

സഹോദരനും സുഹൃത്തുമായ ഫാ. ഷാജിയുടെ ലേഖനം അസ്സീസി മാസികയുടെ വെബ്സൈറ്റിൽ വായിക്കുകയായിരുന്നു. ശിഷ്യത്വത്തിൻ്റെ വിലയെക്കുറിച്ചാണ്. അപ്പോഴാണ് ഒരു സത്യം വെളിപാടായത്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിൽ അന്തർലീനമായ ആത്മീയതയെ എത്ര മിഴിവോടെയാണ് യേശു അവർക്കു തന്നെ കാട്ടിക്കൊടുത്തത് !
യേശു ഉപമകളിലൂടെയാണ് എപ്പോഴുംതന്നെ സംസാരിച്ചത്. അവിടന്ന് ഉപമകൾ എടുത്തതാവട്ടെ അവരുടെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ ജീവിത പശ്ചാത്തലങ്ങളിൽ നിന്നും. ഉപമകൾ ശ്രോതാക്കളുടെ ഭാവനയെ ഉണർത്തി. അതിനെക്കാൾ, അവൻ്റെ ചോദ്യങ്ങൾ അവരുടെ ചിന്തയെ ഉണർത്തി. എന്തു മാത്രം ചോദ്യങ്ങളാണ് അവൻ ജനങ്ങളോട് ചോദിക്കുന്നത്?!
(ആരെങ്കിലും) "മുൾച്ചെടിയിൽ നിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിൽ നിന്ന് അത്തിപ്പഴം പറിക്കാറുണ്ടോ?" (മത്താ. 7:16)
"ഉത്ക്കണ്ഠമൂലം ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴമെങ്കിലും കൂട്ടാൻ നിങ്ങളിൽ ആർക്കെങ്കിലും സാധിക്കുമോ?"
(മത്താ 6:27)
"ഗോപുരം പണിയാൻ ഇച്ഛിക്കുമ്പോൾ അത് പൂർത്തിയാക്കാൻ വേണ്ട വക തനിക്കുണ്ടോ എന്ന് അതിൻ്റെ ചെലവ് ആദ്യമേ തന്നെ കണക്കുകൂട്ടി നോക്കാത്തവൻ നിങ്ങളിൽ ആരുണ്ട്?" (ലൂക്ക 14:28)
ഇതിനെല്ലാം ഉത്തരങ്ങൾ "ആരുമില്ല" "ആർക്കും കഴിയില്ല" എന്നൊക്കെയാവും. അങ്ങനെ തങ്ങളുടെ തന്നെ അനുഭവത്തിലും സ്വഭാവത്തിലും നിന്നാണ് അവൻ കുറച്ചുകൂടി ഉയ രത്തിലേക്ക് കയറാൻ പ്രേരിപ്പിച്ചത്.
"മകൻ അപ്പം ചോദിച്ചാൽ കല്ല് കൊടുക്കുന്ന ആരെങ്കിലും നിങ്ങളിൽ ഉണ്ടോ?"
(മത്താ. 7:9)
"നിങ്ങളിൽ ആരാണ് തൻ്റെ ആട് സാബത്തിൽ കുഴിയിൽ വീണാൽ പിടിച്ചു കയറ്റാത്തത്?" (മത്താ. 12:11)
"നിങ്ങളിൽ ആരാണ് തനിക്ക് നൂറ് ആടുകൾ ഉണ്ടായിരിക്കെ അവയിൽ ഒന്ന് നഷ്ടപ്പെട്ടാൽ നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടി പോകാത്തത്?"
(ലൂക്ക 15:4)
(നിങ്ങളിൽ) "ഏത് സ്ത്രീയാണ് തനിക്ക് പത്തു നാണയം ഉണ്ടായിരിക്കെ അതിൽ ഒന്ന് നഷ്ടപ്പെട്ടാൽ ... അത് കണ്ടുകിട്ടുവോളം ഉത്സാഹത്തോടെ അന്വേ ഷിക്കാത്തത്? (ലൂക്ക 15:8)
ഈ ചോദ്യങ്ങൾക്കും ഉത്തരം "ആരുമില്ല" - "ഞങ്ങളൊക്കെ അങ്ങനെ തന്നെയേ ചെയ്യൂ" എന്നാവും. ദൈവവും അതുപോലെ തന്നെയാണ് എന്നുപറഞ്ഞ് ദൈവം അവരവരിൽത്തന്നെ ഉണ്ട് എന്ന് എത്ര സമർത്ഥമായാണ് അവൻ അവരെ ബലപ്പെടുത്തുന്നതും ബോധ്യപ്പെടുത്തുന്നതും!!
പലപ്പോഴും ഞാൻ പരാജയപ്പെടുന്നതും ഇവിടെത്തന്നെയാണല്ലോ !





















