത്തോപ്പിലും അത്തിമരച്ചോട്ടിലുമായിരിക്കും. ആരും അവരെ ഭയപ്പെടുത്തുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു" (മിക്കാ 4 : 4); 'അന്നു നിങ്ങള്‍ ഓരോരുത്തരും തങ്ങളുടെ അയല്‍ക്കാരെ മുന്തിരിത്തോപ്പിലേക്കും അത്തിവൃക്ഷത്തണലിലേക്കും ക്ഷണിക്കും - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു" (സഖറിയാ 3 : 10); '... തോട്ടങ്ങളും മുന്തിരിത്തോപ്പുകളും ഞാന്‍ ഫലശൂന്യമാക്കി. അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും വെട്ടുകിളികള്‍ നശിപ്പിച്ചു. എന്നിട്ടും നിങ്ങള്‍ എന്‍റെ അടുത്തേക്കു മടങ്ങിവന്നില്ല - കര്‍ത്താവ് അരുളിച്ചെയ്യുന്നു" (ആമോസ് 4 : 9).
ഈദൃശരീതിയില്‍ ഏകദേശം അറുപതോളം തവണ അത്തിമരം വചനത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. പതിനഞ്ച് അടിയോളം ഉയരം വയ്ക്കുന്ന, വര്‍ഷത്തില്‍ രണ്ടു തവണ (ശൈത്യ കാലത്തും വേനല്‍ കാലത്തും) ഫലം കായ്ക്കുന്നതാണ് അത്തിമരം.

ഉടമസ്ഥന്‍ മൂന്നു വര്‍ഷമായി ഫലം അന്വേഷിച്ചുവന്നിരുന്നു എന്നുപമയില്‍ നാം വായിക്കുന്നുണ്ടല്ലോ. ഇവിടെ, ലേവ്യരുടെ പുസ്തകത്തില്‍ പറയുന്ന ഒരു കാര്യം നാം പരിഗണിക്കേണ്ടതുണ്ട്: "നിങ്ങള്‍ ദേശത്തുവന്ന് ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ മൂന്നുവര്‍ഷത്തേക്ക് അവയുടെ ഫലങ്ങള്‍ വിലക്കപ്പെട്ടതായി കണക്കാക്കണം. അവ നിങ്ങള്‍ ഭക്ഷിക്കരുത്. നാലാം വര്‍ഷം കര്‍ത്താവിന്‍റെ സ്തുതിക്കായി സമര്‍പ്പിക്കുന്നതിന് അവയുടെ ഫലമെല്ലാം പരിശുദ്ധമായിരിക്കും. അഞ്ചാം വര്‍ഷം അവയുടെ ഫലങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷിക്കാം. അവ നിങ്ങളെ സമ്പന്നരാക്കും. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്" (ലേവ്യര്‍ 19 : 23-25). അപ്പോള്‍ അത്തിമരം നട്ടതിന്‍റെ ആറാം കൊല്ലത്തിലാണ് ഉപമയില്‍ പറഞ്ഞ കാര്യങ്ങള്‍ നടക്കുന്നത്. (ആദ്യഫലം ഉണ്ടാകുന്നത് തൈ നട്ട ആദ്യ വര്‍ഷത്തില്‍തന്നെ എന്ന സങ്കല്‍പത്തിലാണ് ആറു കൊല്ലം എന്നു നാം അനുമാനിക്കുന്നത്.)
അബ്രാഹം, മോശ, യേശു എന്നീ മൂവരിലൂടെ ദൈവം ഇടപെട്ട മൂന്നു കാലഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണ് ഉപമയിലെ മൂന്നു വര്‍ഷം എന്നു വി. അംബ്രോസ് നിരീക്ഷിക്കുന്നുണ്ട്. വി. അഗസ്റ്റിന്‍റെ അഭിപ്രായപ്രകാരം, തോറാക്കു (മോശയുടെ നിയമം) മുമ്പുള്ള കാലം, തോറക്കുശേഷമുള്ള കാലം, കൃപയുടെ കാലം എന്നിവയാണ് ഉപമയിലെ മൂന്നുവര്‍ഷത്തിന്‍റെ വ്യംഗ്യം. യേശുവിന്‍റെ മൂന്നു കൊല്ലത്തെ പരസ്യ ജീവിതത്തെയാണ് ഇതു സൂചിപ്പിക്കുന്നത് എന്നും വാദങ്ങളുണ്ട്.
എന്നാല്‍, മൂന്നു കൊല്ലമെന്നത് അഞ്ചോ പത്തോ കൊല്ലമായാലും ഉപമയുടെ സന്ദേശത്തെ അതു ബാധിക്കുന്നതേയില്ല എന്നതു വ്യക്തമാണല്ലോ. മാത്രവുമല്ല, യേശുവിന്‍റെ പരസ്യജീവിതകാലം മൂന്നു കൊല്ലമായിരുന്നെന്നു യോഹന്നാന്‍റെ സുവിശ്രേഷത്തില്‍മാത്രമേ സൂചനയുള്ളൂ. (2:13; 6:4; 11:55 എന്നിവിടങ്ങളില്‍ യേശു ആചരിച്ച മൂന്നു പെസഹായെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ സമാന്തരസുവിശേഷങ്ങളില്‍ ഒരൊറ്റ പെസഹായേ പരാമര്‍ശിക്കപ്പെടുന്നുള്ളൂ. അപ്പോള്‍, അവ പ്രകാരം, യേശുവിന്‍റെ പരസ്യജീവിതകാലം തുലോം കുറവാണ്.) ഇവയില്‍നിന്നൊക്കെ നമുക്ക് മനസ്സിലാകുന്നത്, ഉപമയിലെ മൂന്നു കൊല്ലം, യേശുവിന്‍റെ ശുശ്രൂഷാ ജീവിതത്തിന്‍റെ കാലദൈര്‍ഘ്യം അല്ലെന്നാണല്ലോ. അത്തിമരത്തിന്‍റെ തുടര്‍ച്ചയായ ഫലശൂന്യതയെ സൂചിപ്പിക്കാന്‍വേണ്ടിമാത്രമാണു മൂന്നു കൊല്ലമെന്നു പറഞ്ഞിരിക്കുന്നത്.
ഉപമയിലെ യജമാനനും തോട്ടക്കാരനും ആരെന്നതിനെക്കുറിച്ച് ഊഹാപോഹങ്ങളുടെ ആവശ്യമില്ല. ദൈവത്തിന്‍റെ രണ്ടു വിരുദ്ധ ഭാവങ്ങളെ, രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമായി അവതരിപ്പിക്കുന്ന റബ്ബിനിക് കഥകള്‍ പലതുണ്ട്. ചെങ്കടലില്‍ ഈജിപ്ഷ്യന്‍ സൈന്യം മുങ്ങിപ്പോകുന്നതു കണ്ട് സ്തുതി ഗീതങ്ങള്‍ ആലപിക്കാന്‍ മാലാഖമാര്‍ തുടങ്ങുമ്പോള്‍ യഹോവ അവരെ ശകാരിക്കും: "ഞാന്‍ മെനഞ്ഞവര്‍ കടലില്‍ മുങ്ങുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെയാണു പാട്ടു പാടാന്‍ തോന്നുന്നത്?" ദൈവത്തിന്‍റെ കരുണയും നീതിയും തമ്മിലുള്ള സംഘര്‍ഷമാണ് ഇക്കഥയിലുള്ളത്. സമാനമായ സംഘര്‍ഷമാണ് അത്തിമരത്തിന്‍റെ ഉപമയിലെ യജമാനനും കര്‍ഷകനും തമ്മിലുള്ള സംഭാഷണത്തിലൂടെ അനാവൃതമാകുന്നത്.
ഉപമയുടെ സന്ദേശം
ഗലീലിയില്‍നിന്ന് ജറുസലെമിലേക്കുള്ള യാത്രാ (9:51; 19:28) മധ്യേയാണ് യേശു അത്തിമരത്തിന്‍റെ ഉപമ പറഞ്ഞത്. 11:29; 12:1; 12:22; 12:54 എന്നീ വാക്യങ്ങളില്‍നിന്നു നമുക്കു മനസ്സിലാകുന്നത്, യേശുവിന്‍റെ കേള്‍വിക്കാരില്‍ ജനക്കൂട്ടവും ശിഷ്യന്മാരും ഉണ്ടെന്നാണ്. അപ്പോള്‍, ഈ ഉപമ എല്ലാവരോടുമായിട്ടാണ് പറയപ്പെട്ടത്.
ഉപമയ്ക്കു തൊട്ടുമുമ്പുള്ള രണ്ടു വചനഭാഗങ്ങള്‍ (ലൂക്കാ 12:54-59; 13:1-5) ഒരേ പാറ്റേണിലാണെന്ന് ഒറ്റ നോട്ടത്തില്‍തന്നെ വ്യക്തമാണ്. കാലത്തിന്‍റെ അടയാളങ്ങള്‍ വിവേചിക്കാനും മാനസാന്തരപ്പെടാനുമാണ് ഈ രണ്ടു ഭാഗങ്ങളും പറയുന്നത്. തുടര്‍ന്നുവരുന്ന ഉപമ അപ്പോള്‍ മാനസാന്തരത്തെക്കുറിച്ചുള്ളതാണെന്നു വ്യക്തം. (ലൂക്കാ 18:1; 18:9 തുടങ്ങിയവ പരിശോധിച്ചാല്‍, ഉപമ തുടങ്ങുന്നതിനുമുമ്പുതന്നെ ഉപമയുടെ സന്ദേശം പറയുന്നതു കാണാം. സമാനമായ രീതിയില്‍, അത്തിമരത്തിന്‍റെ ഉപമക്കു മുമ്പുതന്നെ എന്തിനുവേണ്ടിയാണ് ഈ ഉപമ പറയപ്പെട്ടതെന്ന് 13:1-5 ല്‍ വ്യക്തമാക്കുന്നു.)
പഴയനിയമകാലത്ത് പൊതുവേ സഹനം പാപത്തിന്‍റെ ഫലമാണെന്ന ധാരണയാണല്ലോ ഉള്ളത് (ജോബ് 4:7-8; 8:20; യോഹ 9:1-2; നടപടി 12:21-23). സഹിക്കുന്ന മനുഷ്യന്‍റെ തോളിലേക്ക് സഹിക്കാത്ത മനുഷ്യര്‍ പാപത്തിന്‍റെ ഭാരംകൂടി വച്ചുകൊടുക്കുന്ന ഒരു പ്രത്യേക ദൈവശാസ്ത്രം! എന്നാല്‍, ലൂക്കാ 13:1-5 ല്‍ ക്രിസ്തു ഈ ലോജിക്കിനെ കീഴ്മേല്‍ മറിക്കുകയാണ്. വടക്ക് ഗലീലിയില്‍ നടന്ന ഒരു കൂട്ടക്കൊലയും (പ്രസ്തുത സംഭവത്തെക്കുറിച്ച് ചരിത്ര രേഖകളില്ലെങ്കിലും, പീലാത്തോസ് കഠിനഹൃദയനും ക്രൂരനുമായിരുന്നതുകൊണ്ട് ഈദൃശ സംഭവങ്ങള്‍ നടക്കാനുള്ള സാധ്യത ഏറെയാണ്) തെക്ക് ജറുസലെമില്‍ നടന്ന പതിനെട്ടു പേരുടെ അപകട മരണവും, ക്രിസ്തുവിന് അവരുടെ പാപാവസ്ഥയെക്കുറിച്ച് സൂചിപ്പിക്കാനുള്ള അവസരമല്ല, പിന്നെയോ നമ്മുടെതന്നെ ഉള്ളിലേക്ക് നോക്കാനുള്ള ക്ഷണമാണ്. നീട്ടിനല്‍കപ്പെടുന്ന ഓരോ മണിക്കൂറും ഓരോ വര്‍ഷവും നമ്മള്‍ ഇതുവരെ ഫലം ചൂടാത്തതുകൊണ്ടും ഇനിയെങ്കിലും ഫലം ചൂടണമെന്നുള്ളതുകൊണ്ടും ലഭിക്കുന്ന കാരുണ്യമാണ്.
എത്ര പ്രതീക്ഷയോടെയാണ് ഓരോ വിത്തും വിതയ്ക്കപ്പെടുന്നതും ഓരോ തളിരും പരിപാലിക്കപ്പെടുന്നതും. എന്നിട്ടും ഫലം ചൂടാതെ, നിലം പാഴാക്കുക എന്നതുമാത്രമാണ് ഒരു മരം ചെയ്യുന്നതെങ്കില്‍, അത് അതിന്‍റെ വിധി സ്വയം വരുത്തിവയ്ക്കുകയാണ്. ഓസ്കാര്‍ വൈല്‍ഡിന്‍റെ Poems in Prose എന്ന കളക്ഷനില്‍ കാണുന്ന The Doer of Good എന്നൊരു കഥയുണ്ട്. അയാള്‍ (അതു ക്രിസ്തുവാണ്) രണ്ടാമതൊന്നുകൂടി വരികയാണ്. അയാള്‍ക്കു കാണേണ്ടി വരുന്നത് അവിശ്വസനീയ കാഴ്ചകളാണ്: ആഘോഷിച്ചു തിമിര്‍ക്കുന്ന സൗഖ്യം കിട്ടിയ കുഷ്ഠരോഗി, ഗണികയായി തുടരുന്ന ക്ഷമിക്കപ്പെട്ട പാപിനി, അവളെ തെരുവില്‍ പിന്തുടരുന്ന കാഴ്ച കിട്ടിയ അന്ധന്‍, ഒരു മൂലയ്ക്കിരുന്ന് മോങ്ങുന്ന ഉയിര്‍പ്പിക്കപ്പെട്ടവന്‍... യേശുവിന്‍റെ അത്തിമരവും ഓസ്കാര്‍ വൈല്‍ഡിന്‍റെ കഥാപാത്രങ്ങളും സത്യത്തില്‍ ഞാന്‍തന്നെയാണ്.
ഇനിയും വേണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും എന്നാല്‍ ഏറ്റവും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും സമയമാണ് എന്നു തോന്നുന്നു. ഒരിക്കല്‍ വാട്സാപ്പില്‍ കിട്ടിയ കഥയാണ്: 40 വയസുകാരന്‍റെ മൃതസംസ്കാരമാണ്. ആരോ പറഞ്ഞു, "എത്ര പെട്ടെന്നാണ് മരിച്ചത്!" അപ്പോള്‍ കേട്ടു മറുപടി, "പെട്ടെന്നൊന്നുമല്ലായിരുന്നു. 40 കൊല്ലം കിട്ടിയതല്ലേ തിരുത്താനും മനുഷ്യനായി ജീവിക്കാനും?" നമ്മുടെ ഉടയവന്‍റെ കാരുണ്യത്തെ നിസ്സാരമായി തള്ളിക്കളയാതിരിക്കുക. എപ്പോള്‍ വേണമെങ്കിലും എടുത്തു നീക്കപ്പെടാവുന്നതാണ് അത്. "അവിടുത്തെ നിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്‍റെ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ? എന്നാല്‍, ദൈവത്തിന്‍റെ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിന്‍റെ ദിനത്തിലേക്കു നീ നിന്‍റെ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക്കുകയാണ്. എന്തെന്നാല്‍, ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് അവിടുന്നു പ്രതിഫലം നല്‍കും" (റോമാ 2:4-6).
ഫലശൂന്യത ഒരു ഓപ്ഷനേയല്ല
ഷാജി കരിംപ്ലാനില്‍
അസ്സീസി മാസിക മാർച്ച് 2026

















































































































